Thursday, November 20, 2014

ഹാർഡ് ഡിസ്ക്ക്

 
                                                                
രണ്ടു പതിറ്റാണ്ടിനു ശേഷമായിരുന്നു മോഹനചന്ദ്രനോട് സംസാരിക്കുന്നത് തന്നെ. അതും ഫോണിൽ. അവനിപ്പോൾ കോഴിക്കോട് ജില്ലയിൽ ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലാണ്. 8-9-10 ക്ലാസ്സുകളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. കോളജിലെത്തിയപ്പോൾ ഞങ്ങൾ വെവ്വേറെ ഗ്രൂപ്പുകളിലായി.

വിട്ടുപോയതൊക്കെ പൂരിപ്പിച്ച് ഞങ്ങൾ പുതിയ കാലത്തേയ്ക്കു വന്നു. അതിനിടയിൽ തെന്നിത്തെറിച്ച് വീണ്ടും പഴയ ചില സൗഹൃദങ്ങളിലേയ്ക്കും പഴയ അദ്ധ്യാപകരിലേയ്ക്കും പലകുറി വീണു.എട്ടിലും ഒമ്പതിലും അവനെ നിരന്തരം തേജോവധം ചെയ്ത ഒരു അദ്ധ്യാപകനുണ്ടായിരുന്നു.പൗലോസ് സർ. അവന്റെ ചില നിഷ്ക്കളങ്കമായ സംശയങ്ങളെ അദ്ദേഹം നേരിട്ടിരുന്നത് സഭ്യതയുടെ എല്ലാ അതിരുകളും കടന്നുകയറിയാണ്.പെട്ടെന്നാണ് എനിക്കോർമ്മ വന്നത്, ദിവസേനയെന്നോണം രണ്ടാം ബെഞ്ചിൽ പൗലോസ് സാറിന്റെ എല്ലാ അസ്ത്രങ്ങളുമേറ്റുവാങ്ങി, മുറിവേറ്റു നിൽക്കുന്ന മോഹനചന്ദ്രനെ. ശരിയായ ഉത്തരങ്ങൾ പറയുമ്പോൾപ്പോലും അവനെ ഒന്നു കുത്തിനോവിക്കാനുള്ള അവസരങ്ങൾ അദ്ദേഹം പാഴാക്കിയിരുന്നില്ല.ആ രണ്ടു വർഷം, അവനു നാടുവിട്ടോടാനും ആത്മഹത്യ ചെയ്യാനും വരെ തോന്നിയിരുന്നു എന്ന് ഇപ്പോഴാണ് അവൻ പറയുന്നത്. അവനെ 'ഉണ്ടക്കണ്ണൻ'എന്നും 'മൂങ്ങ'യെന്നും വിളിച്ച് അവന്റെയുള്ളിലെ തീപ്പൊരികളെ എന്നും തല്ലിക്കെടുത്തിയിരുന്ന കാര്യവും ഓർമ്മിപ്പിച്ചു.


ഒരു അദ്ധ്യാപകൻ ഇട്ട പേരാകുമ്പോൾ സഹവിദ്യാർത്ഥികൾക്ക് അവനെ അങ്ങനെ വിളിക്കാൻ പ്രത്യേക ലൈസൻസ് ഒന്നും വേണ്ടല്ലോ!അതിന്റെ സാധുത പരീക്ഷിക്കനെന്നോണം ഒരു ദിവസം മമ്മാലി അവനെ മൂങ്ങയെന്നു വിളിച്ചു.സംഗതി സീരിയസ്സാവുകയും പരാതി ഹെഡ്‌മാസ്റ്ററിലേക്കെത്തുകയും ചെയ്തു.പ്യൂൺ കുഞ്ഞാച്ചൻ ചേട്ടൻ സമൻസുമായി വന്ന് മമ്മാലിയെ പൊക്കിയെടുത്തു പോയി. മമ്മാലിയുടെ കാര്യത്തിൽ ഏതാണ്ടൊരു തീരുമാനം അന്നു തന്നെയുണ്ടാവും എന്ന് ഞങ്ങളൊക്കെ കരുതി. കാരണം,അവനെക്കുറിച്ചുള്ള പരാതികളുടെ പാത്രം നിറഞ്ഞു തുളുമ്പിത്തുടങ്ങിയിരുന്നു.അടുത്ത പീരിയഡ് തീരുന്നതിനു പത്തു മിനിട്ടു മുമ്പ് മമ്മാലി വതിൽക്കലെത്തി.

''ഉം...എന്തേ? എവിടെയായിരുന്നു?'' - അദ്ധ്യാപകൻ ചോദിച്ചു.

''ഹെഡ്‌മാഷ് ബിളിച്ചിറ്റ് പോയതാ....''

''ഉം... കേറീരി.''

ആ ക്ലാസ്സ് കഴിഞ്ഞതും, കാലിന്മേൽ കാൽകയറ്റി പുഞ്ചിരിച്ചിരിക്കുന്ന മമ്മാലിയെ കൂട്ടുകാർ പൊതിഞ്ഞു.

''കിട്ടിയോ നന്നായിട്ട്?''  

''എബടെ!''മമ്മാലിയുടെ ചുണ്ടുകൾ ഇടതുവശത്തേയ്ക്കുമത്രം നീണ്ടുകുറുകി. 

''പിന്നെന്തേ?''

''വടിയെടുത്തു.ബിളിച്ചോന്ന് ചോയിച്ചു. ബിളിച്ചൂന്ന് ഞാമ്പറഞ്ഞു. എന്തിനാന്ന് ചോയിച്ചു. പൗലോസ്സാർ ബിളിക്കണൊണ്ടല്ലോന്ന് ഞാൻ പറഞ്ഞു. ഹെഡ്മാഷ് വടി തിര്യെ വെച്ചു.പൊക്കോളാനുമ്പറഞ്ഞു.''

''അതിനിത്ര നേരമെടുത്തോ?''

''ഞാമ്പതുക്കെ ... പൊറത്തൊക്കെയൊന്നു ചാടി... ഒരു ബീഡീക്കെ വലിച്ച്... പതുക്കെ വന്നാ മതീല്ലോന്ന് വെച്ചു.ഹെഡ്മാഷ് ബിളിച്ചിറ്റ് പോയതല്ലേ!''  മമ്മാലി ചെവിയിൽ വിരലിട്ടു.


അങ്ങനെ, ആ കേസ് തേഞ്ഞുമാഞ്ഞ് പോവുകയും വട്ടപ്പേര് മോഹനചന്ദ്രന്റെ മേൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു.

പിന്നീടൊരിക്കൽ എന്തോ ചെറിയ കാര്യത്തിനു വഴക്കിട്ടപ്പോൾ ഞാനും അവനെ മൂങ്ങയെന്നു വിളിച്ചുവെന്നകാര്യം അവനിപ്പോൾ ഓർമ്മിപ്പിച്ചു. അതു കേട്ടപ്പോൾ എനിക്കും വല്ലാതെ വിഷമമായി.ഞാൻ അങ്ങനെ അന്നു വിളിച്ചപ്പോൾ അവൻ നിശ്ശബ്ദനായി നിന്നതേയുള്ളു. പിന്നീട്, ഇന്റർവെൽ സമയത്ത് മൂത്രമൊഴിച്ചു മടങ്ങുമ്പോൾ അവൻ എന്റെ തോളിൽ കൈവച്ചു പറഞ്ഞു:നീ എന്നെ ചീത്തവിളിച്ചപ്പോൾ ഞാൻ തകർന്നു പോയി.കാരണം ക്ലാസ്സിൽ എനിക്കേറ്റവും ഇഷ്ടമുള്ള കുട്ടിയാണ് നീ. ഇനി എന്നെ അങ്ങനെയൊന്നും വിളിക്കരുത്, നീയെങ്കിലും.

എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ പറഞ്ഞു, ''സോറിഡാ... ഇനി വിളിക്കില്ല. എന്നോട് ക്ഷമിക്ക്.''
അവന്റെ കണ്ണുകളും നിറഞ്ഞു.അങ്ങനെ ഞങ്ങൾ സൗഹൃദങ്ങൾക്കിടയിലുണ്ടായ വിള്ളലുകൾ അടച്ചു തീർത്തു, പുതിയവരായി.

അവൻ തുടർന്നു: പൗലോസ് സാറിനു ദേഷ്യം കൂടിയതിന്റെ മറ്റൊരു കാരണം ഞാൻ മറ്റേ വിദ്യാർത്ഥിസംഘടനയിൽ ചേർന്നതായിരുന്നു.ഇന്നാണെങ്കിൽ ഞാൻ അയാൾക്ക് എന്നും ഓർത്തിരിക്കാനുള്ള ഒരു പണി കൊടുക്കുമായിരുന്നു.

ഞാൻ ഫോണിൽ തുടർന്നു: ശരിയാണ് മോഹൻ. നമ്മളന്ന് കുട്ടികളായിരുന്നില്ലേ? അന്നത്തെ ശരികളൊക്കെ അതായിരുന്നില്ലേ? എല്ലാ അസ്ത്രങ്ങൾക്കും നേരേ നിന്നു കൊടുക്കേണ്ട ശരികളായിരുന്നു, വിദ്യാർത്ഥികൾ.

വ്യക്തിഗതവിഷമങ്ങളും ദു:ഖങ്ങളും കേൾക്കാൻ പോലും തയ്യാറാകാത്ത അദ്ധ്യാപകർ. കേട്ടാലോ അവർ സ്കൂൾ മുഴുവൻ ആ വാർത്തകൾ പരത്തുന്ന കാലം.വീട്ടിൽ നിന്നാണെങ്കിൽ ഒട്ടും പിന്തുണ കിട്ടാത്ത കാലം.മാതാപിതാക്കളിലും അന്ന് അദ്ധ്യാപകരായിരുന്നു ശരി. ചെയ്യാത്ത കുറ്റങ്ങൾക്ക് സ്കൂളിൽ നിന്ന് അടികിട്ടിയാലും വീട്ടിലെ വിചാരണയിൽ കുട്ടികൾ പ്രതികൾ തന്നെയായി തുടരേണ്ടുന്ന അവസ്ഥ. അടി കിട്ടാതെ പൂർണ്ണവളർച്ചയെത്താൻ കഴിയാത്തൊരു കാലം.

മോഹനചന്ദ്രൻ പറഞ്ഞു: അന്ന് ഞാൻ തീരുമാനിച്ചതാ... ഒരു അദ്ധ്യാപകനാവണമെന്ന്. എന്നിട്ട് പൗലോസ് സാറിന്റെ മകൻ പഠിക്കുന്ന സ്കൂളിൽ ചേരണമെന്നും.ഓരോരോ തോന്നലുകൾ!

എനിക്കു ചിരി വന്നു.  

അവൻ തുടർന്നു: ഇന്നിപ്പോൾ ശിക്ഷ പോയിട്ട് ഒന്ന് മുഖം ചുളിക്കാൻ പോലും ഞങ്ങൾക്ക് പറ്റാതെ വന്നിരിക്കുന്നു.എന്തെങ്കിലും പറഞ്ഞാൽ മാനസികപീഡനമാകുമോ എന്ന് നാലുവട്ടം ചിന്തിക്കണം.

കാലമാണ് എന്തൊക്കെയാണ് ശരിയെന്ന് തീരുമാനിക്കുന്നത്.തെറ്റുകളില്ലാത്ത കാലം.തെറ്റുകളിലും ശരികളുണ്ടെന്ന് മറ്റുള്ളവർ കണ്ടെത്തുന്ന കാലം. ശരിയാണെന്ന് പൂർണ്ണബോധ്യത്തോടെ ചെയ്യുന്ന പലതിലും തെറ്റിന്റെ ചിതലുകൾ അരിച്ചുകയറുന്ന കാലം


ഫോൺ വയ്ക്കുന്നതിനുമുമ്പ് മോഹനചന്ദ്രൻ പറഞ്ഞു:സുരേഷിനോർമ്മയുണ്ടോ ഒരു ശനിയാഴ്ച എൻ.സി.സി യുടെ റൈഫിൾ ട്രെയിനിംഗിനിടയിൽ വർത്തമാനം പറഞ്ഞതിന് ആ .303 യും തലയ്ക്കുമുകളിൽ പിടിപ്പിച്ച് നീ എന്നെയും ലത്തീഫിനേയും ഗ്രൗണ്ടിനും ചുറ്റും ഓടിച്ചത്?

ഞാനതെന്നേ മറന്നു. ഹാർഡ് ഡിസ്ക്കുകൾ പെട്ടെന്ന് നിറയുകയാണ്. ഒരുപാട് പുതിയവ ഇടിച്ചു കയറി വരുമ്പോൾ പഴയ ഓർമ്മകൾ പലതും ഡിലീറ്റ് ആയിപ്പോകുന്നു!   
                                                                         
 

Friday, October 17, 2014

പതിരാകുന്ന വിളവെടുപ്പുകൾ


കാനഡയിൽ ആകെ കൃഷിക്കായി കിട്ടുന്നത് അഞ്ചുമാസമാണ്. വേനലെന്നൊക്കെ വിളിക്കുന്ന ആറിലെ അഞ്ചെണ്ണം. ആ ദിവസങ്ങള്ക്കൊക്കെ നല്ല നീളമാണ്. അഞ്ചുമണി മുതൽ കാണുന്ന പകൽ വെളിച്ചം മങ്ങുന്നതു തന്നെ രാത്രി ഒമ്പതരയ്ക്കാണ്. അത്രതന്നെ സമയം കൃഷിയിടങ്ങളിൽ ചെലവഴിക്കുമ്പോൾ ഇംഗ്ലീഷുകാരൻ പറയുന്ന 'ലോംഗ് ഡേ' അക്ഷരാർത്ഥത്തിൽ ശരിയാകുന്നു.
ഇന്നു പോയത് 6000 ഏക്കറിലായി പരന്നുകിടക്കുന്ന പാടത്തേയ്ക്കാണ്.സായാഹ്നവെയിൽ മഞ്ഞ പൂശിയ ഗോതമ്പുപാടം. ഒപ്പം ഇടയ്ക്കൊക്കെ കെനോലയും പയറുമുണ്ട്.സ്ഥലം പടിഞ്ഞാറൻ സംസ്ഥാനമായ ആൽബെർട്ടയിലെ സ്റ്റാൻഡർഡ്. കാനഡയുടെ ഗോതമ്പറയാണിത്.ജേ ഷുൾസും അപ്പനും അളിയനും കൂടിയാണ് ഇവിടെ കൃഷി നടത്തുന്നത്. ഇപ്പോൾ കൊയ്ത്തുകാലം കഴിഞ്ഞതേയുള്ളു.ഇക്കുറി കൊയ്ത്ത് അമ്പേ പരാജയമായിരുന്നു.കാലാവസ്ഥ പ്രതികൂലമായതിനാൽ വിത തന്നെ തെറ്റി.പിന്നെ ബാലാരിഷ്ടതകളാരംഭിച്ചു. ചില സ്ഥലങ്ങളിൽ വരൾച്ച. അതൊന്നു നേരേയായപ്പോഴേയ്ക്കും മുട്ടുമഴ. അത് പാടങ്ങളെ ദിവസങ്ങളോളം ജലാധിവാസത്തിലാക്കി.കൊയ്ത്തുകാലത്ത് വിളകളൊക്കെ 20 സെന്റീമീറ്റർ മഞ്ഞുപാളികൾക്കടിയിൽ.ഹിമക്കട്ടകൾ ചേർത്തുള്ള കൊയ്ത്ത്, യന്ത്രങ്ങളെ തകരാറിലാക്കി. എല്ലാം കൂടി ഇത്തവണ വിളവെടുപ്പ് നാലിലൊന്നാക്കി കുറച്ചു.പക്ഷേ, ലോകനിലവാരം നോക്കിയാൽ ഈ വർഷം എല്ലായിടത്തും വിളവെടുപ്പ് പൊതുവേ മെച്ചമാണ്, കാനഡയൊഴിച്ച്. അതിനാൽ വിളകളുടെ വില കുറയുകയും ചെയ്തു. 

ജേ പറഞ്ഞു,''കൃഷി ഇപ്പോൾ ഒരു ചൂതുകളിയായിരിക്കുന്നു.ഞങ്ങളൊക്കെ എല്ലാം കളഞ്ഞുകുളിച്ച് പുറത്തിറങ്ങി തലകുനിച്ച് വീട്ടിലേയ്ക്കു നടക്കുന്ന ഭാഗ്യഹീനരും!''

Tuesday, September 16, 2014

സുധീർകുമാർ മിശ്ര

വിരഹാതുരം! 'മഞ്ഞി'ന്റെ ഓരോ പുനർവായനയും വേദനിപ്പിക്കുന്നവയായിരുന്നു.
ചിത്രം കാണുന്നതുവരെ സുധീർകുമാർ മിശ്രയുടെ മുഖം മറ്റൊന്നായിരുന്നു എന്റെ മനസ്സിൽ. പിന്നെ അത് ശങ്കറിന്റേതായി. പുതിയ വായനകളിൽ സംഗീതയും ശങ്കറുമായി മനസ്സിൽ മഞ്ഞ് മായാതെ നിന്നു.
2013 ലെ ടൊറോന്റോ ചലച്ചിത്രമേള. അതിഥികൾക്കുള്ള രജിസ്ട്രേഷൻ കൗണ്ടറിൽ,ഞാൻ പെട്ടെന്നു തലയുയർത്തുമ്പോൾ ശങ്കർ മോഹൻ. എനിക്ക് വിശ്വസിക്കാനായില്ല.ഒരു പുഞ്ചിരി പോലുമില്ലാതെ ഞാൻ വിളിച്ചു: സുധീർ കുമാർ മിശ്ര.
അദ്ദേഹം ഒരു നിമിഷം സ്തംഭിച്ചു നിന്നു. ചുറ്റും നോക്കി. മറ്റാരെയുമല്ലെന്ന് ഉറപ്പായപ്പോൾ ചോദിച്ചു, ''എങ്ങനെ എന്നെ മനസ്സിലായി?''
ഞാൻ പറഞ്ഞു, ''മായാത്ത മഞ്ഞ് മനസ്സിലുണ്ടല്ലോ!''
എന്റെ പണി കഴിയുന്നത് വരെ അദ്ദേഹം സ്വന്തം തിരക്കുകളുമായി ഫിലിം മെയ്ക്കേഴ്സ് ലൗഞ്ചിലിരുന്നു.
ഞാനെത്തുമ്പോൾ എന്നോടു ചോദിച്ചു, ''ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ? വിദേശവേദികളിൽ വളരെ അപൂർവ്വമായേ തിരിച്ചറിയപ്പെടാറുള്ളു. അതും ഇങ്ങനെ ഹൃദ്യമായി. ഒരുപാട് നന്ദി,എല്ലാ സഹായങ്ങൾക്കും''
മഞ്ഞിലെ സുധീർ കുമാറായി അദ്ദേഹം എന്നെ ആലിംഗനം ചെയ്തു.

കോഫീഷോപ്പിലിരുന്ന് കഥകൾ പറഞ്ഞു. പിറ്റേദിവസവും കണ്ടു.
ഗോവയിലെ ഉത്സവത്തിലേയ്ക്ക് ഒരു ക്ഷണം ഇനിയും തളിർത്തുതന്നെ നിൽക്കുന്നു.

പ്രിയ സുഹൃത്തിന്, സ്നേഹപൂർവ്വം.....ഫിദേൽ


നാല്പത്തൊന്നു വർഷം മുമ്പുള്ള ഒരു സെപ്റ്റംബർ 11 (1973). അന്നാണ് ലാറ്റിൻ അമേരിക്കയിലെ ആദ്യത്തെ മാർക്സിസ്റ്റ് ഭരണാധികാരിയായ സൽവദോർ അലെന്ഡേ വെടിയേറ്റു മരിക്കുന്നത്. ഉച്ചകഴിഞ്ഞ് സമയം ഏതാണ്ട് 2 മണി.ജനറൽ അഗസ്റ്റോ പിനോഷെ (Augusto Pinochet) യുടെ വലതുപക്ഷ ശക്തികൾ രാഷ്ട്രപതിഭവൻ വളഞ്ഞ സമയം. അദ്ദേഹം അണികളോട് കീഴടങ്ങാനായി നിരന്നുനിൽക്കാൻ പറഞ്ഞു. എന്നിട്ട് സ്വന്തം ഓഫീസിലെത്തി, ചിലിയുടെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള തീക്ഷ്ണമായ വിശ്വാസത്തെപ്പറ്റി അദ്ദേഹം ചിലിയൻ ജനതയോട് വികാരനിർഭരമായി റേഡിയോയിലൂടെ പ്രസംഗിച്ചു. ചിലിയോടുള്ള അചഞ്ചലമായ സ്നേഹത്തെക്കുറിച്ചും, എതിരാളികൾക്ക് കീഴടങ്ങിയാൽ കിട്ടുന്ന പുറത്തേയ്ക്കുള്ള സുഗമപാതയോടും അതെത്തിക്കുന്ന സുരക്ഷിതസ്ഥാനത്തോടുമുള്ള വിപ്രതിപത്തി അദ്ദേഹം ജനങ്ങളോടു നേരിട്ടു പറഞ്ഞു. പിന്നെ കേട്ടത് ഒരു വെടി ശബ്ദമാണ്. അദ്ദേഹം മരിച്ചുവീണു. പലരും ഓടിയെത്തി. അദ്ദേഹത്തിന്റെ മൃതശരീരത്തിനടുത്തു നിന്ന് കണ്ടെത്തിയ AK - 47 തോക്കിലെ സുവർണ്ണമുദ്ര ഇതായിരുന്നു: ഒരേ ലക്ഷ്യത്തിലേയ്ക്ക് മറ്റൊരു മാർഗ്ഗം പിന്തുടർന്ന പ്രിയ സുഹൃത്തിന്, സ്നേഹപൂർവ്വം.....ഫിദേൽ
ആത്മസുഹൃത്തായിരുന്ന ക്യൂബൻ നേതാവ് ഫിദേൽ കാസ്ത്രോ ഒരിക്കൽ അദ്ദേഹത്തിനു സമ്മാനിച്ചതായിരുന്നു, അത്. കീഴങ്ങാനുള്ള മനസ്സില്ലാതിരുന്നതിനാൽ ധീരമായി സ്വയം മരണം വരിച്ചതാണെന്നും, എതിരാളികളുടെ വെടിയേറ്റു മരിച്ചതാണെന്നുമുള്ള വാദങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗികഭാഷ്യമായി നിൽക്കുന്നത് ആദ്യത്തെ വാദം തന്നെയാണ്.

ഹെൻറി കിസ്സിഞ്ജർ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചർഡ് നിക്സനോടു പറഞ്ഞു, '' ഞങ്ങളല്ല അതു ചെയ്തത്... ഞങ്ങൾ സഹായിച്ചെന്നു മാത്രമേയുള്ളു.''

അങ്ങനെ, ബാങ്കുകളുടേയും ഖനികളുടേയും ദേശസാൽക്കരണത്തിലൂടെ അദ്ദേഹത്തിന്റെ ഭരണം ജനങ്ങൾക്ക് നൽകിയ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. അലെൻഡേയുടെ മരണശേഷം പിനോഷെയുടെ പട്ടാള ഏകാധിപത്യമായിരുന്നു ചിലിയിൽ. ഒരു ലക്ഷത്തിലധികം വിമർശകരെ കൊല്ലുകയും പലരേയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ആ ഭരണത്തിന് അമേരിക്കൻ പിന്തുണയുണ്ടായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

''അനീതിക്കെതിരേ പോരാടാൻ കഴിയാത്ത യുവത്വം ജീവശാസ്ത്രത്തിന്റെ വൈരുദ്ധ്യമാണെന്നും അത് ആക്ഷേപാർഹം തന്നെയാണെ''ന്നും ജനങ്ങളോടു പറഞ്ഞ സൽവദോർ അലെൻഡേ കമ്യൂണിസ്റ്റ് പന്ഥാവുകൾക്ക് വെളിച്ചമേകാൻ സ്വന്തം ജീവൻ നൽകി മാതൃകയായ അപൂർവ്വം വ്യക്തിത്വങ്ങളിലൊരാളാണ്.

Thursday, June 19, 2014

തൊണ്ണൂറുകളുടെ ആകാശം

കനഡയിലെ ബ്രിട്ടിഷ് കലിഡോണിയ. ചിലിവാക്കിലെ കാമ്പ് റിവർ പ്രദേശത്താണ് ജിമ്മി ലാഫ്ലിൻ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത്. വയസ്സ് തൊണ്ണൂറിനോടടുക്കുകയാണ്. ഭാര്യ കുറച്ച് വർഷങ്ങൾക്കു മുമ്പേ മരിച്ചു.ഒരു വലിയ തോട്ടത്തിനു നടുവിലെ വീട്ടിൽ ഇപ്പോൾ ഒറ്റയ്ക്കാണ് താമസം.

ഒരു പത്രത്തിനു വേണ്ടി വയോധികജീവിതങ്ങൾ തപ്പിപ്പിടിച്ച് പോകുന്ന വഴിയാണ് ജിമ്മിയെ കണ്ടുമുട്ടുന്നത്.

കുടുംബത്തിനപ്പുറം ജിമ്മി ലാഫ്ലിന്റെ അതിതാല്പര്യവിഷയം പറക്കലാണ്. കിഴക്കൻ ഫ്രെയ്സർ താഴ് വരയിലൂടെ ഒരു പരുന്തിനെപ്പോലെ പറന്നുനടക്കുക. അതിനായി ഇരട്ടയന്ത്രം പിടിപ്പിച്ച, ഭാരം കുറഞ്ഞ ഒരു സിംഗിൾ സീറ്റർ വിമാനം സ്വന്തമായുണ്ട്.

ഇപ്പോൾ വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ ആഴ്ചയിൽ നാലും അഞ്ചും പറക്കലുകൾ.

ഒരിക്കൽ കാലാവസ്ഥ ചതിച്ചു. പറക്കലിനിടയിൽ കൂടും കുടുക്കയുമായി നിലം പതിച്ചു.  മാസങ്ങൾ നീണ്ട കിടപ്പ്.

ഇനി പറക്കാൻ കഴിയില്ലെന്ന ഉപബോധഭീതിയിൽ ജിമ്മി ഭീകരസ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണർന്നിരുന്നു, പലപ്പോഴും.

പക്ഷേ, റോളറിനടിയിൽപ്പെട്ടു പതിഞ്ഞുപോയ ടോം പൂച്ച കുടഞ്ഞെണീക്കുന്നതു പോലെ ജിമ്മി പഴയപടി ഊർജ്ജസ്വലനായി.

''സ്കെയേഡ് ദ് ക്രാപ് ഔട്ട് ഒഫ് മി!'' അതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

''എനിക്കിഷ്ടമുള്ളത് ചെയ്യുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ ഒന്നിനും കഴിയില്ല''.

ജിമ്മി എന്ന ജെയിംസ് ലാഫ്ലിൻ ഇപ്പോഴും പറന്നുനടക്കുകയാണ്, തൊണ്ണൂറിലും വേണമെങ്കിൽ സൃഷ്ടിച്ചെടുക്കാവുന്ന ഊർജ്ജസ്വലതയിൽ!

Wednesday, April 30, 2014

April 30, 2014

There's a land of the living and a land of the majority, and the bridge is love, the only survival, the only meaning.
A month ago, my family went and met Balan. He was so happy to see Suja, her dad, Vinaya and my brother. Although he knew that he was crossing the bridge, he was happy as usual and to his heart's content in all his talks. He was the same as he had been five years ago, despite a slight change in his look.

Then he came on-line, cutting jokes with me. Called me PUZHU (bookworm) and inquired about Chaandikkunju (Chandu) and Paikkutty (Calf/ Nandu).
I thought, Balan would spring back with an incredible recovery awfully thanking the radiance of his countenance. The light that emanated from his face was so intense and enough for many a moth like us to be ensnared in his web.

But he left us yesterday morning!

I couldn't sleep last night. Tried to read a book. Failing to catch on anything I read, came back to the desktop. Chatted with a few of the friends found on-line. Went to sleep at the wee hours of the morning.

Felt like I've been cast away to a land of no sounds! I was sort of deafened by the last shot of a field gun. A man of sound. A man of jokes. A man of stage. A man of songs. He went out and painted the Abu Dhabi town red. His achievements as a relationship-man have been nothing short of miraculous.
You had a good fun. We all miss you, Bala. India Social Centre will miss you. The whole of Abu Dhabi will miss you.

You left your chat-line on, to come again surprising us, didn't you?

I stand unable to speak to Sukanya, Babloo, Kichu, Biju and Pappu. Let them get strength to cope with this rough reality and slowly get over the void of love and sound Balan had created.

Tuesday, April 15, 2014

വിഷുപ്പക്ഷികൾ

രാവിലെ നോക്കുമ്പോൾ  Vr Ragesh എന്റെ ഡെസ്ക്ടോപ്പിലിരുന്ന് കാർട്ടൂണുകൾ വരയ്ക്കുന്നു.
അവനെ കണ്ട സന്തോഷം അങ്ങനെ തിളച്ചു പൊന്താൻ തുടങ്ങുമ്പോൾ പറയുകയാണ്.

ഹോൾഡ് ഓൺ... ചേട്ടാ, തിളച്ചുതുളുമ്പാൻ വരട്ടെ ... ഒരു സർപ്രൈസ് കൂടിയുണ്ട്.
ഞങ്ങൾ അടുത്തുള്ള വായനശാലയിലേയ്ക്ക് നടന്നു.

വാതിൽ തുറന്നതും ഞാൻ തുളുമ്പിപ്പോയി.

എന്റെ സുഹൃത്ത്  Gayathri Ashok. കൂടെ കലാമണ്ഡലത്തിൽ നിന്ന് ഒരുകൂട്ടം കളിക്കാരും.
ഒക്കെ ഭക്ഷണത്തിനായി, ഇലകൾക്കു മുമ്പിൽ.

എങ്ങനെ ഇവിടെയെത്തി?

രാഗേഷ് പറഞ്ഞു: പാരീസിലേയ്ക്കുള്ള യാത്രയായിരുന്നു. വിമാനത്തിന് ചില പ്രശ്നങ്ങൾ. ഇവിടെ ഇറക്കേണ്ടി വന്നു.

ഇവരെയൊക്കെ അപ്രതീക്ഷിതമായി ഇങ്ങനെ വീണുകിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ഞാൻ.

സ്റ്റോപ് സ്മൈലിംഗ് അച്ഛാാ... എണീക്ക്. ഹാപ്പി വിഷു!

അവൻ എന്നെ ഉറക്കത്തിൽ ഇങ്ങനെ നോക്കി നിന്ന് എന്തെങ്കിലും കമന്റടിക്കുന്നത് പതിവാണ്.

ഒരു വിഷുവിന്റെ മഞ്ഞക്കിളികളെല്ലാം അതോടെ ഒറ്റയടിയ്ക്ക് പറന്നുപോയി.

പുറത്ത് വഴി തെറ്റി വന്ന ഡിസംബറിലെ മഞ്ഞുപുലരി. കാറുകൾ മഞ്ഞുപുതച്ച് ഉറങ്ങുന്നു. പൈന്മരങ്ങളിൽ ഒരിക്കൽ കൂടി മഞ്ഞുപൂത്തിരിക്കുന്നു.
ഒരിക്കൽ കൂടി പ്രകൃതി കുമ്മായക്കളമായി.

സുജ ചായയുമായി വന്നു.

ഗെസ് ഹൂ കേം ഹോം വിത്ത് പായസം, ഉപ്പേരി ആന്റ് ഓൾ....

ഹൂ...?

ഹൂ എല്സ്...ദ ഫേവറിറ്റ്  റൈറ്റര് ഫ്രൻഡ് ഒഫ് യുവേഴ്സ്, സോക്കർ. Socraties K. Valath Chukku

അത് ശരിയായിരുന്നു. വഴിക്കുളങ്ങരയിലെ വീട്ടിൽ പായസം-വറുത്തുപ്പേരിയുമൊക്കെയായി, ചിരിക്കുമ്പോൾ കുഞ്ഞാവുന്ന കണ്ണുകളുമായി, അച്ഛന്റെ മുമ്പിൽ സ്നേഹക്കഥകളുമായി പ്രിയകഥാകാരൻ സോക്രട്ടീസ്!

അത്ഭുതക്കണ്ണിയിൽ പങ്കുചേരാൻ ഇന്ദുചൂഡന് കിഴക്കേടം ആ സമയത്തു തന്നെ ഫോണിൽ. ആ മധുരത്തിന്റെ പകുതി അച്ഛൻ സോക്കറിനും കൊടുത്തു.

സൗഹൃദങ്ങൾ ഏതൊക്കെ ഉയരങ്ങളിലേയ്ക്കാണ്‌ നമ്മെ കൈ പിടിച്ചു കയറ്റുന്നത്! ഞാന്‍ ബന്ധിതനായിരിക്കുന്നത് എന്‍റെ മതിലുകളാലല്ല, സൗഹൃദങ്ങളാലാണെന്ന ചെക്ക് പഴഞ്ചൊല്ലിന്‍റെ മഴയിലാണ്‌ ഞാനിപ്പോള്‍.... 

Friday, April 4, 2014

ആദ്യത്തെ സെല്ഫോൺ വിളി

 
ഏപ്രിൽ 3, 1973. ഇത് മാർട്ടിൻ കൂപ്പർ. ദൂരഭാഷിണിയിലൂടെയുള്ള ഈ വിളി പിൽക്കാലത്ത് ചരിത്രപാതയിൽ ഒരു നാഴികക്കല്ലാവുമെന്ന് അദ്ദേഹം തീരെ കരുതി യിട്ടുണ്ടാവില്ല. ഇപ്പോൾ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു പ്രധാനഘടകമായി മാറിയ സെൽഫോണിന്റെ പിതാവ്. ആദ്യമായി ഒരു പൊതുസ്ഥലത്തുനിന്ന് ഒരു സെൽ ഫോണിൽ സംസാരിക്കുന്നതും ഇദ്ദേഹമാണ്. അമേരിക്കയിലെ, മാൻഹറ്റനിലെ ന്യൂയോർക്ക് ഹിൽട്ടനു മുമ്പിൽ നിന്നുള്ള വിളി സ്വീകരിക്കാനുള്ള ഭാഗ്യം കിട്ടിയത് ന്യൂജേഴ്സിയിലെ ബെൽ ലാബിൽ പണിയെടുത്തുകൊണ്ടിരുന്ന കുറേ ശാസ്ത്രജ്ഞന്മാർക്കാണ്. അവരാണെങ്കിൽ ഇതേ ശാസ്ത്രസാങ്കേതിക രംഗത്ത് ഗവേഷണം നടത്തുന്നവരും. DynaTAC 8000x എന്നായിരുന്നു ഈ ചരിത്രനായകന്റെ പേര്. കഷ്ടിച്ച് ഒന്നേകാൽ കിലോഗ്രാം ഭാരം വരുന്ന ഈ പുതുജന്മത്തിന്റെ 'കൊമ്പ്' ഒഴിച്ചുള്ള ഭാഗത്തിന്റെ നീളം ഒമ്പത് ഇഞ്ചായിരുന്നു. പത്തുമണിക്കൂർ എടുക്കുമായിരുന്നു ചാർജ് ആകാൻ. വില 3995 ഡോളർ (ഏകദേശം ഇന്നത്തെ രണ്ടുലക്ഷത്തി നാല്പതിനായിരം രൂപ). ഒരു ചുടുകട്ടയുടെ രൂപവും ഭാവവും.അതുകൊണ്ടുതന്നെ കൂപ്പർ അവനെ ബ്രിക് (Brick) എന്നു വിളിക്കാൻ തുടങ്ങി. ഇന്നിപ്പോൾ, ഈ 'ചുടുകട്ട'യുടെ 'ന്യൂ-ജെൻ' നമ്മുടെ കീശകളിലൊതുങ്ങുന്നു. പരിണാമപ്രക്രിയയിൽ ജീവികൾക്കുണ്ടായ മാറ്റം പോലെ കൊമ്പ് ഇന്നിപ്പോൾ ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായിരിക്കുന്നു.തൊണ്ണൂറുകളിലെപ്പോഴോ ഞാൻ ഉപയോഗിക്കാൻ തുടങ്ങിയ ഫോണുകളുടെ കൊമ്പുകൾ കണ്ട് പുതിയ തലമുറ ഇപ്പോൾ കളിയാക്കിച്ചിരിക്കാറുണ്ട്. കാരണം മൊബൈൽ ഫോണിന്റെ ഈ ആദിരൂപം അവരുടെ ചിന്തകൾക്കുമപ്പുറമായിരുന്നു.
ഇനി മാർട്ടിൻ കൂപ്പറെക്കുറിച്ച് അല്പം.
'മാർട്ടി' എന്നു വിളിപ്പേർ. ഇല്ലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റ്റെക്നോളജിയിൽ (IIT) നിന്ന് 1950 ല് എഞ്ചിനീയ റിംഗ് ബിരുദം. കൊറിയൻ യുദ്ധത്തിൽ ഒരു അമേരിക്കൻ അന്തർവാഹിനിക്കപ്പലിൽ കുറേക്കാലം ഓഫീസറയി ജോലി ചെയ്തു. 1957 ല് ബിരുദാനന്തര ബിരുദം. അതേ സർവ്വകലാശാലതന്നെ അദ്ദേഹത്തിനു പിന്നീട് ഓണററി ഡോക്ടറേറ്റ് നൽകി. ഇപ്പോഴും സർവ്വകലാശാലയുടെ ബോർഡ് ഒഫ് ട്രസ്റ്റീസിൽ ഒരാളാണ്.
ഗള്ഫ് രാജ്യങ്ങളിൽ ആദ്യമായി സെൽ ഫോൺ സാങ്കേതികത എത്തുന്നത് 1978 ന്റെ ആദ്യകാലത്തായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഗൾഫ് വയർലെസ്സ് ആന്റ് റ്റെലിഫോൺ കമ്പനിയുടെ ഉടമയായ സെബാസ്റ്റ്യൻ പടമാടൻ ആദ്യമായി ലണ്ടനിൽ നിന്നു കൊണ്ടു വന്ന 600 കാർ ഫോണുകളായിരുന്നു അതിന്റെ തുടക്കം കുറിച്ചത്. ഇന്നും ഗള്ഫ് രാജ്യങ്ങളിൽ ശബ്ദസാങ്കേതികവിദ്യയുടെ വിപണനരംഗത്ത് സജീവ സാന്നിദ്ധ്യമായി അവർ നിലകൊള്ളുന്നു.

Sunday, February 2, 2014

കടല്‍ജലച്ഛായകള്‍

ഇന്ദുചൂഡൻ കിഴക്കേടത്തിന്റെ 'എതിരടയാളത്തിന്റെ ആത്മകഥ' എന്ന നോവലിനെക്കുറിച്ചുള്ള വായനക്കുറിപ്പ്


കമ്പോള-സാമ്പത്തിക-ആവാസ വ്യവസ്ഥകളില് ഇന്ന് അദൃശ്യമായ സ്ഥാപിതതാല്പര്യശക്തികളുടെ സാന്നിദ്ധ്യം സുവിദിതമാണ്. ഈ അദൃശ്യശക്തികള് തുലോം ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷത്തിന്റെ രുചിനിര്‍ണ്ണയാവകാശം അവരുടെ കുത്തകയായി മാറിയിരിക്കുന്നു. പ്രസന്ന വ്യക്തിത്വങ്ങളായ ഈ വരേണ്യവര്‍ഗ്ഗമാണ് ഇന്ന് സാധാരണ മനുഷ്യര് എന്തൊക്കെ ഭക്ഷിക്കണമെന്നും അണിയണമെന്നും എങ്ങിനെയൊക്കെ ചിന്തിക്കണമെന്നുമൊക്കെയുള്ള തീരുമാനങ്ങള്‍ മൊത്തത്തില്‍ എടുക്കുന്നത്. ഇവരുടെ പരസ്യജീവിതങ്ങളില്‍ ഇവര്‍ ആതുരശുശ്രൂഷകരും ജനസേവാതല്പരരുമൊക്കെയായിരിക്കും. പക്ഷെ അവരുടെ സ്വാര്‍ത്ഥമോഹപ്രയാണങ്ങള്‍ക്ക് വിലങ്ങുതടികളാകുന്നവരെ നിഷ്‌കാസനം ചെയ്യാനും ഉന്മൂലനം ചെയ്യാനും ഇവര്‍ മടി കാണിക്കാറില്ല. ഇവര്‍ കാഴ്ചയില്‍ സമാധാനപ്രിയരും സ്ഥിരം 'കുറ്റവിമുക്തരു'മൊക്കെയാണ്. എതിരടയാളത്തിന്റെ ആത്മകഥയിലെ ആനന്ദ് വര്‍മ്മ ഈ വര്‍ഗ്ഗത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്നു. പുതിയ രാഷ്ട്രീയം ഒട്ടും തന്നെ മനസ്സിനെ ധീരമാക്കുന്നവയല്ലെന്നും ചരിത്രങ്ങളിലൂടെയുള്ള കടന്നുപോകലില്‍ എതിരേ വരുന്ന ധീരസംഭവങ്ങളും കഥാപാത്രങ്ങളുമാണ് നമ്മളെ നേേലാകക്രമത്തിലെ തെറ്റുകള്‍ക്കെതിരെ സംസാരിക്കാന്‍ പ്രാപ്തരാക്കുന്നതെന്നുമുള്ള അരുണന്റെ കണ്ടെത്തലുകള്‍ ഒരു ഗ്രാമ്യജീവിതത്തിന് അവശ്യം വേണ്ട യോഗ്യതാപത്രമായി കാണേണ്ടതുണ്ട്. കാറ്റും പുഴയും ജലവും പക്ഷികളുമടങ്ങുന്ന ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ രചനാഭുമികതന്നെയാണ് ഇത്തരം അഭിജാതചിന്തകളുടെ സ്രോതസ്സും.

എതിരടയാളങ്ങളുടെ ആത്മകഥ സംഘര്‍ഷത്തിന്റെ രചനയാണ്. പങ്കിടാന്‍ പരിമിതികളുള്ള ആത്മസംഘര്‍ഷങ്ങളാണതില്. അനഘമായ ഇച്ഛാശക്തിയുടെ മാത്രം അടിത്തറയുള്ള കൊച്ചുകൊച്ചു ശബ്ദങ്ങള്‍ക്ക് എത്രമാത്രം ദൂരം സഞ്ചരിക്കാന്‍ സാധിക്കും എന്ന ഒരാധി നിലനില്‍ക്കെ അവയെല്ലാം അപ്പാടെ വിഴുങ്ങാന്‍ തയ്യാറെടുത്തുകൊണ്ട് ഒരു ഭീകരരൂപി നമ്മുടെ മുമ്പിലേക്ക് അതിക്രമിച്ചു കടന്നെത്തുന്നു. പാടങ്ങളെയും പച്ചപ്പുകളെയും നുകം വച്ച കാളകളെയും കലപ്പകളെയും അത് പൂര്‍ണ്ണമായും വിഴുങ്ങിക്കഴിഞ്ഞു അതിരില്ലാതെ കിടന്ന സൗഹൃദപ്പാടങ്ങളില്‍ അത് ലക്ഷ്മണരേഖകള്‍ തീര്‍ത്തുകഴിഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട വഴികളിലൂടെ, സമയബന്ധിതമായ വാഹനങ്ങളിലേറി ലക്ഷ്യങ്ങളിലെത്തിച്ചേരാന്‍ കഴിയുന്നവര്‍ മാത്രമെ 'വിജയി'കളാവുന്നുള്ളു. നാം വിശ്രമിക്കുന്ന തണലുകള്‍ക്ക് മുകളില്‍ എന്തും വാങ്ങാന്‍ കിട്ടുന്ന കമ്പോളതാല്പര്യങ്ങളുടെ സുരക്ഷാച്ചിറകുകളാണ്.

ക്രമബദ്ധമല്ലാത്ത മനോവ്യാപാരങ്ങളിലൂടെ നളിനിയുടെ ജീവിതം ഒട്ടേറെ ബാഹ്യജീവിതങ്ങളിലേക്ക് സന്നിവേശിക്കപ്പെടുകയാണ്. സമകാലീനജീവിതത്തിന്റെ ചടുലചലനങ്ങളാണ് എതിരടയാളത്തിന്റെ ആത്മകഥ. ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ കഥകള്‍ക്ക് തനതായുള്ള ആവിഷ്‌കാരരീതിയില്‍, പ്രകൃതിയിലേക്ക് ഇടയ്ക്കിടെ മുങ്ങിപ്പൊങ്ങി വരുന്ന പച്ചയായ മനുഷ്യരുടെ കൈവിട്ടുപോകുന്ന ജൈവബന്ധങ്ങളാണതിലുള്ളത്.

സുരേഷ് നെല്ലിക്കോട്  (DC Books Portal)

Tuesday, January 28, 2014

അസ്ഥിരതയുടെ താഴ്നിലങ്ങള്‍


                                                                              - സുരേഷ് നെല്ലിക്കോട്
<ജുംപാ ലാഹിരിയുടെ 'താഴ്നിലങ്ങള്‍' (The Lowland) എന്ന നോവലിന്‍റെ വായനാനുഭവം>

വര്‍ഷകാലത്ത് താഴ്‌നിലങ്ങളിലാകെ ഒഴുകിപ്പരന്ന് ഒന്നാകുന്ന ഇരട്ടക്കുളങ്ങളെപ്പോലെയായിരുന്നുഒന്നേകാല്‍ വര്‍ഷത്തിടയ്ക്കുണ്ടായ ആ രണ്ടു സഹോദരന്മാര്‍. സുഭാഷ് മിത്രയുംഉദയന്‍ മിത്രയും. പലര്‍ക്കും അവര്‍ പരസ്പരം മാറിപ്പോകുന്നത്ര സാദൃശ്യം. അറുപതുകളുടെ അന്ത്യം കല്‍ക്കത്തയെ കലാപകലുഷിതമാക്കിയിരുന്നു. നിരോധനാജ്ഞകള്‍ നിശ്ചലമാക്കിയ തെരുവുകള്‍.ആരെയൊക്കെയോ തെരഞ്ഞുകൊണ്ട് എവിടെയും പോലീസും പട്ടാളവും റോന്തു ചുറ്റി നടക്കുന്നു. കമ്യൂണിസത്തിന്‍റെ കറകളഞ്ഞ ലക്ഷ്യങ്ങള്‍ തേടിയ യുവത്വംപട്ട കെട്ടിയ കുതിരകളെപ്പോലെ മാര്‍ഗ്ഗം മറന്ന് ലക്ഷ്യം തേടിയ കാലം. ആ വിപ്ലവപാതയാണ്‌ തന്‍റെ ശരിയെന്ന് അതിലൊരാള്‍ തിരിച്ചറിയുകയായിരുന്നു. ഉദയന്‍.  അങ്ങനെഉദയന്‍ സുഭാഷില്‍ നിന്ന് ക്രമേണ അകന്നകന്നു പോകുന്നു. അധ:സ്ഥിതന്‍റെയും അടിച്ചമര്‍ത്തപ്പെട്ടവന്‍റെയും മോചനത്തിനുള്ള പാതയാണ്‌ മറ്റേതിനേക്കാളും പ്രിയപ്പെട്ടതെന്ന് ഉദയന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ക്കറിയാമായിരുന്നു തനിക്ക്‌ അനായാസം എത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരമൂല്യജീവിതം കൈവിട്ടുപോകുകയായിരുന്നു എന്ന്‌. രണ്ടുപേരും അങ്ങനെ വ്യത്യസ്ത ധ്രുവങ്ങളിലേയ്ക്ക് അകന്നകന്നു പോയി. ഉദയന്‍ നക്സല്‍ പ്രവര്‍ത്തകനായി ഒളിസങ്കേതങ്ങളിലേയ്ക്ക് പോകുമ്പോള്‍ സുഭാഷ് ഉന്നതപഠനത്തിനായി അമേരിക്ക തെരഞ്ഞെടുക്കുന്നു.

ജുംപാ ലാഹിരിയുടെ എറ്റവും പുതിയ നോവലാണ്‌ 'താഴ്‌ന്നിലങ്ങള്‍'  ( The Lowland )കല്‍ക്കത്തയുടെ നഗരാതിര്‍ത്തി വിട്ട് പോകേണ്ട വഴി കൃത്യമായി എഴുത്തുകാരി നമുക്ക് പറഞ്ഞുതരുന്നുണ്ട്. ടോളി ക്ലബ്ബിനു കിഴക്കു മാറി ദേശപ്രാണ്‍ റോഡ് രണ്ടായി പിരിയുന്നിടത്തെ മുസ്ലീം പള്ളി. ആ വഴികളിലൊന്നിലൂടെ പോയാല്‍ എത്തിച്ചേരുന്ന,ചതുപ്പുകള്‍ക്കു മേല്‍ മണ്ണിട്ടു നികത്തിയ സൗമ്യസുന്ദരമായ ഒരു  ചെറിയ ഗ്രാമം. ജനനിബിഡമായ ഇടവഴികളിലൂടെ പോകുമ്പോള്‍ കാണുന്ന ഇരട്ടകളെപ്പോലെയുള്ള രണ്ട് കുളങ്ങള്‍. ജലസസ്യങ്ങള്‍ തഴച്ചു നില്‍ക്കുന്ന കുളങ്ങളിലാണെങ്കില്‍ വെള്ളമുണ്ടെന്നേ തോന്നുകയില്ല. ഈ പായലുകള്‍ക്കിടയില്‍ ഉദയന്‍ ഒരിക്കല്‍ വേട്ടക്കാരില്‍ നിന്ന് ഒളിക്കുന്നുണ്ട്.
ജുംപാ ലാഹിരിയുടെ ഭാഷാലാളിത്യം അതീവസുന്ദരമാകുന്നത് കഥയിലുടനീളം കാണാം. നഗരത്തിന്‍റെ പുകപ്പാളികളിലൂടെ പറന്ന് പറന്ന് തൂവലുകള്‍  കറുത്തുപോയ ദേശാടനപ്പക്ഷികള്‍ ഇരപിടിക്കാന്‍ ചെവിയും കണ്ണും വട്ടം പിടിച്ചു നില്‍ക്കുന്ന കാഴ്ചകള്‍ പോലെഅവ മനോഹരമായി നമ്മെ കൈപിടിച്ചു നടത്തുന്നു.കഥാഖ്യാനപ്രതലങ്ങള്‍ മൂന്നു തലമുറകളുടേതായി ഇന്ത്യയിലും അമേരിക്കയിലുമായി പരന്നു കിടക്കുന്നു. കഥാകാരിയുടെ സ്വന്തം ജീവിതയാത്രാനുഭവങ്ങള്‍ ഇങ്ങനെയൊരു പ്രപഞ്ചസൃഷ്ടിക്ക് കരുത്തേകിയിട്ടുണ്ടാവാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! കുടിയേറ്റം സൃഷ്ടിക്കുന്നബന്ധങ്ങളിലെ അകല്‍ച്ചകളും പൊട്ടലുകളും ഈ നോവലില്‍  പരന്നു കിടക്കുന്നതു കാണാം. ചിലതൊക്കെ നേടാന്‍ മറ്റു ചിലതൊക്കെ ത്യജിക്കേണ്ടി വരുന്ന കുടിയേറ്റക്കാരുടെ നിസ്സഹായാവസ്ഥകള്‍.

പകല്‍ അദ്ധ്യാപകനായും രാത്രി വിപ്ലവകാരിയായും പ്രവര്‍ത്തിക്കുന്ന ഉദയന്‍റെ ജീവിതത്തിലേയ്ക്ക് ഗൗരി എന്ന പെണ്‍കുട്ടി കടന്നു വരുന്നു. നക്സലൈറ്റുകള്‍ തൊഴില്‍ സമരങ്ങളിലുംപഠിപ്പുമുടക്കിലുംബോംബ് സ്ഫോടനങ്ങളിലും,കൊലപാതകങ്ങളിലും സജീവമായിരുന്ന ഒരു കാലമായിരുന്നുഅത്. അവസാനം ഒരു പോലീസുകാരന്‍റെ കൊലപാതകത്തില്‍ അവര്‍ പ്രതികളാകുന്നു. കുളത്തിലെ പായലുകള്‍ക്കും ജലസസ്യങ്ങള്‍ക്കുമിടയില്‍ ഒളിച്ചിരിക്കുന്ന ഉദയന്‍ തന്‍റെ കുടുംബത്തെ നിത്യദു:ഖത്തിലേയ്ക്ക് തള്ളിവിടേണ്ടി വന്ന അവസ്ഥയോര്‍ത്ത് പരിതപിക്കുന്നുണ്ട്. നിയമപരിപാലകരുമായുള്ള ഒരു ഏറ്റുമുട്ടലില്‍ ഉദയന്‍ കൊല്ലപ്പെടുമ്പോള്‍ ഗൗരി ഗര്‍ഭിണിയായിരുന്നു. അമേരിക്കയില്‍ നിന്നു തിരിച്ചെത്തുന്ന സുഭാഷ് അവളെ വിവാഹം കഴിച്ച് കുട്ടിയുടെ  രക്ഷകര്‍ത്താവാകുന്നു. അവര്‍ പിന്നിടു അമേരിക്കയിലേയ്ക്ക് മടങ്ങുന്നു. ''ഞാന്‍ ചിന്തിക്കുന്നുഅതിനാല്‍ ഞാന്‍!'' ( I think; therefore I’m!) എന്നു പറഞ്ഞ റെനേ ഡെക്കര്‍ട്ടിന്‍റേയുംനീറ്റ്ച്ചേ (Nietzsche) യുടേയും,ഷോപ്പന്‍ഹോവറു (Schopenhauer) ടേയും  ചിന്താസരണികളിലൂടെ കടന്നു പോയി ഗൗരി മറ്റൊരു ലോകത്തിലേയ്ക്കെത്തുന്നു. സ്വന്തം ചിന്തകളാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപിലേയ്ക്ക്.

ഭാരതീയ കുടുംബബന്ധങ്ങളുടെ പരിപാവനതകളിലേയ്ക്ക് അരിച്ചു കയറുന്ന യുവധാര്‍ഷ്ട്യങ്ങളെക്കുറിച്ചും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങളിലേയ്ക്കും ജുംപാ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. കാലത്തിന്‍റെ പല സന്ധികളിലും നാം പരിപാലിക്കുന്ന വിശ്വാസപ്രമാണങ്ങള്‍ക്ക് നാം കൊടുക്കേണ്ടി വരുന്ന വിലയുടെ കഥയാണിത്. സ്നേഹത്തിന്‍റെ വില. ബന്ധങ്ങളുടെ വില. ഇതൊരു ജീവിത സങ്കീര്‍ണ്ണതയാണ്‌. ഒരുപാടു കാലത്തിനുശേഷം ഒരു പുനര്‍‌വിചിന്തനത്തിനു മുതിരുമ്പോള്‍,  നമുക്ക് കൊടുക്കാനാവാതെ, നാം നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നതിന്‍റെ വില. സ്വജീവിതബന്ധിയാകുന്ന കഥകള്‍ക്കൊപ്പം വായനക്കാരെ നടത്തിക്കൊണ്ടു പോകാന്‍  കഥാകൃത്തിന്‌ അധികം ക്ലേശിക്കേണ്ടതില്ല. 'താഴ്നിലങ്ങളി'ല്‍ ജുംപയുടെ തെക്കന്‍ കൊല്‍ക്കത്തയിലെ തറവാടിന്‍റെ അകത്തളങ്ങളില്‍ ഊറി നിന്ന,കലാപസംബന്ധിയായ സ്വകാര്യഭാഷണങ്ങളുടെ ചരിത്രമുണ്ട്. വിപ്ലവത്തിന്‍റെ പാതയില്‍ തളര്‍ന്നുവീണവരുടെ വേദനകളുണ്ട്. മാര്‍ഗ്ഗമദ്ധ്യേ ജീവന്‍ വെടിഞ്ഞവരെക്കുറിച്ചുള്ള,ജീവിച്ചിരിക്കുന്നവരുടെ ഏങ്ങലുകളുണ്ട്. അയല്‍‌ക്കാരുടെ കഥകളുണ്ട്. ചുരുക്കത്തില്‍ എഴുപതുകളില്‍ കേട്ടിരുന്നതും, ആശങ്കപ്പെട്ടിരുന്നതുമായ ഒട്ടേറെ സംഭവങ്ങളുണ്ട്. എഴുതിയ നാലുപുസ്തകങ്ങളിലും ഏറിയും കുറഞ്ഞും കുടിയേറ്റമനസ്സുകളുടെ വ്യാപാരങ്ങളാണ്‌. പുതിയ തലമുറയ്ക്ക് ഓര്‍ത്തിരിക്കാന്‍ പഴയതൊന്നുമില്ലാത്ത അവസ്ഥയും, പഴയവര്‍ക്കാണെങ്കില്‍ പുതിയവയെ   പഴയതിലേയ്ക്ക് കൂട്ടിച്ചേര്‍‌ക്കേണ്ട ദ്വിത്വപ്രതിസന്ധികളും.

   എഴുപതുകള്‍ അവസാനിക്കുന്നതിനു മുമ്പായി അനാഥമായിപ്പോയ ഒരു പ്രസ്ഥാനമായിരുന്നു നക്സലിസം. ദൃഷ്ടികേന്ദ്രങ്ങളിലുണ്ടായിരുന്ന അവ്യക്തതയാണ്‌ അതിനെ അനാഥമാക്കിക്കളഞ്ഞത്. ഒരു പക്ഷേ ദീര്‍ഘവിചിന്തനങ്ങള്‍ സമസന്ധികളിലെത്തിച്ചേക്കാമായിരുന്ന ഒരു പ്രസ്ഥാനമാണ്‌ അപക്വമായ നേതൃനിരയുടെ എടുത്തുചാട്ടങ്ങളില്‍ ചിന്താപാരമ്യമുള്ള ഒരു പറ്റം യുവത്വങ്ങളെ കടപുഴക്കിയെറിഞ്ഞത്. മറ്റേതൊരു ജനതയെക്കാള്‍ കൂടുതലായി ബംഗാളിക്കും മലയാളിക്കും നക്സലിസത്തെ മനസ്സിലാക്കാന്‍ കഴിയും. അവരില്‍ അത് അത്രയേറെ   വേര്‌ പടര്‍ത്തിയിട്ടുണ്ട്. ദേശാന്തരഗമനങ്ങളിലും അവര്‍ മറ്റാരെക്കാളും മുമ്പില്‍ ആണ്‌. അതു കൊണ്ടു തന്നെ ഈ പ്രതലങ്ങളില്‍ക്കൂടി അവന്‌ അനായാസം സഞ്ചരിക്കാനും അതിനെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാനും കഴിയും. ഒരു പുസ്തകത്തിനപ്പുറം കഥാപാത്രങ്ങളെ വളര്‍ത്തേണ്ട ആവശ്യമില്ലെന്ന് കരുതുന്ന എഴുത്തുകാരിഅവരുടെ വിശാലമായ വിഹാരരംഗങ്ങള്‍ മറികടന്നു പോരാന്‍ വിമുഖയാവുന്നു. ആ ഭൂമിക അത്രയേറെ വിശദീകൃതമാണ്‌ഈ നോവലില്‍‌.

2000 ത്തിലെ പുലിറ്റ്സര്‍ പുരസ്കാരജേതാവായ ജുംപാ ലാഹിരിയുടെ ഈ നോവല്‍,മാന്‍ ബുക്കര്‍ പ്രൈസിനായുള്ള അന്തിമപട്ടികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ലണ്ടനില്‍ ജനിച്ച്രണ്ടുവയസ്സുമുതല്‍ അമേരിക്കയിലെ റോഡ് ഐലന്‍‌ഡില്‍ വളര്‍ന്ന നീലാഞ്‌ജനാ സുദേഷ്ണയാണ്‌ പിന്നീട് ജുംപാ ലാഹിരിയെന്ന പ്രശസ്തയായ എഴുത്തുകാരിയാകുന്നത്. 'ടൈം ലാറ്റിന്‍ അമേരിക്ക'യുടെ സീനിയര്‍ എഡിറ്ററായ ആല്‍ബെര്‍ട്ടോ വി. ബുഷ് ആണ്‌ ഭര്‍ത്താവ്. മക്കള്‍ ഒക്ടേവിയോയും നൂറും. ഇപ്പോള്‍,എല്ലാവരും കൂടി ഇറ്റലിയിലെ റോമില്‍ താമസിക്കുന്നു.

(കലാകൗമുദി ആഴ്ചപ്പതിപ്പ് - ജനുവരി 19, 2014)


Saturday, January 4, 2014

വീരകഥകള്ക്കൊരു ചുവടി

പറവൂരില്‍ നിന്നു ഗോതുരുത്തിലേയ്ക്ക് പോകുന്ന ബസ്സുകളുടെ യാത്രാന്ത്യം കടല്‍ വാത്തുരുത്താണ്‌. ക്രിസ്മസ് വിളക്കുകളും നക്ഷത്രങ്ങളും ഞങ്ങളെ കൊണ്ടുപോയത് ഹോളി ക്രോസ് പള്ളിയങ്ക ണത്തിലേയ്ക്കാണ്‌. പുഴയ്ക്കപ്പുറം മൂത്തകുന്നം ക്ഷേത്രം. 'ചുവടി' ചവിട്ടുനാടകോത്സവത്തിന്‍റെ രണ്ടാം ദിനം. 

ബസ്സിറങ്ങുമ്പോള്‍ ഞങ്ങളാദ്യം അന്വേഷിച്ചത് തോമസേട്ടനെയാണ്‌. വെള്ളോട്ടുപുറം-തുരുത്തിപ്പുറം-ഗോതുരുത്ത്-കടല് വാത്തു രുത്തുകാരോടന്വേഷിച്ചാല്  ''മ്മടെ... ചവിട്ടുനാടകം തോമസേട്ടനാ?''എന്നൊരു മറുചോദ്യമാവും തിരികെ കിട്ടുക. ശരിക്കുമുള്ള പേര് തോമസ് മറ്റയ്ക്കല്. ഇപ്പോഴുള്ള പഴയ തലമുറയ്ക്കും, ചില നാടകഭ്രാന്തന്മാര്ക്കുമേ പേര് പരിചിതമുള്ളു. ബാക്കിയുള്ളവര്ക്കെല്ലാം തോമസേട്ടന്. നാടകം കളിക്കാത്ത 'ചവിട്ടുനാടകം തോമസേട്ടന്'. അറുപത്തഞ്ചു വര്ഷമായി ചവിട്ടുനാടകം കണ്ടുകൊണ്ടിരിക്കുന്ന എഴുപത്തൊന്നുകാരന്. കാല്നടയാത്രകളായിരുന്നു ഏറിയപങ്കും. കൊച്ചി നാടകസാമ്രാജ്യത്തില് എവിടെ നാടകമുണ്ടെങ്കിലും പോയിരിക്കും. ചുവടുകള് തെറ്റിയാല് അത് നടന്മാരോട് വേദി വിട്ടിറങ്ങുമ്പോള് പറയുകയും ചെയ്യും. സ്ഥായീഭാവങ്ങളില് വെള്ളം ചേര്ത്ത് ലഘൂകരിക്കുന്നവരോട് അത് തുറന്നു പറയാനും മടിക്കാറില്ല. പതിനൊന്നു നാടകങ്ങളെഴുതിയ ഈശി ജോസഫാശാനെക്കുറിച്ചും, ഇരുപത്തഞ്ചു വര്ഷം മുമ്പ് വേദിയില് അഭിനയിച്ചു മരിച്ചു വീണ സീഡീ പോളേട്ടനെക്കുറിച്ചും പറയുമ്പോള്, തോമസേട്ടന് ആരോഗ്യപ്രശ്നങ്ങള് മറന്നു. ഇന്നിപ്പോള്, ജോസഫാശാന്റെ പേരക്കുട്ടി അജില് എന്ന പതിനാറുകാരന്‍ ഈഡിപ്പസിന്റെ വേഷത്തില് രംഗത്തുവരുമ്പോള്, മറ്റാരെക്കാളും സന്തോഷിക്കുന്നത് തോമസേട്ടനാണ്. തലമുറകള് കൈമാറി ചവിട്ടുനാടകത്തിന്റെ കെടാവിളക്കുകള് ജ്വലിച്ചു നില്ക്കുന്നതിന്റെ സന്തോഷം മുഖത്തു കാണാമായിരുന്നു.

പതിനേഴാം നൂറാണ്ടില് തമിഴ്നാട്ടില് നിന്നു വന്ന ചിന്നത്തമ്പി അണ്ണാവിയാണ് ചവിട്ടുനാടകം കൊച്ചിയില് പ്രചരിപ്പിച്ചത്. അന്നന്നത്തെ അപ്പത്തിനുള്ള വക ഒരുക്കൂട്ടിയ ശേഷം, പകലിന്റെ വിയര്പ്പുകളാറ്റി സന്ധ്യകളില് ചിന്നത്തമ്പി അണ്ണാവിയും കൂട്ടരും കൊച്ചീക്കാര്ക്ക് നാടകം പഠിപ്പിച്ചുകൊടുത്തു. തമിഴുകലര്ന്ന പൗരാണികമലയാളത്തിലെ വരികള് പാടി അഭിനയിക്കാന് കഴിയുന്നവര് നടന്മാരായി. അതില്ത്തന്നെ ചിലര് താടിവടിച്ച് സ്ത്രൈണഭാവങ്ങളില് അരങ്ങുകളും മനസ്സുകളും  അടക്കി വാണു. കാല് നൂറ്റാണ്ടുമുമ്പ് പോളേട്ടന് അരങ്ങില് ജീവന് വെടിഞ്ഞതിനുശേഷം പോളിബസ് വേഷം കെട്ടാന് ആളില്ലാതെ 'ഈഡിപ്പസ്' മുടങ്ങിയിരുന്നു

ഇതൊരു കൂട്ടായ്മയാണ്. ഇല്ലായ്മകളുടെ ലോകത്തുനിന്നുള്ള ഒരു കൂട്ടം സാധാരണന്മാരുടെ കൂട്ടായ്മ. മീന് പിടിച്ചും, മരപ്പണി ചെയ്തും, കല്പണി ചെയ്തും, ചുമടെടുത്തും, കുഞ്ഞിക്കച്ചവടങ്ങള് ചെയ്തും ജീവസന്ധാരണം നടത്തുന്ന കുറെ ഉഭയജീവികളുടെ കൂട്ടായ്മ. ഉള്ളതു വീതിച്ചെടുത്തു ജീവിക്കുന്ന കൂട്ടായ്മകളുടെ വാര്ഷികസമാഗമവേദിയായിരുന്നു ഗോതുരുത്തിലെ 'ചുവടി ഫെസ്റ്റ്'എന്ന ചുവടുത്സവം.

''വന്ദ്യപിതാവേ.....
ഞാനൊരു കാര്യം ചോദിച്ചോട്ടെ....''

തോമസേട്ടന് ചുമയടക്കി പാടി. ഈഡിപ്പസ് വളര്ത്തച്ഛനായ പോളിബസ് രാജാവിനോടു സംസാരിക്കുന്ന രംഗംനിര്ബന്ധിച്ചാല് ഒരു പക്ഷേ എണീറ്റുനിന്ന് ഏതാനും ചുവടുകള് കാണിക്കാനും തോമസേട്ടന് തയ്യാറായിരുന്നു
ഇക്കുറി തുരുത്തിപ്പുറം ചൈതന്യ തീയറ്റേഴ്സ് ആണ് 'ഈഡിപ്പസ്അവതരിപ്പിച്ചത്കടല് വാത്തുരുത്ത് ഹോളിക്രോസ് പള്ളിയുടെ വെള്ളമണല്പ്പരപ്പില്.  സീഡീ പോളേട്ടന്റെ മരണശേഷം  ദുരന്തകഥകള് വലയിട്ടു മുറുക്കി ഒരു ദശാബ്ദത്തോളം 'ഈഡിപ്പസ്കളിക്കാതെ മുടങ്ങിക്കിടന്ന കാലംപെട്ടെന്നൊരു നാള് ഒരു പറ്റം ചെറുപ്പക്കാര് 'അറം പറ്റിയ നാടകംകളിക്കാന് തയ്യാറെടുക്കുകയാണ്.    അപ്പനമ്മമാര് പലരും മക്കളെ നാടകം കളിക്കുന്നതില് നിന്നു വിലക്കിനാടകം 'ഈഡിപ്പസ്'ആയതാണു പ്രശ്നം. 'പാരിമാരുടെ മരണ'മോ, 'ജ്ഞാനസുന്ദരി'യോ, 'വീരകുമാര'നോ, 'കാറല്സ്മാന് ചരിത'മോ മറ്റേതു നാടകമായാലും അവര് മക്കളെ അഭിനയിക്കാന് വിടുംഅതിനിടെ  അത്ഭുതമെന്നോണം ഒരു കൗമാരക്കാരനു നാടകമാടാന് അനുവാദം കിട്ടുന്നു.
രണ്ടു മക്കളുള്ള, മാളിയേക്കല്‍ ലോനന്‍ ഫ്രാന്‍സിസ് എന്ന അപ്പന് പറഞ്ഞു.
''നീ കളിച്ചോടാ... നീ പോയാലും എനിക്കൊരു മകന് കൂടിയുണ്ടല്ലോ!'' 
 അപ്പന്റെ മകന് അന്ന് അന്ധവിശ്വാസങ്ങളെ മറികടന്ന് 'ഈഡിപ്പസ്ആയിഅന്ന് ഈഡിപ്പസ് കെട്ടിയ ചെറുപ്പക്കാരനാണ് ഇന്നത്തെ സംവിധായകന് ആല്ബെര്ട്ട് മാളിയേക്കല്. സഹായത്തിനു സുഹൃത്തായ പോള് പടമാട്ടുമ്മലും ഒരു കൂട്ടം ചെറുപ്പക്കാരുമുണ്ട്
പോളിബസിന്റെ വേഷം കെട്ടിയ ലെനിനും ഈഡിപ്പസ് ആയ അജിലും തങ്ങളുടെ അനിതരമായ അഭിനയശേഷി കൊണ്ട് ചവിട്ടുനാടകരംഗത്ത് ഭാവിവാഗ്ദാനങ്ങളാണെന്നു തെളിയിച്ചു.

പിതാവിനെ കൊന്ന്അറിയാതെ അമ്മ ജൊക്കാസ്റ്റയെ പരിണയിച്ച്,    നാലു കുട്ടികളുടെ പിതാവാകുന്ന 'ഈഡിപ്പസ് റെക്സ്'  എന്ന യവനദുരന്തനായക നെക്കുറിച്ച് ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിലെ പുരാണങ്ങളില് കാണുന്നുണ്ട്. ഹോമറിന്റെയും,എസ്ക്കിലസിന്റെയും, യൂറിപ്പിഡിസിന്റെയും രചനകളില് പലതിലും ഈഡിപ്പസ് കടന്നു വരുന്നുണ്ടെങ്കിലും ഏറ്റവും പ്രസിദ്ധി നേടുന്നത് സോഫോക്ലിസിന്റെ രചനകളിലൂടെയാണ്. പോര്ച്ചുഗീസുകാരുടെ ഇന്ത്യയിലേക്കുള്ള വരവിനു ശേഷമാണ് യവന -റോമാ സാമ്രാജ്യങ്ങളില് നിന്നുള്ള ചരിത്രകഥകളുടെ രൂപത്തിലുള്ള പ്രകടനവേദികള് ഉണ്ടാകുന്നത്. സ്ത്രീജനങ്ങളുടെ ദൗര്
ലഭ്യവും, അസൗകര്യങ്ങളുമാവാം കഥകളിയും യക്ഷഗാനവും ഗോട്ടിപുവ (പുരുഷന്മാര് സ്ത്രീവേഷം കെട്ടിയാടുന്ന, ഒറിയ നൃത്തരൂപം) യുമൊക്കെ പോലെ ഇതും പുരുഷന്മാരുടെ മാത്രം പ്രകടന വേദിയായത്. പക്ഷേപില്ക്കാലത്ത് ചവിട്ടുനാടകങ്ങളില് സ്ത്രീകള് പലപ്പോഴായി പങ്കെടുത്തുകാണാറുണ്ട്.


സോദ്ദേശകങ്ങളും, ശുഭപര്യവസായികളുമായ കഥകളാണ് സാധാരണയായി ചവിട്ടുനാടകങ്ങളില് കാണാറുള്ളത്. മന:പൂര് വ്വമല്ലെങ്കില്ക്കൂടി 'ഈഡിപ്പസി'ന്റെ കഥാതന്തു അപചരിതമായ ചില മേഖലകളിലൂടെ കടന്നു പോകുന്നതിനാല് ദേവാലയവേദികളില് ഉപയോജ്യമാണോ എന്ന സംശയങ്ങളെ തീര്ത്തും അസ്ഥാനത്താക്കി മാറ്റുന്ന തരത്തില് ആവിഷ്കാരസ്വാതന്ത്ര്യത്തിനു പരിപൂര്ണ്ണ പിന്തുണയുമായിട്ടാണ്  കോട്ടപ്പുറം രൂപതാദ്ധ്യക്ഷന് ഡോ. ജോസെഫ് കാരിക്കശ്ശേരി, ഫാ. ജോസെഫ് കോണത്ത്, ഫാ. മൈക്കിള് നിലവരേത്ത് തുടങ്ങിയവര് സംഘത്തിനു പിന്നിലുണ്ടായിരുന്നത്. 'ചുവടി'യുടെ ചുവടുകള്ക്കിടയില് ജാതി-മത-വിശ്വാസ വ്യതിരേകങ്ങള്ക്ക് സ്ഥാനമില്ല എന്നു തെളിയിക്കുന്നതായിരുന്നു, .എന്.അനിരുദ്ധന് എന്ന സം വിധായകനുള്പ്പെടുന്ന അക്രൈസ്തവരുടെ സജീവ പ്രാതിനിധ്യം. യുവജനോത്സവ മത്സരവേദികളിലേയ്ക്ക് ചവിട്ടുനാടകം കടന്നു വന്നതോടെ മാഞ്ഞുപോകുന്ന കലയ്ക്ക് പുനരുത്ഥാനമുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
(സൺഡേ മംഗളം - ഫെബ്രുവരി 2, 2014) 

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്...

നഗരഘോഷകൻ