Wednesday, August 6, 2008

ക്രിസ്റ്റൊബല്‍ ജൂനിയര്‍ കാസ്ട്രോ ലോമിബാവൊ

ക്രിസ്റ്റൊബല്‍ ജൂനിയര്‍ കാസ്ട്രോ ലോമിബാവൊയെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നതു പോലും അവന്റെ ചിരിയുടെ സൗഗന്ധികപ്പൂക്കള്‍ കണ്ടിട്ടാണു്‌. എപ്പോഴും ചിരിക്കുന്ന ക്രിസ്സിനെ എല്ലാവര്‍ക്കും തന്നെ ഇഷ്ടമായിരുന്നു. ബാങ്കില്‍ എപ്പോള്‍ എത്തിയാലും അവന്‍ എന്നെക്കാണാതെ പോവാറുണ്ടായിരുന്നില്ല.
മുഖത്തു്‌ ഒരു ചിരിയുടെ വസന്തം മുഴുവന്‍ വിരിയിച്ചുകൊണ്ടു്‌ എല്ലാ മാസവും കൃത്യമായി ക്രിസ് ബാങ്കില്‍ വന്നുപോകാറുണ്ട്.
ഇന്നലെ അവന്‍ വീണ്ടും വന്നു.
"ഇക്കുറി ഏട്ടനു്‌ ചികിത്സക്കായി കുറച്ചു പണം അയയ്ക്കണം."
"എന്തേ പെട്ടെന്നു്‌?" - ഞാന്‍ ‍ചോദിച്ചു.
"അദ്ദേഹത്തിനു പ്രൊസ്റ്റേറ്റ് കാന്‍സര്‍. ഈയിടെ മൂത്രമൊഴിക്കന്‍ ബുദ്ധിമുട്ടു വന്നപ്പോഴാണു്‌ പരിശോധിച്ചതു്‌. ചികിത്സക്കായി രണ്ടു ലക്ഷം പെസോ വേണം."
ചിരിയുടെ സാംക്രമികതയിലേയ്ക്കു്‌ അരിച്ചു കയറുന്ന വിഷാദത്തിന്റെ കരിമേഘങ്ങള്‍!
"ഏട്ടനു വലിയ മക്കളുണ്ട്‌. പണിയെടുക്കുന്ന മക്കള്‍. ഞാന്‍ അവരെ മൂന്നു പേരെയും വിളിച്ചു സംസാരിച്ചു. അല്പം ദേഷ്യത്തില്‍ തന്നെ സംസാരിക്കേണ്ടി വന്നു."
"നിങ്ങള്‍ക്കു നിങ്ങളുടെ അച്ഛനെ സഹായിക്കാന്‍ പറ്റില്ലേ?"
"അവര്‍ ഫോണിലൂടെ അതെല്ലാം കേട്ടു നിന്നതേയുള്ളു എന്നെനിക്കറിയാം."
ഫിലിപ്പീന്‍സിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഇലോ ഇലോ. മലായോ പോളിനേഷ്യന്‍ ജനങ്ങള്‍‍ക്കിടയിലെ ഒരു ഇടത്തരം സ്പാനിഷ് കുടുംബം. ക്രിസ്റ്റോബലിന്റെ കുട്ടിക്കാലം കഷ്ടപ്പാടിന്റേതായിരുന്നു. 1945 ലെ കലാപഭൂമിയായിരുന്നു ഇലോ ഇലോ. ജപ്പാന്‍കാരെ ഓടിച്ചുകഴിഞ്ഞപ്പോ‍ള്‍ അതാ അമേരിക്കക്കാര്‍! വീണ്ടും 16 വര്‍ഷങ്ങള്‍. ഒരു അപകടത്തില്‍ അച്ഛന്‍ മരിക്കുമ്പോള്‍ ക്രിസ്സി‍നു് ഒരു വയസ്സു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു. കുട്ടിക്കാലത്തെ ഓര്‍മ്മകളിലൊന്നിലും അച്ഛനുണ്ടായിരുന്നില്ല.‌ അച്ഛന്റെ സ്ഥാനത്തെന്നും 16 വയസ്സിനു മൂത്ത സഹോദരനായിരുന്നു.
ആ സഹോദരനാണിപ്പോള്‍ ചികിത്സ വേണ്ടിവന്നിരിക്കുന്നത്‌. ‍
"എനിക്കറിയാം കുട്ടികളൊന്നും ഏട്ടനെ സഹായിക്കില്ലെന്നു്‌. അദ്ദേഹം അതിനായി ശ്രമിക്കുകയുമില്ല. എന്നോടു സഹായം ചോദിച്ചതിനു പിന്നില്‍ എന്നോടുള്ള സ്നേഹമല്ലേ? സ്വന്തം മക്കളിലേക്കു നീളാത്ത സ്നേഹത്തിന്റെ അദൃശ്യ ഹസ്തങ്ങള്‍ എന്നിലേക്കല്ലേ നീണ്ടു വരാനുള്ളു."
കൈവിട്ടു പോകുന്ന പിതൃപുത്രബന്ധങ്ങളുടെ മുറിഞ്ഞു പോകുന്ന കഥകള്‍!
ക്രിസ്സ് നെടുവീര്‍പ്പിട്ടു.
"എന്റെ ചെലവുകള്‍ ഞാന്‍ കുറയ്ക്കുകയാണു്‌. എനിക്കെന്റെ സഹോദരനെ സഹായിക്കണം. അച്ഛനില്ലാതിരുന്ന കുട്ടിക്കാലത്തു്‌ എന്നെ വളര്‍ത്തിയെടുത്ത്‌ ഈ നിലയിലെത്തിച്ചത്‌ ഈ ഏട്ടനാണു്‌. ആരൊക്കെ മറന്നാലും ഇനി എന്റെ ജീവിതലക്ഷ്യം എന്റെ സഹോദരന്റെ സുഖപ്രാപ്തിയാണു്‌."
ക്രിസ്സിന്റെ കണ്ണുകളിലെ തിളക്കത്തിനു മേല്‍ ഒരു നേര്‍ത്ത കണ്ണീര്‍പ്പടലം‌. തിരിഞ്ഞുനിന്നു്‌ അത് രണ്ടു വിരലുകളാല്‍ ഞങ്ങളില്‍ നിന്നു മായ്ച്ചു.
എന്നിട്ടു്‌ അയാള്‍ ചിരിച്ചു.
ഒരു പെയ്തു തോര്‍ന്ന മഴയുടെ ബാക്കി നിന്ന കുളിര്‍ പോലെ ക്രിസ്സിന്റെ പുഞ്ചിരി.
ഒരിക്കലും വറ്റാത്ത സൗഹൃദത്തിന്റെ കുഞ്ഞുറവകള്‍ ബാക്കിനിറുത്തി ക്രിസ്സ് ഞങ്ങള്‍ക്കു നേരേ കൈ വീശുന്നു.
"സീ യു നെക്‌സ്‌റ്റ് മന്ത്.... ബൈ ബൈ".
*******************

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്...

നഗരഘോഷകൻ