Sunday, October 21, 2018

വേദനകളുടെ ബാല്യം തേടിയൊരു യാത്ര“It is not down in any map; true places never are.” – Herman Melville 
ഡെബി എന്ന ഡെബോറ ഹെയ്‌ന്‍സ് (Deborah Haynes) അവളുടെ കുട്ടിക്കാലത്തെക്കുറിച്ച് എന്നോടു പറയുമ്പോള്‍ എനിക്കോര്‍മ്മ വന്നത് ആദിവാസികളെ  മുഖ്യധാരകളിലേയ്ക്ക് കൊണ്ടുവരുന്ന രീതികളില്‍ ആഗോളമെന്നോണം സര്‍ക്കാരുകള്‍ക്ക് പറ്റിയ പരാജയമായിരുന്നു. ലോകത്തിന്‍റെ പലഭാഗത്തും ഈ പരാജയങ്ങളുടെ കഥകള്‍ ചരിത്രത്തിലുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഈ ആദിമനിവാസികള്‍ (Indigenous Canadians) പൊതുവേ അറിയപ്പെടുന്നത് 'ഇന്‍ഡ്യന്‍സ്' എന്ന പേരിലാണ്‌. ഇന്‍ഡ്യയെന്ന പേരില്‍ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതും വെസ്റ്റ് ഇന്‍ഡീസ് എന്ന പേരിന്‍റെ ഉദ്ഭവവുമൊക്കെയായി നമുക്കിതു ബന്ധപ്പെടുത്താം. നമ്മള്‍ ഇന്ത്യാക്കാര്‍ ദക്ഷിണപൂര്‍‌വ്വ ഏഷ്യന്‍ സമൂഹത്തിലെ 'ഇന്‍ഡ്യന്‍സ്' ആണ്‌,  കനഡയിലും അമേരിക്കയിലും.

അറുന്നൂറ്റി അമ്പതോളം വരുന്ന ആദിവാസിക്കൂട്ടങ്ങളിലൊന്നില്‍ നിന്നാണ്‌ ഡെബി വരുന്നത്. മാനിറ്റോബ (Manitoba) പ്രവിശ്യയിലെ ഡോഫിനി (Dauphin) ലെ സ്കൂളില്‍ ഒമ്പതാം ക്ലാസ്സുവരെയേ ഉണ്ടായിരുന്നുള്ളു, അന്ന്. ഒമ്പതു കഴിഞ്ഞാല്‍ അവര്‍ക്കു മുമ്പില്‍ രണ്ടു വഴികളേയുണ്ടായിരുന്നുള്ളു. ഒന്നുകില്‍ സ്കൂളുവിട്ട് വീടുകളിലേയ്ക്ക് മടങ്ങിപ്പോകാം. അല്ലെങ്കില്‍ ഏതെങ്കിലും വെള്ളക്കുടുംബവുമായി  പരിചയപ്പെട്ട്, അവിടെ താമസിച്ച്, അകലെയുള്ള  ഹൈസ്കൂളില്‍ ചേര്‍ന്ന് പഠനം തുടരാം.

പള്ളികളും മഠങ്ങളുമൊക്കെയായിരുന്നു അമ്പതു വര്‍ഷം മുമ്പുവരെ കനഡയിലെ ഭൂരിഭാഗം വിദ്യാലയങ്ങളും നടത്തിക്കൊണ്ടിരുന്നത്. ഇന്നു കാണുന്ന സൗഹൃദരീതിയിലുള്ള ശിക്ഷണങ്ങളൊന്നുമായിരുന്നില്ല അന്ന്. സൗകര്യങ്ങളും കുറവ്‌. ഡെബിയെപ്പോലുള്ള ആദിവാസിക്കുട്ടികള്‍ ഒമ്പതാം ക്ലാസ്സു കഴിയുന്നതോടെ സാംസ്ക്കാരികമായി വെള്ളക്കാരോടൊപ്പം ചേര്‍ന്നു ജീവിക്കാന്‍ പ്രാപ്‌തരാകുന്നു  എന്നാണ്‌ പള്ളികളും മഠങ്ങളും വിശ്വസിച്ചിരുന്നത്. കാരണം, അപ്പോഴേയ്ക്കും അവര്‍ക്ക് ആദിവാസിഭാഷയില്‍ നിന്നു മാറി, ഇംഗ്ലീഷ് നന്നായി സംസാരിക്കാനും വെള്ളക്കാരുടെ പെരുമാറ്റരീതിയിലേയ്ക്ക് 'ഉയരാനും' കഴിഞ്ഞിരുന്നു. വെള്ളക്കാരുടെ കുടുംബങ്ങളില്‍ താമസിച്ച് ഉപരിപഠനം നടത്തിയ തൊണ്ണൂറുശതമാനം കുട്ടികളും അവരുടെ പൂര്‍‌വ്വാശ്രമങ്ങളിലേയ്ക്ക് മടങ്ങാന്‍ മടിക്കുന്നവിധം പ്രലോഭനങ്ങള്‍ പുറത്തുണ്ടായിരുന്നു. അവരില്‍ പലരും വെള്ളക്കാരുമായി ജീവിതം പങ്കിട്ട് മുമ്പോട്ടുപോയിരുന്നു. കുറെക്കാലത്തിനു ശേഷം തിരിച്ചുപോകുമ്പോള്‍ ബന്ധുക്കളെ കണ്ടെത്താനും കഷ്ടപ്പെട്ടിരുന്നു. ചിലരൊക്കെ മരിച്ചുപോയിരുന്നു. ചിലര്‍ കുടികളില്‍ നിന്നു മാറി മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് ചേക്കേറിയിരുന്നു. ആരെയും കണ്ടെത്താനാവാതെ അനാഥരാകുന്ന അവസ്ഥകളില്‍  മടങ്ങിവന്ന് പലരും വെള്ളക്കുടുംബങ്ങളുമായി ബന്ധപ്പെട്ട് ജീവിതം തുടര്‍ന്നു.

ഞാന്‍ എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

ഡെബി ശബ്ദം താഴ്ത്തി പറഞ്ഞു : ഇത് ഞങ്ങളെ വെള്ളക്കാരാക്കി മാറ്റാനുള്ള ഒരു സ്ഥാപിതതാല്പ്പര്യമായിരുന്നു.  എത്ര ശക്തമായി അതു നടപ്പാക്കിയോ അത്ര ശക്തമായായിരുന്നു അതിന്‍റെ തിരിച്ചടിയും.

നമ്മുടെ ഒരു പരമ്പരാഗത ആദിവാസിസങ്കല്പം മനസ്സില്‍ വച്ച് ഡെബിയെ കണ്ടാല്‍ ആദിവാസിയാണെന്നേ പറയില്ല. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസിഭൂരിപക്ഷത്തെപ്പോലെ വെളുത്തു ചുമന്നൊരു സുന്ദരി. ഒരു പക്ഷേ, ആ വെളുപ്പ് വെള്ളക്കാരന്‍റെ വെളുപ്പല്ലെന്ന് എനിക്കു തോന്നി. ഇന്ത്യക്കാരുടെ ഗോതമ്പുനിറം (wheatish) എന്നൊക്കെ പറയാവുന്ന ഒന്ന്. അതുകൊണ്ടൊക്കെയായിരിക്കാം അവളില്‍ അമേരിക്കന്‍ വെളുപ്പിനോടുള്ള ഒരു ദേഷ്യം ബാക്കിനിന്നിരുന്നു. നമ്മള്‍ ഇന്ത്യക്കാരുള്‍പ്പെടുന്ന ഏഷ്യക്കാര്‍ ഇവിടെ ബ്രൗണി (Brown) കളാണ്‌. വെള്ളക്കാരെപ്പോലെയുള്ള വെളുപ്പുണ്ടെങ്കിലും ബ്രൗണില്‍ നിന്ന് വൈറ്റിലേയ്ക്ക് നമുക്ക് 'ഉയരാ'നാവില്ല. എത്ര കറുത്തിരുന്നാലും നാം 'കറുത്തവരാ'കുന്നുമില്ല. ആഫ്രോ (Afro) പാരമ്പര്യമുള്ളവരാണിവിടെ കറുത്തവംശജര്‍ (Blacks).

ഡെബി തുടര്‍ന്നു : അവര്‍ക്കൊന്നുമറിയില്ലല്ലോ ഒരു ആദിവാസിക്ക് ഒരിക്കലും ഒരു വെള്ളക്കാരനോ വെള്ളക്കാരിയോ ആവാന്‍ കഴിയില്ലെന്ന്. പക്ഷേ, അതറിയണമെങ്കില്‍  അവര്‍ മറ്റുള്ളവരുടെ ജീവിതം പഠിക്കണമായിരുന്നു. ഗവേഷണം ചെയ്യണമായിരുന്നു. മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാകണമായിരുന്നു. മറ്റുള്ളവരിലും ശരികളുണ്ടോ എന്നന്വേഷിക്കണമായിരുന്നു. അവരുടെ തലക്കനങ്ങളും, മറ്റുള്ളവരേക്കാള്‍ ബുദ്ധിപരമായി മുന്നിലാണെന്നുള്ള തെറ്റാവര (Infallibility) ങ്ങളുമാണ്‌ അവരെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നത്.

കൂട്ടുകുടുംബങ്ങളായിരുന്നു അവരുടേത്. ആറേഴു കുടുംബങ്ങള്‍ താമസിക്കുന്ന വലിയ വീടുകള്‍. ആണുങ്ങളൊക്കെ വേട്ടയാടാനും മീന്‍‌പിടിക്കാനും കൃഷി ചെയ്യാനും തേനെടുക്കാനുമൊക്കെ പോകും. പെണ്ണുങ്ങളെല്ലാം അടുക്കളയിലും അടുക്കളത്തോട്ടങ്ങളിലുമൊക്കെ പണിയെടുത്ത് കുട്ടികളെ വളര്‍ത്തും. ജോലികള്‍ പങ്കിട്ട് സന്തോഷകരമായ സാമൂഹ്യജീവിതം നയിക്കുന്ന കൂട്ടരങ്ങുകളായിരുന്നു അവ. എല്ലാം പങ്കിടുന്ന അനുകരണീയജീവിതം. അവര്‍ക്കിടയിലെന്നും പ്രകൃതിയുമുണ്ടായിരുന്നു.

ഒമ്പതാം ക്ലാസ്സു കഴിഞ്ഞപ്പോള്‍ ഡെബിയും ഉപരിപഠനത്തിനായി ഒരു വെള്ളക്കുടുംബം കണ്ടുപിടിച്ച് താമസം തുടങ്ങി. ഒരു പ്രായമായ സ്ത്രീ ഒറ്റയ്ക്കായിരുന്നു ആ വീട്ടില്‍. അവര്‍ മുന്‍‌ശുണ്ഠിക്കാരിയും ക്രൂരയുമായിരുന്നു എന്നവളറിയുന്നത് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ്‌. ഡെബി ഒരുദാഹരണം പറഞ്ഞു. ഒരു ദിവസം ടെലിവിഷന്‍ കണ്ട് അവള്‍ സോഫയിലിരിക്കുമ്പോള്‍ ആ വൃദ്ധ ഓടിവന്നു ബഹളമുണ്ടാക്കി. അവര്‍ അവളോടു അവിടെ നിന്ന് എണീക്കാന്‍ ആവശ്യപ്പെട്ടു. അവളുടെ എണ്ണമുടി സോഫ വൃത്തികേടാക്കുമത്രെ. അവളെ എണീപ്പിച്ച ശേഷം ഒരു ടവലിട്ട് അതിനുമേല്‍ അവരിരുന്നു. അതേപോലെയുള്ള എത്രയോ അനുഭവങ്ങള്‍ പതിനഞ്ചു വയസ്സില്‍ത്തന്നെ അവളെ മുറിവേല്പ്പിച്ചിരുന്നു.

കഥകള്‍ പറഞ്ഞിരിക്കെ അവളുടെ പഴയ സ്കൂളെത്തി. ഡെബിയാണ്‌ വണ്ടിയോടിച്ചിരുന്നത്. മൂന്നു ദശാബ്ദം മുമ്പ് അവിടം വിടുമ്പോളുണ്ടായിരുന്ന ചുവന്ന ഇഷ്ടികകള്‍ അവള്‍ തിരിച്ചറിഞ്ഞു. ഇന്നലെ അവിടെ നിന്നും പോയ ഒരു കുട്ടിയായി, ആ ചുവരിന്മേല്‍ വിരലുകളോടിച്ച് അവള്‍ നിന്നു. അവളെന്തൊക്കെയോ ആ ചുവരുകളോടു പറയുന്നുണ്ടായിരുന്നു. ഇന്നിപ്പോള്‍ അതൊരു സര്‍ക്കാര്‍ വക മിഡില്‍‌സ്കൂള്‍ മാത്രമാണ്‌.  

ഡെബിയുടെ പഠനകാലത്ത് അവിടം നിറയെ വെള്ളക്കാരുടെ കുട്ടികളായിരുന്നു. ഇടയ്‌ക്കൊക്കെ അവളെപ്പോലെ അപൂര്‍‌വ്വം ന്യൂനപക്ഷങ്ങളും. അദ്ധ്യാപകരില്‍ കൂടുതലും ഇംഗ്ലണ്ടില്‍ നിന്നും മറ്റും വന്ന കന്യാസ്ത്രീകള്‍. അവര്‍ അവളെ തെരഞ്ഞുപിടിച്ചെണീപ്പിച്ച് ചോദ്യശരങ്ങള്‍ അയച്ചിരുന്ന പീഡനകാലം.

''നിനക്കെങ്ങനെ നീലക്കണ്ണുകള്‍ കിട്ടി? നിങ്ങളുടെയൊക്കെ കണ്ണുകള്‍ പൊതുവേ തവിട്ടുനിറത്തിലുള്ളതല്ലേ?''

''കമോണ്‍ ഡെബോറ, നിനക്കെങ്ങനെ ഹെയ്‌ന്‍‌സ് (Haynes) എന്ന കുടുംബപ്പേരു കിട്ടി? നിന്‍റെ അപ്പന്‍ ഇംഗ്ലണ്ടില്‍ നിന്നാണോ?''

ഇതൊക്കെ കേട്ട് കുട്ടികള്‍ അവളെ പരിഹസിച്ച് ആര്‍ത്തുചിരിക്കും.

ആ പരിഹാസച്ചിരികള്‍ പിന്നിലേയ്ക്ക് വലിച്ചുകൊണ്ടുപോയത് കേരളത്തിലെ എന്‍റെ ബാല്യകാലവിദ്യാലയത്തിലേയ്ക്കാണ്‌.

''ഓ ..നീ ഹിന്ദുവാണല്ലേ, നിന്‍റെ വെല്യപ്പന്‍ മാത്തമ്പെലേനൊക്കെ ക്രിസ്ത്യാനികളാണല്ലോ. മതം മാറിയാ കാശ്‌ കൂടുതല്‍ കിട്ടൂല്ലേ!'' എന്ന് എന്‍റെ കൂട്ടുകാരനോട് ചോദിച്ച അദ്ധ്യാപകന്‍റേയും അത് കേട്ട് ആര്‍ത്തുചിരിച്ച ഞങ്ങളുടേയുമൊക്കെ ബാല്യം ഒരു ലോകരീതിയായിരുന്നു എന്നോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെട്ടു. വിവേചനങ്ങള്‍ പൂത്തുനിന്ന കാലം.   ആ കാലത്തിനു സ്ഥലഭേദങ്ങളോ ഭൂഖണ്ഡവ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.

നിരായുധമായിരുന്നു കുട്ടിക്കാലമെന്ന് എനിക്കിപ്പോഴാണു തോന്നുന്നത്. ഡെബി തുടര്‍ന്നു. തോല്‍ക്കാന്‍ വേണ്ടി മാത്രമുള്ള യുദ്ധക്കളങ്ങളായിരുന്നു അവ. ശരിയായ പ്രത്യാക്രമണരീതികള്‍ക്കൊന്നും പ്രസക്തിയില്ലാത്ത കാലം. അനുസരിക്കാന്‍ മാത്രമറിയാവുന്ന, ഇരകള്‍ മാത്രമാണെന്നു കരുതി നിന്നുകൊടുക്കേണ്ട നിസ്സഹായതകളുടെ കാലം. പിന്നില്‍ സഹായത്തിനായി ആരുമുണ്ടായിരുന്നില്ല. തോല്‍ക്കാനുള്ള വേദികളായിരുന്നു എല്ലാം. കൂടെയുള്ള കുട്ടികള്‍ എപ്പോഴും പരിഹസിക്കുമായിരുന്നു. കല്ലെറിയുകയും മുഖത്തു തുപ്പുകയും ചെയ്തിരുന്നു. 

ഡെബിയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ നോക്കി നിന്നു. ഞാനവളെ ആശ്ലേഷിച്ചു. അവള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഡെബി ഇന്നൊരനാഥയാണ്‌. അവള്‍ കുറെ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. അവരെയെല്ലാം നല്ല രീതിയില്‍ നയിക്കുന്നുണ്ട്.  നല്ല ജോലിയുണ്ട്. അതില്‍നിന്ന് നല്ല വരുമാനമുണ്ട്. ഒത്തിരി നല്ല കൂട്ടുകാരുമുണ്ട്.

ഞാനും വിചാരിച്ചു : അവള്‍ കരയട്ടെ. കരഞ്ഞു തെളിയട്ടെ!

പുനരധിവാസത്തിന്‍റെ പേരില്‍ ലോകം മുഴുവന്‍ ആദിവാസികളോടു തെറ്റാണു ചെയ്തത്. അവരുടെ ഭൂമികള്‍ പിടിച്ചെടുത്തു.  അവര്‍ക്ക് കഞ്ചാവും കള്ളും പണവും കൊടുത്ത് തെറ്റായ വഴികളിലൂടെ നടത്തി. നിയമങ്ങളുടെ ചാട്ടവാറുകളടിച്ച് അവരെ അധികാരികള്‍ തളര്‍ത്തിക്കളഞ്ഞു. അധികാരികള്‍ മാത്രമാണു ശരിയെന്ന്  അവര്‍ സ്ഥാപിച്ചുകൊണ്ടേയിരുന്നു. എല്ലാ രാജ്യങ്ങളിലും അധികാരികള്‍ ഇതേ തിരക്കഥയാണ്‌ അരങ്ങേറിയിരുന്നത്. ഭരിക്കാന്‍ വിധിക്കപ്പെട്ടവരും അനുസരിക്കാന്‍ ബാദ്ധ്യതയുള്ളവരുമായുള്ള  ആദ്യത്തെ തരം തിരിക്കല്‍. ആ ഭൂരിപക്ഷമാണ്‌ ഇന്നും ലോകത്തിന്‍റെ 'ഭരണവും ക്രമസമാധാനപാലനവും' ഏറ്റെടുത്തിരിക്കുന്നത്. 

നിയമങ്ങള്‍  നിശിതമായിരുന്നെങ്കിലും റെസിഡെന്‍ഷ്യല്‍ സ്കൂള്‍ ജീവിതകാലത്ത് ഡെബിക്ക് എല്ലാ പരീക്ഷകളിലും എ-ഗ്രേഡുകളുണ്ടായിരുന്നു. അടിച്ചേല്പ്പിക്കപ്പെടുന്ന നിയമസംഹിതകള്‍ക്കിടയിലും കൂട്ടുജീവിതങ്ങളുമായി വേദനകളും ഓര്‍മ്മകളും പങ്കിടാന്‍ പറ്റിയ കാലത്തിന്‍റെ വിളവെടുപ്പുകള്‍ അഭിമാനാര്‍‌ഹങ്ങളായിരുന്നു. പക്ഷേ, ഹൈസ്കൂളിലെ ഭീഷണികളും മുട്ടാളത്ത (Bullying) ങ്ങളും അവളെ നിശ്ശബ്ദയാക്കിക്കളഞ്ഞു. ഒറ്റപ്പെടലിന്‍റെ തീച്ചൂളകളില്‍ എരിഞ്ഞുതീരുന്ന ആ അവസ്ഥ അവളുടെ ഗ്രേഡുകള്‍ കുറച്ചുകളഞ്ഞു.

കനഡയുടെ ചരിത്രത്തില്‍ നിന്ന് ഒരു പറ്റം നിരാലംബരായ മനുഷ്യരെ തൂത്തെറിയുന്നതിനു കാരണമായത് ഇത്തരം പാര്‍പ്പിടവിദ്യാലയ (Residential School) ങ്ങളും അക്കാലത്തെ സര്‍ക്കാരുകളുമാണ്‌. ആദിവാസികളെ ഊരുകളില്‍ നിന്നു പറിച്ചെറിഞ്ഞ് 'വെള്ളപൂശി നന്നാക്കിയെടുക്കാനു'ള്ള ഹീനമായ ശ്രമമായിരുന്നു അത്. ഈ അടുത്തകാലത്തും ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് വീണ്ടും മാപ്പുപറയേണ്ടിവന്നു. അത്രയ്ക്ക് കഠിനമായിരുന്നു ആ ജീവിതം ഇരകള്‍ക്ക് സമ്മാനിച്ചിരുന്നത്. ഇപ്പോള്‍ പേരിനു പറയാനായി അവര്‍ക്ക് സം‌വരണമുണ്ട്. ഇടയ്ക്ക് ഇന്ത്യയിലൊക്കെ നടക്കുന്നതുപോലെ ആദിവാസി ഉത്സവങ്ങള്‍ നടത്തപ്പെടുന്നുണ്ട്. ഫലത്തില്‍, കുറ്റിയറ്റുപോയ ജന്മങ്ങളായിരുന്നു അവരുടേത്. ഡെബിയുള്‍പ്പെടുന്ന സമൂഹം ഫസ്റ്റ് നേഷന്‍സ് (First Nations) എന്ന പേരിലാണ്‌ ഇന്നറിയപ്പെടുന്നത്.

മടക്കയാത്രയ്ക്കിടയില്‍ അവിടവിടെ ടിം ഹോര്‍ട്ടന്‍സ് (Tim Hortons) എന്ന ഭക്ഷണശാലാശൃംഖല. നീണ്ടയാത്രകള്‍ മുറിച്ച് വിശ്രമിച്ചുപോകാനൊരു സ്ഥലം താരതമ്യേന വിലകുറഞ്ഞ ചായയും കടികളും കിട്ടുന്ന സ്ഥലങ്ങളാണവ. ഒരു ചായയോ കാപ്പിയോ സാന്‍‌ഡ്‌വിച്ചോ വിവിധയിനം ഗ്രില്‍ഡ് റാപ്പു (Grilled Wrap) കളോ ഒക്കെ കിട്ടുന്ന സ്ഥലം. അതിലെന്തെങ്കിലുമൊക്കെ വാങ്ങിയാല്‍ എത്രസമയം വേണമെങ്കിലും നമുക്കവിടെ ഇരിക്കാം. ആരും ഇറങ്ങിപ്പോകാന്‍ പറയില്ല. യാത്രകളില്‍ പലപ്പോഴും ഭക്ഷണത്തിനും വിശ്രമത്തിനുമായി ഞങ്ങള്‍ അവിടെയാണു കയറിയത്.

ഓര്‍മ്മകള്‍ ഉത്സവങ്ങളാണെന്ന് നമ്മള്‍ പറയുമ്പോഴും ഓര്‍മ്മകള്‍ നരകയാതനകളാകുന്ന ഒരു സമൂഹമാണ്‌ അമേരിക്കന്‍ ആദിവാസികളുടേത്. ഊരുകളില്‍ നിന്ന് പിടിച്ചുപറിച്ചു കൊണ്ടുപോയ കുട്ടികളില്‍ നല്ലൊരു ശതമാനവും തിരിച്ചുവന്നില്ല. രോഗങ്ങള്‍ മൂലം പലരും മരിച്ചു. പരും ദുരൂഹമായ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരായി. വളരെക്കാലത്തിനുശേഷമാണ്‌ ആ മുറിവുകളിലേയ്ക്ക് സര്‍ക്കാര്‍ പോലും തിരിഞ്ഞുനോക്കുന്നത്. കാലം തെറ്റിയ തിരുത്തലുകളായിരുന്നു അവ.

ഡെബിയെ വിട്ട് തിരിച്ച്  വണ്ടിയോടിക്കുമ്പോള്‍  ഞാനോര്‍ത്തു.

യാത്രകള്‍ നാം കാണുന്നതിനുമപ്പുറം എത്രയോ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ്‌. അതൊന്നും ഭൂപടങ്ങളില്‍ നമുക്ക് തേടിപ്പിടിക്കാനാവില്ലല്ലോ!

- സുരേഷ് നെല്ലിക്കോട്

(തത്സമയം  - ഞായര്‍, ഒക്ടോബര്‍  21, 2018)

https://thalsamayamonline.com/full-page-pdf/epaper/kochi/2018-10-21/edition_2018-10-21/159


Monday, June 4, 2018

കറിവേപ്പില

നേര്‍ത്ത മഴയുണ്ട് 
തണുപ്പു കുറഞ്ഞിട്ടുണ്ട് 


കറിവേപ്പിലച്ചെടിച്ചട്ടി 
പുറത്തേയ്ക്കു വയ്‌ക്കണോ? 

ഏയ്.. വേണ്ട വേണ്ട 
കഴിഞ്ഞ വിന്‍ററിലതിന്‍റെ 
തള്ള ചത്തതോര്‍മ്മയില്ലേ? 
ഞാന്‍ ലീവില്‍,
നാട്ടിലായിരുന്നപ്പോള്‍ 
മൈനസ് തണുപ്പുള്ള രാത്രിയില്‍ 
ആരോ വാതില്‍ തുറന്നിട്ടതാണ്‌.

ഞാനല്ല ഞാനല്ല ഞാനുമല്ല.

അതങ്ങനെയാണ്‌. 
ഞങ്ങളുടെ 
പരമാധികാരറിപ്പബ്‌ളിക്കില്‍
ആരും കുറ്റം ചെയ്യില്ല. 
ഇതുവരെ, ആരും 
കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞിട്ടുമില്ല. 
പിടിക്കപ്പെട്ടാല്‍ പോലും
ഇലയുതിര്‍ക്കുന്നതു പോലെ
കൂളായി ഊരിപ്പോരും.

ഓര്‍മ്മയുണ്ടോ, 
ശ്രീലങ്കയില്‍ വച്ച് കഴിച്ച
ആ കറിവേപ്പിലക്കറി? 

ഉവ്വുവ്വ്, കറാ പിഞ്ച
ഓ.. എന്തൊരു ടെയ്‌സ്‌റ്റായിരുന്നു!

അല്ലെങ്കില്‍, പുറത്തു വച്ചോ,
ഒന്നു നനഞ്ഞോട്ടെ. 
രാത്രി എടുത്തകത്തു വച്ചാല്‍ മതി 
രാത്രി നല്ല തണുപ്പാകും.

വേറൊരു വിമതശബ്ദമിപ്പോള്‍ 
വാതിലില്‍ മുട്ടാതെ കയറിവരികയാണ്‌.
ഓ.. എന്തായാലും
ആത്യന്തികമായി 
പുറത്തെറിയേണ്ടതല്ലേ? 
കറിക്കു വേണ്ടത്
ഇലയ്ക്കു വേണ്ടെന്നല്ലേ?

Friday, April 6, 2018

ഈ ഭൂമി ഒരു പാര്‍ത്തലം മാത്രമാകുന്നു

A true conservationist is a man who knows that the world is not given by his fathers but borrowed from his children.
 - John James Audubon


ഈ  ഭൂമി ഞാന്‍ ജീവിക്കുന്ന ഒരു ഇടമാണെന്നും അതില്‍ത്തന്നെ ഞാന്‍ മറ്റു പലര്‍ക്കുമൊപ്പം ഒരു സഹജീവി മാത്രമാണെന്നും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു രാജ്യത്താണ്‌ ഞാനിപ്പോള്‍ താമസിക്കുന്നത്. ഇവിടെ എനിക്കു മുമ്പും ആരൊക്കെയോ ജീവിച്ചിരുന്നുവെന്നും എനിക്കു ശേഷവും പലര്‍ക്കും ജീവിക്കാനുണ്ടെന്നും കൂടി അത് പറഞ്ഞുവയ്ക്കുന്നുണ്ട്. എന്‍റെ പേരിലുള്ള ഇവിടുത്തെ ഭൂമി കൈമാറ്റം ചെയ്യാമെങ്കില്‍ക്കൂടി എനിക്കിഷ്ടപ്പെട്ട രീതിയില്‍ മാറ്റിമറിക്കാനോ അതില്‍ തോന്നുന്നതൊക്കെ കെട്ടിപ്പൊക്കാനോ വ്യവസ്ഥകളില്ല. ഒരു കൊമ്പു മുറിക്കാനോ ഒരു മരം വെട്ടി വില്‍ക്കാനോ എനിക്കധികാരമില്ല. വീടുകളുടെ മുമ്പിലെ പച്ചപ്പുല്ലുകള്‍ വളര്‍ന്നുവരുന്നതനുസരിച്ച് വെട്ടി നിറുത്താനല്ലാതെയുള്ള ഒരു നശീകരണവും എനിക്കനുവദനീയമല്ല. ഞാനിപ്പോള്‍ താമസിക്കുന്നത് ഉത്തര അമേരിക്കയിലെ കാനഡയിലാണ്‌.

ആല്‍ഡോ ലിയോപോള്‍ഡ് എന്ന പകൃതിശാസ്ത്രജ്ഞന്‍ പറയുന്നത്പകൃതിസം‌രക്ഷണത്തില്‍ നാം നമുക്കൊപ്പം തന്നെ ഭൂമിയേയും ഒരു സുഹൃത്തായി കൂടെക്കൂട്ടണമെന്നാണ്‌. ഭൗമസൗഹൃദം 
സുദൃഢവും സുസ്ഥിരവുമായ സ്നേഹബന്ധം പോലെയാവണം. ഒരു സുഹൃത്തിന്‍റെ ഒരു കൈത്തലം സ്നേഹപൂര്‍‌വ്വം കൈയിലെടുത്ത്  മറ്റേ കൈ മുറിച്ചെടുക്കാന്‍ പറ്റാത്തതുപോലെ തന്നെയാവണം ഭൂമിയോടുള്ള ബന്ധവും. ഇവിടുത്തെ നിയമങ്ങളും അതു നടപ്പാക്കുന്ന രീതികളും അത്ര തന്നെ നിശിതവുമാണ്‌. തണ്ണീര്‍ത്തടങ്ങളും കാടുകളുമുള്‍പ്പെടുന്ന പ്രകൃതിയെ സം‌രക്ഷിക്കുക  എന്നത് ഇവിടെ ഓരോ മനുഷ്യന്‍റെയും ദിനചര്യയുടെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. വാഹനയാത്രാനിയമങ്ങളും പ്രകൃതിസം‌രക്ഷണത്തിന്‍റെ ഭാഗമാകുന്നു. അതിന്‍റെ ഫലമായി സസ്യജാലങ്ങളും മൃഗങ്ങളും മനുഷ്യനോടടുത്തു നില്‍ക്കുന്നു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനു പൊതുജനങ്ങള്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്നതിനാല്‍ ജലാശയങ്ങള്‍ അതിന്‍റെ ഏറ്റവും ശുദ്ധമായ അര്‍ത്ഥത്തില്‍ സം‌രക്ഷിക്കപ്പെടുന്നുണ്ട്. പൊതുവിതരണരീതിയിലൂടെ ലഭിക്കുന്ന വെള്ളം യാതൊരു ശുദ്ധീകരണവും ഇല്ലാതെ തന്നെ ജനങ്ങള്‍ക്കു നേരിട്ടു കുടിക്കാന്‍ കഴിയുന്നുണ്ട്. നഗരമദ്ധ്യത്തില്‍ പോലും വനങ്ങളുണ്ട്. അതിലൊക്കെ ജൈവവൈവിധ്യങ്ങള്‍ സം‌രക്ഷിക്കപ്പെടുന്നുണ്ട്. കടപുഴകിയോ ഒടിഞ്ഞുവീഴുന്നതോ ആയ മരങ്ങള്‍ അവിടെ നിന്ന് ആരും കടത്തുന്നില്ല. പുഴകളില്‍ നിന്ന് ആരും മണല്‍ കടത്തിക്കൊണ്ടു പോകുന്നില്ല. പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥയുടെ സ്വകാര്യതയിലേയ്ക്ക് മനുഷ്യന്‍ ഒരിക്കലും ഇവിടെ അധിനിവേശിക്കുന്നില്ല.

പക്ഷിമൃഗാദികള്‍ മനുഷ്യനോട് ഏറ്റവും അടുത്ത് ഇടപഴകുന്നത് എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ ഒരു കാഴ്ചയായിരുന്നുആദ്യമൊക്കെ. മനുഷ്യരെല്ലാം വേട്ടക്കാരല്ലെന്ന് അവരും കരുതുന്നതുകൊണ്ടാണല്ലോ അങ്ങനെ സംഭവിക്കുന്നത്. തീറ്റ കൊടുത്താല്‍ അടുത്തു വരുന്ന കാട്ടുമുയലുകളും അണ്ണാറക്കണ്ണന്മാരും പക്ഷികളും നമ്മെ വിലകൂടിയ പാഠങ്ങളാണ്‌ പഠിപ്പിച്ചുതരുന്നത്. ജീവികളില്‍  ഇതൊന്നും പെട്ടെന്നുണ്ടാകുന്ന സ്വഭാവമാറ്റമല്ലല്ലോ!

സൂര്യപ്രകാശം ഭൂമിയെ ചൂടുപിടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കാറ്റ് ഇവിടെ വന്‍‌തോതില്‍ കാറ്റാടികളെ കറക്കി വിദ്യുച്ഛക്തി ഉല്പാദിപ്പിക്കുന്നുണ്ട്. പരമ്പരാഗത ഊര്‍ജ്ജോത്പാദനം വലിയ തോതില്‍ മലിനീകരണം ഉണ്ടാക്കുന്നതും ആത്യന്തികമായി ആഗോളതാപനത്തിലെത്തിക്കുന്നതുമായ ഒരു രീതിയാണ്‌. ഉദാഹരണമായിഒരു ഊര്‍ജ്ജോത്പാദനകേന്ദ്രത്തിലെ ഓരോ മൂന്നു ടണ്‍ കല്‍ക്കരിയിലേയും മൂന്നില്‍ രണ്ടു ഭാഗം പാഴാക്കുന്നതും ബാക്കിയുള്ള ഒരു ടണ്‍ കല്‍ക്കരിയില്‍ നിന്നുള്ള ഊര്‍ജ്ജം   വിദ്യുത്ച്ഛക്തിയാക്കി വിതരണം ചെയ്യുന്നതിനാണ്‌. സൂര്യപ്രകാശവും കാറ്റും ഇവിടെ വലിയ തോതില്‍  ദൈനംദിനജീവിതത്തിലെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. 

എല്ലാ ഊര്‍ജ്ജസം‌രക്ഷണസം‌രംഭങ്ങള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. അതിനായി നാം  ആരെയും കൈക്കൂലി കൊടുത്ത് പ്രീതിപ്പെടുത്തേണ്ടതായി വരുന്നില്ല എന്നുള്ളത് ഇന്ത്യക്കാരനെന്ന നിലയില്‍ എന്നെ എത്രമാത്രം ആശ്വസിപ്പിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ!

പരിസ്ഥിതിസം‌രക്ഷണം കാനഡയെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്‍റേയും ജനങ്ങളുടേയും കൂട്ടായ ഉത്തരവാദിത്തമാണ്‌. ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു കക്ഷിയെ മാത്രമായി മാറ്റിനിറുത്താനാവില്ല. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീരദേശമുള്ള രാജ്യങ്ങളിലൊന്നാണ്‌ കാനഡ. തൊണ്ണൂറു ശതമാനത്തിലധികം വനങ്ങളും സര്‍ക്കാരിന്‍റെ അധീനതയിലാണ്‌. ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതില്‍ കൂട്ടായ പങ്കാളിത്തം ഉറപ്പുവരുത്തിയ രാജ്യങ്ങളിലൊന്നാണു കാനഡ. നിരന്തരമായ തുടര്‍ന്നടപടികളിലൂടെ അതിന്‍റെ പാലനം സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. 37 ദശലക്ഷം വരുന്ന ജനങ്ങളാണ്‌ കാനഡയിലുള്ളത്. വിശാലമായ ഭൂപ്രകൃതിയില്‍  ഇതൊരു വെല്ലുവിളിയേയല്ല എന്നുള്ളതും നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ ജനങ്ങള്‍ കഴിക്കുന്ന ഭക്ഷണവുംശ്വസിക്കുന്ന വായുവും,കുടിക്കുന്ന വെള്ളവും ഇവിടെ ശുദ്ധമായി സം‌രക്ഷിക്കപ്പെടുന്നുണ്ട്.

പ്രാഥമികവിദ്യാഭ്യാസരംഗം മുതല്‍ ഇതിനായുള്ള പരിശീലനങ്ങള്‍ കാനഡയിലുണ്ട്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം വരുന്ന പരിസ്ഥിതി സംഘടനകളും സര്‍ക്കാര്‍ നീക്കങ്ങളെ സഹായിക്കാനായി ഇവിടെയുണ്ട്. തങ്ങളുടെ പ്രവൃത്തിപഥത്തിലേയ്ക്ക് മാധ്യമങ്ങളുടെ വെള്ളിവെളിച്ചം കടന്നുവരുന്നുണ്ടോ എന്ന് ആരും ഉത്ക്കണ്ഠാകുലരാകാറില്ല. 

പ്രകൃതിസം‌രക്ഷണം ഒരു ജീവിതചര്യയായാലേ നമുക്ക് ഇക്കാര്യത്തില്‍ സുവ്യക്തമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുകയുള്ളു. അതിനായി പരിസ്ഥിതി സം‌രക്ഷണം അതിനു വേണ്ട എല്ലാ മുന്‍‌ഗണനകളുമുള്‍ക്കൊണ്ട് ജനമനസ്സുകളില്‍ ആഴത്തില്‍ വേരു പാകേണ്ടിയിരിക്കുന്നു. കനത്ത ഇച്ഛാശക്തികൊണ്ട് അതിനു പിന്‍ബലം കൊടുക്കേണ്ടിയിരിക്കുന്നു. ക്രിയാത്മകമായ രീതിയില്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. നമുക്കു മുമ്പും ഭൂമിയുണ്ടായിരുന്നു. ആരൊക്കെയോ നമുക്കായി അതു ബാക്കിവച്ചിരുന്നു. അതുകൊണ്ടു തന്നെ  അടുത്തുവരുന്ന തലമുറയ്ക്ക് ജീവിക്കാനുതകുന്ന രീതിയില്‍ നാം അത് കൈമാറേണ്ടിയിരിക്കുന്നു! 

Wednesday, January 24, 2018

അച്ഛനും മകനുംആകാശത്തിലൊര-
മേരിക്കന്‍ ഭൂഖണ്ഡം
വരച്ചൊരൊറ്റമേഘം.

പൂജ്യത്തില്‍ നിന്നുമി-
രുപതിറങ്ങിയ തണുപ്പില്‍,
താപവസ്ത്രങ്ങളാല്‍
മൂടിപ്പുതച്ചൊരച്ഛന്‍,
നായനടത്തത്തില്‍.

അതിനും താഴെ,
നഗ്നനായി,
ഇടക്കിടെ,
മുകളിലേയ്ക്കച്ഛനെ
നോക്കിച്ചിരിച്ചു
കൊണ്ടൊരു നായും.

Tuesday, December 26, 2017

വെളിച്ചം ബാക്കിനില്‍ക്കുന്ന വഴികള്‍

നാമറിയാതെ ഇഷ്ടികകള്‍ ഓരോന്നായി ഇളകിവീഴുന്നുണ്ട്. ചിലതു നമുക്ക് കാണാം. ചിലതു കാണാമറയത്താണ്‌. ശബ്ദം മാത്രമേ നാം കേള്‍ക്കുന്നുള്ളു. മറ്റു ചിലത്, വീണെന്നു പറഞ്ഞും കേട്ടും അറിയുന്നതേയുള്ളു. സന്തോഷം തോന്നാറുണ്ട്. എന്നെയും നിന്നെയും തടഞ്ഞുനിറുത്തിയ കോട്ടകളുണ്ടാക്കിയ ഓരോ കല്ലുമാണത്. അത് വീഴട്ടെ.
അനുഷ്ഠാനങ്ങള്‍ തകരുന്നതിലെ സന്തോഷമല്ല. അനുഷ്ഠാനങ്ങള്‍ എനിക്കിഷ്ടമാണ്‌. അതെന്നെ ഒത്തിരി സാന്ത്വനിപ്പിക്കാറുണ്ട്. അത് തികച്ചും വ്യക്തിഗതമല്ലേ? നമ്മുടെയൊക്കെ മനസ്സുപോലെയും നാം കാത്തുവയ്ക്കുന്ന, ആരെയും ഇതുവരെയും ഉപദ്രവിക്കാത്ത രഹസ്യങ്ങള്‍ പോലെയും ശുദ്ധമാണത്. ഒരു തരം അപങ്കിലത. ഇമാക്യുലെറ്റ് കണ്‍സെപ്‌ഷന്‍ എന്നൊക്കെ പറയുന്ന അതേ ദിവ്യഗര്‍ഭം. പക്ഷെ ആ ഗര്‍ഭത്തിനു ഒരു ഉത്തരവാദിയെ കിട്ടുന്നതുവരെ നമ്മുടെ ഈ സമൂഹം ഉറങ്ങാതിരിക്കും. നമ്മുടെ യാത്രകളെ തടസ്സപ്പെടുത്തിയിരുന്ന കല്ലുകളാണത്. 

സാന്‍ഡ്രിങ്ഹം പള്ളിയിലെ, രാജകുടുംബത്തിന്‍റെ ക്രിസ്‌മസ് കുര്‍ബാനയിലും സ്വീകരണത്തിലും  ആ മുപ്പത്താറുകാരിയായ അമേരിക്കന്‍ നടിയാണ്‌ ഏറ്റവും ജന-ശ്രദ്ധയാകര്‍ഷിച്ചത്.  മെയ്‌ഗന്‍ മാര്‍ക്കിള്‍. രാജ്ഞിയേയും ഫിലിപ് രാജകുമാരനേയും ചാള്‍സിനേയും കാതറീനേയും വില്യമിനേയും കെയ്റ്റ് മിഡില്‍റ്റനേയും ഒരു പക്ഷേ ഹാരിയെപ്പോലും നിഷ്പ്രഭരാക്കിനിറുത്തി കടന്നുപോയ ജനശ്രദ്ധ. ആദ്യമായാണ്‌ കടുംപിടുത്തങ്ങളുടെ അപ്രതിരോധ്യങ്ങളായ കോട്ടകള്‍ക്കുള്ളിലേയ്ക്ക് ഒരു പ്രതിശ്രുത വധു ക്ഷണിക്കപ്പെടുന്നതുപോലും. പ്രായങ്ങളും കീഴ്‌വഴക്കങ്ങളുമൊക്കെ തലകുനിച്ചു നിന്ന ഒരു പ്രഭാതം.

ഞാനിപ്പോളോര്‍ക്കുന്നത്, പണ്ടൊരു ഇളമുറക്കാരി രാജകുമാരി, എഴുതിക്കൊടുത്ത പ്രസംഗവരികള്‍ക്കിടയിലൂടെ കാല്‍പനികത കടത്തി വിട്ട് പ്രജകളെ അദ്ഭുതപ്പെടുത്തിയതും  മറുവശത്ത് അതുണ്ടാക്കിയ കോലാഹലവുമാണ്‌.

വരാന്‍ പോകുന്ന ചരിത്രങ്ങള്‍ മാറ്റങ്ങളുടേതാവണം. ഒരു തടസ്സങ്ങളും സൃഷ്ടിക്കപ്പെടാത്ത യാത്രകളുടേതാകണം. മുന്നില്‍ വെട്ടിയിട്ട പാതകളിലൂടെ തന്നെ യാത്രചെയ്താല്‍ നാം ഒന്നും പുതുതായി കാണുകയില്ല. ഒന്നും നേടുകയുമില്ല. എങ്ങും എത്തുകയുമില്ല! 

Monday, December 18, 2017

നിര്‍‌വ്വാണവഴികള്‍

അദ്ദേഹത്തെ എനിക്കു പരിചയമില്ലാത്തത് എന്‍റെ കുറവു തന്നെയാണ്‌. കാരണം, അദ്ദേഹം ഏതെങ്കിലും രീതിയില്‍ പ്രശസ്തനാകാം. അതുകൊണ്ടാണല്ലോ എന്നോട് ഇങ്ങോട്ടു വന്നു സുഹൃദ്ബന്ധം ചോദിച്ചു വാങ്ങിയത്.

ചില എഴുത്തുകളില്‍, സ്വഭാവങ്ങളില്‍, ചില നിലപാടുകളില്‍ ഇഷ്ടം തോന്നുമ്പോഴാണ്‌ അങ്ങോട്ടു പോയി സുഹൃത്താക്കാമോ എന്നു ഞാന്‍ ചോദിക്കുന്നത്. ഒരിക്കല്‍ ഒരാളോട് അങ്ങനെ ചോദിക്കുമ്പോള്‍ അവര്‍ എന്നോടു തിരിച്ചു ചോദിച്ചു.

''നാം കണ്ടിട്ടുണ്ടോ?''

ഞാന്‍ പറഞ്ഞു, ''ഇല്ല.''

''ക്ഷമിക്കണം. ഞാന്‍ അപരിചിതരെ സുഹൃത്തുക്കളാക്കാറില്ല!''

''നന്ദി. പറഞ്ഞതിന്‌. എന്നോടും ക്ഷമിക്കുക'',   ഞാന്‍ എന്‍റെ ക്ഷണം പിന്‍‌വലിച്ചു.

അതിനുശേഷം എനിക്കിങ്ങനെ സൗഹൃദം ചോദിക്കാന്‍ ഭയമാണ്‌.  Once bitten, twice shy എന്നൊരു ചൊല്ലുമുണ്ടല്ലോ. ചൂടുവെള്ളം ഒരിക്കല്‍ ദേഹത്തു വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയപ്പെടുന്നതു പോലെ. മാത്രമല്ല, ഒരു പൂച്ച മാന്തിയാല്‍ എല്ലാ പൂച്ചയും മാന്താന്‍ സാധ്യതയുണ്ടെന്നു വിചാരിക്കുന്നതുപോലെ. പക്ഷേ, ഇപ്പോഴും തിരിച്ചു മാന്തില്ല എന്ന വിചാരത്തില്‍  അപൂര്‍‌വ്വം ചിലരോടൊക്കെ സൗഹൃദം ചോദിച്ചും വാങ്ങാറുണ്ട്. പക്ഷേ, അവരുടെ വിശ്വാസങ്ങളിലോ, രാഷ്ട്രീയത്തിലോ, നിലപാടുകളിലോ ഞാന്‍ കൈകടത്താറുമില്ല. എന്‍റെ വിശ്വാസങ്ങളിലോ, രാഷ്ട്രീയത്തിലോ, നിലപാടുകളിലോ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്തതുപോലെയുള്ള ഒരു 'സ്വതന്ത്ര രാഷ്ട്രം' അവര്‍ക്കും സ്വന്തമായുണ്ടല്ലോ എന്നു ഞാനും വിചാരിക്കുന്നുണ്ട്.

ഇനി, ആദ്യം പറഞ്ഞയാളിലേയ്ക്ക് ഞാന്‍ മടങ്ങിവരികയാണ്‌. അയാള്‍ എന്നെ  സുഹൃത്താക്കിയതിന്‍റെ പിറ്റേ ദിവസം മുതല്‍ പല പ്രശസ്തരുടേയും കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ എനിക്ക് അയച്ചുതരാന്‍ തുടങ്ങി. അവരില്‍ രാഷ്ട്രനേതാക്കളും, നടീനടന്മാരും, സിനിമാസം‌വിധായകരും, ഗായകരും.... എന്നുവേണ്ട എല്ലാവരും ഉണ്ടായിരുന്നു. ഇതു കുറച്ചു കൂടുതലായപ്പോള്‍ എന്‍റെ ഉള്ളിലെ സലിം കുമാര്‍ എന്നോടു പറഞ്ഞു:

ഏതോ വലിയ സാറാണെന്നു തോന്നുന്നു!

ഇത് എനിക്കു മാത്രം സംഭവിക്കുന്നതാവാന്‍ വഴിയില്ല. ഈ മഹാന്‍റെ മുഖപുസ്തകസുഹൃത്തുക്കള്‍ ആരെങ്കിലും ഇതു വായിക്കുന്നെങ്കില്‍ അവര്‍ക്കും സംഭവിക്കുന്നുണ്ടാവും. സാഹിത്യ-സാമൂഹ്യ-കലാപ്രവര്‍ത്തനചരിത്രങ്ങളിലൊന്നും അദ്ദേഹത്തെ കണ്ടെത്തിയതുമില്ല.

പക്ഷേ, എന്തിനാണ്‌ എനിക്കിതൊക്കെ അയച്ചുതരുന്നതെന്ന ഒരു ചോദ്യത്തിനുമാത്രം ഒരിടത്തുനിന്നും ഉത്തരം കിട്ടിയില്ല. ഞാനൊരു പ്രശസ്തനല്ല. എന്നിലുണ്ടായേക്കാവുന്ന  പ്രീതിയില്‍ നിന്നു അദ്ദേഹത്തിനൊന്നും ലഭിക്കാനുമിടയില്ല. സംഗതി രൂക്ഷമാകാന്‍ തുടങ്ങി. ഇവിടെയാണെങ്കില്‍ ശുചീകരണത്തൊഴിലാളികളെ കിട്ടാനുമില്ല. എന്‍റെ ഇ-മെയിലുകളും മെസ്സെന്‍‌ജറുകളും ഈ വി.ഐ.പികളുടെ അങ്കത്തുണക്കാരന്‍റെ ചിത്രങ്ങള്‍ കൊണ്ടു നിറയുകയാണ്‌. അവാസ്തവികലോകമാണെങ്കിലും ഇതിങ്ങനെ ദിവസേനയെന്നോണം വൃത്തിയാക്കാന്‍ എനിക്ക് സമയം കണ്ടെത്തേണ്ടിവരുന്നു. എന്‍റെ സ്വഭാവത്തിന്‌, എനിക്കയാളോടിത് തുറന്നു പറഞ്ഞ് ദേഷ്യപ്പെടാനും പറ്റുന്നില്ല. പക്ഷേ, No പറയേണ്ട അവസരങ്ങളില്‍ No തന്നെ പറയണമെന്ന് ഞാന്‍ എന്‍റെയടുത്ത് വന്നു വീഴുന്ന ആള്‍ക്കാരെയൊക്കെ നിരന്തരം ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യരുടെ ഒരു കാര്യമേ! തനിക്ക് കഴിക്കാന്‍ പറ്റാത്ത, ഇഷ്ടമില്ലാത്ത ഒരു ഭക്ഷ്യവസ്തു അവര്‍ ഭംഗിയായി വില്‍ക്കാന്‍ ശ്രമിക്കും. താന്‍ കേള്‍ക്കാനിഷ്ടപ്പെടാത്ത ഉപദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് സൗജന്യമായി കൊടുക്കുകയും ചെയ്യും.

അങ്ങനെ, ഒരു സുദിനത്തില്‍ ഞാന്‍ അയാള്‍ പോലുമറിയാതെ ആ വെന്‍റിലേറ്റര്‍ അണ്‍പ്ലഗ് ചെയ്ത് അയാളുടെ ആത്മാവിനെ മോചിപ്പിച്ചു പറത്തിവിട്ടു!

Monday, December 4, 2017

Days with fleas in my earsWe had a peculiar neighbour. When I say peculiar it goes to such an extent that I used to run away from his peculiarity of the sustained high-pitched tone of whining. He has something or the other always to clutch at. Either it is about the other neighbour’s black cat every morning he looks at first when he opens his main door or about the darned nuisance created by the songbirds or the cock waking him up early morning. He even complains about the owls blasting in and fracturing his silent nights with their unholy hoots invariably followed by a proverbial death news the following day.
The other day he happened along again. This time it was a deluge about the irresponsibility of a neighbour lady on her black tomcat’s behaviour. He saw the ‘darned thing’ go by his window with a dead robin in his mouth. As usual, he complained to the owner of the cat. She just laughed it off saying, “The cat’s just acting naturally!’’ Needless to mention that he didn’t like her attitude towards the carnage that the beast was wreaking. Not only did it end there, it also gave him a flea in his ear reminding a complaint he once made over the chirping that begins at the wee hours.
And she had sealed it up saying: Good for your sleep!
That event irritated him and he vented the whole hot air out on me. I remember once he complained about the bloody birds returning in April from down south to make the month the ‘cruellest’ as T S Eliot opined. For him, the season of November to March provides him unbridled peace—no noisy birds, snowy and sleepy neighbourhoods, less traffic and what not!
Normally, people in Canada eagerly wait to get rid of the winter and welcome the advent of spring. All living creatures show up their heads after a long hibernation by the beginning of April. Children are waiting for the Victoria Day to blow up the whole stock of their firecrackers. Imagine the plight of a neighbour who is vigilant in his sleep. He opens his door and comes out on the night of Victoria Day shouting, “Who the hell on earth are bombing the night?’’ No sooner, he finds that our children are bursting crackers. He shuts the door.
When everybody is heading for camping, my neighbour complains about the songbirds which ate up his blueberries and then pooped prodigiously on his white car forcing him to swab stoutly to get that stuff off. And I’m thinking of making an underground passage starting right from my living room to the next junction to escape an insidious trap of listening to my neighbour’s complaints that delays my office trips.
Suresh Nellikode
(New Indian Express - Jun 24, 2017)

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്താവളം. രണ്ടാം നിലയിലെ ബാൽക്കണി . ഞങ്ങൾക്കെതിരെ , മാസത്തിലൊന്നു വിരുന്നുവരുന്ന കാക്കയായി അർദ്ധ നഗ്നതയുടെ സ്വാതന്ത്ര്യം മാത്രം പുതച്ച് കുഞ്ഞിക്കയെന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള. നാലു വർഷം  മുമ്പ് എനിക്കും കഥാകൃത്ത് ഇന്ദുചൂഡന്‍ കിഴക്കേടത്തിനും കിട്ടിയ ഒരു രാത്രിയും പകലുമായിരുന്നു. അതിഥികള്‍ വന്നു വെടിവട്ടം കൂടുന്നതിൽപരം  സന്തോഷം മധുവേട്ടനുണ്ടോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല. ഉണ്ടാവില്ല എന്നു നാം കരുതേണ്ട ഒരുക്കങ്ങളാണു എപ്പോഴും അവിടെ കാണുന്നത്. അടുത്തവര്‍ ആരെങ്കിലും വരുന്നുണ്ടെന്നു കേട്ടാല്‍ എല്ലാം ഇട്ടെറിഞ്ഞ് പിന്നെ അവരുടെ കാര്യങ്ങൾക്കുള്ള  ഓട്ടമാണ്‌. 

ഞങ്ങള്‍ വരുന്നു എന്നറിയിക്കുമ്പോഴും അദ്ദേഹം പറഞ്ഞതിതാണ്‌: വേറെങ്ങും പോയേക്കരുതേ. കൊല്ലം ഒക്കെ കഴിയുമ്പോഴേയ്ക്കും ഒന്നു വിളിച്ചാല്‍ മതി. നല്ല ദിവസമാണ്‌ നിങ്ങള്‍ വരുന്നത്. വേറൊരു അതിഥി കൂടിയുണ്ട്, ഇന്ന്. ഞങ്ങള്‍ ചോദിച്ചെങ്കിലും അതാരാണെന്ന് അദ്ദേഹം പറഞ്ഞില്ല. ”ഒരു സർപ്രൈസാവട്ടെ . നിങ്ങള്‍ ഇങ്ങോട്ടല്ലെ വരുന്നത്. ഇവിടെ കാണാമല്ലോ!” ഞങ്ങളും നിർബന്ധിച്ചില്ല. അതുമൊരു രസമാണല്ലോ. ഒരു ആകാംക്ഷ മനസ്സിലിട്ടിങ്ങനെ വളര്‍ത്തി വലുതാക്കിക്കൊണ്ടുള്ള ഒരു യാത്ര.. 
ഞങ്ങളെത്തുമ്പോള്‍ പ്ലാറ്റ്ഫോമില്‍ മധുവേട്ടനുണ്ട്. ”നമുക്ക് അടുത്ത വണ്ടിവരുന്നതുവരെ കാത്തുനില്‍ക്കണം. കുഞ്ഞിക്കയാണ്‌ വരുന്നത്.” 

കേട്ടതോടെ സന്തോഷമായി. മലയാളത്തിന്‍റെ പ്രിയ കഥാകാരനെ ഒരു ദിവസത്തേയ്ക്ക് ഞങ്ങൾക്കും  സ്വന്തമായി കിട്ടുമല്ലോ. അബുദാബി മലയാളിസമാജത്തിലും നാട്ടിലെ ചില പുസ്തകോത്സവത്തിലും വച്ച് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലാവുന്നതുകൊണ്ട് തന്നെ അതൊന്നും അവിസ്മരണീയങ്ങളായ അനുഭവങ്ങള്‍ ആയിരുന്നുമില്ല.

 അടുത്ത വണ്ടിക്ക് കുഞ്ഞിക്ക വന്നു. മധുവേട്ടന്‍ ഞങ്ങളെ പരിചയപ്പെടുത്തി. കൈയിലെ പിടിവിടാതെ നിമിഷങ്ങളോളം കുശലാന്വേഷണങ്ങള്‍. പേരുകൊണ്ടും കുസൃതികള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും എന്നും കുഞ്ഞായിരിക്കാന്‍ ആരൊക്കെയോ അനുഗ്രഹിച്ചു വിട്ടിട്ടും പ്രശസ്തി മാത്രം ചരടറ്റ പട്ടമായി പറത്തിവിട്ട എഴുത്തുകാരന്‍റെ  കൈത്തലങ്ങള്‍ അത്രയേറെ മൃദുലമായിരുന്നു.

 കാറില്‍ കുഞ്ഞിക്ക സംസാരിച്ചുകൊണ്ടേയിരുന്നു, സ്കൂളവധിക്കാലത്ത് ഗ്രാമം വിട്ടു നഗരത്തിലേയ്ക്കു വന്ന കുട്ടിയെപ്പോലെ. രാത്രിവണ്ടിയില്‍ താമസിച്ചുമാത്രമെത്തുന്ന ഈ അതിഥി കയറുമ്പോള്‍ എവിടെയാണിനി നില്‍ക്കേണ്ടതെന്നു പോലും മധുവേട്ടന്‍റെ കാറിനറിയാം.

 വഴിയോരത്തെ ഭക്ഷണശാലയില്‍ തിരക്കിലും കുഞ്ഞിക്കയെ തിരിച്ചറിഞ്ഞ് ഉടമയും ജോലിക്കാരും. ഞങ്ങള്‍ നാലുപേര്‍ മേശയ്ക്കു ചുറ്റുമിരുന്നു. എന്താണു തിന്നാന്‍ വേണ്ടതെന്നുള്ള ചോദ്യം മൂന്നുപേരോടേ യുള്ളു. കുഞ്ഞിക്കയുടേത് അവർക്കറിയാം. 

മെലിഞ്ഞ ദോശപ്പാത്രങ്ങൾക്കിടയില്‍ നിറഞ്ഞ പൊറോട്ട-ബീഫ്. ”വല്ലാത്ത വിശപ്പ് ”, കുഞ്ഞിക്ക പറഞ്ഞു.

 ”അതൊരു പുതിയ കാര്യമൊന്നുമല്ലല്ലോ!”, മധുവേട്ടന്‍റെ പതിവ് അരച്ചിരിയോടെയുള്ള കമന്‍റ് .

 ”അതേ…സുരേഷേ, നമ്മളെന്തുകാര്യവും ആസ്വദിച്ചു ചെയ്താലല്ലേ അത് പൂർണതയിലെത്തൂ. അല്ലേ പറ”

 കുഞ്ഞിക്ക ചോദിച്ചതില്‍ പ്രതീക്ഷിക്കുന്ന ഉത്തരവുമുണ്ടല്ലോ. വീട്ടിലെത്തി. ഒരിക്കല്‍ വന്നു പോയാല്‍ ഇനിയെന്നു കാണും ഇനിയെന്നു കാണും എന്നു  ചോദിച്ചു വിഷമിപ്പിക്കുന്ന രണ്ടാം നിലയിലെ സ്വന്തം മുറിയെ മുഖം കാണിച്ച് ബാൽക്കണിയിലേയ്ക്കു വന്നു. അല്പനേരം സംസാരിച്ചിരുന്നു. ഉറക്കം തൂങ്ങിത്തുടങ്ങിയ കുഞ്ഞിക്കയെ കിടക്കാന്‍ വിട്ട് ഞങ്ങളും പോയി. 

രാവിലെ ഉണർന്നെണീക്കുമ്പോള്‍ കാണുന്ന കാഴ്ച രസകരമായിരുന്നു. കടുവയെ കിടുവ പിടിച്ചിരിക്കുന്നു. ഡോക്ടര്‍ സരോജയ്ക്കു മുമ്പില്‍ പിടിവീണ കുഞ്ഞിഡോക്ടര്‍ ഞങ്ങളെ ദയനീയമായി നോക്കുന്നു. കുട്ടിക്കുറ്റവാളി പിടിക്കപ്പെട്ട നിലയില്‍, ഷോക്കടിച്ചുണർന്ന  മുടിയുമായി, ചോദ്യങ്ങൾക്ക്  കൃത്യമായി ഉത്തരം കൊടുത്തുകൊണ്ട്, രോഗിയുടെ കസേരയില്‍ കുഞ്ഞിക്ക. അദ്ദേഹത്തിനു ആരോഗ്യകാര്യത്തില്‍ ആകെ പേടിയുള്ളത് മധുവേട്ടന്‍റെ  ഭാര്യയെയാണ്‌. മധുവേട്ടന്‍ കൊടുക്കുന്ന ആനുകൂല്യമൊന്നും ചേച്ചി അദ്ദേഹത്തിനു കൊടുക്കില്ല.

…ങ്ങളു ഡോക്ടറൊക്കെ ആയിരിക്കും.. പക്ഷേ എന്‍റെയടുത്ത് ങ്ങടെ വായനക്കാരേം കൂട്ടുകാരേം പറ്റിക്കണ വേലയൊന്നും എടുക്കരുത്- 

ചേച്ചി അതു പറഞ്ഞില്ലെങ്കിലും ഞങ്ങളത് അവിടെ നിന്നും വായിച്ചെടുത്തു. കൺസൾറ്റന്‍റ്  പോയിക്കഴിഞ്ഞപ്പോള്‍ കുഞ്ഞിഡോക്ടര്‍ ദീർഘ ശ്വാസത്തോടെ സടകുടഞ്ഞ് എഴുന്നേറ്റെങ്കിലും പതുക്കെയാണു ഞങ്ങളോടു പറഞ്ഞത്.

 ”ഒരാളെയെങ്കിലും ഇങ്ങനെ പേടിക്കാനുണ്ടാവുക നല്ലതല്ലേ, സുരേഷേ?” 

ഇപ്പോള്‍ ഞങ്ങളുടെ മുമ്പിലിരിക്കുന്ന ഈ മനുഷ്യനെയാണ്‌ എന്‍റെ  സ്കൂൾ ദിനങ്ങളിലെ ഏതോ വായനയില്‍ ഞാന്‍ ഒരു അതികായനായി മനസ്സില്‍ പ്രതിഷ്ഠിച്ചത്. കഥയുടെ പേരോർമ്മ യില്ല. അതിലെ ചിത്രങ്ങളൊക്കെ കണ്ട് മനസ്സിലും ഞാന്‍ ഒരു രൂപം വരച്ചിടുകയായിരുന്നു. ഓര്‍മ്മയിലുള്ള ആദ്യത്തെ കുഞ്ഞവറാനും, കുഞ്ഞുവാവയും, മാതൃഭൂമിക്കഥകളിലെ  ഹാജ്യാരുമെല്ലാം അന്നത്തെ മുന്തിയ മദിരാശിക്കൈലിക്കുമേല്‍ വീതിയേറിയ ബെൽറ്റ്  കെട്ടിയ, ബനിയനിട്ട കുടവയറന്മാരായിരുന്നു. അവരൊന്നും എഴുതുന്നതോ വായിക്കുന്നതോ ഞാനൊട്ടു കണ്ടിട്ടുമില്ല. പിന്നെ ബഷീർകഥകളില്‍ നിന്നിറങ്ങി ഗ്രാമങ്ങളിലേയ്ക്കു വന്നവരും ആ ധാരണയുറപ്പിക്കാന്‍ കൂട്ടുനിന്നു. എഴുത്തുകാരന്‍റെ  ചിത്രങ്ങളൊന്നും അന്നു പത്രമാസികകളില്‍ വന്നിരുന്നില്ല. കുറച്ചുകാലത്തിനുശേഷമാണ്‌ അറിയുന്നത്, അദ്ദേഹം അലിഗഢിലൊക്കെ പഠിച്ചു വന്ന ഡോക്ടറാണെന്നുള്ളത്. അപ്പോഴും വിചാരിച്ചു എന്താണ്‌ ഒരു ഡോക്ടര്‍ക്ക് ഇങ്ങനെയൊരു പഴഞ്ചന്‍ പേര്‌?

പറഞ്ഞുപറഞ്ഞ് കാടുകയറുന്നതിനിടയില്‍ ആ മദ്രസക്കാലം വന്നു. കഥകള്‍ കേൾക്കുന്നതിനിടയില്‍ മുസല്യാരുടെ ചായഗ്ലാസ്സില്‍ ചാടണോ ചാടണോ എന്നു ചിന്തിച്ച് വട്ടം കറങ്ങുന്ന ഈച്ചയെ നോക്കിയിരുന്ന കൂട്ടുകാരന്‍ മൊട്ടത്തലയന്‍റെ നെഞ്ചിടിപ്പുകള്‍ എണ്ണിക്കൊണ്ടിരുന്ന, കുഞ്ഞായിരുന്ന അബ്ദുള്ള. ഈച്ച ഗ്ലാസ്സിന്‍റെ വക്കിലിരിക്കുകയും പിന്നെ അതിലേയ്ക്കു തന്നെ വീഴുകയും ചെയ്തപ്പോള്‍ കൂട്ടുകാരന്‍ അറിയാതെ അലറിപ്പോയി,

 ”ദാ ഈച്ച”. 

കഥ മുറിച്ചതിന്‍റെ ദേഷ്യത്തില്‍ കൂട്ടുകാരനെ ശാസിക്കുന്നതിനിടയില്‍ മുസല്യാര്‍ ഈച്ചയെ എന്തോ ജപിച്ച് ചായയില്‍ മുക്കിയെടുത്ത് വിരലുകള്‍ കൊണ്ട് ഞൊട്ടിത്തെറിപ്പിച്ചു. അതെന്തിനാണെന്നു മനസ്സിലാവാതെ വായ് പൊളിച്ചു നിന്ന കുട്ടികളോടു മുസല്യാര്‍ ചോദിച്ചു. 

”ഇദെന്തിനാന്നറിയോ….ങ്ങക്ക്?” ”…ന്നാക്കേട്ടോ…. ചായേലങ്ങനെ മുയ്മ്മനായി മുക്കിയാലേ ചായേന്‍റെ  കേട് തീരൂ…. കേട്……..?” ”തീരൂ” – 

എല്ലാവരും കൂടി അതാവർത്തിച്ചു. 

അതിനിടയില്‍ ഞാന്‍ കയറി കുഞ്ഞിക്കയോടു ചോദിച്ചു.

 ”ഇദ്ദേഹം തന്നെയാണോ പണ്ട് പള്ളിക്കുളത്തില്‍….മുരിങ്ങയില  നിറച്ച കക്ഷി? 

ഒരു നിമിഷം നിറുത്തി, കുഞ്ഞിക്ക കുലുങ്ങിച്ചിരിച്ചു. 

''ആ.. അത്..അത് .. വേറൊരാളാ… ''

പിന്നെ ആ കഥയും ആവർത്തി ച്ചു. കുളിക്കാനായി മുങ്ങുമ്പോള്‍ തൂറുന്ന മുസല്യാരെ തെളിവോടെ പിടിക്കാന്‍ നാട്ടുകാര്‍ ഒപ്പിച്ച കെണിയുടെ കഥ. 

ഓർമ്മകളിലേയ്ക്ക് വീണ്ടും. 

വായനക്കാര്‍ എനിക്കു പ്രശ്നമല്ലെന്നും അവരൊന്നുമില്ലെങ്കിലും ഞാന്‍ എഴുതുമെന്നും ‘അത്യന്താധുനികക്കാലത്ത് പറഞ്ഞ പുനത്തില്‍ കുഞ്ഞബ്ദുള്ളയോട് എനിക്കൽപ്പം  നീരസം അന്നു തോന്നിയിരുന്നു. പിന്നെ, ഓരോ വായനക്കാരന്‍റേയും അഭിരുചിക്കൊപ്പം എഴുതാനാവില്ല എന്നൊക്കെയാവും ഉദ്ദേശിച്ചിരിക്കുക എന്നു കരുതി ഞാന്‍ സ്വയം സമാധാനിച്ചു. അതേ കുഞ്ഞിക്ക, വായനക്കാരനാണ്‌ എനിക്കെല്ലാം എന്നു പിന്നീടൊരിക്കല്‍ തിരുത്തുകയും ചെയ്തു. എഴുത്തുകാരന്‍ ഇന്നു പറയുന്നത് നാളെ മാറ്റിപ്പറയുമെന്നും, അത് രാഷ്ട്രീയക്കാരുടെ മാത്രം കുത്തകയാണോ എന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്. എത്രയൊക്കെ മാറ്റിപ്പറഞ്ഞാലും സാഹിത്യകാരനു അവന്‍ ജീവിക്കുന്നയിടത്തോടു ആത്മാർത്ഥത യുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 മരണശേഷം ശരീരം കത്തിച്ചാല്‍ മരിച്ചയാള്‍ ഹിന്ദുവായിപ്പോകും എന്നു വിചാരിക്കുന്ന ഈ സമൂഹം തന്നെയാണ്‌ ഫാദര്‍ വടക്കനെ പള്ളി സിമിത്തേരിയില്‍ തന്നെ പിടിച്ചു കിടത്തിയത്. അദ്ദേഹം ഈ ആഗ്രഹപ്രകടനം നടത്തിയ പകലോമറ്റം പള്ളിയിലെ ആൾക്കൂട്ടത്തിനിടയില്‍ ഞാനുമുണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് ശരീരം ദഹിപ്പിക്കാന്‍ അനുമതിയുണ്ട്. അത് പിൽക്കാലത്തുണ്ടായതാണോ എന്നെനിക്കറിയില്ല. മാംഗോസ്റ്റീന്‍ മരത്തിനു കീഴില്‍ അന്ത്യവിശ്രമം വേണമെന്നു പറഞ്ഞ ബേപ്പൂര്‍ സുൽത്താനെ പള്ളിപ്പറമ്പിലേയ്ക്കു തന്നെ കൊണ്ടുപോയതിന്‍റെ പിന്നില്‍ അദ്ദേഹത്തിന്‍റെ  ‘സ്വർഗ  പ്രാപ്തി’യെന്ന ‘സദുദ്ദേശ്യം’ മാത്രമേ നമുക്കുണ്ടായിരുന്നുള്ളു. മതം നമ്മുടെ തെരഞ്ഞെടുപ്പല്ലെന്നുള്ള ശരിയായ ബോധം ഉള്ളിലുണ്ടായിരുന്നതുകൊണ്ടാണു ഒരു ‘മതംമാറ്റപ്രഖ്യാപന’ത്തില്‍ മാത്രം അദ്ദേഹം ഒതുങ്ങിനിന്നത്. പന്നിയിറച്ചി പലപ്രാവശ്യം കഴിച്ച് ‘അശുദ്ധനാ’യിത്തീര്‍ന്നതിനാല്‍ മറ്റുള്ളവരുടെ ‘സ്വർഗ  പ്രാപ്തി’ക്ക് ഒരു കാരണവശാലും തടസ്സം നില്ക്കേണ്ട എന്നും കരുതിയിട്ടുണ്ടാവും. ഒരു പക്ഷേ, മരിച്ചതിനുശേഷവും അദ്ദേഹം മാറ്റിപ്പറഞ്ഞേക്കാം എന്നും ഞങ്ങളില്‍ പലർക്കും  സംശയമുണ്ടായിരുന്നു. 

അതറിയാവുന്നതുകൊണ്ടാണ്‌, കുഞ്ഞിക്കാ, നിങ്ങള്‍ പരിഹസിച്ച മതപുരോഹിതരും ജാതിമനുഷ്യരും അവസാനത്തെ ആയുധം പ്രയോഗിച്ച് നിങ്ങളെ വീഴ്ത്തിയത്; അതും ശ്വാസരഹിതമായി നിങ്ങള്‍ നിരായുധനായപ്പോള്‍! എഴുത്തുകാര്‍ സമൂഹത്തിനും മതത്തിനും ദ്രോഹമല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നു വിശ്വസിക്കുന്ന ഒരു ഭൂരിപക്ഷത്തിനു ശക്തിയുള്ള സമൂഹത്തിലാണ്‌ നാമൊക്കെ ജീവിക്കുന്നത്. ആ ഭൂരിപക്ഷം ഒരു മതത്തിന്‍റെ  സ്വന്തമല്ല. എല്ലാ മതങ്ങളില്‍ നിന്നും ‘വിശുദ്ധി’യിലേയ്ക്ക് സ്വയം ഉയർത്തി ക്കൊണ്ടു വന്ന ഒരു ജനസഞ്ചയമാണത്. ആ ഭൂരിപക്ഷത്തിനു നിങ്ങളെ മരണാനന്തരമെങ്കിലും നന്നാക്കിയെടുക്കാനുള്ള ചുമതലയുണ്ട്. ജീവിച്ചിരുന്നപ്പോള്‍ ആ ‘മരണപ്പിടി’യില്‍ നിന്നു കുതറിമാറി നടന്ന ഒരാളുടെ മേല്‍ അയാളില്ലാതാവുമ്പോള്‍ സമൂഹം ചാർത്തുന്ന ഒരു ‘മരണാനന്തരവിശുദ്ധി’ (Posthumous Sanctity) യാണത്.

 ഞാനിതെഴുതിതീർക്കുമ്പോൾ  മധുവേട്ടനും ചേച്ചിയും തിരുവനന്തപുരത്തു നിന്ന് കാരക്കാട്ടേയ്ക്കു പോകാന്‍ തയ്യാറെടുക്കുകയാണ്‌. കൂട്ടുകാരന്‍ ഉറങ്ങുന്നയിടം കണ്ട് നിശ്ശബ്ദമായി കുറച്ചുനേരം നിന്ന ശേഷം തിരിച്ചുപോരാന്‍.

ഫിലോമിന ടീച്ചറിനു മുടിവെട്ടുകാരന്‍ കുഞ്ഞമ്പു എഴുതിയ കത്തും കീശയിലിട്ട് കുഞ്ഞായിരുന്ന അബ്ദുള്ള നടന്ന സ്കൂള്‍ വഴികളിലൂടെ നടക്കാന്‍. 

കാരക്കാട് തീവണ്ടിയാപ്പീസ് ഒന്നു കൂടി കാണാന്‍. 

പോർട്ടർ  ചുടലമുത്തു കുത്തിയിരുന്ന ഡ്യൂട്ടിറൂമിന്‍റെ  ചവിട്ടുപടിയില്‍ ഇപ്പോള്‍ ആരെങ്കിലും ഇരിക്കുന്നുണ്ടോ എന്നു നോക്കാന്‍. 

***

Thursday, April 20, 2017

കുരിശ് പാരയാകുന്നത്.....

കുരിശിനെ കൈയ്യേറാനുള്ള ഒരു വസ്തു മാത്രമായി പലരും ചിത്രീകരിച്ചു സംസാരിക്കുന്നതു കൊണ്ടാണ്‌ ഈ കുറിപ്പ്.
കുരിശ് സ്വയരക്ഷയ്ക്കായി ഉപയോഗിക്കപ്പെട്ട നല്ലകാര്യങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്.
കര്‍ത്താവിനെ അതില്‍ കയറ്റി ആണിയടിച്ചതു കണ്ടു പ്രതികരിക്കാതെ നിന്നതിന്‍റെ കുറ്റബോധം കൊണ്ടാണ്‌ ഞങ്ങളില്‍ ചിലരൊക്കെ കുരിശ് ചുമന്നു നടക്കുന്നതെന്നും, പേരുവെളിപ്പെടുത്തിയാല്‍ അന്നു തന്നെ എന്നെ ചവിട്ടിയരയ്ക്കുമെന്നും എന്‍റെ സഹപാഠിയായ ഒരച്ചനും പറഞ്ഞിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ അത് വിമോചനദൈവശാസ്ത്രത്തിലേയ്ക്കും മറ്റും നീളും. അതല്ല, പറഞ്ഞുവരുന്നത്.
ഞങ്ങളുടെ ഗ്രാമത്തില്‍ ഏതെങ്കിലും സ്ഥലം വില്‍ക്കാനിട്ടാല്‍ അതിന്‍റെ മുകളില്‍ ഒരു കൂടംകുളം പദ്ധതിയുടെ വാള്‍ മുടിനാരുകളില്‍ കെട്ടിയിടുക ചിലരുടെയൊക്കെ വിനോദമായിരുന്നു. അത് നോക്കാനും വാങ്ങാനും വരുന്ന ആള്‍ക്കാരോട് ആ എട്ടുകാലികള്‍ ആദ്യം തന്നെ ചോദിക്കും.
ഏത്...... ആ കൂടംകുളം ലൈന്‍ വരുന്നതിന്‍റെ താഴെയുള്ള സ്ഥലമാണോ?
ഉള്ളിലെ ഞെട്ടല്‍ മറച്ച് വരുന്ന പാവം ഒന്നുകൂടി സ്ഥലം വിശദീകരിക്കും.
എട്ടുകാലി കൂളായി പറയാന്‍ തുടങ്ങും : ഓ.... അതെങ്ങും കൊള്ളിയേലന്നേ... എത്ര കാലായിട്ടതങ്ങനെ കെടക്കുവാ! ആ അയിലേയാ കൂടംകുളം കമ്പീം ട്രാന്‍സോമറും ഒക്കെ വരാമ്പോണെ. അവടെയെങ്ങും വീടു കെട്ടാന്‍ പറ്റിയേലന്നേ. വെല്യ പൊന്തെക്കാട്ടന്‍ വണ്ടു മൂളുന്ന പോലത്തെ ശബ്ദം അല്യോ പിന്നെ വരാമ്പോണെ. അതിനടീ കെടന്നാ മനുഷേനൊറങ്ങാമ്പറ്റ്വോ? ആല്ല.,,,, ഇപ്പോ ചേട്ടനെന്തിനാ ഇതൊക്കെ ചോയിക്കുന്നെ? നിങ്ങടെ ആരെങ്കിലും.........?
കേള്‍ക്കാത്ത പാതി ആഗതന്‍ ലക്ഷ്യത്തിന്‍റെ കുറ്റി പറിച്ചു മാറ്റി കുത്തും.
അല്ല. അതിനടുത്തുകൂടി ഒരു കനാലില്ലേ.... അതിലേ കൊറെക്കൂടി പോകുമ്പം അവിടെ ഒരു ആഞ്ഞിലി വില്‍ക്കാനുണ്ടെന്നു കേട്ടു. അതൊന്നു നോക്കാനാ.....
തലേക്കെട്ടഴിച്ച്, അവിടെ ഇപ്പോ എതാഞ്ഞിലിയാ ... ഞാനറിഞ്ഞില്ലല്ലോ എന്നൊക്കെ ആലോചിച്ച് അതിനു വയ്ക്കാന്‍ തക്ക പാര എവിടെ കിട്ടും എന്നൊക്കെ വിചാരിച്ച് ഒന്നു മുകളിലേയ്ക്കു നോക്കി തിരിഞ്ഞു വരുമ്പോഴേയ്ക്കും ആഗതന്‍ ഇടി വെട്ടി ഉടലോടെ സ്വര്‍ഗ്ഗം പൂകിയതു മാതിരി അവിടെ നിന്ന് അപ്രത്യക്ഷനായിട്ടുണ്ടാവും.
എന്തായാലും, ഒരു കല്യാണം മുടക്കിയ സുഖത്തോടെ എട്ടുകാലിയും കാലുകള്‍ പറിച്ചെടുത്ത് നീങ്ങാന്‍ തുടങ്ങും
അങ്ങനെയിരിക്കുമ്പോള്‍ ഒരുനാള്‍ അതിലൊരു എട്ടുകാലിയുടെ സ്ഥലത്തുകൂടി പുതിയ എക്സ്പ്രസ് ഹൈവേ കടന്നു വരുന്നൂന്ന് വേറൊരു ജീവി, രാവിലെ അപ്പായി ചായ വീശിയടിക്കുന്നതിനൊപ്പം കടയിലിരുന്ന് വീശി. അതു കേട്ടു വന്ന പത്രക്കാരന്‍ ലോന, അന്നത്തെ ചായകുടി വിതരണം കഴിഞ്ഞു മടക്കത്തിലാക്കാമെന്നു വച്ച് വേഗം വാര്‍ത്ത പത്രത്തോടൊപ്പം വിതറി.
ഇതുകേട്ട എട്ടുകാലി അടിയന്തിരമായി വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നതിന്‍പടി രാത്രിക്കു രാത്രി ജില്ലയിലൊരിടത്ത് തമ്പടിച്ചിരുന്ന ബംഗാളികള്‍ക്ക് കുരിശിന്‍റെ പണി കൊടുക്കുകയും മൂന്നാം നാള്‍ രാത്രി അത് നിര്‍ദ്ദിഷ്ട സ്ഥലത്ത് ഉയരുകയും ചെയ്തു. അതിപ്പോഴും അവിടെയുണ്ട്. പക്ഷേ, ആ സ്ഥലം വിശ്വാസികള്‍ ഏറ്റെടുത്ത് മെഴുകുതിരികത്തിക്കാന്‍ തുടങ്ങിയതോടെ അതിന്‍റെ ചുവട്ടില്‍ പാരകള്‍ മുളയ്ക്കാന്‍ തുടങ്ങി. അദ്ദേഹമാണെങ്കില്‍, മകനു വീടുണ്ടാക്കാന്‍ കരുതിവച്ച സ്ഥലത്തുകൂടി അതിവേഗപ്പാത വരേണ്ടല്ലോ എന്ന സദുദ്ദേശ്യത്താല്‍ ചെയ്ത കുരിശിന്‍റെ വേരുകള്‍ ഗ്രാമത്തിന്‍റെ അടിയിലേക്കിറങ്ങി പടര്‍ന്നിരിക്കുകയാണിപ്പോള്‍.
******

Friday, November 11, 2016

കാറ്റ്

അപ്പുറത്ത്
തുടലഴിഞ്ഞ് പാഞ്ഞുനടക്കുന്നു
മരങ്ങളെയൊക്കെ കടിച്ചു കുലുക്കി
കറുത്തൊരു ഭ്രാന്തന്‍ കാറ്റ്.

ഇപ്പുറത്ത്
ഇടയ്ക്കിടെ വാമൊഴികള്‍ക്കായി
മുകളിലേയ്ക്കു നോക്കിയും,
വഴിതെറ്റാതിരിക്കാന്‍
വരികള്‍ കൊയ്തുണക്കിയ
തുടയിടുക്കിനെ നക്കിക്കരിച്ചും
തുടലറ്റത്ത്,
ഓടാനാവാതെ,
നടന്നുനടന്ന്
പഴയൊരു കാറ്റും!

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്...

നഗരഘോഷകൻ