തെറ്റിക്കുന്ന സന്ദേശങ്ങള്‍

 വാമനന്‍റെ രൂപം ഒന്നു മാറ്റിയെടുക്കണമെന്ന് എനിക്കും ഈയിടെയായി തോന്നിത്തുടങ്ങിയിട്ടുണ്ട്. സുന്ദരമായ ഒരു രൂപത്തിനുടമയായ മഹാവിഷ്ണുവിനു ഒട്ടും യോജിക്കാത്ത ഒരു അവതാരമുണ്ടെങ്കില്‍ അതീ വാമനരൂപമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. നരസിംഹം പോലും നമുക്ക് പ്രിയങ്കരനാകുന്നത് നാം വെറും സിംഹത്തെപ്പോലും ഭയപ്പെടുന്നതുകൊണ്ടാണ്‌. മാത്രമല്ല, ഈ അവതാരം അല്പമെങ്കിലും സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കേണ്ടിവന്നത് അദ്ദേഹത്തിനുതന്നെ മങ്ങലുണ്ടാക്കുന്നരീതിയിലുള്ള പ്രവൃത്തികൊണ്ടാണ്‌. പ്രശ്നങ്ങളൊന്നുമില്ലാതെ സോഷ്യലിസം നടപ്പാക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു ചക്രവര്‍ത്തിയെ മണ്ണിനടിയിലേയ്ക്ക് ചവിട്ടിത്താഴ്‌ത്തിയതിന്‍റെ കാരണം കേട്ടാല്‍ നാം ചിരിച്ചുപോകും. ആ ചക്രവര്‍ത്തി അഹങ്കാരിയായിരുന്നത്രെ. ആരെങ്കിലും ഇതു കേട്ടാല്‍ വിശ്വസിക്കുമോ എന്നറിയില്ല. നമ്മുടെ പുരാണങ്ങളിലെ അഹങ്കാരികളായ രാജാക്കന്മാരൊക്കെ എങ്ങനെയാണ്‌ പ്രജകളെ ഭരിച്ചിരുന്നത് എന്നൊക്കെ എല്ലാവര്‍ക്കും അറിയാം. അതുപോലെയുള്ള ഒരു പ്രവൃത്തിയും മഹാബലിയുടെ കോണ്‍‌ഡക്ട് സെര്‍ട്ടിഫിക്കറ്റില്‍ കണ്ടതായും ആരും പറഞ്ഞുകേട്ടിട്ടില്ല. അപ്പോള്‍, സ്വന്തം തലച്ചോറുപയോഗിച്ച് ചിന്തിക്കുന്ന ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവും, അദ്ദേഹത്തെ ശിക്ഷാനടപടികളിലേയ്ക്കെത്തിച്ച ആരോപണങ്ങള്‍ വ്യാജമായിരുന്നെന്ന്. അതുകൊണ്ട്, നമുക്കൊക്കെ കഴിയുന്ന രീതിയില്‍ മഹാബലിയെ സുന്ദരനാക്കുന്നതില്‍ നിന്നു നാം മാറിനില്‍ക്കേണ്ടിയിക്കുന്നു. ശരീരം കറുപ്പിച്ചും കുടവയര്‍ കൂട്ടിയും ഓലക്കുടപിടിച്ചുവാങ്ങിയുമൊക്കെ നമുക്ക് പറ്റുന്ന രീതികളില്‍ അയാളുടെ ആസുരത പുറത്തുകൊണ്ടുവരണം. ഒപ്പം വാമനന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വാമനത്വത്തിനു ഒരു അന്ത്യമുണ്ടാക്കണം. അദ്ദേഹത്തിന്‍റെ ഉയരം കൂട്ടിയും, മുടിവളര്‍ത്തിയും ഓലക്കുട കാട്ടിലെറിഞ്ഞും ഒക്കെ നമുക്ക് ഇത് സാധിക്കാവുന്നതേയുള്ളു. ഇനിയെങ്കിലുമുണ്ടാകുന്ന ചരിത്രപുസ്തകങ്ങളില്‍ വാമനന്‍റെ ക്രെഡിറ്റില്‍ നമ്മള്‍ എന്തെങ്കിലുമൊക്കെ തിരുകിക്കയറ്റിയില്ലെങ്കില്‍ നമ്മുടെ യാത്ര ലക്ഷ്യത്തിലെത്താനുള്ള ഒരു വഴിയും കാണുകയില്ല. പുതിയ പുരാണകഥകളുണ്ടാക്കുന്ന സീരിയലുകാരെ ഏല്പിച്ചാല്‍ ഇക്കാര്യം അനായാസം സാധിച്ചെടുക്കാം.

ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ കൊടുത്തവനു ചവിട്ടുകിട്ടുന്നു എന്നുള്ള വൃത്തികെട്ട സന്ദേശമാണ്‌ ഓണത്തിന്‍റെ കഥയില്‍ നിന്നു നമുക്കു കിട്ടുന്നത്. അതുണ്ടാവാതെ ഓണക്കഥ ശുഭപര്യവസാനിയായിത്തീരണമെങ്കില്‍ ചുരുങ്ങിയപക്ഷം അതിലെ പ്രധാനകഥാപാത്രങ്ങളുടെ പേരുകളെങ്കിലും തിരിച്ചിട്ട്, വരാന്‍ പോകുന്ന തലമുറയുടെ മിണ്ടാട്ടം മുട്ടിക്കണം. 

****


  

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്