Tuesday, May 17, 2016

തുറക്കാതെ പോകുന്ന അക്കൗണ്ടുകള്‍

അക്കൗണ്ട് തുറക്കാനുള്ള കടലാസ്സുകള്‍ ആ ചെക്കന്‍റെ കൈയില്‍ കൊടുത്തു വിട്ടതാ. അവനെ ഒരു അഞ്ചുവയസ്സുകൂടി കഴിഞ്ഞിട്ട് സ്ഥാനാര്‍ത്ഥി ആക്കിയാ മതീന്ന് അന്ന് ഞാന്‍ പറഞ്ഞപ്പോ എല്ലാരും കൂടി എന്‍റെ നേരേ ഒരു ആക്കിയ നോട്ടം. ഇന്നലെ അവന്‍ സി.എന്‍.എന്‍ ചാനലിനോടു പറയുകാ നമ്മക്ക് എഴുപത്തൊന്ന് സീറ്റു കിട്ടുമെന്ന്. അതിച്ചിരെ അതിമോഹമല്ലേ എന്ന് പറഞ്ഞ് ആരുടേം ആത്മവിശ്വാസം കളയേണ്ടല്ലോ എന്നു കരുതിയാ ഞാനതങ്ങ് വിഴുങ്ങിയത്. 
അപ്പോ, നമ്മള്‌ പറഞ്ഞുവന്ന കാര്യം അക്കൗണ്ട് തുറക്കുന്നതിന്‍റെയാ..ഈ കടലാസ്സുകളും കൊണ്ട് പോകുമ്പം മൊബൈലു വാങ്ങി വച്ചിട്ടേ വിടാവൂന്ന് ശ്രീധരന്‍പിള്ളച്ചേട്ടന്‍ പറഞ്ഞതു പ്രകാരം അങ്ങനെ ചെയ്തു. അല്ലെങ്കി... പോണ വഴിക്കൊക്കെ അവന്‍ സെല്‍ഫിയെടുത്ത് കളിക്കും. അങ്ങനെപോയാ ആറുമണിക്ക് മുമ്പെത്തിയേല. ഒക്കെ പറഞ്ഞേച്ചാ വിട്ടത്. ഇപ്പം എന്നാ പറ്റിയെന്നറിയാവോ?
പുത്തരിക്കണ്ടത്തൂടെ പോകുമ്പം രമേഷാട്ടനാ കണ്ടത്. പുള്ളിക്കാരനാ എന്നെ വിളിച്ചു പറഞ്ഞത്‌. കടലാസ്സുകളുടെയൊക്കെ മീതേ ഒരു കല്ലെടുത്തു വച്ച് അവന്‍ കൊറേ പിള്ളാരുടെ കൂടെ നിന്ന് ബൗള്‌ ചെയ്യുവാ. രമേഷാട്ടന്‍ അവനെ വിളിച്ചു ചോയിച്ചു.
''നിന്നെ ഒരു പണിയേല്പിച്ചതല്ലേ? ഇപ്പം സമയം എത്രയായീന്നൊന്ന് നോക്കിക്കേ?''
അത് കേക്കാത്ത താമസം അവന്‍ കടലാസ്സുകളെടുക്കാന്‍ നോക്കിയപ്പം കല്ലിന്‍റടീന്ന് രണ്ടു കടലാസ്സുകള്‍ കാറ്റില്‍ പറന്ന്  സിക്സറു പോലെ പോകുന്നു. ബാക്കി രണ്ടെണ്ണം കാറ്റിന്‍റെ  ബാറ്റിംഗില്‍ ബൗണ്ടറിയാകാന്‍ കൈകാലിട്ടടിക്കുന്നു.
സമയം അഞ്ചേ അമ്പത്തഞ്ച്. ഇനി അഞ്ചു മിനിട്ട് ബാക്കി. അതിനകം കൈയിലുള്ള കടലാസ്സെങ്കിലും എത്തിച്ചാ ഒന്നു പറഞ്ഞുനിക്കായിരുന്നു. ആറുമണിക്കകം എത്തിയില്ലെങ്കില്‍ ഇനീം അഞ്ചുവര്‍ഷം കാത്തുനിക്കണം.
നമ്മക്ക് അക്കൗണ്ട് തൊറക്കാന്‍ പറ്റുമോ? അതോ ഇനീം ബ്ലെയ്‌ഡുകാരെ വിളിക്കണോ?

Friday, May 13, 2016

തെരഞ്ഞെടുപ്പുപൂക്കാലം

രണ്ടോ അതിലധികമോ ചെന്നായ്ക്കളുടെ ഇടയില്‍‌പ്പെട്ടു പോയ ഒരു ആട്ടിന്‍‌കുട്ടിയാണ്‌ താനെന്നും ഏതു തരം ഭക്ഷണമാണ്‌ തനിക്ക് വേണ്ടതെന്ന് വോട്ടു ചെയ്താല്‍ അത് തനിക്ക് എത്തിച്ചു തരാമെന്ന് ചെന്നായ്ക്കള്‍ പറയുന്നത് ആത്മാര്‍ത്ഥത കൊണ്ടു തന്നെയാണോ അതോ തന്നെ പറ്റിക്കാനാണോ എന്നൊക്കെ വിചാരിച്ച് മനസ്സുപുകയുന്ന ഒരു പുലര്‍കാല സ്വപ്നം തട്ടിത്തെറിപ്പിച്ചത് ആ ഫോണ്‍ ശബ്ദമായിരുന്നു. സ്ഥലകാലബോധത്തിലേയ്ക്ക് ഉണര്‍ന്ന്,സുരക്ഷിതമായി പറന്നിറങ്ങിനില്‍ക്കുന്ന ഒരു പക്ഷിയെപ്പോലെ സ്വയം സങ്കല്പിച്ച് എടുക്കുമ്പോഴേയ്ക്ക് കത്രിക്കുട്ടി അടുക്കളയില്‍ നിന്ന് രണ്ടു കൈകളും സാരിത്തലപ്പില്‍ തുടച്ച് കൈകളുണക്കി ഫോണ്‍ എടുത്തിരുന്നു.
''ഹോ... എത്രനേരമായി ഈ ഫോണ്‍ കിടന്ന് അലയ്ക്കുന്നു. എന്തൊരുറക്കമാ ഇത്!''
ഇതാരാ ഈ വേനലിന്‍റെ ചുട്ടുവെളുപ്പാന്‍ കാലത്ത് ഇത്ര നേരത്തേ വിളിക്കാന്‍ എന്നോര്‍ത്ത് മുണ്ടും വാരിയുടുത്ത് തൊമ്മച്ചന്‍ ഫോണ്‍ വാങ്ങി, സ്വപ്നത്തില്‍ അടഞ്ഞുപോയ ശബ്ദത്തിന്‍റെ ബാക്കിയില്‍ ഹലോ പറഞ്ഞു.
''ഹലോ, ഇത് തൊമ്മച്ചനാണോ?''
''അതേ..''
''ഇന്നലെ കിണറ്റില്‍ ചാടിയ തൊമ്മച്ചന്‍ തന്നെ?''
''ആളതു തന്നെയാ... പക്ഷേ ചാടിയതല്ല, വീണതാ.''
'' ഓ.. അതിപ്പം രണ്ടായാലും ഒരേ അനുഭവമല്ലേ? വീഴല്‍,വെള്ളം കുടി, തൊലി പോകല്‍, ശരീരവേദന, നിലവിളി......വീട്ടിലെ ചില പ്രശ്നങ്ങളാണ്‌ ഇതിലേയ്ക്കൊക്കെ വഴിതെളിച്ചതെന്ന് കേള്‍ക്കുന്നത് ശരിയാണോ?''
'' അതേയ്.... നിങ്ങളാരാ? എനിക്ക് ഒരു വീട്ടുപ്രശ്നവുമില്ല... എവിടുന്നാ വിളിക്കുന്നെ?''
''ഇത് പോലീസ് സ്റ്റേഷനീന്നാ... അവിടെ ഓണ്ടാവുവല്ലോ,അല്ലേ? ഞങ്ങളതിലേ വരുന്നുണ്ട്.എങ്ങോട്ടും പോയേക്കരുത്. ഞങ്ങക്ക് തെരഞ്ഞെടുപ്പുകാലമായതോണ്ട് നിന്നു തിരിയാന്‍ സമയമില്ല''
ഫോണ്‍ വയ്ക്കുമ്പോള്‍ തൊമ്മച്ചനു പെട്ടെന്നോര്‍മ്മ വന്നു. കൊച്ചുവെളുപ്പാന്‍‌കാലത്തു കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്‌. താനിപ്പോഴും ചെന്നായ്ക്കളുടെ നടുവില്‍ തന്നെയാണ്‌. ഈ ചെന്നായ്ക്കളും ഭക്ഷണത്തിന്‍റെ തെരഞ്ഞെടുപ്പിനായി വോട്ടു ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച് സന്തോഷിച്ചു നില്‍ക്കുന്ന ആട്ടിന്‍‌കുട്ടിയുമൊക്കെ,സ്വാതന്ത്ര്യോദ്ഘോഷകനും ചിന്തകനും അദ്ധ്യാപകനുമായ ജെയിംസ് ബോവര്‍ഡിന്റെ ഏതോ പുസ്തകത്തില്‍ നിന്നിറങ്ങി വന്നതല്ലേ? പുസ്തകം 'ഫ്രീഡം ഇന്‍ ചെയിന്‍സ്'(Freedom in Chains) ആണോ 'അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഡിമോക്രസി' (Attention Deficit Democracy) ആണോ എന്നൊന്നും ഓര്‍ത്തെടുക്കാന്‍ തൊമ്മച്ചനു കഴിഞ്ഞില്ല. 
''അപ്പച്ചാ.... അപ്പച്ചനെന്താ ഇത്ര മാനസികവിഷമത? അങ്ങനെ വല്ലതുമുണ്ടെങ്കില്‍ ഞങ്ങളോടു പറയാതിരുന്നതിന്‍റെ കാരണേന്നാ?''
അടുത്ത മുറിയില്‍ നിന്ന് വാട്ട്സ് ആപ്പിലും ഫെയ്സ് ബുക്കിലും കുത്തിക്കളിച്ചിരുന്ന മകന്‍ ജോജു ഓടി വന്നു.
''എന്നാ പറ്റീടാ..?'' ഞാന്‍ ആകാംക്ഷയില്‍ ശ്വാസം കിട്ടാതെ മുങ്ങിപ്പൊങ്ങുകയായിരുന്നു.
''ദാ... ഫെയ്സ് ബുക്കില്‍. അപ്പച്ചന്‍റെ പടോം കുറിപ്പും. സാമ്പത്തിക-മാനസികപ്രശ്നങ്ങളാല്‍ കിണറ്റില്‍ ചാടിയ കെ. സി. തോമസിനെ രക്ഷപ്പെടുത്തിയ ഭാരത വികസന പാര്‍ട്ടിയുടെ നേതാവ് കമ്പിവളപ്പില്‍ പൊന്നപ്പനും പ്രവര്‍ത്തകരും. മൂന്നാലു പടോമൊണ്ട്. താല്‍ക്കാലികാശ്വാസമായി പതിനായിരം രൂപയൊക്കെ എപ്പോ തന്നു? ഇതൊന്നും അപ്പച്ചന്‍ ഞങ്ങളോടു പറഞ്ഞേയില്ലല്ലോ!''
അത് കേട്ടപ്പോഴാണ്‌, ഇന്നലെ സന്ധ്യയ്ക്ക് ശേഷം പൊന്നപ്പനും സംഘവും വീട്ടില്‍ വന്നതും ഫോട്ടോയ്ക്ക് നിന്നതും പോകുന്നതിനു മുമ്പ് ഇതിരിക്കട്ടെ ഒരാശ്വാസത്തിന്‌ എന്നും പറഞ്ഞ് ഒരു കവര്‍ തന്നതും ഓര്‍മ്മ വന്നത്. തിരക്കില്‍ പെട്ടതിനാല്‍ അതൊട്ടു തുറന്നു നോക്കാനും കഴിഞ്ഞില്ല. 
''എന്നാലും എന്റെ പൊന്നപ്പാ ഇതെന്നാ ഒരു ചതിയാ നീ ഈ ചെയ്തത്....?'' 
തലേന്ന്‌  രാത്രി ടീവിയുടെ മുകളില്‍ വച്ച  കവര്‍  തപ്പിയെടുത്ത് തുറക്കാന്‍ ശ്രമിക്കുമ്പോഴേയ്ക്കും  കത്രിക്കുട്ടി അടുക്കളയില്‍ നിന്ന് ഓടിയെത്തി കരയാന്‍ ആരംഭിച്ചിരുന്നു. 
''ഈ അച്ചായനെന്തോ പറ്റീട്ടൊണ്ട് ജോജൂ. കിണറ്റില്‍ വീണതാന്നൊക്കെ അച്ചായന്‍ പറയുന്നുണ്ടേലും ചാടീത് തന്നെ ആണോന്നാ എനിക്കിപ്പം സംശയം. ഇക്കാലത്ത് ആരും വ്യക്തിഗതവിഷമങ്ങള്‍ കുടുംബത്തില്‍ പോലും ചര്‍ച്ച ചെയ്യാത്തതാ ഈ ആത്മഹത്യകളൊക്കെ കൂടുന്നേന്‍റെ  കാരണോന്നാ കഴിഞ്ഞ ദിവസം ടീവീ യിലും കണ്ടത്.''
''..ന്നാ ഒരു കാര്യം ചെയ്യ്. പത്രക്കാരേം ടീവീക്കാരെയൊക്കെ വൈകിട്ടത്തേയ്ക്ക് വിളി. ഞാന്‍ എന്‍റെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ടോക് ഷോ നടത്താം. ..ന്‍റെ കത്രീ... ഞാന്‍ ചാടിയതല്ലെന്നും വീണതാന്നും എത്ര പ്രാവശ്യമാ ഞാന്‍ പറയുക. എങ്ങനെയാ ഇപ്പോ ഇതൊന്ന് തെളിയിക്കുക എന്‍റെ കര്‍ത്താവേ? 
അതും പറഞ്ഞ് തൊമ്മച്ചന്‍ ജോജുവിന്‍റെ കൈയിലേയ്ക്ക് കവര്‍ കൊടുത്ത്, തുറന്നു നോക്കാന്‍ പറഞ്ഞു.
പുറത്ത് വാതില്‍ക്കല്‍ ആരോ ബെല്ലടിച്ചു. അയല്‍‌വാസി കുഞ്ഞാക്കോ ആണ്‌. അവനാണ്‌ തന്നെ കയറില്‍ കൊട്ട കെട്ടിയിറക്കി കിണറ്റില്‍ നിന്ന് പൊക്കിയെടുത്ത് രക്ഷിച്ചത്. 
ഇന്നലെ വൈകിട്ട് പണി കഴിഞ്ഞ് പറമ്പില്‍ നിന്നു വന്ന് കാപ്പിയും കുടിച്ച് കുറച്ചു നേരം വിശ്രമിച്ചു. വിയര്‍പ്പൊന്ന് വലിഞ്ഞ ശേഷം കുളിക്കാന്‍ കയറി. കുളിമുറിയിലും കക്കൂസിലുമൊക്കെ വച്ചാണ്‌ ലോകത്തെ മാറ്റിമറിക്കുന്ന അഭിജാതചിന്തകളില്‍ പലതും ഉദ്ഭവം കൊണ്ടത് എന്നൊക്കെയോര്‍ത്ത് ഒരു മൂളിപ്പാട്ടും പാടി കുളിക്കുമ്പോഴാണ്‌, പണിക്കിടെ തെങ്ങില്‍ കൊത്തി വച്ച വാക്കത്തി എടുക്കാന്‍ മറന്ന കാര്യം തൊമ്മച്ചന്‍ ഓര്‍ത്തെടുത്തത്. അവിടെയാണ്‌ ആ ശപിക്കപ്പെട്ട എപ്പിസോഡിന്റെ ആരംഭം. ഇരുട്ടും ഇഴജന്തുക്കളും തമ്മിലുള്ള അഭേദ്യബന്ധമോര്‍ത്ത് ടോര്‍ച്ചുമെടുത്ത് ഇറങ്ങുമ്പോള്‍ ഭാവിയെക്കുറിച്ച് എന്തെങ്കിലും തുമ്പുണ്ടായിരുന്നെങ്കില്‍ കത്രിക്കുട്ടിയോടു പറയാമായിരുന്നു,ഞാന്‍ മറന്നു വച്ച വാക്കത്തിയെടുക്കാന്‍ പോകുകയാണെന്നും,അഞ്ചുമിനിട്ടിനകം തിരിച്ചെത്തേണ്ട ഞാന്‍ പോകുന്ന വഴി പുല്ലില്‍ കാലു തട്ടി പറമ്പിലെ പൊട്ടക്കിണറ്റില്‍  വീഴുമെന്നും ആരുമറിയാതെ വിളിച്ചുകൂവി രണ്ടു മണിക്കൂറ് അതില്‍ പെട്ടുപോകുമെന്നൊക്കെ. അങ്ങനെയൊക്കെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് കുടുംബത്തിലും നാട്ടിലുമൊക്കെ താന്‍ ഇത്ര പരിഹാസപാത്രമാകേണ്ടി വരില്ലായിരുന്നല്ലോ എന്നൊക്കെയോര്‍ക്കുന്ന നിമിഷത്തില്‍ ജോജു പറഞ്ഞു.
'' ആ ഇതില്‍ നൂറു രൂപയുണ്ട്.പത്തിന്റെ പത്ത് നോട്ട്.''
''ആയിരത്തിന്‍റെ പത്തായിരിക്കുമെടാ.''
'' ദേ എന്നെ അത്രയ്ക്ക് വിഡ്ഢിയാക്കരുതേ. അപ്പച്ചന്‍ എന്നെ കാണിച്ചിട്ടില്ലേലും ആയിരത്തിന്‍റെ  നോട്ടൊക്കെ കണ്ടാ എനിക്കറിയാം.''
തൊമ്മച്ചന്‍ വാങ്ങി എണ്ണിനോക്കി ബോധ്യപ്പെട്ടു. നൂറു രൂപ തന്നെ. പൊന്നപ്പന്‍, ഇലക്ഷന്‍ കാലത്തെ തങ്കപ്പന്‍ തന്നെ.
കുഞ്ഞാക്കോ പറഞ്ഞു, ''ഇന്നലെ തൊമ്മച്ചന്‍ ചേട്ടനെ കേറ്റാന്‍ കയറും തപ്പി പോണവഴി ഞാന്‍ പോലീസിനെ വിളിച്ചിരുന്നു. അപ്പോ അവരു പറയുകയാ, അവരു വന്നിട്ടേ കേറ്റാവൂന്ന്. സ്റ്റേഷനില്‍ പരിചയമില്ലാത്ത രണ്ടുപേരേ ഉള്ളുവെന്നും ബാക്കിയുള്ളോരൊക്കെ ഒരു കല്യാണപ്പാര്‍ട്ടീലാന്നും. പാര്‍ട്ടി കഴിഞ്ഞാ ഒടനേ അവരിങ്ങെത്തിക്കോളാന്ന്.''
തലേദിവസം സന്ദര്‍ശകരില്‍ നിന്നും  പത്രക്കാരില്‍ നിന്നുമൊക്കെ രക്ഷപ്പെട്ട് ഉറങ്ങാന്‍ കിടന്നപ്പോള്‍ തന്നെ വല്ലാതെ താമസിച്ചിരുന്നു. അതിനിടെ, ആശുപത്രിയില്‍ പോകണമെന്നും പരിശോധിക്കണമെന്നുമൊക്കെ നിര്‍ബ്ബന്ധിച്ച പഞ്ചായത്ത് പ്രസിഡന്റിനേയും കൂട്ടരേയും ഒഴിവാക്കാന്‍ തന്നെ പാടുപെട്ടു. എന്നിട്ടും പോകുന്നതിനുമുമ്പ് ചില ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പോസു ചെയ്യിപ്പിച്ചു. 
''ദേ... ആരാണ്ടൊക്കെ പിന്നേം വരുന്നൊണ്ട് കേട്ടോ. ഏതോ സ്ഥാനാര്‍ത്ഥി ആണെന്നാ തോന്നുന്നെ.''
''എന്‍റെ പൊന്നു കുഞ്ഞാക്കോ എന്നെ രക്ഷിക്കണം. ഞാനിവിടെ ഇല്ലാന്ന് പറഞ്ഞാ മതി, നിങ്ങളെല്ലാരും കൂടി.''
അത് പറഞ്ഞുതീര്‍ന്നതും തൊമ്മച്ചന്‍ മുറിയില്‍ കയറി വാതിലടച്ചു. അപ്പോഴാണ്‌ ഒരു ഉച്ചഭാഷിണി ശബ്ദം അടുത്തടുത്ത് വരുന്നതായി കേള്‍ക്കുന്നത്.
''ജീവിതപ്രതിസന്ധിയില്‍ നിന്ന് അദ്ഭുതകരമായി കരകയറിയ നമ്മുടെ നാട്ടുകാരനായ കെ.സി.തോമസിനെ പഞ്ചായത്ത് ആദരിക്കുന്നു. നാളെ, ആല്‍ത്തറ മൈതാനിയില്‍. കൃത്യം അഞ്ചുമണിക്ക്. മറക്കരുത്, നാളെ വൈകുന്നേരം അഞ്ചു മണിക്ക്. അതോടൊപ്പം നിങ്ങളുടെ കണ്ണിലുണ്ണിയായ, പൊന്നോമനപ്പുത്രനും വികസന നായകനുമായ നമ്മുടെ  പ്രിയങ്കരനായ സ്ഥാനാര്‍ത്ഥി..................''
ജനാധിപത്യം പൂത്തുലയുന്ന തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനപ്പെരുമഴയുടെ കുളിരണിയുമ്പോള്‍, പുറത്തെ കത്തുന്ന വേനല്‍ പോലും സഹനീയമാകുന്നു. നാം അനുഗൃഹീതരും ആദരണീയരുമാകുന്ന ഒരു ഹ്രസ്വകാലം.
കെ.സി. തോമസെന്ന, കിണറ്റില്‍ ചാടിയ തൊമ്മച്ചന്‍ പിന്‍‌വാതില്‍ തുറന്ന് പൊട്ടക്കിണറിനെ ലക്ഷ്യമാക്കി നടന്നു.   

Monday, May 9, 2016

ജാലം


ദീമാപൂരില്‍ നിന്ന് അതിരാവിലെയാണ്‌ ഞങ്ങള്‍ ഗുവാഹതിയിലേയ്ക്ക് പുറപ്പെട്ടത്. സുദേവന്റെ കാറില്‍ അഞ്ചുമണിക്കൂര്‍ യാത്ര. കാസിരംഗ, സൊനാരിഗാവ്, മോറിഗാവ്, ജൊറാബാദ് വഴി. സൊനാരിഗാവില്‍ നിന്ന് സുദേവന്‌ ലേപയെക്കൂടി കൂട്ടണമായിരുന്നു. ദിമാപൂരിലേയ്ക്ക് ഒരാഴ്ച മുമ്പ് പോരുമ്പോള്‍ ലേപയ്ക്ക് അവധി കൊടുത്ത് വീട്ടിലേയ്ക്ക് വിട്ടതാണ്‌. സൊനാരിഗാവിലെ പ്രധാനപാതയില്‍നിന്ന് തിരിയേണ്ട സ്ഥലത്ത് ലേപ മഞ്ഞസാരിത്തലപ്പും തലയിലിട്ട് ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് ലേപയെക്കൂടി കയറ്റി അവളുടെ പണിതീരാത്ത വീട്ടില്‍ പ്രഭാതഭക്ഷണം. ഭര്‍ത്താവ് പ്രഫുലിനേയും അയാളുടെ സഹോദരിയുടെ കുടുംബത്തെയും അമ്മ മാക്കെന്‍ബറൊയേയും പരിചയപ്പെടുത്തി. അരിയുണ്ടയും നെയ്യപ്പവും ചായയും കഴിച്ച് ഞങ്ങള്‍ അവളെയും കൂട്ടി യാത്ര തുടര്‍ന്നു. ബോകാഘട്ടിലെ മൊധുമതി റെസ്റ്റൊറന്റില്‍ നിന്ന് ഉച്ചഭക്ഷണം. രാത്രിയില്‍ ഞങ്ങളെ ബോല്പൂരിലേയ്ക്ക് യാത്രയയച്ചതും ലേപയാണ്‌. സൊനാരിഗാവിലെ സുന്ദരിയായ വീട്ടമ്മ ഗുവാഹട്ടിയിലെ വേലക്കാരിയാണ്‌. അവള്‍ ഇടയ്ക്ക് മലയാളം വാക്കുകള്‍ പറയും. സുദേവന്റെയും ജയരാമന്റെയും ബാല്യകാലസഖിയായ കുഞ്ഞുമായാജാലക്കാരി പദ്മിനിയെ ഓര്‍മ്മിപ്പിക്കുന്ന ലേപയുടെ കഥയാണ്‌ പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയിരിക്കുന്ന 'ജാലം'.
ജാലം എനിക്ക് പ്രിയപ്പെട്ട കഥകളിലൊന്നാവുന്നതിന്റെ പ്രധാന കാരണം ഞാന്‍ ഇതിന്റെ സാക്ഷിയായിരുന്നു എന്നുള്ളതാണ്‌. സുദേവന്റെയും ജയരാമന്റെയും ലേപയുടെയും കൂടെയുണ്ടായിരുന്ന സഹയാത്രികന്‍. ഇതിലെ നിമിഷങ്ങള്‍ എന്റെ കൂടി സ്വന്തമാണ്‌. അവളുടെ നിരാലംബമായ അവസ്ഥ ഞാന്‍ നേരിട്ടു കണ്ടതാണ്‌. കുടുംബവും ചുറ്റുപാടുകളും യാത്രയാക്കുന്ന, അറിയപ്പെടാതെ പോകുന്ന ആയിരക്കണക്കിനു പരകായപ്രവേശങ്ങളുടെ കഥയാണ്‌ ജാലം.

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്...

നഗരഘോഷകൻ