Friday, October 30, 2009

'കുക്കിംഗ് വിത്ത്‌ സ്റ്റെല്ല' - പ്രമേയദാരിദ്ര്യത്തിനെതിരേ ഒരു മൃഷ്ട ഭോജനം!


-സുരേഷ് നെല്ലിക്കോട്


'കുക്കിംഗ് വിത്ത്‌ സ്റ്റെല്ല', ദിലീപ് മേത്തയുടെ ആദ്യ മുഴുനീള കഥാചിത്രമാണ്. സഹോദരി ദീപാ മേത്തയോടൊപ്പം 'വാട്ടറി'ന്റെയും 'ഹെവന്‍ ഓണ്‍ എര്‍ത്തി'ന്റെയും നിര്‍മ്മാണ രൂപകര്‍ത്താവായി പ്രവര്‍ത്തിച്ച
പരിചയം. അദ്ദേഹത്തിന്റെ ആദ്യ ഡോക്യു-ഫീച്ചര്‍ ഇന്ത്യയിലെ വിധവകളുടെ ജീവിതാവിഷ്കാരമായ 'ഫോര്‍ഗോട്ടെന്‍ ‍ വിമിന്‍' (2008) ആയിരുന്നു. ദില്ലിയില്‍ ജനിച്ച ദിലീപ് ഒരു പത്രഫോട്ടോഗ്രഫര്‍ എന്ന രീതിയില്‍ നേരത്തെ പ്രശസ്തനായിരുന്നു. ഇക്കുറി, സഹോദരിയോടൊപ്പം ചേര്‍ന്ന് തിരക്കഥ എഴുതി നേരിട്ട് സംവിധാനവും ചെയ്തു.

കഥാദാരിദ്ര്യത്തെക്കുറിച്ച് ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്ന ഒരു കാലത്ത്‌ 'കുക്കിംഗ് വിത്ത്‌ സ്റ്റെല്ല' നമ്മെ അദ്ഭുതപ്പെടുത്തുകയാണ്. നമ്മുടെ ശ്രവണ ചക്ഷുസ്സുകളെ ദിശകള്‍ മാറ്റി അന്വേഷിച്ചു കൊണ്ടിരുന്നാല്‍ നല്ല വിഭവങ്ങള്‍ കണ്ടെത്താം എന്നതിന്റെ പ്രത്യക്ഷോദാഹരണമാണിത്.

ഇന്ത്യയിലേയ്ക്ക് നിയോഗിക്കപ്പെട്ട കനേഡിയന്‍ നയതന്ത്രജ്ഞയായ മായാ ചോപ്രയായി ലിസാ റേയും, ഭര്‍ത്താവായ മൈ
ക്കിള്‍ ആയി ഡോണ്‍ മക് കെല്ലറൂം ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍, അവരുടെയും ഒരു പടി മുമ്പിലാണ് അതി
സാമര്‍ത്ഥ്യവും തട്ടിപ്പുകളുമായി അവരുടെ ഹൌസ് കീപ്പര്‍ സ്റ്റെല്ല ആയി വരുന്ന സീമാബിശ്വാസ്‌. വിധവയായും
ഭാര്യയായും സീരിയസ് റോളുകള്‍ കൈകാര്യം ചെയ്തിട്ടുള്ള സീമയുടെ മറ്റൊരു മുഖമാണ് ദിലീപ് രൂപപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെത്തുന്ന വിദേശ നയതന്ത്രപ്രതിനിധികളെ ചൂഷണം ചെയ്യുന്ന സ്ഥിരം വേലക്കാരിയായി സീമ മാറുമ്പോള്‍ ദില്ലിയുടെ മറ്റൊരു മുഖമാണ് നാം അവിടെ കാണുന്നത്. തമാശയ്ക്കായി സൃഷ്ടിക്കപ്പെട്ട രംഗങ്ങളില്ലാത്ത ഈ
ചിത്രത്തിലെ ഓരോ സീനുകളിലും നാം ഹാസ്യവും സാമൂഹ്യവിമര്‍ശനവും കണ്ടെത്തുകയാണ്. അതിഭാവുകത്വമില്ലാതെ, അനായാസേന കഥ നടന്നു കയറുകയാണ്.


ഡോണ്‍ മക് കെല്ലര്‍ ന്യൂ സീലണ്ടില്‍ ഒരു ഫ്രഞ്ച് ഒപെറയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ദീപാ മേത്തയുടെ ഇമെയില്‍ കിട്ടുന്നത്. അദ്ദേഹം അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ചിത്രത്തില്‍ നാനിയായി വരുന്നത് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ പ്രശസ്തയായ ശ്രേയാ ശരണ്‍ ആണു്‌.

വളരെ വ്യത്യസ്തമായ കഥാബീജങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ദീപാ മേത്തയുടെ കഴിവുകളെക്കുറിച്ചു പറയേണ്ടതില്ലല്ലോ! നയതന്ത്രവൃത്തങ്ങളുടെ വ്യക്തിജീവിതങ്ങളിലെ ചെറിയ ചെറിയ കാര്യങ്ങള്‍ കാണികള്‍ക്കു പുതുമയുള്ള ഒരു വിഷയമാണു്‌. ഒരു വിദേശി ഇന്ത്യയില്‍ ചൂഷണം ചെയ്യപ്പെടുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഒരു സ്ഥലത്ത് മൂന്നു വര്‍ഷം മാത്രം നീണ്ടു നില്‍ക്കുന്ന നയതന്ത്രജീവിതത്തിനു് ഇത്തരം പ്രാദേശിക ചൂഷണങ്ങള്‍ക്കെതിരേ കാര്യമായ പ്രതിരോധമൊന്നും സൃഷ്ടിക്കാനാവില്ലാത്തതാണ്‌ ഇതിന്റെ തുടര്‍ച്ചയ്ക്കു കാരണം. ഇത്‌ ഇന്ത്യയെക്കുറിച്ചു വിദേശങ്ങളില്‍ തെറ്റിധാരണയുണ്ടാക്കുന്നതായി ഒരു നയതന്ത്രപ്രതിനിധി, ഈയിടെ മധ്യപൗരസ്ത്യ ചലച്ചിത്രമേളയ്ക്കു ശേഷം അബുദാബിയില്‍ വച്ചു്‌ അവകാശപ്പെടുകയുണ്ടായി. അത് ചിത്രത്തിന്റെ കുഴപ്പമല്ലല്ലോ! പഥേര്‍ പാഞ്‌ ജലിയും, ഫയറും, സ്ലം ഡോഗ് മില്ല്യണയറുമൊക്കെ ഇന്ത്യയെക്കുറിച്ചു മോശം ചിത്രമാണു്‌ വിദേശങ്ങളില്‍ വരയ്ക്കുന്നതെങ്കില്‍ ആരാണതിനുത്തരവാദി? ഏതു തരം ചിത്രങ്ങളാണു്‌ വിദേശങ്ങളില്‍ നമ്മുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനായി നാം നിര്‍മ്മിക്കേണ്ടത്‌? സാമൂഹ്യവിമര്‍‍ശനം രാജ്യദ്രോഹമാകുമോ?

ഒട്ടേറെ ചോദ്യശരങ്ങള്‍‍ക്കിടയിലും 'കുക്കിംഗ് വിത്ത് സ്റ്റെല്ല' നമ്മളെ രസിപ്പിക്കുന്നു. ഇവിടെ കാണികളായ നമുക്കായി ഉപദേശങ്ങളില്ല. ഗുണപാഠങ്ങളില്ല. ആപ്തവാക്യങ്ങളില്ല. വെറുതെ, നമുക്കുള്ളിലേക്കു്‌ തിരിഞ്ഞുനോക്കാനായി ഒരു കണ്ണാടി പോലെ ക്യാമറ മാത്രം.

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്...

നഗരഘോഷകൻ