Sunday, December 20, 2015

Monday, December 14, 2015

ആര്‍ക്കുവേണം യുദ്ധം?

ആര്‍ക്കോവേണ്ടി മുറിവുകളേറ്റു വാങ്ങുന്നവരെക്കുറിച്ചൊരു ചിത്രം:കാരി ജോജി ഫുക്കുനാഗയുടെ ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍
വെട്ടിപ്പിടിക്കലുകളും കീഴടക്കലുകളും ചരിത്രപുസ്തകങ്ങളില്‍ എന്നെന്നേക്കുമായി നിറഞ്ഞുനില്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചവയാണ്. ദുര്‍ബലരുടെ മേലുള്ള അധിനിവേശങ്ങള്‍ ചരിത്രത്തില്‍ വിജയങ്ങളാവുന്നു. ആ 'വിജയികള്‍'ക്കു വേണ്ടിയാണ് ചോദ്യങ്ങളും പരിശോധനകളുമില്ലാതെ ചരിത്രം വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്നത്. അവര്‍ മാത്രമാണ് ചരിത്രംപറയാന്‍ അവകാശമുള്ളവര്‍. തോറ്റവന്‍ എല്ലായിടങ്ങളില്‍നിന്നും നിഷ്‌കാസിതനാവുന്നു. നാടും വീടും സുഹൃത്തുക്കളും ബന്ധുക്കളുമില്ലാതെ അലഞ്ഞുനടക്കുന്നവനുവേണ്ടി ഒരിക്കല്‍പ്പോലും ചരിത്രം വാതില്‍ തുറക്കാറില്ല. തോല്‍വിയുടെ മായ്ക്കാനാവാത്ത മുറിവും നിറവുമാണ് അവനെ എന്നും പിന്തുടരുന്നത്.
  ആര്‍ക്കെതിരെയെന്നോ, എന്തിനാണെന്നോപോലും വ്യക്തമായറിയാതെ യുദ്ധംചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ രാഷ്ട്രീയം പറയുകയാണ് കാരി ജോജി ഫുക്കുനാഗ (Cary Joji Fukunaga), ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍ എന്ന ചിത്രത്തിലൂടെ. 38കാരനായ ഇദ്ദേഹം മൂന്നാംതലമുറയിലെ അമേരിക്കനായ ജപ്പാന്‍ വംശജനാണ്. ലോകത്തിലെ ഏറ്റവുംവലിയ ഓണ്‍ലൈന്‍ ചലച്ചിത്ര വിതരണസ്ഥാപനമായ നെറ്റ്ഫ്‌ലിക്‌സ് (Netflix) നിര്‍മിച്ച ആദ്യമുഴുനീള ചിത്രമെന്ന ബഹുമതി ബീസ്റ്റ്‌സ് ഒഫ് നോ നേഷനു നേടിക്കൊടുത്ത, ഛായാഗ്രാഹകനായ സംവിധായകന്‍. പ്രൈം ടൈം എമ്മി അവാര്‍ഡ് ജേതാവുകൂടിയാണ് ഇദ്ദേഹം.
  ആഫ്രിക്കന്‍ വംശീയപ്പോരുകളില്‍ ബാലയോദ്ധാക്കള്‍ ഒരു പുതുമയല്ല.  തോക്കുകള്‍ പൊട്ടിച്ചും ബോംബെറിഞ്ഞും അവര്‍ രോമാഞ്ചംകൊള്ളുന്നു. പാകമാകാതെ പഴുപ്പിച്ചെടുത്ത് വീരകഥകളിലെ നായകരാകാന്‍ അവരെ ആരൊക്കെയോ തിടുക്കത്തില്‍ പ്രലോഭിപ്പിച്ചെടുക്കുകയാണ്. അങ്ങനെ ബാല്യത്തിന്റെ വിസ്മയങ്ങള്‍ അനുഭവിച്ചുതീരുന്നതിനുമുമ്പേ അവര്‍ പരുക്കന്മാരായ യോദ്ധാക്കളാകുന്നു. അങ്ങനെയുള്ള ബാലന്മാരിലൊരാളാണ് അഗു. അമ്മയെയും കുഞ്ഞുപെങ്ങളെയും പിരിച്ചും അച്ഛനെയും സഹോദരനെയും വെടിവച്ചുവീഴ്ത്തിയുമാണ് യുദ്ധം അവനിലേക്കിറങ്ങി വരുന്നത്.
എല്ലാ ആഫ്രിക്കന്‍ യുദ്ധങ്ങളെയും പോലെ ഇതും എന്തിനു വേണ്ടിയാണെന്നുള്ളത് വ്യക്തമല്ല. പ്ലേഗ് പടരുന്നതു പോലെയാണ് യുദ്ധക്കെടുതി പൊട്ടിപ്പടരുന്നത്. ആദ്യമായി, നിരായുധനായ ഒരാളെ വെട്ടിക്കൊല്ലേണ്ടി വരുമ്പോള്‍, നേരത്തേ പഠിച്ച ബൈബിള്‍ വചനങ്ങള്‍ അഗുവിന്റെ മനസ്സിലൂടെ കടന്നുപോകുന്നുണ്ട്. അവന്‍ മകനെപ്പോലെയാണെന്നും ഒരു മകന് അച്ഛനെ രക്ഷിക്കാനുള്ള ചുമതലയുണ്ടെന്നും കമാന്‍ഡന്റ് പറയുമ്പോള്‍ അവന്‍ ധര്‍മസങ്കടത്തിലാവുന്നു. യുദ്ധരാഷ്ട്രീയത്തിന്റെ കെടുതികളുടെ അന്ത്യത്തില്‍ അഗു കൂട്ടുകാരോടൊപ്പം  കളിച്ച് ബാല്യം തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോകുന്നു. 
   നൈജീരിയന്‍ അമേരിക്കന്‍ എഴുത്തുകാരനായ ഉസോഡിന്‍മ ഐവിയേല (Uzodinma Iweala) യുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഘാനയുടെ വനാന്തരങ്ങളില്‍ ഒരു മഴക്കാലത്തെ അഞ്ച് ആഴ്ചകളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതിനിടെ ഫുക്കുനാഗ മലമ്പനി പിടിച്ച് കിടപ്പിലായിപ്പോയിരുന്നു.

   2013ല്‍ ലോങ് വാക്ക് റ്റു ഫ്രീഡം എന്ന ചിത്രത്തില്‍ നെല്‍സണ്‍ മണ്ടേലയായി വേഷമിട്ട ഇംഗ്ലീഷ് നടന്‍ ഇദ്രിസ് എല്‍ബയാണ് ചിത്രത്തില്‍ കമാന്‍ഡന്റ് ആയി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് കറുപ്പിന്റെ ശക്തിചൈതന്യമായ ഈ നടന്‍. ആയിരത്തോളം കുട്ടികളില്‍നിന്നാണ് ഏബ്രഹാം അത്ത, അഗുവിന്റെ ആകുലതകളേറ്റെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അവന്റെ നോട്ടത്തിന്റെ ആഴങ്ങള്‍ അളന്നുകൊണ്ട് സംവിധായകന്‍ ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയില്‍ പറഞ്ഞതിങ്ങനെയാണ്: 'ആദ്യമായി കാണുന്ന അത്തയും ചിത്രനിര്‍മാണത്തിനു ശേഷമുള്ള അത്തയും തികച്ചും വ്യത്യസ്തനായിരുന്നു. കളിച്ചുനടന്ന കുട്ടിയില്‍നിന്ന് ഇരുത്തംവന്ന, ബാല്യം നഷ്ടപ്പെട്ട, ചിത്രത്തിലെ പോരാളിയെപ്പോലെ.' 
   ആഫ്രിക്കയുടെ ഇരുളില്‍നിന്ന് വെളിച്ചംകണ്ടു പകച്ചു നില്‍ക്കുന്ന കുട്ടിയായി ഏബ്രഹാം അത്ത ടൊറോന്റോയില്‍. സിനിമയില്‍ കാണാതിരുന്ന ചിരിയില്‍ കുളിച്ചുനിന്ന അത്തയ്ക്കിപ്പോള്‍ ഇദ്രിസ് എല്‍ബയും ഫുക്കുനാഗയും കൂട്ടുകാരാണ്. സ്‌കൂളില്‍ കയറാതെ നടന്ന കുട്ടികള്‍ക്കിടയില്‍ നിന്ന് പ്രശസ്തിയുടെ നക്ഷത്രം ചൂണ്ടിക്കാട്ടിയ എബ്രഹാമിനിപ്പോള്‍ മറ്റൊരു ചലച്ചിത്രത്തിലേക്ക് ക്ഷണം കിട്ടിയിരിക്കുന്നു. അവന്‍ പറഞ്ഞു: ''എനിക്ക് ഇദ്രിസിനോടൊപ്പം നില്‍ക്കാന്‍ ഭയമായിരുന്നു. അവര്‍ക്കിടയില്‍ ഞാന്‍ ഒരു ഉറുമ്പ് മാത്രമായിരുന്നു. ഇപ്പോള്‍ എന്നെ എല്ലാവരും അറിയുന്നു എന്നു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.''   സിയെറ ലിയോണിലെ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത ഒരു നേതാവാണ് എബ്രഹാം അത്തയെ ഒളിപ്പോരിന്റെ നടവഴികള്‍ പഠിപ്പിച്ചുകൊടുത്തത്. അച്ഛന്‍ തുറമുഖത്ത് ജോലി ചെയ്യുന്നു. വല്ലപ്പോഴുമൊക്കെ സ്‌കൂളില്‍ പോകും. ഇടയ്ക്ക് വഴിയരികിലിരുന്ന് എന്തെങ്കിലുമൊക്കെ വില്‍ക്കും. സിനിമകള്‍ കാണാന്‍ വലിയ താത്പര്യമൊന്നുമില്ല. 
വെനീസ് ചലച്ചിത്രമേളയില്‍ നിന്ന് മികച്ച ബാലനടനുള്ള മര്‍സേലോ മസ്‌ട്രോയിയാനി പുരസ്‌കാരം നേടിയ എബ്രഹാം അത്ത, ആഫ്രിക്കയുടെ ഇരുളില്‍നിന്ന് പുറത്തുകടക്കുകയാണ്, അഭിനയത്തിലൂടെ.
2015ലെ, ലോകംകണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍.  യുദ്ധംചെയ്ത് ജീവിക്കണോ യുദ്ധം ചെയ്യാതെ മരിക്കണോ എന്നുമാത്രം ചിന്തിക്കേണ്ട ഒരു ലോകത്തിന്റെ കഥയാണിത്. ഒപ്പം ബാല്യങ്ങളില്ലാതെ പോകുന്ന കുട്ടികളുടെയും!

Tuesday, November 10, 2015

കടത്തുകൂലി

ഴാങ് ബത്തീസ്ത് ലലി (Jean Baptiste Lully) യുടെ സംഗീതനാടകത്തില്‍ കെറോണി (Charon) ന്റെ ഒരു പരസ്യപ്രഖ്യാപനമുണ്ട്.

''ഇന്നല്ലെങ്കില്‍ നാളെ നിങ്ങളെല്ലാം എന്റെ കടത്തു കടക്കേണ്ടവരാണ്‌!''
''Sooner or later, you'll all have to cross in my boat!''

ഇന്നലെ ദ് ബൂണ്‍‌ഡോക് സെയിന്റ്സ് (The Boondock Saints) എന്ന സിനിമ കണ്ടു. ട്രോയ് ഡഫിയുടെ, 16 വര്‍ഷം മുമ്പുള്ള ചിത്രം. അതിലെ ഒരു വെടിവയ്പ്പില്‍, മരിച്ചവരുടെ കണ്ണുകളിലോരോന്നിലും നാണയങ്ങള്‍ വച്ചിരിക്കുന്നതു കണ്ടു. മരണാനന്തരം സ്റ്റിക്സ് നദി കടക്കുമ്പോള്‍ കടത്തുകാരനായ കെറോണിനു കൊടുക്കേണ്ട കൂലിയാണ്‌. കൂലി കൊടുക്കാത്ത പക്ഷം ചെളിയിലോ തിരയിലോ നിങ്ങള്‍ താഴ്ന്നു പോകും.
പുരാതനഗ്രീസിലെ ശവസംസ്ക്കാരങ്ങളില്‍ പരേതരുടെ വായ്‌ക്കുള്ളില്‍ നാണയങ്ങള്‍ ഇടുന്നത് കെറോണിന്റെ കടത്തുകൂലിയായിട്ടായിരുന്നു.

സിനിമയ്ക്കു ശേഷം ഞാന്‍ വായിക്കുന്ന ആദ്യ ഇ-മെയിലില്‍ പരിചയപ്പെടുന്ന വാക്ക് 'കെറോണ്‍' ആയിരുന്നു. എന്തൊരദ്ഭുതം! ഒരു വാക്കു പുതിയതായി കേള്‍ക്കുമ്പോള്‍ത്തന്നെ മറ്റെവിടെയെങ്കിലുമൊക്കെ വായനയില്‍ വീണ്ടും കണ്ടെത്തുന്നത് രസകരമാണ്‌. ഒരാളെ പരിചയപ്പെടുന്നതിനു പിന്നാലെ തന്നെ പല സ്ഥലത്തായി വീണ്ടും കണ്ടുമുട്ടുക. അതു രസകരമാണ്‌.
പക്ഷേ, അതിനും ഒരു പേരുണ്ട്. അതെന്താ?

Wednesday, September 23, 2015

പെര്‍‌ഫോമന്‍സ്

  സായിപ്പിന്‌ എഴുപതിനുമേല്‍ പ്രായമുണ്ടാകും. ഓഷവയിലേക്കെത്താന്‍ തീവണ്ടി (ഇപ്പഴും തീവണ്ടീക്കെണ്ടോ, അതും കാനഡേല്‌? ഷട്ടപ്പ്... കഥ പറയുന്നതിനുമുമ്പേ ചോദ്യവുമായി തോക്കിന്റുള്ളിലേയ്ക്ക് ചാടിക്കായറിക്കോളും. തീ അല്ലെങ്കി ഗ്യാസ്..... അത്രന്നെ!) പിടിക്കാന്‍ നോക്കിയപ്പം 3 ഡോളര്‍ 65 സെന്റ് കുറവ്‌. ഒന്നു സഹായിക്കാമോ എന്നാണ്‌ ചുരുക്കം.

ഞാന്‍ കണ്ണിലേയ്ക്ക് നോക്കി. കണ്ണുകള്‍ കള്ളം പറയില്ലെന്നാല്ലേ നമ്മളൊക്കെ വായിച്ചു പഠിച്ചിരിക്കുന്നത്.
പറയുന്നില്ല! ലേശം ക്ഷീണമുണ്ടെന്നു മാത്രമേ സായിപ്പിന്റെ കണ്ണുകള്‍ പറഞ്ഞുള്ളു.

പെട്ടെന്ന് മനസ്സു പറഞ്ഞു: ഓ നാണയത്തുട്ടുകള്‍ എപ്പോഴും കൊണ്ടു നടക്കണമെന്ന് വിചാരിക്കുന്നതല്ലാതെ തന്റെ കൈയില്‍ എപ്പഴാ തുട്ടുകളുണ്ടാവുക?
വാലെറ്റ് തുറന്ന് എറ്റവും ചെറിയ നോട്ട് ആയ അഞ്ചു ഡോളര്‍ ഉണ്ടോന്നു നോക്കി. 
പിന്നെയും മനസ്സ് ഇടയ്ക്ക് കയറി : അതേ സംഗതിയൊക്കെ കൊള്ളാം. ഇതിപ്പോ ആദ്യോന്ന്വല്ല. ഒന്നൂടെ നോക്കീട്ടും കണ്ടിട്ടും ഒക്കെ മതി കൊടുക്കുന്നത്. കറന്റ് റേറ്റില്‍ രൂപ എത്രയാന്നറിയോ, തനിക്ക്? മുന്നൂറ്! നാട്ടിലെന്തൊക്കെ.....

പറഞ്ഞു തീര്‍ക്കുന്നതിനു മുമ്പേ മനസ്സിന്റെ കഴുത്ത് ഞെരിച്ച് പേടിപ്പിച്ച ശേഷം സായിപ്പിനു അഞ്ചു ഡോളര്‍ കൊടുത്തു.
അയാള്‍ അതു വാങ്ങി നന്ദിയും പറഞ്ഞ് കയറിയത് പ്ലാറ്റ്ഫോമിലേയ്ക്ക്.

അപ്പോ... ടിക്കറ്റോ? അയാള്‍ ടിക്കറ്റ് വാങ്ങുന്ന കൗണ്ടറിലേയ്ക്കല്ലല്ലോ പോയത്!

ഒന്നു ഞെട്ടിയെങ്കിലും ഞാന്‍ മനസ്സിനെ തലോടി.
പോട്ടെടാ.... അത് ചോദിപ്പിക്കുന്ന ഒരവസ്ഥയില്ലേ? അതിനു കൊടുത്തതായി കരുതിയാ മതി.

മനസ്സു പറഞ്ഞു : അപ്പോ പണ്ട് അബുദാബിയിലെ അല്‍ നൂര്‍ ഹോസ്പിറ്റലിനടുത്ത് വച്ച് കാലില്‍ ഒരു കെട്ടുമായി മുടന്തി വന്ന പഠാന്‍, ഒരു ദിറാമിന്‌ പന്ത്രണ്ട് രൂപ വിലയുള്ള കാലത്ത്, പത്ത് ദിറാം കൈയില്‍ കിട്ടിയ ഉടനെ, അത്ഭുതം പോലെ മുടന്ത് മാറി സുഖമായി നടന്നു പോയതൊക്കെ മറന്നു അല്ലേ? 

പോട്ടെടാ... നുണ പറഞ്ഞാണെങ്കിലും ഭിക്ഷ യാചിക്കേണ്ട അവസ്ഥയല്ലേ നമ്മളെ ഈ ലോകത്തില്‍ ഏറ്റവും ചെറുതാക്കിക്കളയുന്നത്. അതുകൊണ്ടൊക്കെ നമ്മള്‍ ചെറുതാവുകയും ആരെങ്കിലുമൊക്കെ വലുതാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ വലുതാവട്ടെ....നന്നാവട്ടെ...
ഞാന്‍ സമാധാനിപ്പിച്ചു. 

മനസ്സ് : എന്നോട് എപ്പോഴും, നിന്റെ ഒരു കണ്ണ് എല്ലാത്തിലും വേണോന്നും പറയും. ഞാന്‍ പറയുവേം ഓര്‍മ്മിപ്പിക്കേം ചെയ്യുമ്പം എന്നെ തിന്നാന്‍ വരും. അപ്പോ  എനിക്കിവിടെ ഒരു വെലേം ഇല്ല. ഈ ചേട്ടന്‍ നന്നാവില്ല.

മനസ്സിനെ ഒരുമ്മ കൊടുത്ത്, തലയില്‍ തലോടി ഉള്ളിലേയ്ക്ക് വിട്ടു.


ദാ..... ഇന്നലെ,  രാത്രി 8.43 ന്റെ ആല്‍ഡെര്‍ഷോട്ടിലേയ്ക്കുള്ള ട്രെയിനിന്റെ പ്ലാറ്റ്ഫോം നമ്പര്‍ തെളിയുന്നതും കാത്ത് പച്ചബോര്‍ഡിലേയ്ക്ക് കണ്ണും നട്ട് ഞാന്‍ വീണ്ടും യൂണിയന്‍ സ്റ്റേഷനില്‍.

ആറടിയോളം ഉയരമുള്ള മറ്റൊരവതാരം. സായിപ്പു തന്നെ. നെഞ്ചില്‍ തൊട്ടു ക്ഷമ ചോദിച്ചുതന്നെ തുടങ്ങി.

'' ഐ ആം ഫ്രഞ്ച്. ഫ്രം ക്യുബെക്ക്. മൈ ഇംഗ്ലീഷ് നോട്ട് ഗുഡ്. ഐ കാന്‍ ആസ്‌ക് സംതിംഗ്?''

നീ പറഞ്ഞോ മോനേ സായിപ്പേ.

അയാള്‍ക്ക് പോകേണ്ടത് ഓട്ടവയിലേക്കാണ്‌. തലസ്ഥാനം. അയാള്‍ ഒരു മാസിക തുറന്നു. അതില്‍ ആരുടെയോ കൈയ്യക്ഷരത്തില്‍ കൂട്ടിയും കുറച്ചും എഴുതി വട്ടം വരച്ചിട്ടിരിക്കുന്നത് നാലേകാല്‍ ഡോളര്‍. അതു കാണിക്കുന്നതിനു സമാന്തരമായി,  അയാള്‍ അര മണിക്കൂര്‍ ക്യൂവില്‍ നിന്നതും  ഇത്രയും കാശിന്റെ കുറവുള്ളതായി അവിടെ ഇരുന്ന സ്ത്രീ കണക്കു കൂട്ടി വട്ടം വരച്ചു തന്നതാണെന്നും, താന്‍ സത്യസന്ധനും ദൈവത്തില്‍ എല്ലാം അര്‍പ്പിച്ചിരിക്കുന്നവനാണെന്നും എന്നെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആരും ഇത്തരം സന്ദിഗ്ധഘട്ടത്തില്‍ സാധാരണ സഹായിക്കില്ലെന്നും എന്നെ കണ്ടാല്‍ ഒരു മാന്യനും ദീനാനുകമ്പയുള്ളവനുമാണെന്ന് തോന്നുമെന്നും ഒരു സര്‍ട്ടിഫിക്കറ്റ് നാവുകൊണ്ട് വായുവില്‍ എഴുതി വച്ചു.

എന്തായാലും, മനസ്സ് ഉണര്‍ന്നു ബഹളമുണ്ടാക്കുന്നതിനു മുമ്പേ ഞാന്‍ കര്‍മ്മനിരതനായി.

പൊന്നുമോനേ.... സായിപ്പേ, നിന്റെ അപ്പനെ ഞാന്‍ മിനിഞ്ഞാന്നു കണ്ടിരുന്നു. അയാളുടെ കുറവ് മൂന്നു ഡോളറും അറുപത്തഞ്ചു സെന്റ്സും ആയിരുന്നു.അതിന്റെ കൂടെ ഇപ്പോള്‍ നിനക്കു ഞാന്‍ തരാനുദ്ദേശിച്ചിരുന്ന ഒരു ഡോളറും മുപ്പത്തഞ്ചു സെന്റ്സും കൂട്ടി അഞ്ചു ഡോളര്‍ കൊടുത്തിട്ടുണ്ട്. അത്രയുമൊക്കെ ചെയ്യാനുള്ള വരവേ എനിക്കുള്ളു.

ഇടി വെട്ടിയപോലെ രണ്ടാം സായിപ്പ് അപ്രത്യക്ഷനാവുന്ന ശബ്ദം കേട്ട് മനസ്സുണര്‍ന്നു.

ചേട്ടനെ സമ്മതിച്ചൂ....ട്ടോ! എന്തായിരുന്നു പെര്‍ഫോമന്‍സ്...

ഷര്‍ട്ടിന്റെ കോളറൊന്നു പിന്നിലേയ്ക്ക് വലിച്ചിട്ട് ഞാന്‍ ഒരിഞ്ച് ഉയര്‍ന്നു നിന്നു.

പിന്നെ മനസ്സ് പതുക്കെ പറഞ്ഞു: എന്നുവരെ ഉണ്ടാവും എന്തോ.......! 

***

Friday, August 28, 2015

ഇലയല


ഒരില വീണി,ക്കിളികൂട്ടി
തടാകത്തിലൊരു പൂക്കളം.
ഒരു കാറ്റതിനെക്കൊത്തി-
യെടുത്തുന്മാദത്തിരയാക്കി,
പങ്കിട്ടോടിക്കളിക്കുന്നു,
മുന്നിലും പിന്നിലുമായ്.

Sunday, August 9, 2015

വിളവെടുപ്പ്എന്റെ മുന്തിരിവള്ളികള്‍ പൂത്തെന്നും, പിന്നീട് അത് കായ്‌ച്ചെന്നും എന്നോടു പറഞ്ഞത് ഈ പാണ്ടന്‍ മൈനകളും നിരനിരയായി വന്നിരിക്കുന്ന ഈ കുഞ്ഞിക്കാടകളുമാണ്‌. അതിനിടയില്‍, ആരോ പച്ചകള്‍ക്കിടയില്‍ ഒരു കൂടുണ്ടാക്കി, മുട്ടയിട്ട്, ഒരു പുതിയ തലമുറയെ ജീവിതത്തിലേയ്ക്ക് പറത്തിപ്പോയിരുന്നു.

പുഷ്പങ്ങള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും, ആര്‍ക്കും വേണ്ടാത്ത ഈ ഡാന്‍‌ഡെലയണ്‍  മഞ്ഞകളുടെ ഭംഗി നമ്മുടെ തോട്ടങ്ങളിലെ പൂക്കള്‍ക്കെന്താ ഇല്ലാത്തതെന്ന് എന്നോടു ചോദിച്ചതും ഈ മൈനകളിലൊന്നായിരുന്നു. 

എന്നെ കണ്ടപ്പോള്‍ കാടകള്‍ നിരനിരയായി എഴുന്നേറ്റു നിന്നു. ഞാന്‍ ചിരിച്ചപ്പോള്‍ അവര്‍ ഒരോരുത്തരായി ഇരുന്നു തുടങ്ങി. വൈകിട്ട് അവര്‍ എണ്ണിനിറുത്തിപ്പോകുന്ന മുന്തിരിപ്പഴങ്ങളുടെ കണക്ക് രാവിലെയാവുമ്പോഴേയ്ക്കും തെറ്റിക്കുന്നത്, രാത്രിയില്‍ ഇറങ്ങിനടക്കുന്ന ഒരു കള്ള റക്കൂണ്‍ കുടുംബമാണെന്ന് കാടകള്‍ ആണയിട്ടു പറഞ്ഞു. പെട്ടെന്ന് അതെനിക്കോര്‍മ്മവന്നു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍‌രാത്രികളില്‍ പാത്തും പതുങ്ങിയും മുന്തിരിവള്ളികളിലേയ്ക്ക് വലിഞ്ഞുകയറുന്ന മൂന്നു ജോടി ചെങ്കണ്ണന്മാരെക്കുറിച്ച്. 

അവരും നിങ്ങളും ഒരേ മോഷണമല്ലേ നടത്തുന്നത് എന്നു ചോദിച്ചത് അവര്‍ക്കത്ര രസിച്ചില്ലെന്നു തോന്നുന്നു.

പട്ടാപ്പകല്‍ നിങ്ങളുടെ സാന്നിദ്ധ്യത്തില്‍ കലപില കൂട്ടി മുന്തിരിക്കായ്‌കള്‍ തിന്നുന്നതും രാത്രിയുടെ മറവില്‍ പതുങ്ങി വന്ന് മോഷ്ടിക്കുന്നതും ഒരു പോലെയാണോ എന്ന അവരുടെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ ഉത്തരം മുട്ടി ചിരിച്ചു നിന്നു.
ഞാന്‍ പറഞ്ഞു.
നിങ്ങള്‍ ഭക്ഷിക്കുവിന്‍ പ്രിയരേ... ഇത് നിങ്ങളുടെ വീഞ്ഞാണ്‌. അവരും രാത്രിയില്‍ തിന്നട്ടെ. ഈ ലോകം മനോഹരമാക്കുന്നത് നിങ്ങളാണ്‌. വലിപ്പവും ചെറുപ്പവും മറന്ന് ഒരുമിച്ചു ജീവിക്കാന്‍ ഞങ്ങളെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത് നിങ്ങളാണ്‌. കൂട്ടിക്കൂട്ടി വയ്ക്കുന്ന ഒന്നും ഞങ്ങള്‍ക്ക് കൊണ്ടു പോകാന്‍ കഴിയുന്നില്ലെന്നും അമിതപ്രതീക്ഷകള്‍ ആരിലും വിതയ്ക്കരുതെന്നും ആ വിത്തുകള്‍ വീഴുന്നത് കരിമ്പാറകളിന്മേലാണെന്നും വീണ്ടും വീണ്ടും  ഞങ്ങളെയൊക്കെ ഓര്‍മ്മിപ്പിക്കുന്നത് നിങ്ങളല്ലേ! പന്തിഭേദങ്ങളില്ലാതെ പങ്കിട്ടു ജീവിക്കാനും അതിലൂടെ ജീവിതത്തിലെ സന്തോഷങ്ങള്‍ തേടിപ്പിടിക്കാനും കാണിച്ചു തരുന്നതും നിങ്ങളാണ്‌.  നേരത്തേയുണരാനും പരിശ്രമിച്ചു കഴിയാനും വൈകിട്ട് കൂടെത്തി ജീവിതം സംഗീതമയമാക്കാനും പറഞ്ഞു തരുന്നതും നിങ്ങളാണ്‌.

ചിറകുകള്‍ കുടഞ്ഞുണര്‍ന്ന്, വീണ്ടും വരാമെന്നോതി, അവര്‍ അതിര്‍ത്തികളില്ലാത്ത ആകാശം പൂണ്ടു.

Friday, July 17, 2015

കർക്കിടകപുരാണം 2015

ധർമ്മവർഷം 5967 ചൈത്രം 12 നു അടുക്കളയിൽനിന്നു സ്വവർഗ്ഗഭോഗത്തിനായി പറഞ്ഞയയ്ക്കപ്പെട്ട
ഹയവദനനാണോ അയാളുടെ ഭാര്യയ്ക്കാണോ വെളുത്ത, ഭംഗിയുള്ള മുലകളുണ്ടായിരുന്നതെന്നു കൂടി പ്രജാപതിക്ക് ഓർമ്മയില്ല. ജനകോടികളുടെ ഭാഗധേയങ്ങളെക്കുറിച്ച് ചിന്തിച്ച് ഭാരം കൂട്ടേണ്ട മനസ്സിന്‌ ഒരു ഓർമ്മത്തെറ്റുണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് വകുപ്പദ്ധ്യ്ക്ഷൻ പറഞ്ഞത് മൂപ്പർക്ക് തീരെ പിടിച്ചില്ല.
അപ്പോഴാണ്, ഓർമ്മകൾ വടിയും കുത്തി പ്രജാപതിയുടെ വാതില്ക്കൽ മുട്ടിയത്.
അയാൾക്ക്, വെളുത്ത തുടകളും തടിച്ച ചുണ്ടുകളുമുള്ള അടുക്കളച്ചെക്കനെ പെട്ടെന്ന് ഓർമ്മ വന്നു.
******
പതിറ്റാണ്ടുകൾക്കു ശേഷം ഞാൻ 'ധർമ്മപുരാണം' വായിക്കുകയാണ്. എന്റെ കർക്കിടകക്കാലത്തിനു പറ്റിയ പുരാണപാരായണം! സാഹിത്യമൂല്യമൊന്നും അവകാശപ്പെടാനില്ലാത്ത, കാർട്ടൂൺ സ്ട്രോക്കുകൾ അക്ഷരം പൂണ്ടതാണീ നോവൽ.
ഈ മനുഷ്യനെയാണല്ലോ ദൈവമേ, ചിലർ സി. ഐ. എ ക്കാരനെന്നും അമേരിക്കൻ ചാരനെന്നും ജനസംഘി എന്നുമൊക്കെ മാറി മാറി വിളിച്ചത്!
പുതിയകാലത്തിന്റെ ഗോഡ്സെ വരുന്നതിനുമുമ്പ് അദ്ദേഹം യാത്രയായത് അതുകൊണ്ടാവും!

Thursday, July 16, 2015

ആഗ്രഹം
നമുക്ക് വീട്ടിലൊരു
പട്ടിയെങ്കിലും വേണ്ടേ
എന്നു ചോദിക്കുമ്പോഴൊക്കെ
ഭാര്യ എന്റെ മുമ്പിലേയ്ക്ക്
തുടലഴിച്ചു വിടുന്നത്
കൊല്ക്കത്തയിലെ,
ജാദവ്പൂരിലെ
പ്രൊബീർ ഘോഷിന്റെ
വീട്ടിൽനിന്നു കിട്ടിയ
ഉപ്പുമാവിലെ
രോമത്തെയാണ്.

Monday, May 11, 2015

പഴമാകാൻ കാത്തിരിക്കാതെഅസ്മോച്ചൊല്ലുകൾ......
                                                                                                                
കണ്ണീരൊലിപ്പിച്ച്
പടിയിറങ്ങുന്ന പുഴയ്ക്ക്
നാട്ടിലേയ്ക്ക് കൂട്ടായി വരുന്നത്
കുന്നാണ്
അത് സാവധാനം
പാടത്തിറങ്ങി നിറഞ്ഞ്
കരയായി കൂട്ടിരിക്കുന്നു.
(ഇതെന്റെ ഓര്മ്മയിലെ അസ്മോച്ചൊല്ലുകളില്ഒന്നാണ്‌)

പോക്കുവെയില്മുറ്റത്തു വരച്ചിട്ടുപോയ ജീവിതത്തിലേയ്ക്ക് സൂക്ഷിച്ചു നോക്കിയാല്‍, അസ്മോ പറയാറുള്ളതു പോലെ, ഒക്കെ വക്കു പൊട്ടിയ വാക്കുകളാവും! ഓരോ വാക്കും, അതെത്ര 'വക്കു പൊട്ടിയതാ'ണെങ്കില്ക്കൂടി അതിലൊരു കവിതയുണ്ട്; ഒറ്റവാക്കാണെങ്കില്ക്കൂടി. പുതുകവിത പഴയനിയമങ്ങളുടെ വേലിക്കെട്ടുകള്ചാടി പുറത്തുവരുന്ന കാലത്തിനും മുമ്പേ അസ്മോ എന്റെ മനസ്സില്കുടിപാര്പ്പു തുടങ്ങിയിരുന്നു. പില്ക്കാലത്ത്, അത് സൗമ്യഭാഷണങ്ങളായി, കൊച്ചു കൊച്ചു കുറിപ്പുകളായി വിരൽ ചൂണ്ടി നിന്നത് നമ്മുടെ സമൂഹത്തിലേയ്ക്ക് തന്നെയാണ്.

മൂന്നു ദശാബ്ദങ്ങളായുള്ള പരിചയംജീവിതപ്പഠിപ്പു പൂർത്തിയാകുമ്പോൾ ഒരിക്കലും തോൽക്കാത്തവരായി ആരുമില്ലെന്ന് അസ്മോഅങ്ങനെനടന്നു നടന്നു വരുമ്പോൾ ഒരു സായാഹ്നം ഞങ്ങൾ പുതിയൊരു കണ്ടുപിടുത്തം നടത്തിഅസ്മോയും ഞാനും അബുദാബിയിലെ നാഷണൽ സിനിമയുടെ വശത്തുള്ള പള്ളിയുടെ പിന്നിലെ അയൽക്കാരാണ്.

എല്ലാ മാസവും നാട്ടിലേയ്ക്ക് പണമയയ്ക്കാൻ എന്റെ ഓഫീസിൽ വരുമ്പോൾ ഞങ്ങൾ പുതിയ സാഹിത്യവാർത്തകൾ കൈമാറുംസായാഹ്നത്തിരക്കുകളുടെ പുറംചൂടിൽതിരക്കില്ലെങ്കിൽ മാത്രം ഓരോ ചൂടുചായയുമായി ഞങ്ങൾ മനസ്സ് തണുപ്പിക്കാനിരിക്കുംപുതിയ കഥയും കവിതയും അവിടേയ്ക്ക് കടന്നു വരുംവാരാന്ത്യങ്ങളിലെ കൂടണയലുകളിലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കും.

നാലുവർഷം മുമ്പ് ഞാൻ അബുദാബി വിടുമ്പോൾ അയഞ്ഞതെങ്കിലും സൗഹൃദത്തിന്റെ ചൂടുകുറയാത്ത ഹസ്തദാനത്തോടൊപ്പം പറഞ്ഞ വാക്കുകൾ:'' ഒരു കൈയെത്തും ദൂരത്തല്ലേ ലോകം മുഴുവനുമിപ്പോൾനാമിനിയും കാണുംവായനയും എഴുത്തും കൈവിടാനുള്ള ഒഴികഴിവുകളൊന്നും വേണ്ടഎല്ലാ നന്മകളുമുണ്ടാവട്ടെ!''

ഷാർജയിൽ നിന്നുള്ളപുത്തൻചിറക്കാരുടെ സ്നേഹാദരങ്ങളുടെ പൊന്നാടയണിയുന്ന ചിത്രം ഒരു ദിവസം മുമ്പ് മുഖപ്പുസ്തകത്തിൽപിന്നെഅബുദാബിയിലെ പുസ്തകമേളയിൽ മലയാളത്തിന്റെ പ്രിയ കഥാകാരൻ സേതുവേട്ടൻ വരുന്ന കാര്യം ഞാനറിഞ്ഞുഅസ്മോ സേതുവേട്ടനെ കണ്ടു സംസാരിക്കുന്ന ചിത്രം ഞാൻ മനസ്സിൽ വരച്ചിട്ടുവർഷങ്ങൾക്കു മുമ്പ്എക്സിബിഷൻ സെന്ററിലെ പുസ്തകമേളയിൽ സിസ്റ്റർ ജെസ്മിയുടെ 'ആമേൻപ്രകാശനം ചെയ്യാൻ ഡീസി ബുക്സ് എന്നെയാണു വിളിച്ചത്.അന്ന് അലങ്കാരത്തൊങ്ങലുകളഴിച്ച്  പുസ്തകം എന്റെ കൈയിൽ നിന്ന് എറ്റുവാങ്ങിയത് അസ്മോ ആയിരുന്നു.

പിന്നെ വന്നത് മറ്റൊരു സന്ദേശമാണ്.
''മുഖപ്പുസ്തകത്തിലൂടെ ഒരു മാരകവൈറസായി എന്റെ പേരിലൊരു അപരൻ പുറപ്പെട്ടിട്ടുണ്ടെന്നും അവൻ ഭസ്മാസുരനാണെന്നുംസ്വീകരണമർഹിക്കുന്നില്ലെ''ന്നും കവിതപോലൊരു കുറിപ്പ്അത് ഇന്നലെ.

ഇന്ന്മെയ് പതിനൊന്ന് ഉച്ചകഴിഞ്ഞ് ഒന്നരഒരു മഴ പെയ്തു തോർന്ന് വീണ്ടും വെയിൽ പുതച്ച് അറ്റ്ലാന്റിക്കിലെ സൂര്യൻനാട്ടിലും അബുദാബിയിലും രാത്രിവെറുതെ ഒന്നു നെറ്റിൽ കയറിയതാണ്ദുബായിൽ നിന്നുള്ള വേണുഗോപാലിന്റെ അനുശോചനവരികൾക്കു താഴെ അസ്മോ പുത്തൻചിറയുടെ ചിത്രംഇതെന്താ ഇങ്ങനെയൊരു വിചിത്രസന്ദേശമെന്ന് എന്റെ നെറ്റി ചുളിയുന്നുഉൽക്കണ്ഠയോടെ കൂടുതൽ വാർത്തകൾ തേടി വിരൽത്തുമ്പിൽ താളുകൾ മറിച്ചുഅസ്മോ പുത്തൻചിറ എന്ന സെയ്ദ് മൊഹമ്മദിന്റെ സൗഹൃദം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവരുടെ നൂറുകണക്കിനു സന്ദേശങ്ങൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ മാഞ്ഞാലി കൂടി കൊച്ചി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയിൽ പുത്തൻചിറയ്ക്കുള്ള സ്ഥലസൂചിക കാണുമ്പോൾ ഞാനോർത്തു.
അടുത്ത വരവിൽ വിളിക്കാതെ പോയി ഒന്നു ഞെട്ടിക്കണം.
ഇപ്പോൾ,
അസ്മോ അതിനൊന്നും നിന്നു തരാതെ താങ്കൾ ഞങ്ങളെയൊക്കെ ഞെട്ടിച്ചിരിക്കുന്നുഇനി കുരുതിക്കായൊരു ചിരിയില്ലല്ലോ. 'ആലസ്യം മറന്ന്ഒരുമയോടൊത്തു ചേർന്നൊരുടലായ് പുനർജ്ജനിക്കാനൊരുടലി'ല്ലല്ലോ. 'കോലായ'യിൽ പഴമാകാൻ കാത്തിരിക്കുന്ന ചൊല്ലുകളില്ലല്ലോവിള തിന്നാനില്ലാത്ത വേലികളൊക്കെ മുറ്റത്തേയ്ക്ക് കയറി മതിലാകാൻ സ്വപ്നം കാണില്ലല്ലോ.
സൗഹൃദങ്ങൾക്കും സരസഭാഷണങ്ങൾക്കും വിടഇനി കാത്തിരിക്കാനൊന്നുമില്ലല്ലോ!


Tuesday, April 21, 2015

ഭൂദിനം

തളിർക്കുന്ന കാലത്തെ ഒരു രാത്രിമഴ
ഭൂമിവാതിൽക്കൽ മുട്ടി.
വാതിൽ തുറക്കപ്പെട്ടു.
''കുസൃതിക്കാരിരകളെ മുഴുവൻ
പുറത്തിറക്കി വാതിലടച്ചോളൂ!
ചില പൊള്ളുന്ന പാഠങ്ങൾ
അവർക്കായും ബാക്കിയുണ്ടല്ലോ!''
അങ്ങനെയാണവരെല്ലാം*
കിഴക്കിന്റെ വെളിച്ചത്തിനു മുമ്പേ
പുറത്തുചാടിയത്.
വെള്ളക്കുട്ടികളിൽ ചിലർ
അവയെ കീശകളിലിട്ടു.
മറ്റുചിലർ കൈത്തണ്ടയിൽ
വളകളാക്കി പ്രദർശിപ്പിച്ചു.
നമ്മുടെ കുട്ടികൾ
വീടുമാറാൻ മടിക്കുന്ന
പശുക്കുട്ടികളെപ്പോലെ
പിറകോട്ടു വലിഞ്ഞു നിന്നു.
ചിലർ അവയെ കോലിട്ടു കുത്തി.
ചിലർ അവയെപ്പേടിച്ച്
ബെഞ്ചിലും ഡെസ്ക്കിലും
ചാടിക്കയറി.
ഇരകളിൽ ചിലർ
വഴിതെറ്റി നടന്നു.
ചിലർ വണ്ടികൾക്കടിപ്പെട്ടു.
ചിലർ വെയിലിൽ പൊള്ളിക്കരിഞ്ഞു.
പക്ഷികളിന്ന് ആകാശം വിട്ട്
ഭൂമിയിലായിരുന്നു.
അലസന്മാരായ പക്ഷികൾക്കും,
നിറുകയിൽ സൂര്യനെത്തുമ്പോൾ മാത്രം
പിടഞ്ഞെണീറ്റു പറന്നിറങ്ങിയ
മടിച്ചികൾക്കും വരെ
ഇന്ന് ഇരകൾ കിട്ടി.
----------------------------------------------------
*ഏപ്രിൽ 20. ഭൂമി മണ്ണിരകളോടു പിണങ്ങിയ ദിനമായിരുന്നു.
സർവ്വംസഹയാണെങ്കിലും താൻ മൃദിതയും മൃണ്മയയുമാണെന്ന് ഭൂമി
ഓർമ്മപ്പെടുത്തിയ ദിനങ്ങളിലൊന്ന്.

Thursday, January 22, 2015

കുഞ്ഞപ്പന്റെ മറിയം

ഇത് ഞങ്ങളുടെ സ്വന്തം മറിയം. സുമതിയെന്ന ശരിയായ പേരിലന്വേഷിച്ചാൽ കാളികാവിലാരും മറിയത്തിലേക്കെത്തില്ല. കുഞ്ഞപ്പന്റെ മറിയമാണെങ്കിൽ എല്ലാവർക്കും സുപരിചിത. എനിക്ക് അഞ്ചുവയസ്സുള്ളപ്പോളാണ്, കുഞ്ഞപ്പന്റെ സുന്ദരിയായ വധുവായി മറിയം ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് കെട്ടിക്കേറിയത്. കുഞ്ഞപ്പന്റെ ചാച്ചൻ മത്തന്റെ ചാച്ചനെ ഞങ്ങളുടെ ഒരു പ്രപിതാമഹൻ വില കൊടുത്ത് വാങ്ങിയതാണെന്നുള്ള പൊള്ളുന്ന സത്യത്തെ ഞങ്ങളത്ര സുഖത്തോടെയല്ല കേട്ടത്. മത്തനും കുഞ്ഞന്നയും, അവർക്കുണ്ടായ കുഞ്ഞപ്പനും പാപ്പുവും, കുഞ്ഞപ്പന്റെ കെട്ടിയോൾ മറിയവുമില്ലാത്ത ഒരു ചരിത്രം ഞങ്ങൾക്കില്ല. കുന്നുമ്പുറത്തെ അവരുടെ ഓലവീട് എന്നും വൃത്തിയായി അവർ സൂക്ഷിച്ചിരുന്നു.പാടത്തെ കൃഷിപ്പണികൾക്കിടയിൽ, കുട്ടിക്കാലത്ത്, അവരുടെയൊപ്പമിരുന്ന് പ്രാതൽ കഴിക്കണമെന്ന എന്റെ വാശിമൂത്തപ്പോൾ അമ്മ ഒരു ചെറിയ ഭക്ഷണപ്പൊതി എനിക്കായി കൂടെ വച്ചുതന്നു.അവരുടെ കൂടെയിരുന്ന് മത്തന്റെ വായ്മൊഴിപ്പാട്ടിന്റെ താളത്തിൽ പാടവരമ്പത്തെ ഭക്ഷണം.മത്തൻമൂപ്പന്റെ കൂടെ ഒരുപാടു കേണുപറഞ്ഞാലേ ഒന്നു കലപ്പ പിടിക്കാനും ഞൗരിയടിക്കാനുമൊക്കെ ഞങ്ങളെ അനുവദിക്കൂ. കൊയ്ത്തുകാലമാണ് ഞങ്ങളൊക്കെ ഏറ്റവും ആസ്വദിച്ചിരുന്നത്. കോല്ക്കളിയും നാടൻ പാട്ടുമൊക്കെയായി ഉറക്കമില്ലാത്ത രാവുകൾ. കറ്റകളൊക്കെ മെതിച്ചെടുത്ത് പതം വാങ്ങി എല്ലാവരും കുടികളിലേക്കു മടങ്ങുമ്പോൾ ഞങ്ങൾക്കൊക്കെ വിഷമമാകും.ആളും ബഹളവുമില്ലാതെ, മത്തന്റെ കഥകളിൽ നിന്നിറങ്ങിവന്ന കുട്ടിച്ചാത്തന്മാരും, ഒറ്റമുലച്ചികളും, യക്ഷികളും, ഗന്ധർവ്വന്മാരും, ഒടിയന്മാരും രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങുന്ന ഞങ്ങൾ കുട്ടികളെ കാത്തു നിന്നു.അവരെ പറ്റിക്കാൻ, അവർക്ക് പിടി കൊടുക്കാതെ ഞങ്ങളൊക്കെ വരാന്തകളിൽ കയറിനിന്ന് പിന്മുറ്റത്തേയ്ക്ക് മൂത്രത്തിന്റെ മഴവില്ലുകൾ കുലച്ചു. ഒളിച്ചുനിന്ന് കാടൻപുള്ളിന്റെയും കാട്ടുമാക്കാന്റെയും ശബ്ദമുണ്ടാക്കി പെൺകുട്ടികളെ ഓടിച്ച് വീടുകളിൽ കയറ്റി.

മത്തൻ പോയി. കുഞ്ഞന്നയും പോയി. തങ്കം ടോക്കീസിൽ വന്ന എല്ലാ പ്രേംനസീർസിനിമകളുടേയും കഥകൾ കുഞ്ഞപ്പനും പാപ്പുവും അക്ഷരം വിടാതെ ഞങ്ങൾക്ക് പറഞ്ഞു തന്നു. മുടി നീട്ടിയ വേലൻ പപ്പനാവനെ ഉറക്കത്തിനിടയിൽ ലോറിക്കാരു പൊക്കിയ കഥ വീട്ടിൽ മുതിർന്നവരില്ലാത്ത തക്കം നോക്കി പാപ്പു പറഞ്ഞു തന്നു.

ഒരു നെഞ്ചുവേദനയുടെ കൂടെ കുഞ്ഞപ്പനും പോയി. മകൾ കല്യാണം കഴിച്ച് വേറെ താമസമായി. മരുമകൻ അമ്മാവൻവണ്ടി (കുന്നുമ്പുറക്കാർ റോഡ് റോളറിനെ വിളിക്കുന്നത് അങ്ങനെയാണ്!)ഓടിക്കുന്നു. മകന് ആശാരിപ്പണിയുണ്ട്.

മറിയം വീണ്ടും ഒറ്റയ്ക്കാകുന്നു.

സുജാത കൈപിടിച്ച് മറിയത്തെ വീട്ടിലേയ്ക്ക് കയറ്റുമ്പോഴും, കൂടെയിരുത്തി ദോശ തീറ്റിക്കുമ്പോഴും മറിയത്തിന്റെ കണ്ണുകളിൽ അൻപത്തഞ്ചു വർഷം പിന്നോട്ടു പാഞ്ഞു. അവിശ്വസനീയമായ മാറ്റങ്ങളുടെ കുത്തൊഴുക്കിൽ അവിടേയ്ക്ക് ആദ്യം വന്ന ഒരു പതിനാറുകാരിവധുവിന്റെ കണ്ണുകളിൽ ബാക്കി നിന്ന ആ പഴയ തിളക്കം.

പോകാനിറങ്ങുമ്പോൾ മറിയം സുജാതയോടു പറഞ്ഞു.

''ഇവിടുത്തെ തമ്പ്‌രാട്ടീടെ മാതിരി ആരേം കഷ്ടപ്പെടുത്താതെ അങ്ങോട്ടു പോയാ മതിയായിരുന്നു!''

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്...

നഗരഘോഷകൻ