Friday, November 11, 2016

കാറ്റ്

അപ്പുറത്ത്
തുടലഴിഞ്ഞ് പാഞ്ഞുനടക്കുന്നു
മരങ്ങളെയൊക്കെ കടിച്ചു കുലുക്കി
കറുത്തൊരു ഭ്രാന്തന്‍ കാറ്റ്.

ഇപ്പുറത്ത്
ഇടയ്ക്കിടെ വാമൊഴികള്‍ക്കായി
മുകളിലേയ്ക്കു നോക്കിയും,
വഴിതെറ്റാതിരിക്കാന്‍
വരികള്‍ കൊയ്തുണക്കിയ
തുടയിടുക്കിനെ നക്കിക്കരിച്ചും
തുടലറ്റത്ത്,
ഓടാനാവാതെ,
നടന്നുനടന്ന്
പഴയൊരു കാറ്റും!

Tuesday, October 25, 2016

കാടേറ്റുന്ന കത്തുകള്‍

ബഹുമാനപ്പെട്ട തത്ത്വമസീ, താങ്കള്‍ അയച്ച കുറിപ്പ് വായിച്ചു മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കും, അയല്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ആയതിനാല്‍ പതിവുപോലെ മരുന്നുകടയില്‍ കൊടുത്തു. അവരതു വായിച്ചുനോക്കി 12 ഗുളികകള്‍ തന്നു. രണ്ടെണ്ണം വലുതു വായിലിടാന്‍ ഭാവിച്ചപ്പോള്‍ അശരീരി ഉണ്ടായി. ആ ഗുളികകള്‍ രണ്ടും വയര്‍ ഇളക്കാനുളളതാണ്. 10 എണ്ണം ശ്വാസംമുട്ടിനും. നന്ദി. എന്റെ ദിവ്യദൃഷ്ടി വിയ്യൂര്‍ക്കു തിരിച്ചു. താങ്കളുടെ ഹൃദയം ശരിക്കും കണ്ടു.. ഹൃദയത്തില്‍നിന്നു മനസ്സിലായി താങ്കള്‍ 29-ന് എന്റെ വീട്ടില്‍ ഉണ്ണാന്‍ വരും. നല്ല ഊണ് സംഘടിപ്പിക്കാം. അന്നേ ദിവസം എം ടിയെയും എന്‍ പിയെയും താങ്കള്‍ കൂട്ടണം. മലയാളം എഴുതാനും വായിക്കാനും അറിവുളളവര്‍ ആ ഭാഗത്തുണ്ടെങ്കില്‍ എം ടിക്കും എന്‍ പിക്കും കാര്‍ഡ് ഇടണം.. താങ്കളെ മലയാളം പഠിപ്പിക്കാന്‍ ഒരു പെണ്ണിനെ താങ്കളുടെ സവിധത്തിലേയ്ക്കയക്കാം. പരമസുന്ദരി. താങ്കള്‍ അവളെ കെട്ടുകയാണെങ്കില്‍ മാസന്തോറും എനിക്ക് 250/- രൂപ വീതം അയയ്ക്കണം. താങ്കള്‍ക്ക് അവളില്‍ ഉണ്ടാകുന്ന ആണ്‍കുട്ടികളെ എനിക്കു തരണം. ഒരു ചാവേര്‍പ്പട ഉണ്ടാക്കാനാണ്. ഈ കത്ത് ആരെയെങ്കിലുംകൊണ്ട് വായിപ്പിച്ചു ജ്ഞാനിയാവുക.മുഹമ്മദ് ബഷീര്‍

 മംഗളം

 കോഴിക്കോട്
 14-1-1991

****

മുകളില്‍ കൊടുത്തിരിക്കുന്നത്, കാല്‍ നൂറ്റാണ്ടു മുമ്പ് ബേപ്പൂര്‍ സുല്‍ത്താന്‍ സുകുമാര്‍ അഴീക്കോടിനയച്ച കത്തിന്‍റെ ഉള്ളടക്കമാണ്‌. ഇത്, ഇന്ന് വി.ടി.നന്ദകുമാര്‍ ജൂനിയര്‍ ഫെയ്‌സ് ബുക്കിലിട്ടത് എന്‍റെ കമ്പ്യൂട്ടറില്‍ തെളിഞ്ഞുകിടന്നു.

 എം.ടി ക്കും എന്‍.പി ക്കും കാര്‍‌ഡിടണമെന്ന് വായിച്ച എന്‍റെ മകള്‍ എന്നോടു ചോദിക്കുകയാണ്‌ ”അപ്പോ കൂട്ടുകൂടുന്നത് ചീട്ടുകളിച്ചിരിക്കാനാ അല്ലേ?”

”അല്ലെടീ പോത്തേ….” പോത്തിന്‍റെയുള്ളിലെ ആണാധിപത്യം തിരിച്ചറിഞ്ഞ അവള്‍ പ്രതിഷേധിച്ചു. ചുരുങ്ങിയത്, അവളെ എരുമയായെങ്കിലും കരുതി മാന്യത പുലര്‍ത്താന്‍ കഴിയാത്ത, അച്ഛനിലിപ്പോഴും ബാക്കിനില്‍ക്കുന്ന പിന്തിരിപ്പന്‍ ഫ്യൂഡലിസ്റ്റിനെ അവള്‍ തൊട്ടുകാണിച്ചു തന്നു. കൂടാതെ, മൃഗങ്ങളെയൊക്കെ ആയ കാലത്ത് ഉപയോഗിച്ചും ആയുസ്സെത്തി നിഷ്‌ക്രിയരാവുമ്പോള്‍ പൊതുവഴിയിലേക്കിറക്കിവിട്ടും സ്വാര്‍ത്ഥത വെളിവാക്കുന്ന അനേകര്‍ക്കിടയില്‍ ഞാന്‍ നില്‍ക്കുന്നതും.

ഞാനവളെ വലിച്ചു നീട്ടി കത്തുകളുടെ ഒരു പൂക്കാലത്തേയ്ക്ക് കൊണ്ടുപോയി. ആറു പൈസയ്ക്കും പത്തുപൈസയ്ക്കും പോസ്റ്റ്‌കാര്‍ഡുകള്‍ മനസ്സുകളെ തുറന്നു പിടിച്ചുകൊണ്ട് തലങ്ങും വിലങ്ങും കൂടുകള്‍ തേടി പറന്നു നടന്ന കാലം. എല്ലാ പോസ്റ്റുകാര്‍ഡുകളും വിതരണത്തിനുമുമ്പ് വായിക്കാനുള്ള അധികാരം ഒരു പോസ്റ്റുമാനു മാത്രമേയുള്ളുവെന്ന് അപ്പായി എന്നോടു പറഞ്ഞെങ്കിലും എനിക്കത് അത്രയ്ക്കങ്ങോട്ടു വിശ്വാസമായില്ല. ഒരു ദിവസം അയാള്‍ കല്ലില്‍ തട്ടി കമിഴ്‌ന്നടിച്ചു വീണപ്പോള്‍ പാപ്പു അത് സ്ഥിരീകരിച്ചു : ”എങ്ങനെയാ വീഴാണ്ടിരിക്ക്വ. അയാളുടെ കുറുക്കന്‍ കണ്ണല്ലേ? അത് കാര്‍ഡില്‍ നിന്നെടുത്ത് നെലത്തേയ്ക്ക് വെച്ചാലല്ലേ വീഴാണ്ടൊക്കെ നടക്കാന്‍ പറ്റൂ..” അത്യാവശ്യം പൂട്ടിയ, കാര്‍ഡുകളല്ലാത്ത കത്തുകള്‍ തുറക്കാതെ വായിക്കാനുള്ള പദ്ധതിയും അപ്പായിക്കു സ്വന്തമായിരുന്നു എന്നാണു കേട്ടിട്ടുള്ളത്. അതിന്‍റെ വഴികളും പാപ്പു തന്നെ പറഞ്ഞു തന്നു. ”ഉദാഹരണത്തിന്‌, തുപ്പലുകൊണ്ടൊട്ടിക്കുന്ന കത്തുകള്‍ തുറക്കാന്‍ മലമറിക്കേണ്ട ശ്രമമൊന്നും വേണ്ടി വരില്ല. ഒറ്റ പ്രാവശ്യം നക്കിയ കത്തുകള്‍ കൂളായി തുറക്കാം. പക്ഷേ, അത്തരം കത്തുകളീന്ന് നമ്മക്കൊന്നും കാര്യായിട്ട് കിട്ടിയേല. രഹസ്യങ്ങള്‍ക്ക് ഏഴു പൂട്ടാണ്‌. അത് തല്ലിപ്പൊട്ടിക്കേണ്ടിത്തന്നെ വരും. അങ്ങനെയല്ലേ, ‘കത്ത് പൊട്ടിക്കുക’ എന്ന പ്രയോഗം പോലും വന്നത്.”

പൊട്ടിക്കേണ്ടി വരുമെന്ന് കേട്ടപ്പോള്‍ ഉയര്‍ന്ന എന്‍റെ നെറ്റി ആ വിശദീകരണത്തോടെ ഓ… അങ്ങനെ എന്ന് പൂര്‍‌വ്വസ്ഥിതിയിലെത്തി.


 പാപ്പു തുടര്‍ന്നു: ”അതായത്, രഹസ്യങ്ങളുടെ കനം കൂടുന്നതനുസരിച്ച് എഴുത്തുകാര്‍ കൂടുതല്‍ നക്കുകയോ, ചോറുപയോഗിക്കുകയോ, കൂനമ്പാലക്കായോ കപ്പ്ലാമ്പശയോ മുതല്‍ അരികുറുക്കിയതോ ഒക്കെ പ്രയോഗിക്കും. എന്തിനു പറയുന്നു, നമ്മടെ ഈ … കസേരേടെ കൈയൊക്കെ ഒടിഞ്ഞാ ഒട്ടിക്കണ ഒരു വെള്ളപ്പശയില്ലേ…. ടീവീലൊക്കെ കാണണ….എന്തുട്ടാ അതിന്‍റെ പേര്‌…..?”

 ”ക്വിക്ക് ഫിക്സ്….. ഫെവിക്കോള്‍?” 

”അതന്നെ ….വെല്യേ… വെല്യേ രഹസ്യങ്ങള്‍ അങ്ങനേം വരാറൊണ്ട്!” 

സത്യത്തില്‍ അങ്ങനെ എഴു പൂട്ടിട്ട്, അത്ക്ക് മേലേ കോഡിട്ട് ഒരു കോമ്പിനേഷന്‍ പൂട്ടിട്ട് സീല്‍ ചെയ്ത് പാപ്പൂനു വന്ന ഒരു കത്താണ്‌ അയാളുടെ ജീവിതം നക്കിയെടുത്ത് വിഴുങ്ങിക്കളഞ്ഞത് എന്നതൊക്കെ ഇപ്പോള്‍ നാട്ടില്‍ പലര്‍ക്കും അറിയാം. സ്കൂള്‍ വാര്‍ഷികത്തിന്‍റെ അന്ന്‌ കൂട്ടുകാരികളുമായി ആനന്ദ് തിയേറ്ററില്‍ ‘പറന്നു പറന്നു പറന്ന്’ കാണാന്‍ പോയപ്പോള്‍ കൂട്ടുകാരികളുടെ കണ്ണു വെട്ടിച്ച് നീനാമ്മ പെട്ടിയിലിട്ട രഹസ്യകടിതത്തിന്‍റെ ആന്തരികമായ അന്തര്‍ഗ്ഗതം വലിച്ച് പുറത്തിട്ട് നാട്ടിലെ തേരാപ്പാരകള്‍ക്ക് കൊത്തിക്കീറാനിട്ടു കൊടുത്തത് അപ്പായി ആണെന്നാണ്‌ പൊതുവേ വിശ്വസിക്കപ്പെടുന്നത്. പക്ഷേ തെളിവുകളോ, കാഴ്‌ച്ചക്കാരോ ഇല്ലാത്തതിനാല്‍ പ്രതികാരനടപടികള്‍ മനസ്സില്‍ പൂട്ടിവയ്ക്കാനേ പാപ്പൂന്‌ കഴിഞ്ഞുള്ളു. അത് അത്രയ്ക്കും ഭാവി കരുപ്പിടിപ്പിക്കേണ്ട പദ്ധതികളായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടക്കാന്‍ ഈങ്ങാപ്പുഴയ്ക്ക് മുങ്ങാനുള്ള രഹസ്യപദ്ധതികള്‍ കത്തു പോസ്റ്റുചെയ്തതിന്‍റെ മൂന്നാം ദിവസം അങ്ങനെ പരസ്യമാകുകയും നീനാമ്മ വീട്ടുതടങ്കലിലാവുകയും ചെയ്തു. തല്‍ക്കാലം ഒന്നു മാറിനിന്നാല്‍ കാര്യങ്ങളുടെ കിടപ്പ് നേരേയാവുമെന്ന് ആരോ ഉപദേശിച്ചതിനാല്‍, ജൂണിലെ മഴക്കാലമെത്തുമ്പോഴേയ്ക്കും ബന്ധപ്പെട്ടവര്‍ ഒന്നു തണുത്തോളും എന്നുള്ള പ്രതീക്ഷയും മുറുക്കിപ്പിടിച്ച് പാപ്പുവും അണ്ടര്‍ഗ്രൗണ്ടില്‍ പോയി. 

മൂന്നു മാസം കഴിഞ്ഞ് മടങ്ങിയെത്തിയ പാപ്പു കാണുന്നത് കാര്യങ്ങളൊക്കെ തണുത്തുറഞ്ഞുപോയ അവസ്ഥയിലാണ്‌. അയാളുടെ അസാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീങ്ങുകയും നീനാമ്മ അക്കാലം കൊണ്ട് ഒരു ചെമ്പിളാവുകാരന്‍ പട്ടാളക്കാരന്‍റെ ഭാര്യയായി മാറുകയും ചെയ്തിരുന്നു. 

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ വിരുന്നുവരവില്‍ കൂട്ടുകാരി കുഞ്ഞമ്മയെ കെട്ടിപ്പിടിച്ച് നീനാമ്മ ഒത്തിരി കരഞ്ഞു. കണ്ണീരിനിടയിലൂടെ പൊഴിഞ്ഞുവീണ വാക്കുകള്‍ പാപ്പു ഒറ്റയ്ക്ക് വെട്ടിപ്പോയ വിധിയുടെ കൈത്തോട്ടിലൂടെ മുങ്ങിയും പൊങ്ങിയും ഒഴുകിപ്പോയി. എന്നാലും എന്‍റത്ര ധൈര്യം പോലും അവന്‍ കാണിച്ചില്ലല്ലോ എന്നു പറഞ്ഞാണ്‌ അവള്‍ പിരിഞ്ഞതെന്ന്‌ കുഞ്ഞമ്മ പിന്നീടൊരിക്കല്‍ പാപ്പുവിനോടു പറഞ്ഞപ്പോള്‍, തന്നോടു മുങ്ങാന്‍ പറഞ്ഞ ടീമിന്‍റെ തലയില്‍ ഇതുവരെ ഇടിത്തീവീണില്ലല്ലോ ദൈവേ എന്നു പ്‌രാകി. 

കല്ലഞ്ചിറപ്പാലം. ഒത്തിരി വെള്ളം കുത്തിയൊലിച്ചു പോയിട്ടും അതിന്‍റെ തൂണുകള്‍ ഇപ്പോള്‍ കടപുഴകും…. ഇപ്പോള്‍ കടപുഴകും…. എന്നും പറഞ്ഞു നിന്നതല്ലാതെ വീണില്ല. പിന്നെ, ആള്‍ക്കാര്‍ സഹികെട്ടു മാറ്റിപ്പറഞ്ഞു: ”അടുത്ത ഇടവപ്പാതിക്ക് അതെടുത്ത് പോകും.” മൂന്ന്‌ ഒറ്റക്കല്‍ത്തൂണുകള്‍. നാലാമത്തേത് പാലമായി ജനങ്ങളെ വയലായ്ക്കും കാളികാവിനും ഒത്തിരി പ്രാവശ്യം കടത്തിവിട്ട് പിന്നീടു വന്ന ഇടവപ്പാതികളെയൊക്കെ തോല്പിച്ചു. ഒരു പ്രാവശ്യമെങ്കിലും അതിനു താഴെ കുളിച്ചവരും പാലം കടന്നവരും ഇതിപ്പോഴും വീഴാതെ നില്‍ക്കുന്നുണ്ടല്ലോ എന്ന് അത്ഭുതം കൂറി.

 ”എന്താ കാരണം എന്നറിയുവോ കൊച്ചിന്‌?” കല്ലഞ്ചിറയില്‍ ഇപ്പോഴുള്ള ഒറ്റക്കല്‍‌പ്പാലത്തിനു കുറച്ചു മുമ്പിലായി വെള്ളം തടഞ്ഞു നിറുത്തി ജലസേചനത്തിനായി പില്‍ക്കാലത്ത് ഒരു ചീപ്പ് പണിയുകയുണ്ടായി. അതില്‍ സജീവമായി പങ്കെടുത്തു എന്നുള്ള ഒറ്റ യോഗ്യതയിലാണ്‌ പാപ്പു ഇതെന്നോട് ആധികാരികമായി ചോദിച്ചത്.

 ”എന്താ?” – ഞാന്‍ ചോദിച്ചു. ”നടുക്കുള്ള തൂണുനില്‍ക്കുന്നത് ഉണുക്കുട്ടിമൂത്താരടെ മേത്തല്യോ…!”

 ”ഉവ്വോ, അതാരാ?”

 പാപ്പു ആ കഥയും പറഞ്ഞു. പാലം പണിക്കാലത്ത് എത്ര ശ്രമിച്ചിട്ടും മദ്ധ്യത്തിലെ തൂണ്‌ ഉറയ്ക്കുന്നില്ല. അങ്ങനെ സ്വാസ്ഥ്യം നഷ്ടപ്പെട്ട കൊച്ചൂഞ്ഞ് മേസ്തിരി ഒരു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വപ്നത്തില്‍ മൂപ്പന്‍ വന്നു പറഞ്ഞു: ഞാന്‍ പഠിപ്പിച്ചതില്‍ ഒരു കാര്യം നീ മറന്നു; ഊനം തട്ടാത്തൊരൂര്‍ജ്ജസ്വിതന്‍ രക്തം. അങ്ങനെ പിറ്റേന്ന് പണിയുടെ മേല്‍നോട്ടമേറ്റെടുത്ത ഉണുക്കുട്ടി എന്ന അതികായനായ ശിഷ്യന്‍ കുഴിയുടെ അളവുകള്‍ തിട്ടപ്പെടുത്താനിറങ്ങിയ വഴി അവനുമേല്‍ കൊച്ചൂഞ്ഞ് മേസ്തിരി പാലമുറപ്പിച്ചു. പാലമുറപ്പിച്ച് ഗ്രാമത്തിനു സമര്‍പ്പിച്ച ശേഷം നാടുവിട്ട കൊച്ചൂഞ്ഞ് മേസ്തിരി ഭ്രാന്തനായി എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു മരിച്ചതായാണ്‌ വാര്‍ത്ത. നാട്ടില്‍ കൃഷിയുടെ പച്ചപ്പ് പരവതാനിയായി നിലനിന്നകാലത്ത് രാത്രി പാടങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിടാന്‍ പോയവരില്‍ പലരും ഉണുക്കുട്ടിമൂത്താരെ കണ്ടിട്ടുണ്ടെന്നാണ്‌ പാപ്പുവിന്‍റെ പക്ഷം. ചീപ്പു പണിക്കാലത്ത് ‘എന്നെക്കൂട്ടുന്നില്ലേ… എന്നെക്കൂട്ടുന്നില്ലേ’ എന്നു ചോദിച്ച് അദ്ദേഹം അന്നത്തെ പണിക്കാരുടെ ഉറക്കം തട്ടിമറിച്ചിരുന്നതായും അയാള്‍ പറഞ്ഞു.

 വടക്കന്‍ ഗ്രീസിലെ, ആര്‍ത്തയിലെ പാലത്തെ ഞാന്‍ കല്ലഞ്ചിറയിലെ പാലവുമായി ബന്ധിപ്പിക്കുന്നത് വീണ്ടും ഒരു ദശാബ്ദത്തിനു ശേഷമായിരുന്നു. ആര്‍ത്തയില്‍ പകല്‍ പണിയുന്ന പാലം എന്നും രാത്രി തകര്‍ന്നു വീഴുമായിരുന്നു. അതു പരിഹരിച്ചത് മേസ്തിരി സ്വന്തം ഭാര്യയെ ബലി കൊടുത്തുകൊണ്ടായിരുന്നു.. അവിടെ, മേസ്തിരിയുടെ സ്വപ്നങ്ങളില്‍ കടന്നു വന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുത്തത് മൂപ്പന്‍ മേസ്തിരിക്ക് പകരം ഒരു പക്ഷിയായിരുന്നു. മൃദുമധുരസ്വരത്തിനു പകരം മനുഷ്യന്‍റെ പരുക്കന്‍ ശബ്ദം തൊണ്ടയില്‍ സൂക്ഷിച്ചിരുന്ന ഒരു പക്ഷി. ചതിക്കപ്പെടുന്നവളുടെ വേദനയോടുപമിക്കാന്‍ മറ്റൊന്നുണ്ടായിട്ടില്ലല്ലോ, ഇതുവരെ. പാലം കടക്കുന്നവരെ ഇലകളെപ്പോലെ പറത്തിയും വീഴ്ത്തിയും അവള്‍ പ്രതികാരം ആഘോഷിച്ചു. അവസാനം, സ്വന്തം സഹോദരന്‍റെ അപേക്ഷയില്‍ അവളടങ്ങി നിന്നു.


 ലോകം മുഴുവനുമുണ്ടെങ്കിലും യൂറോപ്പിന്‍റെ തെക്കുകിഴക്കുള്ള ബാള്‍ക്കന്‍ മേഖലയും ലാറ്റിന്‍ അമേരിക്കന്‍ പ്രദേശങ്ങളും കഥകളാല്‍ സമൃദ്ധമായ സ്ഥലങ്ങളാണ്‌. നമ്മുടെ ഐതിഹ്യങ്ങളില്‍ അവയ്ക്കു സമാനമായ പല കഥകളും നമുക്ക് കണ്ടെത്താന്‍ കഴിയും.

പാപ്പുവിന്‍റെ കഥകളുടെ മായികപ്രപഞ്ചത്തില്‍ നിന്ന് ഞാന്‍ വീണ്ടും കത്തെഴുത്തുകളിലേയ്ക്ക് മടങ്ങിവരികയാണ്‌. കത്തെഴുതാന്‍ പ്രേരിപ്പിച്ച അദ്ധ്യാപകര്‍ക്കും ഏറെയിഷ്ടം തോന്നിയ കൂട്ടുകാര്‍ക്കും ഞങ്ങള്‍ കത്തെഴുതി. അദ്ധ്യാപകരില്‍ പലരും മറുകുറിപ്പുകള്‍ അയയ്ക്കാന്‍ തുനിഞ്ഞില്ല. ഞങ്ങളോടു ചേര്‍ന്നുനിന്ന അപൂര്‍‌വ്വം ചിലര്‍ വാക്കുകള്‍ തിരിച്ചു തന്നു. കൂട്ടുകാരില്‍ ചിലരും. അയച്ചുകിട്ടിയ മറുപടികള്‍ ഞങ്ങള്‍ നിധികളാക്കി ഗതകാലത്തിന്‍റെ വര്‍ണ്ണച്ചെപ്പുകളില്‍ കാത്തുവച്ചു. വീണ്ടും, എന്നെങ്കിലുമൊക്കെ തുറന്നു നോക്കാന്‍. ആ നോട്ടത്തില്‍ ഞങ്ങളില്‍ പലരും വര്‍ഷങ്ങളുടെ വാതിലുകള്‍ ഒന്നൊന്നായി തുറന്നു പിന്നിലേയ്ക്കു പോയി. നാല്പതോളം വര്‍ഷമായി എനിക്ക് കത്തയയ്ക്കുന്ന ഒരു സൗഹൃദമുണ്ട്, ഇപ്പോഴും. എത്ര സംസാരിച്ചാലും തീരാത്തത്ര വിശേഷങ്ങള്‍ ഞങ്ങള്‍ക്കിപ്പോഴും ലക്കോട്ടുകളില്‍ കുത്തിനിറയ്ക്കാനുണ്ട്. വല്ലപ്പോഴും മാത്രം കത്തെഴുതി, ദൂരസൗഹൃദങ്ങളുടെ ഭൂമികയെ കുലുക്കി പ്രതിഷ്ഠിക്കുന്നവരുണ്ട്. ഞങ്ങളൊക്കെ ഓരോ കത്തും ഓരോ ഉത്സവമാക്കി ആഘോഷിക്കുകയാണ്‌.

കാടുകയറിയ കഥകള്‍ക്കിടയില്‍ എന്‍റെ മകള്‍ തിക്കിക്കയറുകയാണിപ്പോള്‍. എന്നിട്ടവള്‍ പറയുകയാണ്‌. 


എനിക്ക് അച്ഛന്‍റെ അമ്മയായാല്‍ മതിയായിരുന്നു! 

കറുത്ത വീടുകള്‍

ഈഡയെ പരിചയപ്പെടുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ആ പേരില്‍ പവേല്‍ പാവ്‌ലിക്കോവ്‌സ്‌ക്കി (Pawel Pawlikovski) യുടെ ഒരു സിനിമയുണ്ടെന്നും എന്‍റെ ഇഷ്ട ചിത്രങ്ങളിലൊന്നാണതെന്നുമായിരുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ആ ചിത്രം ഞാന്‍ കുറെ ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഈ ഈഡ ആ ഈഡയെക്കുറിച്ച് കേട്ടിട്ടുതന്നെയുണ്ടായിരുന്നില്ല.

ഇപ്പോള്‍ സര്‍‌വ്വകലാശാലാ വിദ്യാര്‍ത്ഥിനിയായ ആ കറുത്ത സുന്ദരിയുടെ ബാല്യം കാനഡയിലെ ന്യൂ ബ്രണ്‍സ്‌വിക്കിലെ ഒരു ഗ്രാമത്തിലായിരുന്നു. ആ ഗ്രാമം കാണുന്ന ആദ്യത്തെ കറുത്ത കുടുംബം. ഗ്രാമത്തിലെ സ്ക്കൂളില്‍ ആദ്യമായി കാലുകുത്തിയ കറുത്ത കുട്ടികളും അവരായിരുന്നു; ഈഡയും സഹോദരിമാരും. ഒരു വെളുത്ത ഗ്രാമം കറുത്തവരെക്കുറിച്ചും, അവരുടെ ജീവിതരീതിയെക്കുറിച്ചും നേരിട്ടറിയേണ്ടത് ഇവരുടെ കുടുംബം വഴിയായിരുന്നു. 

വളര്‍ന്നു വലുതായ വഴികളില്‍ നിന്നൊക്കെ ഈഡ പഠിച്ച ഒരു കാര്യമുണ്ട്. ഉന്നതവിദ്യാഭ്യാസമോ, മികച്ച ധനസ്ഥിതിയോ, മറ്റെന്തു നേട്ടങ്ങളുണ്ടെങ്കിലും ശരീരത്തിന്‍റെ നിറം കറുപ്പാണെങ്കില്‍ അതു തന്നെയാണ്‌ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നതും തിരിച്ചടികളേറ്റുവാങ്ങുന്നതും എന്ന കാര്യം. അവളുടെ ചിന്തയ്ക്ക് ഉപോദ്‌ബലകമായി എന്‍റെ മനസ്സ് അപ്പോള്‍ കടന്നു പോയത് അമേരിക്കന്‍ പ്രസിഡന്‍റായ ബറാക് ഒബാമയിലേയ്ക്കാണ്‌.  ഒബാമയെക്കുറിച്ച് അമേരിക്കന്‍ ഓണ്‍‌ലൈന്‍ പത്രങ്ങളില്‍ വരുന്ന ഏതു ലേഖനങ്ങളുടെ അടിയിലെ അഭിപ്രായപ്രകടനങ്ങളും ഈഡ പറഞ്ഞതിനെ ശരി വയ്ക്കുന്നവയായിരുന്നു. പൊതുവേ, രാജ്യാന്തരബന്ധങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത പലരും ഒബാമയുടെ കറുപ്പിനു നേരേ അസ്ത്രങ്ങളയയ്ക്കുന്നതു കാണാം. ആ അസ്ത്രങ്ങളില്‍ പലതും നാലഞ്ചു തലമുറ പിന്നിലേയ്ക്കൊക്കെ പോയി പതിക്കുന്നതും കാണാം.

അതായത്, ഏതു സാമ്പത്തിക സാമൂഹിക പരിസ്ഥിതിയില്‍ ജനിച്ചാലും നിറം കറുപ്പായാല്‍ നിങ്ങള്‍ തെരുവിന്‍റെ സന്തതി (gutter snipe) യാണ്‌. നിങ്ങളൊരു ഓട്ടമത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍, മറ്റുള്ളവര്‍ നില്‍ക്കുന്നതിന്‍റെ വളരെ പിന്നില്‍ നിന്ന് ഓടി ജയിക്കേണ്ടിയിരിക്കുന്നു. ജയിച്ചാലും നിങ്ങള്‍ മറ്റു പലരുമല്ലെന്നും മറ്റു ചില സ്വഭാവങ്ങള്‍ തങ്ങള്‍ക്കില്ലെന്നും തെളിയിച്ചാലേ സമ്മാനം ലഭിക്കൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കറുത്തവര്‍ എന്താണെന്ന് ബോധ്യപ്പെടുത്തുന്നതിനേക്കാളേറെ, എന്തൊക്കെയല്ലെന്ന് സ്ഥാപിക്കാന്‍ ഒട്ടേറെ ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരുന്നു, അവര്‍ക്ക്.

ഈയിടെ വായിച്ച ഒരു കാര്യം പെട്ടെന്ന് എനിക്കോര്‍മ്മ വന്നു.

ഒരാള്‍ ദലൈലാമയോടു ചോദിച്ചു: എങ്ങനെയാണു സന്തോഷിച്ചു ജീവിക്കുക?

അദ്ദേഹം മറുപടി പറഞ്ഞു: ഒരു അയ്യായിരം വര്‍ഷം മുമ്പുള്ള, നിങ്ങളില്ലാതിരുന്ന ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കുക. പിന്നെ, നമ്മളില്ലാതായിട്ട് അയ്യായിരം വര്‍ഷം കഴിയുന്ന ഒരു കാലത്തെക്കുറിച്ചും. അവിടെ ആ ചോദ്യത്തിനുത്തരമുണ്ട്. നാം ഒരു പൊടിയായി പറന്നില്ലാതാവുന്ന ആ അവസ്ഥ. അതാണ്‌ എത്ര ആഞ്ഞു കോറിവരഞ്ഞിട്ടും നാം ഒന്നുമല്ലാതായി മാറുന്ന അവസ്ഥ. നാം ഈ ലോകത്തിലെ ഏറ്റവും ചെറിയ അപ്രധാനവസ്തുവായിത്തീരുമ്പോള്‍, ഇപ്പോള്‍ സാര്‍ത്ഥകമായി ജീവിച്ചു സന്തോഷിക്കാനുള്ള വഴികളാണു നാം അന്വേഷിച്ചു കണ്ടെത്തേണ്ടതായി വരുന്നത്. ആ ചിന്തയുണ്ടെങ്കില്‍ നാം ഇപ്പോള്‍ ചെയ്യുന്ന നല്ലതല്ലാത്ത ചില കാര്യങ്ങള്‍ ഉപേക്ഷിക്കാം. പലതും പുതിയതായും നല്ലതായും ചെയ്യാനുള്ളത് തെരഞ്ഞെടുക്കാം. ഒരാളുടെ കഷ്ടപ്പാടുകള്‍ അയാള്‍ നമ്മോടു പറയുമ്പോള്‍ നാം അയാളായി മാറിയാല്‍ അയാളെന്താണ്‌ അപരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് നമുക്ക് മനസ്സിലാകുമെന്നും അപ്പോള്‍ മാത്രമാണ്‌ നാം സഹജീവിയാകുന്നതെന്നും പറയുന്ന ദലൈലാമയുടെ പുഞ്ചിരിസൂക്തങ്ങളിലേയ്ക്ക് ഞാന്‍ ഇടയ്ക്കൊക്കെ ഓടിയൊളിക്കാറുണ്ട്. 

വീണ്ടും ഈഡയിലേയ്ക്ക്.

ഈഡ തുടരുകയാണ്‌.

അച്ഛന്‍ ഞങ്ങള്‍ മൂന്നു പെണുകുട്ടികളോടുമായി പറഞ്ഞിരുന്നു. ചിലപ്പോള്‍ നമ്മുടെ തൊലിയുടെ നിറം മൂലം, നാം മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ബഹുമാനം നമുക്കും നേടിയെടുക്കാന്‍ നാം ഒരുപാട് പ്രയത്‌നിക്കേണ്ടി വരും. എത്ര എടുത്താല്‍ പൊന്താത്ത ഒരു ഭാരമാണ്‌ അച്ഛന്‍ ഞങ്ങളുടെ ചുമലിലേയ്ക്ക് അന്ന് ആ  ചോദ്യത്തിലൂടെ കൈമാറിയതെന്ന് മനസ്സിലാക്കാന്‍ കാലം കുറെയെടുത്തു. എല്ലാ കൗമാരങ്ങള്‍ക്കും പറ്റുന്നതുപോലെയുള്ള 'ഒരു ചെവി... മറ്റേ ചെവി' പ്രശ്നം.

''He was serious, like any protective father. But we, like any other teen, let it in one ear and out the other!''

അതായിരുന്നു ഈഡ പറഞ്ഞ വാക്കുകള്‍. അന്നു പറന്നുപോയ വാക്കുകള്‍ തിരിച്ച് തലയ്ക്കുള്ളിലേയ്ക്ക് പറന്നുകയറുന്നത് ഒത്തിരി കാലത്തിനു ശേഷമാണ്‌.

എല്‌മെന്‍ററി സ്കൂള്‍കാലത്ത് എന്‍റെ അനിയത്തിയോട് ഒരു വെളുത്തകുട്ടി പറഞ്ഞു: മുഖത്തെ ചെളിയൊക്കെ കഴുകിക്കളഞ്ഞു വൃത്തിയായി വന്നുകൂടേ?

എന്‍റെ ഹൈസ്കൂള്‍കാലത്ത്  പലപ്പോഴും കുളിമുറിയുടെ ഭിത്തികളില്‍ കറുത്തവരെ പരിഹസിച്ചുകൊണ്ടുള്ള കോറിവരയ്ക്കലുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

എന്‍റെ അച്ഛന്‍ ഘാനക്കാരനായിരുന്നു. അവിടുത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസവും പിന്നീടുണ്ടായ ഇംഗ്ലണ്ട് വാസവും അദ്ദേഹത്തിന്‍റെ ഇംഗ്ലീഷിനു മാന്യതയുണ്ടാക്കിയിരുന്നു. ടെലിഫോണിലൂടെ അച്ഛനെ കേള്‍ക്കുന്നവര്‍ ആ ശബ്ദത്തിന്‍റെയുടമ കറുത്തവനാണെന്ന് ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. മോണ്‍‌ട്രിയലിലെ ഒരു യൂണിവേഴ്‌സിറ്റിക്കാലത്ത് അച്ഛന്‌ എന്‍റെ ചേച്ചിക്കായി ഒരു താമസസ്ഥലം കണ്ടുപിടിക്കേണ്ടിയിരുന്നു. പത്രത്തിലൂടെ കണ്ടറിഞ്ഞ്, വിളിച്ച് മുറി ഒഴിവുണ്ടെന്ന്‌ ഉറപ്പുവരുത്തി അച്ഛനും ചേച്ചിയും ചെന്നു. ബെല്ലടിച്ചു. വീട്ടുടമയായ വെള്ളക്കാരി പീപ്പ് ഹോളിലൂടെ നോക്കി. കറുത്തവരാണെന്നു കണ്ടപ്പോള്‍ അവര്‍ ഉള്ളില്‍ നിന്ന് വാതില്‍ മുഴുവനായി തുറക്കാതെ വീട് മറ്റാര്‍ക്കോ ഉറപ്പിച്ചെന്ന് കള്ളം പറഞ്ഞ് അവരെ തിരിച്ചയച്ചു. എന്‍റെ ചില കൂട്ടുകാര്‍ പിറ്റേദിവസം അതറിയാന്‍ വേണ്ടി വിളിച്ച് കാര്യം ഉറപ്പുവരുത്തി.  

ചേച്ചി ഒരു ജോലി ചെയ്ത് ചെറിയ വരുമാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന കാലം. ജോലി കിട്ടാതെ മടുത്തപ്പോള്‍ ഒരിക്കല്‍  ഒരു ജോലിക്ക് രണ്ട് അപേക്ഷകളയച്ചു. ഒന്ന് ശരിയായ സ്വന്തം പേരിലും ഒന്ന് 'വെള്ളയടിച്ച' (ഇതിന്‌ അമേരിക്കയില്‍ പറയുന്നത് White-washing എന്നാണ്‌) പേരിലും. രണ്ടു ദിവസത്തിനകം ഒന്നിന്‌ ഇന്‍റര്‍‌വ്യൂ കോള്‍ വന്നു. അത് ഏതു പേരിനായിരുന്നു എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്കൂഹിക്കാന്‍ കഴിയുമല്ലോ!

കുടിയേറ്റക്കാരുടെ രാജ്യം. ജനസംഖ്യയില്‍ 200 ഓളം വംശവൈവിധ്യമുള്ളവരെ ഉള്‍ക്കൊള്ളുന്ന ഈ രാജ്യം ഇപ്പോഴും അതിന്‍റെ കുടിയേറ്റ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്‌. 75 ശതമാനം ആള്‍ക്കാരുടെ മാതൃഭാഷ ഇംഗ്ലീഷോ ഫ്രെഞ്ചോ അല്ല. വര്‍ണ്ണവിവേചനചിന്തകള്‍ ചില മനസ്സുകളിലിപ്പോഴും പടിയിറങ്ങാന്‍ മടിച്ചുനില്‍ക്കുന്നുണ്ട്. അതവര്‍ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. വെള്ളക്കാരന്‍ കൊല്ലപ്പെടുമ്പോള്‍ 'അക്രമ'വും കറുത്തവന്‍ കൊല്ലപ്പെടുമ്പോള്‍ 'പുകഞ്ഞ കൊള്ളി പുറത്തു'മാവുന്ന അവസ്ഥ മാറണം. കറുത്തവന്‍ അധോലോകത്തെയും വെളുത്തവന്‍ സംസ്കാരസമ്പന്നതയേയും പ്രതിനിധീകരിക്കുന്ന വ്യവസ്ഥിതി മാറണം. 

എല്ലാ ഇരുനിറക്കാരനും (Brown skinned), താടി നീട്ടിയവനും മുസ്ലീമാണെന്നും തീവ്രവാദിയാണെന്നും മനസ്സില്‍ കരുതുന്നത് അമേരിക്കക്കാരന്‍റെ പൊതുവിജ്ഞാനത്തിന്‍റെ കുറവാണ്‌. അതേ പരിമിതികളാണ്‌ എല്ലാ ഇസ്ലാം മതവിശ്വാസിയേയും 'ജിഹാദികളാ'ക്കി പരിഭാഷപ്പെടുത്തുന്നതും. അതിന്‍റെ തെളിവാണ്‌ ക്ഷേത്രങ്ങളും ഗുരുദ്വാരകളും മസ്‌ജിദുകളും ഒരേപോലെ ആക്രമിക്കപ്പെടുന്നത്. ഓരോ കറുത്തവനും ഇരുനിറക്കാരനും തങ്ങളുടെ 'പൈതൃക'ങ്ങളെ മലിനപ്പെടുത്താനും 'ശുദ്ധരക്തം' കുടിച്ച് തടിക്കാനും വരുന്ന പരാന്നഭുക്കുകളാണെന്നു കരുതുന്ന ഒരു നല്ല വിഭാഗം ജനങ്ങള്‍ ഇപ്പോഴും ഇവിടങ്ങളിലുണ്ട്. സമാധാനസംരക്ഷണത്തിന്‍റെ പൂര്‍‌ണ്ണ ഉത്തരവാദിത്തം കറുത്തവന്‍റെ മാത്രം ചുമലിലേയ്ക്ക് വച്ചു കൊടുക്കുന്നത് ന്യായമല്ല.

ഈഡയുടെ അനുഭവങ്ങള്‍ വേദനിപ്പിക്കുന്നവയായിരുന്നു. സ്വന്തം സ്വപ്നങ്ങളുടെ ആകാശങ്ങളില്‍ തന്‍റെ ശരീരത്തില്‍ നിന്നിറങ്ങി ഭാരരഹിതയായി ഈഡ പറന്നു നടക്കാറുണ്ടായിരുന്നു. പുതിയ കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നു. അവള്‍ക്കിനിയും പറയാന്‍ ഒരുപാടു കഥകളുണ്ടായിരുന്നു. അവയെല്ലാം ഇനിയൊരിക്കലേയ്ക്കായി മാറ്റി വച്ചു.

എന്‍റെ മനസ്സില്‍ വായിച്ചു മറന്ന മേരിലാന്‍‌ഡിലെ ചാള്‍സ് കൗണ്ടി കടന്നു വന്നു. പോര്‍ട്ട് ടൊബാക്കോ ഫാമിലെ ഉടമയ്ക്ക് നേരേ നിവര്‍ന്നു നിന്നു സംസാരിച്ചതിന്‌ തന്‍റെ വലതു ചെവി മുക്കാലിയില്‍ ആണിയടിച്ചു നിറുത്തിക്കൊണ്ട് നൂറടി ഏറ്റു വാങ്ങിയ അടിമയപ്പനെ ഓര്‍മ്മ വന്നു. ആ അപ്പന്‍റെ മകന്‍ റെവ. ജൊസീയ ഹെന്‍‌സനെ ഓര്‍മ്മവന്നു.  എഴുത്തുകാരി ടോണി മോറിസനെ ഓര്‍മ്മ വന്നു. കവി മായാ ആന്‍‌ജെലോ മകളോടു പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മ വന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്‍റെ പ്രസംഗം കാതില്‍ മുഴങ്ങി. നടന്‍ ഡെന്‍സെല്‍ വാഷിംഗ്‌ടന്‍  ഫ്ലോറിഡയിലും ബോസ്റ്റണിലും നേരിട്ട 'നീഗ്രോ' വിളികള്‍. ഭാര്യയോടൊപ്പം നടന്നുപോകുമ്പോള്‍ 'വേശ്യയും കൂട്ടിക്കൊടുപ്പുകാരനു'മായത്. വംശീയമായ ആക്ഷേപങ്ങളെക്കുറിച്ച് കുട്ടിക്കാലത്ത്  പരാതി പറയുമ്പോള്‍  അമ്മയില്‍ നിന്നു ഡെന്‍‌സെലിനു  കിട്ടിയ മറുപടി ഇങ്ങനെയാണ്‌.

ഓ.. അത് സാരമാക്കേണ്ട. നീ അവരുടെ സ്ഥാനം ഏറ്റെടുത്തേക്കുമോ എന്നുള്ള ഭീതിയില്‍ നിന്നുയരുന്ന ശബ്ദമാണത്!  

*******

Thursday, August 18, 2016

യക്ഷികള്‍ ഉണ്ടാകുന്നത്.....


എത്ര പെട്ടെന്നാണ്‌,
ചക്ക മുറിക്കുമ്പോള്‍
എന്‍റെ ഇടതുവശത്തുനിന്ന്
പൂച്ചക്കണ്ണുകളിലൂടെ
ഇവള്‍
പഴുത്ത ചുളകളെല്ലാം
വലിച്ചെടുത്ത്
വെറും ചകിണികള്‍
മാത്രം
എനിക്കായി
ശേഷിപ്പിച്ചത്!

Tuesday, May 17, 2016

തുറക്കാതെ പോകുന്ന അക്കൗണ്ടുകള്‍

അക്കൗണ്ട് തുറക്കാനുള്ള കടലാസ്സുകള്‍ ആ ചെക്കന്‍റെ കൈയില്‍ കൊടുത്തു വിട്ടതാ. അവനെ ഒരു അഞ്ചുവയസ്സുകൂടി കഴിഞ്ഞിട്ട് സ്ഥാനാര്‍ത്ഥി ആക്കിയാ മതീന്ന് അന്ന് ഞാന്‍ പറഞ്ഞപ്പോ എല്ലാരും കൂടി എന്‍റെ നേരേ ഒരു ആക്കിയ നോട്ടം. ഇന്നലെ അവന്‍ സി.എന്‍.എന്‍ ചാനലിനോടു പറയുകാ നമ്മക്ക് എഴുപത്തൊന്ന് സീറ്റു കിട്ടുമെന്ന്. അതിച്ചിരെ അതിമോഹമല്ലേ എന്ന് പറഞ്ഞ് ആരുടേം ആത്മവിശ്വാസം കളയേണ്ടല്ലോ എന്നു കരുതിയാ ഞാനതങ്ങ് വിഴുങ്ങിയത്. 
അപ്പോ, നമ്മള്‌ പറഞ്ഞുവന്ന കാര്യം അക്കൗണ്ട് തുറക്കുന്നതിന്‍റെയാ..ഈ കടലാസ്സുകളും കൊണ്ട് പോകുമ്പം മൊബൈലു വാങ്ങി വച്ചിട്ടേ വിടാവൂന്ന് ശ്രീധരന്‍പിള്ളച്ചേട്ടന്‍ പറഞ്ഞതു പ്രകാരം അങ്ങനെ ചെയ്തു. അല്ലെങ്കി... പോണ വഴിക്കൊക്കെ അവന്‍ സെല്‍ഫിയെടുത്ത് കളിക്കും. അങ്ങനെപോയാ ആറുമണിക്ക് മുമ്പെത്തിയേല. ഒക്കെ പറഞ്ഞേച്ചാ വിട്ടത്. ഇപ്പം എന്നാ പറ്റിയെന്നറിയാവോ?
പുത്തരിക്കണ്ടത്തൂടെ പോകുമ്പം രമേഷാട്ടനാ കണ്ടത്. പുള്ളിക്കാരനാ എന്നെ വിളിച്ചു പറഞ്ഞത്‌. കടലാസ്സുകളുടെയൊക്കെ മീതേ ഒരു കല്ലെടുത്തു വച്ച് അവന്‍ കൊറേ പിള്ളാരുടെ കൂടെ നിന്ന് ബൗള്‌ ചെയ്യുവാ. രമേഷാട്ടന്‍ അവനെ വിളിച്ചു ചോയിച്ചു.
''നിന്നെ ഒരു പണിയേല്പിച്ചതല്ലേ? ഇപ്പം സമയം എത്രയായീന്നൊന്ന് നോക്കിക്കേ?''
അത് കേക്കാത്ത താമസം അവന്‍ കടലാസ്സുകളെടുക്കാന്‍ നോക്കിയപ്പം കല്ലിന്‍റടീന്ന് രണ്ടു കടലാസ്സുകള്‍ കാറ്റില്‍ പറന്ന്  സിക്സറു പോലെ പോകുന്നു. ബാക്കി രണ്ടെണ്ണം കാറ്റിന്‍റെ  ബാറ്റിംഗില്‍ ബൗണ്ടറിയാകാന്‍ കൈകാലിട്ടടിക്കുന്നു.
സമയം അഞ്ചേ അമ്പത്തഞ്ച്. ഇനി അഞ്ചു മിനിട്ട് ബാക്കി. അതിനകം കൈയിലുള്ള കടലാസ്സെങ്കിലും എത്തിച്ചാ ഒന്നു പറഞ്ഞുനിക്കായിരുന്നു. ആറുമണിക്കകം എത്തിയില്ലെങ്കില്‍ ഇനീം അഞ്ചുവര്‍ഷം കാത്തുനിക്കണം.
നമ്മക്ക് അക്കൗണ്ട് തൊറക്കാന്‍ പറ്റുമോ? അതോ ഇനീം ബ്ലെയ്‌ഡുകാരെ വിളിക്കണോ?

Friday, May 13, 2016

തെരഞ്ഞെടുപ്പുപൂക്കാലം

രണ്ടോ അതിലധികമോ ചെന്നായ്ക്കളുടെ ഇടയില്‍‌പ്പെട്ടു പോയ ഒരു ആട്ടിന്‍‌കുട്ടിയാണ്‌ താനെന്നും ഏതു തരം ഭക്ഷണമാണ്‌ തനിക്ക് വേണ്ടതെന്ന് വോട്ടു ചെയ്താല്‍ അത് തനിക്ക് എത്തിച്ചു തരാമെന്ന് ചെന്നായ്ക്കള്‍ പറയുന്നത് ആത്മാര്‍ത്ഥത കൊണ്ടു തന്നെയാണോ അതോ തന്നെ പറ്റിക്കാനാണോ എന്നൊക്കെ വിചാരിച്ച് മനസ്സുപുകയുന്ന ഒരു പുലര്‍കാല സ്വപ്നം തട്ടിത്തെറിപ്പിച്ചത് ആ ഫോണ്‍ ശബ്ദമായിരുന്നു. സ്ഥലകാലബോധത്തിലേയ്ക്ക് ഉണര്‍ന്ന്,സുരക്ഷിതമായി പറന്നിറങ്ങിനില്‍ക്കുന്ന ഒരു പക്ഷിയെപ്പോലെ സ്വയം സങ്കല്പിച്ച് എടുക്കുമ്പോഴേയ്ക്ക് കത്രിക്കുട്ടി അടുക്കളയില്‍ നിന്ന് രണ്ടു കൈകളും സാരിത്തലപ്പില്‍ തുടച്ച് കൈകളുണക്കി ഫോണ്‍ എടുത്തിരുന്നു.
''ഹോ... എത്രനേരമായി ഈ ഫോണ്‍ കിടന്ന് അലയ്ക്കുന്നു. എന്തൊരുറക്കമാ ഇത്!''
ഇതാരാ ഈ വേനലിന്‍റെ ചുട്ടുവെളുപ്പാന്‍ കാലത്ത് ഇത്ര നേരത്തേ വിളിക്കാന്‍ എന്നോര്‍ത്ത് മുണ്ടും വാരിയുടുത്ത് തൊമ്മച്ചന്‍ ഫോണ്‍ വാങ്ങി, സ്വപ്നത്തില്‍ അടഞ്ഞുപോയ ശബ്ദത്തിന്‍റെ ബാക്കിയില്‍ ഹലോ പറഞ്ഞു.
''ഹലോ, ഇത് തൊമ്മച്ചനാണോ?''
''അതേ..''
''ഇന്നലെ കിണറ്റില്‍ ചാടിയ തൊമ്മച്ചന്‍ തന്നെ?''
''ആളതു തന്നെയാ... പക്ഷേ ചാടിയതല്ല, വീണതാ.''
'' ഓ.. അതിപ്പം രണ്ടായാലും ഒരേ അനുഭവമല്ലേ? വീഴല്‍,വെള്ളം കുടി, തൊലി പോകല്‍, ശരീരവേദന, നിലവിളി......വീട്ടിലെ ചില പ്രശ്നങ്ങളാണ്‌ ഇതിലേയ്ക്കൊക്കെ വഴിതെളിച്ചതെന്ന് കേള്‍ക്കുന്നത് ശരിയാണോ?''
'' അതേയ്.... നിങ്ങളാരാ? എനിക്ക് ഒരു വീട്ടുപ്രശ്നവുമില്ല... എവിടുന്നാ വിളിക്കുന്നെ?''
''ഇത് പോലീസ് സ്റ്റേഷനീന്നാ... അവിടെ ഓണ്ടാവുവല്ലോ,അല്ലേ? ഞങ്ങളതിലേ വരുന്നുണ്ട്.എങ്ങോട്ടും പോയേക്കരുത്. ഞങ്ങക്ക് തെരഞ്ഞെടുപ്പുകാലമായതോണ്ട് നിന്നു തിരിയാന്‍ സമയമില്ല''
ഫോണ്‍ വയ്ക്കുമ്പോള്‍ തൊമ്മച്ചനു പെട്ടെന്നോര്‍മ്മ വന്നു. കൊച്ചുവെളുപ്പാന്‍‌കാലത്തു കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്‌. താനിപ്പോഴും ചെന്നായ്ക്കളുടെ നടുവില്‍ തന്നെയാണ്‌. ഈ ചെന്നായ്ക്കളും ഭക്ഷണത്തിന്‍റെ തെരഞ്ഞെടുപ്പിനായി വോട്ടു ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച് സന്തോഷിച്ചു നില്‍ക്കുന്ന ആട്ടിന്‍‌കുട്ടിയുമൊക്കെ,സ്വാതന്ത്ര്യോദ്ഘോഷകനും ചിന്തകനും അദ്ധ്യാപകനുമായ ജെയിംസ് ബോവര്‍ഡിന്റെ ഏതോ പുസ്തകത്തില്‍ നിന്നിറങ്ങി വന്നതല്ലേ? പുസ്തകം 'ഫ്രീഡം ഇന്‍ ചെയിന്‍സ്'(Freedom in Chains) ആണോ 'അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഡിമോക്രസി' (Attention Deficit Democracy) ആണോ എന്നൊന്നും ഓര്‍ത്തെടുക്കാന്‍ തൊമ്മച്ചനു കഴിഞ്ഞില്ല. 
''അപ്പച്ചാ.... അപ്പച്ചനെന്താ ഇത്ര മാനസികവിഷമത? അങ്ങനെ വല്ലതുമുണ്ടെങ്കില്‍ ഞങ്ങളോടു പറയാതിരുന്നതിന്‍റെ കാരണേന്നാ?''
അടുത്ത മുറിയില്‍ നിന്ന് വാട്ട്സ് ആപ്പിലും ഫെയ്സ് ബുക്കിലും കുത്തിക്കളിച്ചിരുന്ന മകന്‍ ജോജു ഓടി വന്നു.
''എന്നാ പറ്റീടാ..?'' ഞാന്‍ ആകാംക്ഷയില്‍ ശ്വാസം കിട്ടാതെ മുങ്ങിപ്പൊങ്ങുകയായിരുന്നു.
''ദാ... ഫെയ്സ് ബുക്കില്‍. അപ്പച്ചന്‍റെ പടോം കുറിപ്പും. സാമ്പത്തിക-മാനസികപ്രശ്നങ്ങളാല്‍ കിണറ്റില്‍ ചാടിയ കെ. സി. തോമസിനെ രക്ഷപ്പെടുത്തിയ ഭാരത വികസന പാര്‍ട്ടിയുടെ നേതാവ് കമ്പിവളപ്പില്‍ പൊന്നപ്പനും പ്രവര്‍ത്തകരും. മൂന്നാലു പടോമൊണ്ട്. താല്‍ക്കാലികാശ്വാസമായി പതിനായിരം രൂപയൊക്കെ എപ്പോ തന്നു? ഇതൊന്നും അപ്പച്ചന്‍ ഞങ്ങളോടു പറഞ്ഞേയില്ലല്ലോ!''
അത് കേട്ടപ്പോഴാണ്‌, ഇന്നലെ സന്ധ്യയ്ക്ക് ശേഷം പൊന്നപ്പനും സംഘവും വീട്ടില്‍ വന്നതും ഫോട്ടോയ്ക്ക് നിന്നതും പോകുന്നതിനു മുമ്പ് ഇതിരിക്കട്ടെ ഒരാശ്വാസത്തിന്‌ എന്നും പറഞ്ഞ് ഒരു കവര്‍ തന്നതും ഓര്‍മ്മ വന്നത്. തിരക്കില്‍ പെട്ടതിനാല്‍ അതൊട്ടു തുറന്നു നോക്കാനും കഴിഞ്ഞില്ല. 
''എന്നാലും എന്റെ പൊന്നപ്പാ ഇതെന്നാ ഒരു ചതിയാ നീ ഈ ചെയ്തത്....?'' 
തലേന്ന്‌  രാത്രി ടീവിയുടെ മുകളില്‍ വച്ച  കവര്‍  തപ്പിയെടുത്ത് തുറക്കാന്‍ ശ്രമിക്കുമ്പോഴേയ്ക്കും  കത്രിക്കുട്ടി അടുക്കളയില്‍ നിന്ന് ഓടിയെത്തി കരയാന്‍ ആരംഭിച്ചിരുന്നു. 
''ഈ അച്ചായനെന്തോ പറ്റീട്ടൊണ്ട് ജോജൂ. കിണറ്റില്‍ വീണതാന്നൊക്കെ അച്ചായന്‍ പറയുന്നുണ്ടേലും ചാടീത് തന്നെ ആണോന്നാ എനിക്കിപ്പം സംശയം. ഇക്കാലത്ത് ആരും വ്യക്തിഗതവിഷമങ്ങള്‍ കുടുംബത്തില്‍ പോലും ചര്‍ച്ച ചെയ്യാത്തതാ ഈ ആത്മഹത്യകളൊക്കെ കൂടുന്നേന്‍റെ  കാരണോന്നാ കഴിഞ്ഞ ദിവസം ടീവീ യിലും കണ്ടത്.''
''..ന്നാ ഒരു കാര്യം ചെയ്യ്. പത്രക്കാരേം ടീവീക്കാരെയൊക്കെ വൈകിട്ടത്തേയ്ക്ക് വിളി. ഞാന്‍ എന്‍റെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ടോക് ഷോ നടത്താം. ..ന്‍റെ കത്രീ... ഞാന്‍ ചാടിയതല്ലെന്നും വീണതാന്നും എത്ര പ്രാവശ്യമാ ഞാന്‍ പറയുക. എങ്ങനെയാ ഇപ്പോ ഇതൊന്ന് തെളിയിക്കുക എന്‍റെ കര്‍ത്താവേ? 
അതും പറഞ്ഞ് തൊമ്മച്ചന്‍ ജോജുവിന്‍റെ കൈയിലേയ്ക്ക് കവര്‍ കൊടുത്ത്, തുറന്നു നോക്കാന്‍ പറഞ്ഞു.
പുറത്ത് വാതില്‍ക്കല്‍ ആരോ ബെല്ലടിച്ചു. അയല്‍‌വാസി കുഞ്ഞാക്കോ ആണ്‌. അവനാണ്‌ തന്നെ കയറില്‍ കൊട്ട കെട്ടിയിറക്കി കിണറ്റില്‍ നിന്ന് പൊക്കിയെടുത്ത് രക്ഷിച്ചത്. 
ഇന്നലെ വൈകിട്ട് പണി കഴിഞ്ഞ് പറമ്പില്‍ നിന്നു വന്ന് കാപ്പിയും കുടിച്ച് കുറച്ചു നേരം വിശ്രമിച്ചു. വിയര്‍പ്പൊന്ന് വലിഞ്ഞ ശേഷം കുളിക്കാന്‍ കയറി. കുളിമുറിയിലും കക്കൂസിലുമൊക്കെ വച്ചാണ്‌ ലോകത്തെ മാറ്റിമറിക്കുന്ന അഭിജാതചിന്തകളില്‍ പലതും ഉദ്ഭവം കൊണ്ടത് എന്നൊക്കെയോര്‍ത്ത് ഒരു മൂളിപ്പാട്ടും പാടി കുളിക്കുമ്പോഴാണ്‌, പണിക്കിടെ തെങ്ങില്‍ കൊത്തി വച്ച വാക്കത്തി എടുക്കാന്‍ മറന്ന കാര്യം തൊമ്മച്ചന്‍ ഓര്‍ത്തെടുത്തത്. അവിടെയാണ്‌ ആ ശപിക്കപ്പെട്ട എപ്പിസോഡിന്റെ ആരംഭം. ഇരുട്ടും ഇഴജന്തുക്കളും തമ്മിലുള്ള അഭേദ്യബന്ധമോര്‍ത്ത് ടോര്‍ച്ചുമെടുത്ത് ഇറങ്ങുമ്പോള്‍ ഭാവിയെക്കുറിച്ച് എന്തെങ്കിലും തുമ്പുണ്ടായിരുന്നെങ്കില്‍ കത്രിക്കുട്ടിയോടു പറയാമായിരുന്നു,ഞാന്‍ മറന്നു വച്ച വാക്കത്തിയെടുക്കാന്‍ പോകുകയാണെന്നും,അഞ്ചുമിനിട്ടിനകം തിരിച്ചെത്തേണ്ട ഞാന്‍ പോകുന്ന വഴി പുല്ലില്‍ കാലു തട്ടി പറമ്പിലെ പൊട്ടക്കിണറ്റില്‍  വീഴുമെന്നും ആരുമറിയാതെ വിളിച്ചുകൂവി രണ്ടു മണിക്കൂറ് അതില്‍ പെട്ടുപോകുമെന്നൊക്കെ. അങ്ങനെയൊക്കെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് കുടുംബത്തിലും നാട്ടിലുമൊക്കെ താന്‍ ഇത്ര പരിഹാസപാത്രമാകേണ്ടി വരില്ലായിരുന്നല്ലോ എന്നൊക്കെയോര്‍ക്കുന്ന നിമിഷത്തില്‍ ജോജു പറഞ്ഞു.
'' ആ ഇതില്‍ നൂറു രൂപയുണ്ട്.പത്തിന്റെ പത്ത് നോട്ട്.''
''ആയിരത്തിന്‍റെ പത്തായിരിക്കുമെടാ.''
'' ദേ എന്നെ അത്രയ്ക്ക് വിഡ്ഢിയാക്കരുതേ. അപ്പച്ചന്‍ എന്നെ കാണിച്ചിട്ടില്ലേലും ആയിരത്തിന്‍റെ  നോട്ടൊക്കെ കണ്ടാ എനിക്കറിയാം.''
തൊമ്മച്ചന്‍ വാങ്ങി എണ്ണിനോക്കി ബോധ്യപ്പെട്ടു. നൂറു രൂപ തന്നെ. പൊന്നപ്പന്‍, ഇലക്ഷന്‍ കാലത്തെ തങ്കപ്പന്‍ തന്നെ.
കുഞ്ഞാക്കോ പറഞ്ഞു, ''ഇന്നലെ തൊമ്മച്ചന്‍ ചേട്ടനെ കേറ്റാന്‍ കയറും തപ്പി പോണവഴി ഞാന്‍ പോലീസിനെ വിളിച്ചിരുന്നു. അപ്പോ അവരു പറയുകയാ, അവരു വന്നിട്ടേ കേറ്റാവൂന്ന്. സ്റ്റേഷനില്‍ പരിചയമില്ലാത്ത രണ്ടുപേരേ ഉള്ളുവെന്നും ബാക്കിയുള്ളോരൊക്കെ ഒരു കല്യാണപ്പാര്‍ട്ടീലാന്നും. പാര്‍ട്ടി കഴിഞ്ഞാ ഒടനേ അവരിങ്ങെത്തിക്കോളാന്ന്.''
തലേദിവസം സന്ദര്‍ശകരില്‍ നിന്നും  പത്രക്കാരില്‍ നിന്നുമൊക്കെ രക്ഷപ്പെട്ട് ഉറങ്ങാന്‍ കിടന്നപ്പോള്‍ തന്നെ വല്ലാതെ താമസിച്ചിരുന്നു. അതിനിടെ, ആശുപത്രിയില്‍ പോകണമെന്നും പരിശോധിക്കണമെന്നുമൊക്കെ നിര്‍ബ്ബന്ധിച്ച പഞ്ചായത്ത് പ്രസിഡന്റിനേയും കൂട്ടരേയും ഒഴിവാക്കാന്‍ തന്നെ പാടുപെട്ടു. എന്നിട്ടും പോകുന്നതിനുമുമ്പ് ചില ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പോസു ചെയ്യിപ്പിച്ചു. 
''ദേ... ആരാണ്ടൊക്കെ പിന്നേം വരുന്നൊണ്ട് കേട്ടോ. ഏതോ സ്ഥാനാര്‍ത്ഥി ആണെന്നാ തോന്നുന്നെ.''
''എന്‍റെ പൊന്നു കുഞ്ഞാക്കോ എന്നെ രക്ഷിക്കണം. ഞാനിവിടെ ഇല്ലാന്ന് പറഞ്ഞാ മതി, നിങ്ങളെല്ലാരും കൂടി.''
അത് പറഞ്ഞുതീര്‍ന്നതും തൊമ്മച്ചന്‍ മുറിയില്‍ കയറി വാതിലടച്ചു. അപ്പോഴാണ്‌ ഒരു ഉച്ചഭാഷിണി ശബ്ദം അടുത്തടുത്ത് വരുന്നതായി കേള്‍ക്കുന്നത്.
''ജീവിതപ്രതിസന്ധിയില്‍ നിന്ന് അദ്ഭുതകരമായി കരകയറിയ നമ്മുടെ നാട്ടുകാരനായ കെ.സി.തോമസിനെ പഞ്ചായത്ത് ആദരിക്കുന്നു. നാളെ, ആല്‍ത്തറ മൈതാനിയില്‍. കൃത്യം അഞ്ചുമണിക്ക്. മറക്കരുത്, നാളെ വൈകുന്നേരം അഞ്ചു മണിക്ക്. അതോടൊപ്പം നിങ്ങളുടെ കണ്ണിലുണ്ണിയായ, പൊന്നോമനപ്പുത്രനും വികസന നായകനുമായ നമ്മുടെ  പ്രിയങ്കരനായ സ്ഥാനാര്‍ത്ഥി..................''
ജനാധിപത്യം പൂത്തുലയുന്ന തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനപ്പെരുമഴയുടെ കുളിരണിയുമ്പോള്‍, പുറത്തെ കത്തുന്ന വേനല്‍ പോലും സഹനീയമാകുന്നു. നാം അനുഗൃഹീതരും ആദരണീയരുമാകുന്ന ഒരു ഹ്രസ്വകാലം.
കെ.സി. തോമസെന്ന, കിണറ്റില്‍ ചാടിയ തൊമ്മച്ചന്‍ പിന്‍‌വാതില്‍ തുറന്ന് പൊട്ടക്കിണറിനെ ലക്ഷ്യമാക്കി നടന്നു.   

Monday, May 9, 2016

ജാലം


ദീമാപൂരില്‍ നിന്ന് അതിരാവിലെയാണ്‌ ഞങ്ങള്‍ ഗുവാഹതിയിലേയ്ക്ക് പുറപ്പെട്ടത്. സുദേവന്റെ കാറില്‍ അഞ്ചുമണിക്കൂര്‍ യാത്ര. കാസിരംഗ, സൊനാരിഗാവ്, മോറിഗാവ്, ജൊറാബാദ് വഴി. സൊനാരിഗാവില്‍ നിന്ന് സുദേവന്‌ ലേപയെക്കൂടി കൂട്ടണമായിരുന്നു. ദിമാപൂരിലേയ്ക്ക് ഒരാഴ്ച മുമ്പ് പോരുമ്പോള്‍ ലേപയ്ക്ക് അവധി കൊടുത്ത് വീട്ടിലേയ്ക്ക് വിട്ടതാണ്‌. സൊനാരിഗാവിലെ പ്രധാനപാതയില്‍നിന്ന് തിരിയേണ്ട സ്ഥലത്ത് ലേപ മഞ്ഞസാരിത്തലപ്പും തലയിലിട്ട് ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് ലേപയെക്കൂടി കയറ്റി അവളുടെ പണിതീരാത്ത വീട്ടില്‍ പ്രഭാതഭക്ഷണം. ഭര്‍ത്താവ് പ്രഫുലിനേയും അയാളുടെ സഹോദരിയുടെ കുടുംബത്തെയും അമ്മ മാക്കെന്‍ബറൊയേയും പരിചയപ്പെടുത്തി. അരിയുണ്ടയും നെയ്യപ്പവും ചായയും കഴിച്ച് ഞങ്ങള്‍ അവളെയും കൂട്ടി യാത്ര തുടര്‍ന്നു. ബോകാഘട്ടിലെ മൊധുമതി റെസ്റ്റൊറന്റില്‍ നിന്ന് ഉച്ചഭക്ഷണം. രാത്രിയില്‍ ഞങ്ങളെ ബോല്പൂരിലേയ്ക്ക് യാത്രയയച്ചതും ലേപയാണ്‌. സൊനാരിഗാവിലെ സുന്ദരിയായ വീട്ടമ്മ ഗുവാഹട്ടിയിലെ വേലക്കാരിയാണ്‌. അവള്‍ ഇടയ്ക്ക് മലയാളം വാക്കുകള്‍ പറയും. സുദേവന്റെയും ജയരാമന്റെയും ബാല്യകാലസഖിയായ കുഞ്ഞുമായാജാലക്കാരി പദ്മിനിയെ ഓര്‍മ്മിപ്പിക്കുന്ന ലേപയുടെ കഥയാണ്‌ പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയിരിക്കുന്ന 'ജാലം'.
ജാലം എനിക്ക് പ്രിയപ്പെട്ട കഥകളിലൊന്നാവുന്നതിന്റെ പ്രധാന കാരണം ഞാന്‍ ഇതിന്റെ സാക്ഷിയായിരുന്നു എന്നുള്ളതാണ്‌. സുദേവന്റെയും ജയരാമന്റെയും ലേപയുടെയും കൂടെയുണ്ടായിരുന്ന സഹയാത്രികന്‍. ഇതിലെ നിമിഷങ്ങള്‍ എന്റെ കൂടി സ്വന്തമാണ്‌. അവളുടെ നിരാലംബമായ അവസ്ഥ ഞാന്‍ നേരിട്ടു കണ്ടതാണ്‌. കുടുംബവും ചുറ്റുപാടുകളും യാത്രയാക്കുന്ന, അറിയപ്പെടാതെ പോകുന്ന ആയിരക്കണക്കിനു പരകായപ്രവേശങ്ങളുടെ കഥയാണ്‌ ജാലം.

Thursday, January 21, 2016

തെമ്മാടിക്കുഴി

സുരേഷ് നെല്ലിക്കോട് 


പെട്ടെന്നു വന്ന മഴയും അതിനെത്തുടർന്നുണ്ടായ ചുളുചുളുപ്പൻ കാറ്റുമാണ് ജനനിബിഡമായിരുന്ന കുന്നത്തങ്ങാടിയെ ഏകാന്തവും ശുഷ്ക്കവുമാക്കിയത്. ഒരു മഴയോ കാറ്റോ വരുന്ന ദിവസം തിരക്കിട്ടു കടയടച്ചു വീട്ടിലെത്തുന്ന കച്ചവടക്കാർ. ഇടിയും മിന്നലും കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട. പള്ളിമേടയ്ക്കു താഴെയുള്ള വഴിയിലൂടെ കുടയും ചൂടി നടന്ന എസ്തപ്പാനു മുകളിലേയ്ക്കു നോക്കാൻ തോന്നിയതും,മേടയുടെ രണ്ടാം നിലയിലെ ജനാലയിലൂടെ ചാറ്റല്മഴ കണ്ടു നിന്ന മനയ്ക്കപ്പാടത്തച്ചന്റെ കണ്ണില് അവൻ കുടുങ്ങിയതും ഒരു നിമിഷത്തിന്റെ കിറുകൃത്യത്തിലായിരുന്നു.
ആരാടാ... ആ പോകുന്നെഎസ്തപ്പാനാണോ?
ചാഞ്ഞു പെയ്യുന്ന മഴയെ പ്രതിരോധിക്കാനെന്നോണം കുട പള്ളിക്കുനേരേ ചെരിച്ചു പിടിച്ചു വേഗം കൂട്ടുമ്പോൾ എസ്തപ്പാൻ വിചാരിച്ചു. ഇടി കൃത്യമായി എന്നിലേയ്ക്കു തന്നെ വെട്ടിയല്ലോ കർത്താവേ. ഒന്നും കേൾക്കാത്തമാതിരി വേഗത്തിൽ നടന്ന എസ്തപ്പാൻ തലയുയർത്തി നോക്കുമ്പോൾതന്നെ തടഞ്ഞു മുമ്പിൽ കുണുങ്ങി നിൽക്കുന്ന കുശിനിക്കാരൻ പാപ്പിയുടെ   സ്ത്രീശബ്ദമാണ്  കേൾക്കുന്നത്.  പലപ്പോഴും പാപ്പിയെ അരൂപിയാക്കിക്കൊണ്ട് അവന്റെ ശബ്ദത്തെ മാത്രം എസ്തപ്പാൻ താലോലിച്ചുനോക്കിയിട്ടുണ്ട്. ഒന്നുമില്ലായ്മയുടെ ആദിയിൽ ആകാശത്തേയും,ഭൂമിയേയും,രാത്രിയേയുംപകലിനേയുംവെള്ളത്തേയും,അഗ്നിയേയും,സസ്യങ്ങളേയും,മൃഗങ്ങളേയുംപുരുഷനേയും,സ്ത്രീയേയും മുളപ്പിച്ചെടുക്കുന്ന കൃത്യതയിൽ ദൈവത്തിനു കൈപ്പിഴ പറ്റുന്നതും പാപ്പിക്കു കൊടുക്കേണ്ട ശബ്ദം ലോകത്തിന്റെ മറ്റേതോ കോണിലേയ്ക്കു വിധിക്കപ്പെട്ട ഒരു സ്ത്രീയിലേയ്ക്കു പോകുന്നതും,അവൾക്കായുള്ള മധുരശബ്ദം പാപ്പിയിലേയ്ക്കു ചേക്കേറുന്നതുമോർത്ത് പലപ്പോഴും എസ്തപ്പാനു ചിരി പൊട്ടിയിട്ടുണ്ട്.
ആണ്ടെ.... അച്ചൻ വിളിക്കണൊണ്ട്.
പാപ്പീ.. സത്യം പറ. അച്ചന്ഞാനാന്നറിഞ്ഞു തന്നെയാണോ വിളിച്ചെ?
പിന്നേ.... അച്ചനാരാ മോൻ!
ഈ പാപ്പിയുടെ ഒരു കാര്യം. പണ്ടൊരിക്കൽഅച്ചന്റെ മുറി തൂത്തു വൃത്തിയാക്കുന്നതിനിടയിൽ കട്ടിലിനടിയിൽ നിന്നു കിട്ടിയ ചുരുട്ടിന്റെ കുറ്റി കണ്ട് ഓ അച്ചൻ ചുരുട്ടുവലി നിറുത്തിയല്ലോ എന്നോർത്ത് സമാധാനിച്ചതാ ഇവൻ.
അങ്ങനെഅനേകനാളുകളായി പള്ളിമുറ്റത്തേയ്ക്ക് ഒന്നെത്തിപ്പോലും നോക്കാത്ത കുറ്റബോധത്തിന്റെ ശിരോഭാരവുമായി എസ്തപ്പാൻ അച്ചനുമുമ്പിൽ ഹാജരാക്കപ്പെട്ടു.
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെഅച്ചോ.
ങും...ങും. എപ്പോഴും സ്തുതിയായിരിക്കട്ടെ. ഞാനെത്ര വിളിച്ചുഎസ്തപ്പാനേ. നീ കേക്കാഞ്ഞിട്ടു തന്നെയാണോ നടന്നു പോയത്?
ഇല്ലച്ചോ... സത്യമായിട്ടും ഞാൻ കേട്ടില്ല. എന്തൊരു മഴയാ!
പിന്നേ.... മുട്ടുമഴയല്ലേ.... നീ കേക്കില്ല. ഇങ്ങോട്ടു കേറി ഈ ബെഞ്ചിലോട്ടിരി. എനിക്കു നിന്നോടു ചിലതൊക്കെ പറയാനുണ്ട്.
അച്ചൻചെവി കൂർപ്പിച്ചു നിന്ന പാപ്പിയെ രൂക്ഷമായി നോക്കിയതും,ഇടിവെട്ടിയതുപോലെ പാപ്പി അകത്തേയ്ക്കു വലിഞ്ഞതും ഒരുമിച്ചായിരുന്നു.
നല്ല വാർത്തകളല്ലല്ലോ എസ്തപ്പാനേ ഈയിടെയായി ഞാൻ കേൾക്കുന്നതൊക്കെ.
എന്നാ പറ്റിയച്ചോ?
ഒന്നുമറിയാത്തതു പോലെയാണല്ലോ എസ്തപ്പാനേ നീ സംസാരിക്കുന്നത്?
ഇല്ലച്ചോ.... എനിക്കൊന്നും അറിയാമ്മേല.
എന്നാ ഞാമ്പറയാം... കേട്ടോ. അവിവേകികളായ ദുർന്നടപ്പുകാരെപ്പോലെപിന്നെയും അവളുടെ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ മ്ലേച്ഛതയ്ക്കായി നീ നീങ്ങുന്നത് ഞാനറിഞ്ഞു.
പള്ളിമേടയുടെ ജനലഴികള്ക്ക് ഇത്രയും ദൂരെയുള്ള കാഴ്ചകൾ കാണാൻ കഴിയുന്നുണ്ടെങ്കിൽ അതു കൊള്ളാമല്ലോ എന്നും അച്ചൻ മറ്റെന്തൊക്കെ കണ്ടിട്ടുണ്ടാവും എന്നുമോര്ത്ത് പൊടുന്നനെ ഒരു കല്ല് മനസ്സിലേയ്ക്കു വന്നു വീണെങ്കിലും അതിന്റെ ഓളങ്ങൾ മറച്ചു വച്ചുകൊണ്ട് എസ്തപ്പാൻ ധൈര്യം കൈവിടാതെ പറഞ്ഞു.
അച്ചോ... അത് ഞാനല്ല. തൊഴിലിടത്തിൽ നിന്നുള്ള എന്റെ മടക്കം ഒരിക്കലും ആ വഴിക്കായിരുന്നില്ലച്ചോ.
നീതിമാനായിരിക്കുന്നിടത്തോളം നിന്റെ മേൽ വീഴുന്ന അനർത്ഥങ്ങൾ അസംഖ്യങ്ങളായാലും അവ എല്ലാറ്റിൽ നിന്നും കർത്താവ് നിന്നെ വിടുവിച്ചിരിക്കും എന്ന് നിനക്കറിയാമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുഎസ്തപ്പാനേ. പ്രബോധനത്തിനു പുല്ലുവില കല്പിക്കുന്നവനും അവയെ ത്യജിക്കുന്നവനും ദാരിദ്ര്യവും ലജ്ജയും നേരിടേണ്ടി വരും. ശാസനയാൽ നയിക്കപ്പെടുന്നവന് ബഹുമാനം ലഭിക്കും. ജ്ഞാനിയായിരിക്കാൻ ഗുണവാന്മാരുമായി സഹവസിക്കണം. ഭോഷന്മാരുമായുള്ള സഹവാസം പാപികളെ മാത്രമേ സൃഷ്ടിക്കുകയുള്ളു. അവരുടെ സമ്പത്തുകൾ ഭാവിയിൽ ചിതറിത്തെറിക്കുകയും അവ നീതിമാന്മാർക്കായി സംഭരിക്കപ്പെടുകയും ചെയ്യും. ഇതൊക്കെ നിനക്കറിയാമെന്നും നീ അതു പാലിച്ചു നടക്കുന്നുണ്ടാവുമെന്നും കരുതാനാണെനിക്കിഷ്ടംഎസ്തപ്പാനേ.
എപ്പോഴും എപ്പോഴും അങ്ങനെ തന്നെ അച്ചനു കരുതാൻ കഴിയട്ടെ കർത്താവേ.
അപ്പോൾനീ എനിക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട്അല്ലേ എസ്തപ്പാനേ?
ഉണ്ടച്ചോ.
എനിക്കായി നീ എന്തൊക്കെയാണ് എസ്തപ്പാനേ പ്രാർത്ഥിക്കറുള്ളത്?
അത്.. അച്ചോ...ഞാൻ....
പറ. ഇപ്പോൾ നിന്റെ മനസ്സിലൂടെ കടന്ന മിന്നൽ എവിടേയ്ക്കാണ് പോയത്?മടിക്കാതെ പറയൂ.... 
കർത്താവിന്റെ ആലയങ്ങളെഞായറാഴ്ച മാത്രം കള്ളന്മാർക്കും കൊള്ളക്കാർക്കും പാപക്കെട്ടുകളിറക്കി വയ്ക്കാനുള്ള ഗുഹയാക്കി മാറ്റിയതിനുംവെറുക്കപ്പെട്ടവരുടെ നാണയങ്ങൾ അവരുടെ പാപമോക്ഷം ലക്ഷ്യമിട്ടു വാങ്ങി ആശുപത്രി സ്ഥാപിച്ചതിനും,അവിടെ കർത്താവിന്റെ പ്രതിപുരുഷനായി വന്ന് രോഗികളെ പെട്ടെന്ന് സൗഖ്യമാക്കി പറഞ്ഞയച്ച ഡോക്ടർ സത്യനാഥ് ഡേവിഡിനെ പിരിച്ചുവിട്ട പാതകത്തിനും നിങ്ങളോടൊക്കെ ക്ഷമിക്കേണമേ എന്നുമായിരുന്നുകർത്താവിനോടുള്ള എന്റെ പ്രാർത്ഥന.
പൊടുന്നനെഒരു കൊടുങ്കാറ്റ് പുറത്തെ ചാറ്റല്മഴയെ വിഴുങ്ങിക്കൊണ്ട്ഇക്കാലമത്രയും മനസ്സിൽ താലോലിച്ചുവളർത്തിയെടുത്ത വിശ്വാസങ്ങളുടെ വന്മരങ്ങളെ കടപുഴക്കിയെറിഞ്ഞുകൊണ്ട് ഫാദർ ഡൊമിനിക് മനയ്ക്കപ്പാടത്തിന്റെ ഉള്ളിലൂടെ കടന്നുപോയി. മെത്രാൻ പിതാവ് ആശുപത്രിക്ക് തറക്കല്ലിടുന്നതുംഅത് പച്ചിലപ്പാമ്പിന്റെ കഴുത്തു നീളുന്നതു പോലെമുന്തിരിവള്ളികൾ തളിർക്കുന്നതു പോലെ ആകാശം നിറഞ്ഞ് ആശുപത്രിയായി രൂപാന്തരം പ്രാപിക്കുന്നതും മനസ്സിലേയ്ക്ക് കടന്നു വന്നു. പക്ഷേഎസ്തപ്പാന്റെ വായിൽ നിന്ന് കേൾക്കുന്ന വർത്തമാനം മുട്ടത്തോരന്റെയിടയിൽ തോടുകടിച്ചതു പോലെ തൊണ്ടയിലിറക്കാൻ കഴിയാതെ ബാക്കി നിന്നു.
കുടയും കുത്തി ആശുപത്രിയുടെ ഇടനാഴിയിലേയ്ക്കുള്ള സായാഹ്നയാത്രകളിൽ മനയ്ക്കപ്പാടത്തച്ചനെ നോക്കിരോഗികൾക്ക് കൂട്ടുനിൽക്കുന്നവരിൽ പലരും ഈശോമിശിഹായ്ക്ക് സ്തുതി പറഞ്ഞു. പിന്നീട് കേട്ടത് ഡോക്ടറുടെ കൈപ്പുണ്യത്തെക്കുറിച്ചാണ്. ആ കൈകളിൽ നിന്ന് പച്ചവെള്ളം പോലുമുള്ളിൽച്ചെന്നാൽ അത് വീഞ്ഞുമാതിരി മധുരിച്ച് രോഗം ഭേദമാക്കുന്നു. സ്പർശനം പോലും വൈദ്യുതിയായി രോഗങ്ങളെ വിഴുങ്ങി സുഖപ്പെടുത്തുന്നു. വാക്കുകൾ അസ്വസ്ഥചിത്തരിൽ ആശ്വാസങ്ങളായി പറന്നിറങ്ങി വേദനകളെ കൊത്തിയെടുത്തു പറക്കുന്നു.
അങ്ങനെ മാനുഷികമൂല്യത്തകർച്ചയുടെ നിലം പൊത്തുന്ന ഗ്രാഫു പോലെ ആശുപത്രിക്കിടക്കകൾ കാലിയായിക്കൊണ്ടിരുന്നു. ഡോക്ടർ സത്യനാഥിന്റെ ക്ഷമാശീലവും രോഗപരിചരണരീതികളും കൈപ്പുണ്യത്തിന്റെ തുടർക്കഥകളും അന്യഗ്രാമങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും കാട്ടുതീയായി പടർന്നു.
ഫാദർ മനയ്ക്കപ്പാടം അടിയന്തിരമായി പള്ളിക്കമ്മിറ്റി വിളിച്ചുകൂട്ടി. പ്രത്യേകക്ഷണിതാവായി ഡോക്ടർ സത്യനാഥിനേയും.
അതേയ്... കാര്യമൊക്കെ ശരിയാ. ഇങ്ങനെ പോയാ ഞാനെവിടുന്നാ ഡോക്ടർമാർക്കും നഴ്സുമ്മാർക്കുമുള്ള ശമ്പളം ഒപ്പിക്കുന്നെഇതിപ്പം സ്വയം പര്യാപ്തമാകണോന്നുംഅതീന്ന് എന്തേലുമൊക്കെ മിച്ചം പിടിച്ച് പള്ളിഫണ്ടിലേയ്ക്ക് ചേർക്കാന്നുവൊക്കെ കരുതിയല്ലേ നമ്മള് ആശുപത്രിയുണ്ടാക്കിയെ.
എല്ലാവരും ഒറ്റ സ്വരത്തിൽ ആമേൻ പറഞ്ഞു.
അച്ചൻ യോഗനടപടി ചുരുക്കിപ്പറഞ്ഞു.
അപ്പോ... കാര്യങ്ങളിങ്ങനെ പോയാ നമ്മൾ തെണ്ടി കുത്തുപാളയെടുക്കും. കിടക്കകള് മുഴുവൻ നെറയണം. എന്നാലും നമ്മളൊരു ധർമ്മസ്ഥാപനമല്ലേ നടത്തുന്നത്. അതിന് അതിന്റേതായ ചെലവുകളില്ലേപള്ളിഫണ്ടീന്ന് അത് വകമാറ്റി ചെലവാക്കാൻ പറ്റുമോഇല്ലാ.... കർത്താവിന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുന്നതിനാൽ നമ്മുടെ ഹൃദയം അവനിലും അവന്റെ ഹൃദയം നമ്മളിലും പ്രകാശം പരത്തുകയും വേണം.
കഷ്ടപ്പെട്ടു കെട്ടിയുണ്ടാക്കിയ ആശുപത്രിയുടെ പൂട്ടിയ വാതിലുകളുംഅതിലെ തുരുമ്പു പിടിച്ച താഴുമൊക്കെ അല്മായരിൽ ഒരു ദു:സ്വപ്നമായി കട്ടപിടിച്ചു നിന്നു.
അച്ചൻ തുടർന്നു.
ആ... അതുകൊണ്ട്നമ്മുടെ ആശുപത്രിയുടെ പോളിസി ഒന്നു മാറ്റണം. ഇനീപ്പം ഡോക്ടറുടെ അഭിപ്രായം മാനിച്ചില്ലാന്നു വരരുത്. വല്ലോം ഒണ്ടെങ്കി  പറഞ്ഞോ,ഡോക്ടർ സ..ത്യ...നാ..ഥ..ന് ഡേ...വി...ഡ്.
ഡോക്ടർ എഴുന്നേറ്റു.
ഹൃദയം നുറുങ്ങുന്നവർക്ക് കർത്താവ് സമീപസ്ഥനാകുന്നത് ഒരു ആതുരാലയത്തിലൂടെയാണ്. പുതിയ ലോകക്രമങ്ങളിൽ കിട്ടുന്ന മരുന്നുകൾ മുഴുവൻ വിഷം നിറച്ചവയാണ്. എന്നിട്ടുംമറ്റുവഴികളില്ലാത്തതിനാൽ കുറച്ചൊക്കെ കൊടുക്കാൻ നാം നിർബ്ബന്ധിതരാവുകയാണ്. അപ്പോൾഎത്രയും വിഷം കുറച്ചു കുത്തിവയ്ക്കാനാണ് ഞാനും എന്റെ സഹപ്രവർത്തകരും ശ്രമിക്കുന്നത്. കൂടുതൽ രോഗികളും ഒരു നല്ല വാക്കാലോസ്പർശനത്താലോ സുഖപ്പെടുന്നുണ്ട്. അവരിൽ ഞാനെന്തിനാണ് അനാവശ്യമരുന്നുകളുടെ വേദനകൾ കുത്തിക്കയറ്റുന്നത്നമ്മുടെ രോഗികളിൽ എഴുപതു ശതമാനവും പാവപ്പെട്ടവരാണ്. അന്നന്നത്തെ അപ്പം തേടുന്നവർ. കർത്താവ് തന്റെ ദാസന്മാരുടെ വേദനകൾ ഏറ്റെടുത്തുകൊണ്ട് അവരുടെ പ്രാണനെ സംരക്ഷിക്കുന്നു. അവനെ ശരണമാക്കുന്നവർ ഒരിക്കലും ശിക്ഷിക്കപ്പെടരുതെന്നല്ലേ നാം പഠിച്ചത്! അവന്റെ നന്മയുടെ സാക്ഷ്യങ്ങൾക്ക് ഞാൻ വെറും ഒരു ഇടനിലക്കാരൻ.
ഇതു പറഞ്ഞുതീരുന്നതിനിടയിൽ മനയ്ക്കപ്പാടത്തച്ചൻആദ്ധ്യക്ഷം വഹിച്ചിരുന്ന കൈക്കാരൻ പൗലോസിനോടു ചെവിയിൽ ചോദിച്ചു.
പൗലോച്ചാ..... ഇയാൾ കമ്യൂണിസ്റ്റാണോ?
കേട്ടിരിക്കുന്നവരിൽ പലരും പരസ്പരം അടക്കം പറഞ്ഞു. ഇയാളാര്... ദൈവപുത്രനോ,സ്പർശനത്താൽ സുഖപ്പെടുത്താൻ?
ഒരു ഡോക്ടറെന്ന നിലയിൽ എന്റെ അന്തർവ്വർത്തിയായ സത്യത്തോടും നീതിയോടും മാത്രമാണ് എനിക്കു കടപ്പാടുള്ളത്. ഏതു ദുർഘടാവസ്ഥകളിലുംഅതാണെന്നെ നയിക്കുന്നത്. അത് കർത്താവാണെന്നാണ് എന്റെ വിശ്വാസം.
മലഞ്ചരക്ക് കച്ചവടക്കാരൻ ചാക്കോച്ചൻ അടുത്തിരുന്ന ജോസഫ് സാറിനോടു പറഞ്ഞു.
ഇതെന്നാ വർത്താനാ സാറേ  ഈ വരത്തൻ പറഞ്ഞോണ്ടു വരുന്നെഇയാൾ നമ്മടെ കൂട്ടക്കാരൻ തന്നെയാണോന്നാ എനിക്കിപ്പം സംശയം.എന്നാലും അച്ചന്റെ വാക്കിന് എന്തേലും ഒരു വെല അയാൾ കല്പിക്കുന്നൊണ്ടോ! ഒരുമാതിരി മാർഗ്ഗം കൂടിയോന്റെ മാതിരി.......
ജോസഫ് സാറ് തലയാട്ടി.
ഡോക്ടർ സത്യനാഥനെ ഇടവകക്കാരുടെ നോട്ടങ്ങളും വാക്കുകളും കുത്തിയെഴുന്നേൽപ്പിച്ചു. അദ്ദേഹം കൈയുയർത്തി എല്ലാവരോടുമായി പറഞ്ഞു.
ആകാശവും ഭൂമിയും നീങ്ങിപ്പോകും... എന്റെ വചനങ്ങളോ നീങ്ങിപ്പോകുകയില്ല.
പുനർവിചിന്തനത്തിനും തദ്വാരായുള്ള മനംമാറ്റത്തിനുമായി ഡോക്ടർക്ക് മുപ്പതു ദിവസങ്ങൾ കൊടുത്തുകൊണ്ട് പിറുപിറുക്കലുകളുടെ ആരവങ്ങളകന്ന് യോഗം അവസാനിക്കുമ്പോൾ പള്ളിമുറ്റത്തെ അത്തിമരത്തിൽ തളിരുകൾ ഉണ്ടാവുകയും അവ വേനലടുക്കുന്ന കാര്യം അറിയിക്കുകയും ചെയ്തു. മരം പറഞ്ഞു.
എന്നിൽ ഇലകൾ തളിർക്കുമ്പോൾ അവൻ പുറംവാതിൽക്കലേയ്ക്ക് നയിക്കപ്പെടുന്നതായി അറിഞ്ഞുകൊള്ളുവിൻ.
മുപ്പതു ദിവസങ്ങളിലേയ്ക്കടുത്തിട്ടും ആശുപത്രിയിലെ കട്ടിലുകൾ കൂടുതലും ഒഴിഞ്ഞുതന്നെ കിടന്നു. കിടന്നുവന്ന രോഗികളിൽ പലരും രോഗം സുഖപ്പെട്ടു നടന്നു പോയി.അവസാനമായി കിട്ടിയ ശമ്പളത്തിന്റെ നല്ലൊരു ഭാഗവും മരുന്നുവാങ്ങാൻ പാങ്ങില്ലാത്ത രോഗികൾക്ക് വിതരണം ചെയ്ത് ഡോക്ടർ സത്യനാഥ് ഡേവിഡ് യാത്രപറയലുകളുടെ അകമ്പടികളില്ലാതെ ഇറങ്ങിനടന്നു.
പുതിയ തലമുറയിലെ ഡോക്ടർമാർ സാരഥ്യമേറ്റെടുക്കുന്ന വേളയിൽ മനയ്ക്കപ്പാടത്തച്ചൻ അവരോടു പറഞ്ഞു.
മക്കളേകാലം മാറുന്നതനുസരിച്ച് നാം മാറേണ്ടിയിരിക്കുന്നു. നവീകരണപ്രക്രിയകൾക്ക് യോജിക്കാത്ത ചിന്താധാരകൾ ആശുപത്രിയുടെ കട്ടിലുകളിൽ നിന്ന് രോഗികളെ തുരത്തിയോടിച്ചു. നിങ്ങളായി ഇക്കാര്യത്തിൽ ഇനി ഉപേക്ഷ വിചാരിക്കരുത്. തന്നെ ശുശ്രൂഷിക്കേണ്ടതിന്തന്റെ സന്നിധിയിൽ നിൽക്കുവാനും ശുശ്രൂഷകൾക്ക് ധൂപം കാട്ടുവാനും കർത്താവ് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ്. നമുക്കീ ആശുപത്രിയും സൗകര്യങ്ങളും വികസിപ്പിച്ച് ദൈവനിശ്ചയം പൂർത്തീകരിക്കണം. നിങ്ങളാണത് ചെയ്യേണ്ടത്. ഞങ്ങൾക്ക് നിങ്ങളെ നയിക്കാനേ കഴിയൂ. പാതകൾ തെരഞ്ഞെടുക്കേണ്ടതും അവയിലൂടെ മേഞ്ഞു നടക്കേണ്ടതും നിങ്ങളാണ്.
യ്യേഏഏഏ.....
പുതുലോകചികിത്സകർ പരസ്പരം കൈപ്പത്തികൾ കൂട്ടിയടിച്ച് ഹൈ ഫൈവ് പറഞ്ഞു.
വീ വിൽ മെയ്ക്കിറ്റ്......
അച്ചന്റെ പ്രസംഗം തുടരുന്നതിനിടയിൽ ഡോക്ടർ ജെറി ലൂയിസ്ഡോക്ടർ ഇന്ദു സിദ്ധാർത്ഥന്റെ ഫോണിലേയ്ക്ക് ടെക്സ്റ്റ് മെസ്സേജിട്ടു.
യൂ ലുക്ക് റ്റിറ്റിലേറ്റിംഗ് റ്റുഡേ..... വാട്ട് ആർ യൂ അപ് റ്റുനൈറ്റ്? (കൂടെവായ പൊളിച്ചുനിൽക്കുന്ന ഒരു സ്മൈലിയും)
ഡോക്ടർ ഇന്ദു സിദ്ധാർത്ഥന്റെ കണ്ണുകളിൽ നാണം പൂത്തു. അവൾ ചുറ്റുപാടും പെട്ടെന്നൊന്നു നോക്കി സാരി നേരേയിട്ടു.പിന്നെരണ്ടുകൈയിലേയും തള്ളവിരലുകളുപയോഗിച്ച് അതിവേഗം തിരിച്ചു മെസ്സേജിട്ടു.
ഷട്ടപ്.... ലിസൺ ടു ദി ഓൾഡ് ഫാർട്ട്!   
  *   *
പള്ളിമുറ്റത്തെ തെങ്ങോലത്തലപ്പുകളിൽ അവസാനത്തെതുള്ളികൾ ബാക്കി നിറുത്തി മഴ പറന്നു.
സ്വപ്നലോകത്തായിരുന്ന ഫാദർ മനയ്ക്കപ്പാടത്തെ ഉണർത്തിയത് എസ്തപ്പാന്റെ അലർച്ചയായിരുന്നു.
അച്ചോ.....
എന്നതാടാ എസ്തപ്പാനേ?
അച്ചനിത് ഏതു ലോകത്താ?
ഞാനിവിടെ ഒണ്ടടാ... നീ എന്നാ ചോയിച്ചെ?
അച്ചനെന്റെ ചോദ്യത്തിനുത്തരം തന്നില്ല.
എന്നാ കോപ്പാ നീ ചോയിച്ചെഞാനങ്ങു മറന്നു.
ആശുപത്രിക്കാര്യേ....
ഓ.. അതോ.. അതേയ് നീ ഭാരിച്ച കാര്യമൊന്നും ഏറ്റെടുക്കേണ്ട. അതൊക്കെ ഉത്തരവാദപ്പെട്ടോര് അന്വേഷിച്ചോളും. നീ ഇവിടെ രണ്ടു മിനിട്ട് നില്ല്ഞാനൊന്നു മുള്ളിയേച്ചും വച്ചിട്ടു വരാം.
എസ്തപ്പാനോട് ഉള്ളിലിരുന്നാരോ പറഞ്ഞു. നീ നിന്നെത്തന്നെ സൂക്ഷിച്ചു കൊള്ളുക. അവർ നിന്നെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കുകയുംപള്ളികളിൽ വച്ചു തല്ലുകയും,നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും.
ഉൾവിളി കേട്ട്അച്ചനെ വിട്ട്എസ്തപ്പാൻ ഇറങ്ങിനടന്നു.
പിന്നെയുംരാത്രിയുടെ അന്ധകാരങ്ങളിലൂടെവലിയ വെളിച്ചങ്ങളെ സൃഷ്ടിച്ചവന് സ്തോത്രങ്ങൾ നൽകിപുഴ കടക്കുമ്പോൾ ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന് നന്മകൾ ചൊല്ലിഎസ്തപ്പാൻ റഹേലിലേക്കുള്ള വഴികൾ തേടി. ഇരുട്ടിന്റെ തോരാമഴകളിലും വഴിമരങ്ങൾ അവനെ കൈപിടിച്ചു നടത്തി. പാതിരാത്രികളിൽ പുഴ രണ്ടായി പിളർന്ന് അവനായി വഴിയൊരുക്കി.
അപ്പോഴൊക്കെ അവൻ പ്രാർത്ഥിച്ചു.
ദൈവമേഎന്റെ ഹൃദയത്തെ സ്പർശിച്ച് നീ എന്നെ അറിയുന്നല്ലോ.
എന്നെ പരീക്ഷിച്ച്എന്റെ നിനവുകൾ നീ അറിയുന്നല്ലോ.
ചുരം കയറിവന്ന ധനുമാസക്കാറ്റ് റാഹേലിനെ ഇക്കിളിയിട്ടു കിന്നാരം പറഞ്ഞു.
ഇതാമലകൾ ചാടിക്കടന്നും പുഴ മറികടന്നും വരുന്ന നിന്റെ പ്രിയന്റെ കാൽപ്പെരുമാറ്റങ്ങൾ.
നീയിപ്പോൾ മുള്ളുകൾക്കിടയിലെസുഗന്ധദ്രവ്യങ്ങളെ വെല്ലുന്ന പനിനീർപുഷ്പമാണ്. അവൻ എൻ ഗെദിത്തോട്ടങ്ങളിലെ മുന്തിരിപ്പൂങ്കുലയും.
പുഴ കടന്ന്കുന്നിന് മുകളിലെ രാത്രിയാകാശത്തിനു കീഴിൽഅലരിവൃക്ഷങ്ങളിൽ തൂക്കിയിട്ട കിന്നരങ്ങൾക്ക് താഴെറാഹേലിന്റെ  മടിയിൽ തലചായ്ച്ചുറങ്ങുന്ന എസ്തപ്പാനെ കാളവണ്ടിക്കാരൻ യോനാച്ചനാണ് പാറക്കൂട്ടങ്ങളുടെ മറവിലിരുന്ന് മനയ്ക്കപ്പാടത്തച്ചന് കാട്ടിക്കൊടുത്തത്.
അച്ചൻ ചോദിച്ചു.
ദുർന്നടപ്പുകാരുമായുള്ള സംസർഗ്ഗം അരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേഎസ്തപ്പാനേ?
ഉവ്വച്ചോ.
പിന്നെയും നീ അത് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാനെന്താണു മനസ്സിലാക്കേണ്ടത്?
റാഹേൽ ദുർന്നടത്തക്കാരിയല്ലച്ചോ.... അവൾ....
എസ്തപ്പാൻ പറഞ്ഞുതീരുന്നതിനു മുമ്പേ അച്ചൻ കൈയുയർത്തി തടഞ്ഞു.
ഇഹലോകത്തിലെ പരീക്ഷണങ്ങളിൽ ജയിക്കുന്നവനെ മാത്രമേ ദൈവത്തിന്റെ ആലയത്തിൽ തൂണാക്കുകയുള്ളു. ആ തൂണിൽ ദൈവകൃപകളുടേയും അത്ഭുതങ്ങളുടേയും ആലേഖനങ്ങളുമായി എന്നെന്നേയ്ക്കുമായി നിനക്കു നിൽക്കണ്ടേ?
എനിക്കാ തൂണാവേണ്ടഅച്ചോ!
അപ്പോൾപ്പിന്നെ നിനക്കു കിട്ടുന്നത് തെമ്മാടിക്കുഴിയായിരിക്കും. സ്വർഗ്ഗത്തിന്റെ പടിവാതിൽ പോലും നിനക്കവിടെ കിടന്നു സ്വപ്നം കാണാൻ കഴിയില്ല.
ഓ... അതിപ്പം ചത്തിട്ട് എന്നാ അറിയാനാ അച്ചോ?
നരകത്തിന്റെ നൂല്പാലങ്ങളുംഅവയ്ക്കു താഴെ തിളച്ചൊഴുകുന്ന എണ്ണപ്പുഴകളും,കടിച്ചുകീറുന്ന ചെന്നായ്ക്കളുംചെകുത്താന്മാരുംസർപ്പങ്ങളും  നിന്നെ ഭയപ്പെടുത്തുന്നില്ലേ?
ഇല്ലച്ചോ. അതൊക്കെ നിങ്ങൾ പറഞ്ഞുവരപ്പിച്ച ഭീകരചിത്രങ്ങളല്ലേ?
താഴ് വരയിലെ തരിശായി കിടക്കുന്ന  പഴയകാലവിളനിലങ്ങളിൽ  നിന്ന്  ഇപ്പോൾ മേഘങ്ങളിലേയ്ക്കെത്തിപ്പിടിക്കാനുയരുന്നത്  അലസതയുടെ  പുകത്തൂണുകൾ മാത്രം. തോട്ടുവെള്ളം  തടഞ്ഞു  നിറുത്തി കരിമ്പനപ്പാത്തികളിലൂടെ കടത്തി,കൈത്തോടുകളിലൂടെ ഒഴുക്കികണ്ടങ്ങളിലേയ്ക്ക്  തിരിച്ചുവിട്ടു  കുതിർത്തെടുക്കാൻ ഉറക്കമുപേക്ഷിച്ച്  കാത്തിരുന്നൊരു  കാലം ഓർമ്മയിൽ  പരതിയാൽ  പോലും  കിട്ടാതായിരിക്കുന്നു.
റാഹേലിന്റെ  പ്രാവിൻകണ്ണുകളിൽ നിന്ന്മാതളപ്പഴം പോലെയുള്ള കവിള്ത്തടങ്ങളിൽ നിന്ന്വീരപരിചകൾ  തൂക്കിയ  ദാവീദിന്റെ ഗോപുരം പോലെയുള്ള പിൻകഴുത്തിലെ ഇക്കിളികളിൽ നിന്ന്താമരകൾക്കിടയിൽ  മേയുന്ന  ഇരട്ടമാൻകുട്ടികളെപ്പോലെയുള്ള  മുലകൾക്കിടയിൽ  നിന്ന്തേന്കട്ട  പൊഴിക്കുന്ന  അധരപ്പൂട്ടിൽ നിന്ന്  ഇറങ്ങിവരുന്ന ഒരു രാത്രിനാടിനെ നടുക്കിയ കൊടുങ്കാറ്റിനും  മഴയ്ക്കുമിടയിൽ  പാറക്കെട്ടിൽ  നിന്ന്  കാലിടറി  എസ്തപ്പാൻ  താഴേയ്ക്കു  പതിച്ചു.
നാട്ടുകാർ എസ്തപ്പാനെ അഗമ്യഗമനങ്ങളുടേയും  അവിശ്വാസത്തിന്റേയും പുതുവസ്ത്രങ്ങളിടുവിച്ചു. നിഷേധത്തിന്റെ കൈയ്യുറകളിടുവിച്ചു. കൈകൾ നെഞ്ചത്തേയ്ക്ക് പിണച്ചുവച്ച് കുത്തുവാക്കുകളുടെ കുരിശു പിടിപ്പിച്ചു. തലയിൽ അനുസരണക്കേടിന്റെ മുൾമുടിവച്ചു.
സിമിത്തേരിക്കു പുറത്തെ തെമ്മാടിക്കുഴിയിലേയ്ക്കുള്ള അവസാനയാത്രയിൽ പൊന്കുരിശും, വെള്ളിക്കുരിശുംവർണ്ണക്കുടകളുമുണ്ടായിരുന്നില്ല.  പുരോഹിതരുണ്ടായിരുന്നില്ല. ഗിലെയാദ്  മലഞ്ചെരുവിൽ നിന്ന്  വഴിതെറ്റിവന്ന  ആടുകളെപ്പോലെ  എട്ടോ പത്തോ പേർ. പാപത്തിന്റെ  കല്ലേറുകൾ  ഭയന്ന് റാഹേൽ  അകലെ  ഒരു ആഞ്ഞിലിമരത്തിനു  താഴെ  തലമൂടി  നിന്ന്  കണ്ണീർ പൊഴിച്ചു.
ജീവിച്ചിരിക്കുമ്പോൾ അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ടവർ പോലും അന്ത്യയാത്രകളിലും നിത്യനിദ്രകളിലും സന്തുഷ്ടരായിരുന്നു. ജീവിതനേട്ടങ്ങളുടേയും ആഭിജാത്യത്തിന്റേയും കണക്കെടുപ്പുകളിൽ കല്ലറകളുടെ ഭംഗിയും വലിപ്പവും അളന്നു ചേർക്കപ്പെട്ടു. കുടുംബക്കല്ലറകളുടെ മഹത്വങ്ങളെയോർത്ത് മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും ആത്മാക്കൾ പുളകം കൊണ്ടു. കല്ലറകൾ പെരുകി.നേരിട്ടു മണ്ണിനെ തൊട്ടറിഞ്ഞു പോകേണ്ടവര് തിരക്കിലും കരുത്തിലും പിന്നിലായി. അന്ത്യയാത്രകൾ കല്ലറകളിലേയ്ക്കല്ലാതാവുന്നതോർത്ത് ചില പാവങ്ങൾ നിതാന്തദു:ഖിതരായിരുന്നു. സ്ഥലം തികയാതെ വന്നതിനാൽതൊട്ടടുത്തുള്ള മുക്കാലേക്കറുകൂടി പള്ളി വിലയ്ക്കു വാങ്ങി മതിലുകൾ മാറ്റിപ്പണിതു. ഇനി കുറേക്കാലത്തേയ്ക്ക് പ്രശ്നങ്ങളില്ലല്ലോ എന്ന് ഇടവകക്കാർ സമാധാനം കൊണ്ടു.
ഇതൊന്നുമറിയാതെ എസ്തപ്പാൻ ഉറങ്ങിക്കിടക്കുകയായിരുന്നു. അങ്ങനെആയിരത്തി നാനൂറ്റി എഴുപത്തിരണ്ടാം നാൾ അടുത്തെവിടെയോ ഭൂമി കൊത്തിമുറിക്കുന്ന ശബ്ദമാണ് എസ്തപ്പാനെ ഉണർത്തിയത്.അവൻ അത്ഭുതം കൊണ്ടു.ആരാണ് എനിക്കായി തെമ്മാടിക്കുഴിയിലേയ്ക്ക് കൂട്ടിനെത്തുന്നത്ഗ്രനൈറ്റ് പാകി പെട്ടെന്നു തീർത്ത കല്ലറയിലേയ്ക്ക് ആരാണ് ഈട്ടിപ്പെട്ടിയിൽ ഇറങ്ങിവരുന്നത്അവൻ അത്ഭുതം കൂറിയ കണ്ണുകള് വ്യക്തമായ കാഴ്ചകൾക്കായി വീണ്ടും വീണ്ടും തുറന്നടച്ചു. കല്ലറ മൂടിവന്നവരൊക്കെ മടങ്ങി. വെറും പച്ചമണ്ണിന്റെ കിരുകിരുപ്പിൽ അവൻ ഉറക്കം തൂങ്ങിയിരുന്നു. രാത്രി ഉണർന്നു വലത്തോട്ടു തിരിഞ്ഞ് നോക്കുമ്പോൾ എസ്തപ്പാൻ ഞെട്ടി.
അച്ചോ...ഞാനിതെന്നാ ഈ കാണണെഅച്ചനും ഇഞ്ഞോട്ടു പോന്നോ?
മനയ്ക്കപ്പാടത്തച്ചന് അപ്പോഴും പുഞ്ചിരിയായിരുന്നു. തലേദിവസം,ജീവിച്ചിരിക്കുന്നവരോടൊപ്പമുള്ള ലോകത്ത് ഉറക്കത്തിൽ ബാക്കി വച്ച അതേ പുഞ്ചിരി. കണ്ണുകൾ അപ്പോഴും അടഞ്ഞുതന്നെ ഇരുന്നു.
പക്ഷേഅച്ചൻ സംസാരിക്കാൻ തുടങ്ങിയിരുന്നു.
നീ നേരേ കിടന്ന് ആകാശത്തേയ്ക്ക് നോക്കിക്കേ. അത്തിമരത്തിലെ പഴങ്ങൾ വീണുകിടക്കുന്നതു പോലെയുള്ള നക്ഷത്രങ്ങളെ കാണുന്നില്ലേദൈവത്തിന്റെ വലംകൈ അദ്ഭുതങ്ങൾ പ്രവർത്തിക്കുകയാണ്. പകൽനേരത്തു നമുക്കുമേൽ ചൊരിയപ്പെട്ട അവിടുത്തെ ദയാവായ്പ്പുകൾക്ക് മറുപടിയായി നമുക്കിനി രാത്രികളിൽ സങ്കീർത്തനങ്ങൾ പാടിക്കൊണ്ടിരിക്കാം.
എനിക്കൊന്നും മനസ്സിലാകുന്നില്ലച്ചോ.
എസ്തപ്പാൻ പറഞ്ഞു.
അച്ചൻ തുടർന്നു.
അവൻ ന്യായത്തിന്റെ പാതകൾ ആത്യന്തികമായി കാക്കുന്നതിന്റെ തെളിവല്ലേ ഇത്,എസ്തപ്പാനേവഴിതെറ്റി മേഞ്ഞ നിന്നെ മനസ്സില്ലാമനസ്സോടെയാണ് ഞാൻ തെമ്മാടിക്കുഴിയിലേയ്ക്കു നയിച്ചത്. പശ്ചാത്തപിക്കാൻ നിനക്കിടം നൽകാതെയല്ലേ നിന്നെ ദൈവം പെട്ടെന്നു വിളിച്ചത്! എന്നിട്ടും ഒരന്ത്യചുംബനം പോലും നൽകി നിന്റെ ആത്മാവിനെ ശുദ്ധീകരിക്കാൻ എനിക്കു കഴിഞ്ഞില്ലല്ലോ. ഇടവകയുടെ കല്ലേറിനാലും പരുഷവാക്കുകളാലും എനിക്കു നിന്നെ ഇങ്ങോട്ടേയ്ക്കു വിടേണ്ടി വന്നു.
തെളിയാതെ പോയ കളവുകളും അപഥസഞ്ചാരചരിത്രങ്ങളും അവർ നിന്റെ പുതുവസ്തങ്ങളിലൊളിപ്പിച്ചാണ് നിന്നെ പെട്ടിയിലാക്കിയത്. അവയിൽ നിന്നൊക്കെ നിന്നെ പറിച്ചെടുക്കാൻ... നിന്നെ മോചിപ്പിക്കാൻ എനിക്കായില്ലല്ലോമകനേ. അങ്ങനെ ജനക്കൂട്ടത്തിനു മുമ്പിലേയ്ക്ക് നിന്നെ വിട്ടു കൊടുത്ത് ഞാൻ കൈകൾ കഴുകി വൃത്തിയാക്കി. പക്ഷേനീ ഇപ്പോൾ മോചിതനായിരിക്കുന്നുഎസ്തപ്പാനേ.
ഒന്നു തെളിച്ചുപറയെന്റെ അച്ചോ.
ഒരിക്കലും ശാന്തമാകാതിരുന്ന മനസ്സുകൾ ഇന്നെത്ര സമാധാനത്തോടെയാണ് ഇവിടെ ഉറങ്ങുന്നത്! നേരിട്ട്മണ്ണിന്റെ വിരിമാറിലല്ലേ നീ തലവച്ചു കിടക്കുന്നത്! നിന്റെ സ്വാതന്ത്ര്യത്തിനു മേൽ കല്ലറയുടെ കരിങ്കൽ ഭിത്തികൾ പണിതിട്ടില്ലല്ലോ. എനിക്ക് നിന്നോടിപ്പം അസൂയ തോന്നുന്നെടാ എസ്തപ്പാനേ....
ഈ അച്ചന്റെ ഒരു കാര്യേ....പോയി പണി നോക്ക്.
എസ്തപ്പാൻ ദേഷ്യത്തോടെ ഇടത്തോട്ട് തിരിഞ്ഞു കിടന്നു.
അച്ചൻ പറഞ്ഞു.
പെണങ്ങാതെടാ.... ഞാൻ പറയാം.
നീ ഇപ്പം തെമ്മാടിക്കുഴീലല്ല. കല്ലറകൾ കൂടിക്കൂടി സ്ഥലമില്ലാതെ വന്നപ്പോ,സിമിത്തേരീടെ വിസ്താരം കൂട്ടി. അങ്ങനെ നീ മുഖ്യധാരയിലോട്ട് ചേർക്കപ്പെട്ടു.
ഇതെന്നാ അച്ചനീ പറേന്നെഒള്ളതാണോ?
എസ്തപ്പാനു തീരെ വിശ്വാസം വന്നില്ല.
ആണെടാ. മാത്രമല്ല. ഇപ്പം തെമ്മാടിക്കുഴികൾ ഒരിടത്തുമില്ല.
അതെന്നാച്ചോ?
സഭാചട്ടങ്ങളിൽ ദഹിപ്പിക്കലിനും അനുമതിയായി. അല്ലെങ്കിലുംഇനീപ്പം കുഴീം കുഴിച്ചിരുന്നാ തെമ്മാടികളെ കിട്ടുന്ന കാലം കഴിഞ്ഞു.അവരു വല്ല പൊതുശ്മശാനത്തിലേയ്ക്കോകറന്റുവച്ച് കത്തിക്കുനെടത്തേക്കോ ഒക്കെ പോകും. മനുഷ്യനിപ്പോ തീയോടൊന്നും അത്ര പേടീം ഇല്ല. അവിടെയാണേ ജാതിയൊന്നും നോക്കത്തില്ല. എല്ലാർക്കും മുഖ്യധാരാമരണത്തിന്റെ റീത്തുകളാ. എങ്ങനെ വേണോന്നു പറഞ്ഞാമതി. കത്തിക്കണോങ്കി അത്. അതല്ല കുഴിച്ചിട്ടാ മതിയെങ്കി അത്. അപ്പം നമ്മളിവിടെ തെമ്മാടിക്കുഴീന്ന് ബോർഡും വച്ച് തിരീം കത്തിച്ച് ഇരുന്നാ വെറുതേ മഞ്ഞു കൊള്ളാന്നു മാത്രം.
ഹിയ്യേ.....
എസ്തപ്പാൻ അലറിവിളിച്ചു.
എന്റെ എടത്ത് ക്വാറി മൊതലാളിമണലൂറ്റുകാരൻ പ്ലാപ്പറമ്പീ കോഴിമാത്തച്ചൻ.... ഇപ്പം വലത്താണെങ്കി മനയ്ക്കപ്പാടത്തച്ചൻ.
കൈകളിൽ ആണിപ്പഴുത് കാണാതെയുംവിലാപ്പുറത്ത് കൈതൊട്ടുകാണാതെയും വിശ്വസിക്കാതിരുന്ന ഞാനിപ്പോൾ സത്യവിശ്വാസിയായിരിക്കുന്നു. അവർ ചെയ്യുന്നതൊക്കെയേ ഞാനും ചെയ്തുള്ളു. പിതാവേ അങ്ങ് എന്നെയറിയുകയും ഞാനങ്ങയെ അറിയുകയും ചെയ്തിട്ടും അങ്ങ് എന്റെ വശം ചേർന്ന് നിന്നില്ലല്ലോ!
മനയ്ക്കപ്പാടത്തച്ചൻ ഒന്നും മിണ്ടാനാവാതെ കാലുകള്ക്കിടയിലേയ്ക്ക് മുഖം പൂഴ്ത്തി ഇരുന്നു.
രൂപരഹിതവും ശൂന്യവുമായ ഭൂമിക്കുമേൽ വ്യാപിച്ചിരുന്ന ഇരുളിനെ നോക്കികോഴി കൂവുന്നതും ആദ്യകിരണങ്ങളുണരുന്നതും കാത്ത് എസ്തപ്പാൻ ഇരുന്നു.

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്...

നഗരഘോഷകൻ