കറുത്ത വീടുകള്‍
ഈഡയെ പരിചയപ്പെടുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ആ പേരില്‍ പവേല്‍ പാവ്‌ലിക്കോവ്‌സ്‌ക്കി (Pawel Pawlikovski) യുടെ ഒരു സിനിമയുണ്ടെന്നും എന്‍റെ ഇഷ്ട ചിത്രങ്ങളിലൊന്നാണതെന്നുമായിരു ന്നു. കറുപ്പിലും വെളുപ്പിലുമുള്ള ആ ചിത്രം ഞാന്‍ കുറെ ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഈ ഈഡ ആ ഈഡയെക്കുറിച്ച് കേട്ടിട്ടുതന്നെയുണ്ടായിരുന്നി ല്ല.
ഇപ്പോള്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനിയായ ആ കറുത്ത സുന്ദരിയുടെ ബാല്യം കാനഡയിലെ ന്യൂ ബ്രണ്‍സ്‌വിക്കിലെ ഒരു ഗ്രാമത്തിലായിരുന്നു. ആ ഗ്രാമം കാണുന്ന ആദ്യത്തെ കറുത്ത കുടുംബം. ഗ്രാമത്തിലെ സ്ക്കൂളില്‍ ആദ്യമായി കാലുകുത്തിയ കറുത്ത കുട്ടികളും അവരായിരുന്നു; ഈഡയും സഹോദരിമാരും. ഒരു വെളുത്ത ഗ്രാമം കറുത്തവരെക്കുറിച്ചും, അവരുടെ ജീവിതരീതിയെക്കുറിച്ചും നേരിട്ടറിയേണ്ടത് ഇവരുടെ കുടുംബം വഴിയായിരുന്നു.
വളര്‍ന്നു വലുതായ വഴികളില്‍ നിന്നൊക്കെ ഈഡ പഠിച്ച ഒരു കാര്യമുണ്ട്. ഉന്നതവിദ്യാഭ്യാസമോ, മികച്ച ധനസ്ഥിതിയോ, മറ്റെന്തു നേട്ടങ്ങളുണ്ടെങ്കിലും ശരീരത്തിന്‍റെ നിറം കറുപ്പാണെങ്കില്‍ അതു തന്നെയാണ് ഏറ്റവും മുമ്പില്‍ നില്‍ക്കുന്നതും തിരിച്ചടികളേറ്റുവാങ്ങുന്നതും എന്ന കാര്യം. അവളുടെ ചിന്തയ്ക്ക് ഉപോദ്‌ബലകമായി എന്‍റെ മനസ്സ് അപ്പോള്‍ കടന്നു പോയത് അമേരിക്കന്‍ പ്രസിഡന്‍റായ ബറാക് ഒബാമയിലേയ്ക്കാണ്. ഒബാമയെക്കുറിച്ച് അമേരിക്കന്‍ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്ന ഏതു ലേഖനങ്ങളുടെ അടിയിലെ അഭിപ്രായപ്രകടനങ്ങളും ഈഡ പറഞ്ഞതിനെ ശരി വയ്ക്കുന്നവയായിരുന്നു. പൊതുവേ, രാജ്യാന്തരബന്ധങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത പലരും ഒബാമയുടെ കറുപ്പിനു നേരേ അസ്ത്രങ്ങളയയ്ക്കുന്നതു കാണാം. ആ അസ്ത്രങ്ങളില്‍ പലതും നാലഞ്ചു തലമുറ പിന്നിലേയ്ക്കൊക്കെ പോയി പതിക്കുന്നതും കാണാം.
അതായത്, ഏതു സാമ്പത്തിക സാമൂഹിക പരിസ്ഥിതിയില്‍ ജനിച്ചാലും നിറം കറുപ്പായാല്‍ നിങ്ങള്‍ തെരുവിന്‍റെ സന്തതി (gutter snipe) യാണ്. നിങ്ങളൊരു ഓട്ടമത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍, മറ്റുള്ളവര്‍ നില്‍ക്കുന്നതിന്‍റെ വളരെ പിന്നില്‍ നിന്ന് ഓടി ജയിക്കേണ്ടിയിരിക്കുന്നു. ജയിച്ചാലും നിങ്ങള്‍ മറ്റു പലരുമല്ലെന്നും മറ്റു ചില സ്വഭാവങ്ങള്‍ തങ്ങള്‍ക്കില്ലെന്നും തെളിയിച്ചാലേ സമ്മാനം ലഭിക്കൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കറു ത്തവര്‍ എന്താണെന്ന് ബോധ്യപ്പെടുത്തുന്നതിനേക്കാളേറെ , എന്തൊക്കെയല്ലെന്ന് സ്ഥാപിക്കാന്‍ ഒട്ടേറെ ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരുന്നു, അവര്‍ക്ക്.
ഈയിടെ വായിച്ച ഒരു കാര്യം പെട്ടെന്ന് എനിക്കോര്‍മ്മ വന്നു.
ഒരാള്‍ ദലൈലാമയോടു ചോദിച്ചു: എങ്ങനെയാണു സന്തോഷിച്ചു ജീവിക്കുക?
അദ്ദേഹം മറുപടി പറഞ്ഞു: ഒരു അയ്യായിരം വര്‍ഷം മുമ്പുള്ള, നിങ്ങളില്ലാതിരുന്ന ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കുക. പിന്നെ, നമ്മളില്ലാതായിട്ട് അയ്യായിരം വര്‍ഷം കഴിയുന്ന ഒരു കാലത്തെക്കുറിച്ചും. അവിടെ ആ ചോദ്യത്തിനുത്തരമുണ്ട്. നാം ഒരു പൊടിയായി പറന്നില്ലാതാവുന്ന ആ അവസ്ഥ. അതാണ് എത്ര ആഞ്ഞു കോറിവരഞ്ഞിട്ടും നാം ഒന്നുമല്ലാതായി മാറുന്ന അവസ്ഥ. നാം ഈ ലോകത്തിലെ ഏറ്റവും ചെറിയ അപ്രധാനവസ്തുവായിത്തീരുമ്പോള്‍, ഇപ്പോള്‍ സാര്‍ത്ഥകമായി ജീവിച്ചു സന്തോഷിക്കാനുള്ള വഴികളാണു നാം അന്വേഷിച്ചു കണ്ടെത്തേണ്ടതായി വരുന്നത്. ആ ചിന്തയുണ്ടെങ്കില്‍ നാം ഇപ്പോള്‍ ചെയ്യുന്ന നല്ലതല്ലാത്ത ചില കാര്യങ്ങള്‍ ഉപേക്ഷിക്കാം. പലതും പുതിയതായും നല്ലതായും ചെയ്യാനുള്ളത് തെരഞ്ഞെടുക്കാം. ഒരാളുടെ കഷ്ടപ്പാടുകള്‍ അയാള്‍ നമ്മോടു പറയുമ്പോള്‍ നാം അയാളായി മാറിയാല്‍ അയാളെന്താണ് അപരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് നമുക്ക് മനസ്സിലാകുമെന്നും അപ്പോള്‍ മാത്രമാണ് നാം സഹജീവിയാകുന്നതെന്നും പറയുന്ന ദലൈലാമയുടെ പുഞ്ചിരിസൂക്തങ്ങളിലേയ്ക്ക് ഞാന്‍ ഇടയ്ക്കൊക്കെ ഓടിയൊളിക്കാറുണ്ട്.
വീണ്ടും ഈഡയിലേയ്ക്ക്.
ഈഡ തുടരുകയാണ്.
അച്ഛന്‍ ഞങ്ങള്‍ മൂന്നു പെണുകുട്ടികളോടുമായി പറഞ്ഞിരുന്നു. ചിലപ്പോള്‍ നമ്മുടെ തൊലിയുടെ നിറം മൂലം, നാം മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ബഹുമാനം നമുക്കും നേടിയെടുക്കാന്‍ നാം ഒരുപാട് പ്രയത്‌നിക്കേണ്ടി വരും. എത്ര എടുത്താല്‍ പൊന്താത്ത ഒരു ഭാരമാണ് അച്ഛന്‍ ഞങ്ങളുടെ ചുമലിലേയ്ക്ക് അന്ന് ആ ചോദ്യത്തിലൂടെ കൈമാറിയതെന്ന് മനസ്സിലാക്കാന്‍ കാലം കുറെയെടുത്തു. എല്ലാ കൗമാരങ്ങള്‍ക്കും പറ്റുന്നതുപോലെയുള്ള 'ഒരു ചെവി... മറ്റേ ചെവി' പ്രശ്നം.
''He was serious, like any protective father. But we, like any other teen, let it in one ear and out the other!''
അതായിരുന്നു ഈഡ പറഞ്ഞ വാക്കുകള്‍. അന്നു പറന്നുപോയ വാക്കുകള്‍ തിരിച്ച് തലയ്ക്കുള്ളിലേയ്ക്ക് പറന്നുകയറുന്നത് ഒത്തിരി കാലത്തിനു ശേഷമാണ്.
എല്‌മെന്‍ററി സ്കൂള്‍കാലത്ത് എന്‍റെ അനിയത്തിയോട് ഒരു വെളുത്തകുട്ടി പറഞ്ഞു: മുഖത്തെ ചെളിയൊക്കെ കഴുകിക്കളഞ്ഞു വൃത്തിയായി വന്നുകൂടേ?
എന്‍റെ ഹൈസ്കൂള്‍കാലത്ത് പലപ്പോഴും കുളിമുറിയുടെ ഭിത്തികളില്‍ കറുത്തവരെ പരിഹസിച്ചുകൊണ്ടുള്ള കോറിവരയ്ക്കലുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
എന്‍റെ അച്ഛന്‍ ഘാനക്കാരനായിരുന്നു. അവിടുത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസവും പിന്നീടുണ്ടായ ഇംഗ്ലണ്ട് വാസവും അദ്ദേഹത്തിന്‍റെ ഇംഗ്ലീഷിനു മാന്യതയുണ്ടാക്കിയിരുന്നു. ടെലിഫോണിലൂടെ അച്ഛനെ കേള്‍ക്കുന്നവര്‍ ആ ശബ്ദത്തിന്‍റെയുടമ കറുത്തവനാണെന്ന് ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. മോണ്‍ട്രിയലിലെ ഒരു യൂണിവേഴ്‌സിറ്റിക്കാലത്ത് അച്ഛന് എന്‍റെ ചേച്ചിക്കായി ഒരു താമസസ്ഥലം കണ്ടുപിടിക്കേണ്ടിയിരുന്നു. പത്രത്തിലൂടെ കണ്ടറിഞ്ഞ്, വിളിച്ച് മുറി ഒഴിവുണ്ടെന്ന് ഉറപ്പുവരുത്തി അച്ഛനും ചേച്ചിയും ചെന്നു. ബെല്ലടിച്ചു. വീട്ടുടമയായ വെള്ളക്കാരി പീപ്പ് ഹോളിലൂടെ നോക്കി. കറുത്തവരാണെന്നു കണ്ടപ്പോള്‍ അവര്‍ ഉള്ളില്‍ നിന്ന് വാതില്‍ മുഴുവനായി തുറക്കാതെ വീട് മറ്റാര്‍ക്കോ ഉറപ്പിച്ചെന്ന് കള്ളം പറഞ്ഞ് അവരെ തിരിച്ചയച്ചു. എന്‍റെ ചില കൂട്ടുകാര്‍ പിറ്റേദിവസം അതറിയാന്‍ വേണ്ടി വിളിച്ച് കാര്യം ഉറപ്പുവരുത്തി.
ചേച്ചി ഒരു ജോലി ചെയ്ത് ചെറിയ വരുമാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന കാലം. ജോലി കിട്ടാതെ മടുത്തപ്പോള്‍ ഒരിക്കല്‍ ഒരു ജോലിക്ക് രണ്ട് അപേക്ഷകളയച്ചു. ഒന്ന് ശരിയായ സ്വന്തം പേരിലും ഒന്ന് 'വെള്ളയടിച്ച' (ഇതിന് അമേരിക്കയില്‍ പറയുന്നത് White-washing എന്നാണ്) പേരിലും. രണ്ടു ദിവസത്തിനകം ഒന്നിന് ഇന്‍റര്‍വ്യൂ കോള്‍ വന്നു. അത് ഏതു പേരിനായിരുന്നു എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്കൂഹിക്കാന്‍ കഴിയുമല്ലോ!
കുടിയേറ്റക്കാരുടെ രാജ്യം. ജനസംഖ്യയില്‍ 200 ഓളം വംശവൈവിധ്യമുള്ളവരെ ഉള്‍ക്കൊള്ളുന്ന ഈ രാജ്യം ഇപ്പോഴും അതിന്‍റെ കുടിയേറ്റ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. 75 ശതമാനം ആള്‍ക്കാരുടെ മാതൃഭാഷ ഇംഗ്ലീഷോ ഫ്രെഞ്ചോ അല്ല. വര്‍ണ്ണവിവേചനചിന്തകള്‍ ചില മനസ്സുകളിലിപ്പോഴും പടിയിറങ്ങാന്‍ മടിച്ചുനില്‍ക്കുന്നുണ്ട്. അതവര്‍ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. വെള്ളക്കാരന്‍ കൊല്ലപ്പെടുമ്പോള്‍ 'അക്രമ'വും കറുത്തവന്‍ കൊല്ലപ്പെടുമ്പോള്‍ 'പുകഞ്ഞ കൊള്ളി പുറത്തു'മാവുന്ന അവസ്ഥ മാറണം. കറുത്തവന്‍ അധോലോകത്തെയും വെളുത്തവന്‍ സംസ്കാരസമ്പന്നതയേയും പ്രതിനിധീകരിക്കുന്ന വ്യവസ്ഥിതി മാറണം.
എല്ലാ ഇരുനിറക്കാരനും (Brown skinned), താടി നീട്ടിയവനും മുസ്ലീമാണെന്നും തീവ്രവാദിയാണെന്നും മനസ്സില്‍ കരുതുന്നത് അമേരിക്കക്കാരന്‍റെ പൊതുവിജ്ഞാനത്തിന്‍റെ കുറവാണ്. അതേ പരിമിതികളാണ് എല്ലാ ഇസ്ലാം മതവിശ്വാസിയേയും 'ജിഹാദികളാ'ക്കി പരിഭാഷപ്പെടുത്തുന്നതും. അതിന്‍റെ തെളിവാണ് ക്ഷേത്രങ്ങളും ഗുരുദ്വാരകളും മസ്‌ജിദുകളും ഒരേപോലെ ആക്രമിക്കപ്പെടുന്നത്. ഓരോ കറുത്തവനും ഇരുനിറക്കാരനും തങ്ങളുടെ 'പൈതൃക'ങ്ങളെ മലിനപ്പെടുത്താനും 'ശുദ്ധരക്തം' കുടിച്ച് തടിക്കാനും വരുന്ന പരാന്നഭുക്കുകളാണെന്നു കരുതുന്ന ഒരു നല്ല വിഭാഗം ജനങ്ങള്‍ ഇപ്പോഴും ഇവിടങ്ങളിലുണ്ട്. സമാധാനസംരക്ഷണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം കറുത്തവന്‍റെ മാത്രം ചുമലിലേയ്ക്ക് വച്ചു കൊടുക്കുന്നത് ന്യായമല്ല.
ഈഡയുടെ അനുഭവങ്ങള്‍ വേദനിപ്പിക്കുന്നവയായിരുന്നു. സ്വന്തം സ്വപ്നങ്ങളുടെ ആകാശങ്ങളില്‍ തന്‍റെ ശരീരത്തില്‍ നിന്നിറങ്ങി ഭാരരഹിതയായി ഈഡ പറന്നു നടക്കാറുണ്ടായിരുന്നു. പുതിയ കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നു. അവള്‍ക്കിനിയും പറയാന്‍ ഒരുപാടു കഥകളുണ്ടായിരുന്നു. അവയെല്ലാം ഇനിയൊരിക്കലേയ്ക്കായി മാറ്റി വച്ചു.
എന്‍റെ മനസ്സില്‍ വായിച്ചു മറന്ന മേരിലാന്‍ഡിലെ ചാള്‍സ് കൗണ്ടി കടന്നു വന്നു. പോര്‍ട്ട് ടൊബാക്കോ ഫാമിലെ ഉടമയ്ക്ക് നേരേ നിവര്‍ന്നു നിന്നു സംസാരിച്ചതിന് തന്‍റെ വലതു ചെവി മുക്കാലിയില്‍ ആണിയടിച്ചു നിറുത്തിക്കൊണ്ട് നൂറടി ഏറ്റു വാങ്ങിയ അടിമയപ്പനെ ഓര്‍മ്മ വന്നു. ആ അപ്പന്‍റെ മകന്‍ റെവ. ജൊസീയ ഹെന്‍സനെ ഓര്‍മ്മവന്നു. എഴുത്തുകാരി ടോണി മോറിസനെ ഓര്‍മ്മ വന്നു. കവി മായാ ആന്‍ജെലോ മകളോടു പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മ വന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്‍റെ പ്രസംഗം കാതില്‍ മുഴങ്ങി. നടന്‍ ഡെന്‍സെല്‍ വാഷിംഗ്‌ടന്‍ ഫ്ലോറിഡയിലും ബോസ്റ്റണിലും നേരിട്ട 'നീഗ്രോ' വിളികള്‍. ഭാര്യയോടൊപ്പം നടന്നുപോകുമ്പോള്‍ 'വേശ്യയും കൂട്ടിക്കൊടുപ്പുകാരനു'മായത്. വംശീയമായ ആക്ഷേപങ്ങളെക്കുറിച്ച് കുട്ടിക്കാലത്ത് പരാതി പറയുമ്പോള്‍ അമ്മയില്‍ നിന്നു ഡെന്‍സെലിനു കിട്ടിയ മറുപടി ഇങ്ങനെയാണ്.
ഓ.. അത് സാരമാക്കേണ്ട. നീ അവരുടെ സ്ഥാനം ഏറ്റെടുത്തേക്കുമോ എന്നുള്ള ഭീതിയില്‍ നിന്നുയരുന്ന ശബ്ദമാണത്!
*******
Comments