ജാലം
ദീമാപൂരില്‍ നിന്ന് അതിരാവിലെയാണ് ഞങ്ങള്‍ ഗുവാഹതിയിലേയ്ക്ക് പുറപ്പെട്ടത്. സുദേവന്റെ കാറില്‍ അഞ്ചുമണിക്കൂര്‍ യാത്ര. കാസിരംഗ, സൊനാരിഗാവ്, മോറിഗാവ്, ജൊറാബാദ് വഴി. സൊനാരിഗാവില്‍ നിന്ന് സുദേവന് ലേപയെക്കൂടി കൂട്ടണമായിരുന്നു. ദിമാപൂരിലേയ്ക്ക് ഒരാഴ്ച മുമ്പ് പോരുമ്പോള്‍ ലേപയ്ക്ക് അവധി കൊടുത്ത് വീട്ടിലേയ്ക്ക് വിട്ടതാണ്. സൊനാരിഗാവിലെ പ്രധാനപാതയില്‍നിന്ന് തിരിയേണ്ട സ്ഥലത്ത് ലേപ മഞ്ഞസാരിത്തലപ്പും തലയിലിട്ട് ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് ലേപയെക്കൂടി കയറ്റി അവളുടെ പണിതീരാത്ത വീട്ടില്‍ പ്രഭാതഭക്ഷണം. ഭര്‍ത്താവ് പ്രഫുലിനേയും അയാളുടെ സഹോദരിയുടെ കുടുംബത്തെയും അമ്മ മാക്കെന്‍ബറൊയേയും പരിചയപ്പെടുത്തി. അരിയുണ്ടയും നെയ്യപ്പവും ചായയും കഴിച്ച് ഞങ്ങള്‍ അവളെയും കൂട്ടി യാത്ര തുടര്‍ന്നു. ബോകാഘട്ടിലെ മൊധുമതി റെസ്റ്റൊറന്റില്‍ നിന്ന് ഉച്ചഭക്ഷണം. രാത്രിയില്‍ ഞങ്ങളെ ബോല്പൂരിലേയ്ക്ക് യാത്രയയച്ചതും ലേപയാണ്. സൊനാരിഗാവിലെ സുന്ദരിയായ വീട്ടമ്മ ഗുവാഹട്ടിയിലെ വേലക്കാരിയാണ്. അവള്‍ ഇടയ്ക്ക് മലയാളം വാക്കുകള്‍ പറയും. സുദേവന്റെയും ജയരാമന്റെയും ബാല്യകാലസഖിയായ കുഞ്ഞുമായാജാലക്കാരി പദ്മിനിയെ ഓര്‍മ്മിപ്പിക്കുന്ന ലേപയുടെ കഥയാണ് പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയിരിക്കുന്ന 'ജാലം'.
ജാലം എനിക്ക് പ്രിയപ്പെട്ട കഥകളിലൊന്നാവുന്നതിന്റെ പ്രധാന കാരണം ഞാന്‍ ഇതിന്റെ സാക്ഷിയായിരുന്നു എന്നുള്ളതാണ്. സുദേവന്റെയും ജയരാമന്റെയും ലേപയുടെയും കൂടെയുണ്ടായിരുന്ന സഹയാത്രികന്‍. ഇതിലെ നിമിഷങ്ങള്‍ എന്റെ കൂടി സ്വന്തമാണ്. അവളുടെ നിരാലംബമായ അവസ്ഥ ഞാന്‍ നേരിട്ടു കണ്ടതാണ്. കുടുംബവും ചുറ്റുപാടുകളും യാത്രയാക്കുന്ന, അറിയപ്പെടാതെ പോകുന്ന ആയിരക്കണക്കിനു പരകായപ്രവേശങ്ങളുടെ കഥയാണ് ജാലം.
Comments