തുറക്കാതെ പോകുന്ന അക്കൗണ്ടുകള്‍

അക്കൗണ്ട് തുറക്കാനുള്ള കടലാസ്സുകള്‍ ആ ചെക്കന്‍റെ കൈയില്‍ കൊടുത്തു വിട്ടതാ. അവനെ ഒരു അഞ്ചുവയസ്സുകൂടി കഴിഞ്ഞിട്ട് സ്ഥാനാര്‍ത്ഥി ആക്കിയാ മതീന്ന് അന്ന് ഞാന്‍ പറഞ്ഞപ്പോ എല്ലാരും കൂടി എന്‍റെ നേരേ ഒരു ആക്കിയ നോട്ടം. ഇന്നലെ അവന്‍ സി.എന്‍.എന്‍ ചാനലിനോടു പറയുകാ നമ്മക്ക് എഴുപത്തൊന്ന് സീറ്റു കിട്ടുമെന്ന്. അതിച്ചിരെ അതിമോഹമല്ലേ എന്ന് പറഞ്ഞ് ആരുടേം ആത്മവിശ്വാസം കളയേണ്ടല്ലോ എന്നു കരുതിയാ ഞാനതങ്ങ് വിഴുങ്ങിയത്. 
അപ്പോ, നമ്മള്‌ പറഞ്ഞുവന്ന കാര്യം അക്കൗണ്ട് തുറക്കുന്നതിന്‍റെയാ..ഈ കടലാസ്സുകളും കൊണ്ട് പോകുമ്പം മൊബൈലു വാങ്ങി വച്ചിട്ടേ വിടാവൂന്ന് ശ്രീധരന്‍പിള്ളച്ചേട്ടന്‍ പറഞ്ഞതു പ്രകാരം അങ്ങനെ ചെയ്തു. അല്ലെങ്കി... പോണ വഴിക്കൊക്കെ അവന്‍ സെല്‍ഫിയെടുത്ത് കളിക്കും. അങ്ങനെപോയാ ആറുമണിക്ക് മുമ്പെത്തിയേല. ഒക്കെ പറഞ്ഞേച്ചാ വിട്ടത്. ഇപ്പം എന്നാ പറ്റിയെന്നറിയാവോ?
പുത്തരിക്കണ്ടത്തൂടെ പോകുമ്പം രമേഷാട്ടനാ കണ്ടത്. പുള്ളിക്കാരനാ എന്നെ വിളിച്ചു പറഞ്ഞത്‌. കടലാസ്സുകളുടെയൊക്കെ മീതേ ഒരു കല്ലെടുത്തു വച്ച് അവന്‍ കൊറേ പിള്ളാരുടെ കൂടെ നിന്ന് ബൗള്‌ ചെയ്യുവാ. രമേഷാട്ടന്‍ അവനെ വിളിച്ചു ചോയിച്ചു.
''നിന്നെ ഒരു പണിയേല്പിച്ചതല്ലേ? ഇപ്പം സമയം എത്രയായീന്നൊന്ന് നോക്കിക്കേ?''
അത് കേക്കാത്ത താമസം അവന്‍ കടലാസ്സുകളെടുക്കാന്‍ നോക്കിയപ്പം കല്ലിന്‍റടീന്ന് രണ്ടു കടലാസ്സുകള്‍ കാറ്റില്‍ പറന്ന്  സിക്സറു പോലെ പോകുന്നു. ബാക്കി രണ്ടെണ്ണം കാറ്റിന്‍റെ  ബാറ്റിംഗില്‍ ബൗണ്ടറിയാകാന്‍ കൈകാലിട്ടടിക്കുന്നു.
സമയം അഞ്ചേ അമ്പത്തഞ്ച്. ഇനി അഞ്ചു മിനിട്ട് ബാക്കി. അതിനകം കൈയിലുള്ള കടലാസ്സെങ്കിലും എത്തിച്ചാ ഒന്നു പറഞ്ഞുനിക്കായിരുന്നു. ആറുമണിക്കകം എത്തിയില്ലെങ്കില്‍ ഇനീം അഞ്ചുവര്‍ഷം കാത്തുനിക്കണം.
നമ്മക്ക് അക്കൗണ്ട് തൊറക്കാന്‍ പറ്റുമോ? അതോ ഇനീം ബ്ലെയ്‌ഡുകാരെ വിളിക്കണോ?

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!