കുഞ്ഞപ്പന്റെ മറിയം

ഇത് ഞങ്ങളുടെ സ്വന്തം മറിയം. സുമതിയെന്ന ശരിയായ പേരിലന്വേഷിച്ചാൽ കാളികാവിലാരും മറിയത്തിലേക്കെത്തില്ല. കുഞ്ഞപ്പന്റെ മറിയമാണെങ്കിൽ എല്ലാവർക്കും സുപരിചിത. എനിക്ക് അഞ്ചുവയസ്സുള്ളപ്പോളാണ്, കുഞ്ഞപ്പന്റെ സുന്ദരിയായ വധുവായി മറിയം ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് കെട്ടിക്കേറിയത്. കുഞ്ഞപ്പന്റെ ചാച്ചൻ മത്തന്റെ ചാച്ചനെ ഞങ്ങളുടെ ഒരു പ്രപിതാമഹൻ വില കൊടുത്ത് വാങ്ങിയതാണെന്നുള്ള പൊള്ളുന്ന സത്യത്തെ ഞങ്ങളത്ര സുഖത്തോടെയല്ല കേട്ടത്. മത്തനും കുഞ്ഞന്നയും, അവർക്കുണ്ടായ കുഞ്ഞപ്പനും പാപ്പുവും, കുഞ്ഞപ്പന്റെ കെട്ടിയോൾ മറിയവുമില്ലാത്ത ഒരു ചരിത്രം ഞങ്ങൾക്കില്ല. കുന്നുമ്പുറത്തെ അവരുടെ ഓലവീട് എന്നും വൃത്തിയായി അവർ സൂക്ഷിച്ചിരുന്നു.പാടത്തെ കൃഷിപ്പണികൾക്കിടയിൽ, കുട്ടിക്കാലത്ത്, അവരുടെയൊപ്പമിരുന്ന് പ്രാതൽ കഴിക്കണമെന്ന എന്റെ വാശിമൂത്തപ്പോൾ അമ്മ ഒരു ചെറിയ ഭക്ഷണപ്പൊതി എനിക്കായി കൂടെ വച്ചുതന്നു.അവരുടെ കൂടെയിരുന്ന് മത്തന്റെ വായ്മൊഴിപ്പാട്ടിന്റെ താളത്തിൽ പാടവരമ്പത്തെ ഭക്ഷണം.മത്തൻമൂപ്പന്റെ കൂടെ ഒരുപാടു കേണുപറഞ്ഞാലേ ഒന്നു കലപ്പ പിടിക്കാനും ഞൗരിയടിക്കാനുമൊക്കെ ഞങ്ങളെ അനുവദിക്കൂ. കൊയ്ത്തുകാലമാണ് ഞങ്ങളൊക്കെ ഏറ്റവും ആസ്വദിച്ചിരുന്നത്. കോല്ക്കളിയും നാടൻ പാട്ടുമൊക്കെയായി ഉറക്കമില്ലാത്ത രാവുകൾ. കറ്റകളൊക്കെ മെതിച്ചെടുത്ത് പതം വാങ്ങി എല്ലാവരും കുടികളിലേക്കു മടങ്ങുമ്പോൾ ഞങ്ങൾക്കൊക്കെ വിഷമമാകും.ആളും ബഹളവുമില്ലാതെ, മത്തന്റെ കഥകളിൽ നിന്നിറങ്ങിവന്ന കുട്ടിച്ചാത്തന്മാരും, ഒറ്റമുലച്ചികളും, യക്ഷികളും, ഗന്ധർവ്വന്മാരും, ഒടിയന്മാരും രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങുന്ന ഞങ്ങൾ കുട്ടികളെ കാത്തു നിന്നു.അവരെ പറ്റിക്കാൻ, അവർക്ക് പിടി കൊടുക്കാതെ ഞങ്ങളൊക്കെ വരാന്തകളിൽ കയറിനിന്ന് പിന്മുറ്റത്തേയ്ക്ക് മൂത്രത്തിന്റെ മഴവില്ലുകൾ കുലച്ചു. ഒളിച്ചുനിന്ന് കാടൻപുള്ളിന്റെയും കാട്ടുമാക്കാന്റെയും ശബ്ദമുണ്ടാക്കി പെൺകുട്ടികളെ ഓടിച്ച് വീടുകളിൽ കയറ്റി.

മത്തൻ പോയി. കുഞ്ഞന്നയും പോയി. തങ്കം ടോക്കീസിൽ വന്ന എല്ലാ പ്രേംനസീർസിനിമകളുടേയും കഥകൾ കുഞ്ഞപ്പനും പാപ്പുവും അക്ഷരം വിടാതെ ഞങ്ങൾക്ക് പറഞ്ഞു തന്നു. മുടി നീട്ടിയ വേലൻ പപ്പനാവനെ ഉറക്കത്തിനിടയിൽ ലോറിക്കാരു പൊക്കിയ കഥ വീട്ടിൽ മുതിർന്നവരില്ലാത്ത തക്കം നോക്കി പാപ്പു പറഞ്ഞു തന്നു.

ഒരു നെഞ്ചുവേദനയുടെ കൂടെ കുഞ്ഞപ്പനും പോയി. മകൾ കല്യാണം കഴിച്ച് വേറെ താമസമായി. മരുമകൻ അമ്മാവൻവണ്ടി (കുന്നുമ്പുറക്കാർ റോഡ് റോളറിനെ വിളിക്കുന്നത് അങ്ങനെയാണ്!)ഓടിക്കുന്നു. മകന് ആശാരിപ്പണിയുണ്ട്.

മറിയം വീണ്ടും ഒറ്റയ്ക്കാകുന്നു.

സുജാത കൈപിടിച്ച് മറിയത്തെ വീട്ടിലേയ്ക്ക് കയറ്റുമ്പോഴും, കൂടെയിരുത്തി ദോശ തീറ്റിക്കുമ്പോഴും മറിയത്തിന്റെ കണ്ണുകളിൽ അൻപത്തഞ്ചു വർഷം പിന്നോട്ടു പാഞ്ഞു. അവിശ്വസനീയമായ മാറ്റങ്ങളുടെ കുത്തൊഴുക്കിൽ അവിടേയ്ക്ക് ആദ്യം വന്ന ഒരു പതിനാറുകാരിവധുവിന്റെ കണ്ണുകളിൽ ബാക്കി നിന്ന ആ പഴയ തിളക്കം.

പോകാനിറങ്ങുമ്പോൾ മറിയം സുജാതയോടു പറഞ്ഞു.

''ഇവിടുത്തെ തമ്പ്‌രാട്ടീടെ മാതിരി ആരേം കഷ്ടപ്പെടുത്താതെ അങ്ങോട്ടു പോയാ മതിയായിരുന്നു!''

Comments

ഇനി ഒരിക്കലും തിരികെ വരാത്ത ആ ഒരു കാലം അയവിറക്കാനായി. നല്ല കുറിപ്പ്‌!

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!