വഴിക്കാഴ്‌ച്ചകള്‍ -1

 വീടിനു പിന്നിലെ വഴിയിലൂടെയുള്ള ഞങ്ങളുടെ പതിവുനടത്തത്തിനിടയില് കണ്ടുമുട്ടിയതാണ്‌ സില്‌വിയ എന്ന എണ്പതുകാരിയെ. സുഖാന്വേഷണങ്ങളോടെ തുടങ്ങി. ആറുപതിറ്റാണ്ടു മുമ്പേ കാനഡയിലേയ്ക്ക് കുടിയേറിയ വെള്ളക്കാരി പറഞ്ഞുതുടങ്ങിയത് ജനസാന്ദ്രത വളരെ കുറഞ്ഞ അന്നത്തെ ബര്ലിങ്ടനെക്കുറിച്ചാണ്‌. ഇപ്പോള് താമസം രണ്ടു പറമ്പ് അപ്പുറമുള്ള സീനിയര് കെയര് ഹോമിലാണ്‌. മുറിയില് ഒറ്റയ്ക്കാണെങ്കിലും കെയര്ഹോമില് വേറെ കുറേപ്പേര് കൂടിയുണ്ട്. താഴത്തെ നിലയില് വ്യായാമസൗകര്യങ്ങളുണ്ടെങ്കിലും അത് അപൂര്‌വ്വമായേ ഉപയോഗിക്കാറുള്ളു. ഒരു കിലോമീറ്ററോളം ദിവസേന നടക്കാറുണ്ട്.



അവര് തലയിലണിഞ്ഞിരുന്ന ടോക്ക് (Toque) ഊരി കയ്യില് പിടിച്ചിരുന്നു. അതുകൊണ്ട് വായ് മറച്ചുകൊണ്ടാണ്‌ അവര് ഞങ്ങളോടു സംസാരിച്ചിരുന്നത്. മാസ്‌ക് ഇല്ലാത്തതിനാലാവും അവര് അങ്ങനെ ചെയ്യുന്നത്‌ എന്നാണ്‌ ഞങ്ങള് കരുതിയത്. പിന്നെ അവര് തന്നെ ചിരിച്ചുകൊണ്ട് ആ സത്യം അനാച്ഛാദനം ചെയ്തു. മുന്‌നിരയിലെ ഒരു പല്ലിന്റെ വിടവാണു പ്രശ്നം. അവര് അതുപറഞ്ഞ് ചിരിച്ചു.
ഒരു സുപ്രഭാതത്തില് ഉണരുമ്പോള് ആ വിടവ് നാവാണ്‌ തപ്പിയെടുത്തത്. കിടക്കയിലും കട്ടിലിനു താഴെയുമൊക്കെ അരിച്ചുപെറുക്കിയെങ്കിലും പോയ പല്ല് കണ്ടെത്താന് കഴിയാതിരുന്നതിനാല് ഉറക്കത്തില് വിഴുങ്ങിയതാവും എന്നുള്ള നിഗമനത്തില് എത്തിച്ചേരുകയും ചെയ്തു.
ആ ഒറ്റപ്പല്‌വിടവ് ലേശം അഭംഗിയുണ്ടാക്കുന്നുണ്ടെന്ന രീതിയില് ആയിരുന്നു അവരുടെ സംസാരം. പക്ഷേ അവരുടെ ഭംഗിക്ക് അത് ഒരു കുറവും ഉണ്ടാക്കിയിട്ടില്ലെന്നും അത് ചൂണ്ടിക്കാണിച്ചപ്പോള് മാത്രമാണ്‌ ഞങ്ങള്പോലും ശ്രദ്ധിച്ചതെന്നും സുജാത പറഞ്ഞു. ആ സാന്ത്വനം ഉണ്ടാക്കുന്ന ഊര്ജ്ജം അവരില് വൈദ്യുതിപോലെ പടരുന്നത് ഞങ്ങള് നോക്കിനിന്നു.
ഇഷ്ടപുരുഷനോടൊപ്പം ജീവിതം തുടങ്ങിയെങ്കിലും അയാള് പിന്നീടെപ്പൊഴോ വിട്ടുപോയി. മൂന്നു മക്കള്.
''I brought them out from here!'' സില്‌വിയ അടിവയര് തൊട്ടു കാണിച്ച് അഭിമാനത്തോടെ പറഞ്ഞു. അവര് വാരാന്ത്യത്തിലും വിശേഷദിവസങ്ങളിലുമൊക്കെ ഭക്ഷണവിഭവങ്ങളുമായി വരും. ചിലപ്പോള് അവരുടെ കൂടെ ഷോപ്പിംഗിനും കറങ്ങാനുമൊക്കെയായി പുറത്തിറങ്ങാറുണ്ട്. പിന്നീടവര് വീട്ടില് തിരിച്ചുവിട്ടു മടങ്ങും.
''അപ്പോള് ഉണ്ടാകുന്ന ഒരു ഏകാന്തതയില്ലേ! എല്ലാമുണ്ടെന്ന നിറവിലും ബാക്കിയാകുന്ന ഒരു വിടവ്. അത് ചെറിയതോതില് ആക്രമിക്കാറുണ്ടെങ്കിലും പൊതുവേ ജീവിതം ആസ്വാദ്യകരമാണ്‌.''
സില്‌വിയ പറഞ്ഞു.

ലോങ്‌മോര് ഡ്രൈവ് എന്ന ഗതാഗതം തീരെക്കുറഞ്ഞ ഉള്വഴി കടന്നുപോകുന്നിടത്ത് ഞങ്ങള് നിന്നു. അവര് പറഞ്ഞു:
''ഞാന് ഇവിടം വരെയേ നടക്കാറുള്ളു. വണ്ടികളുണ്ടാവും. അതിനാല് മറികടക്കാന് നില്ക്കാറില്ല. ഇവിടുന്ന് തിരിച്ചുനടക്കും.''
റോഡുമുറിച്ചുകടക്കാന് മാത്രമുള്ള തിരക്ക് അവിടെ ഉണ്ടാവാറില്ലെന്നും, ഒരു മാസം മുമ്പ് കാല്നടയാത്രക്കാരുടെ സൗകര്യം പ്രമാണിച്ച് വണ്ടികള് വേഗം കുറച്ച് ഓടിക്കണമെന്നുമുള്ള ഒരു ബോര്ഡ് അവിടെ വന്നിട്ടുണ്ടെന്നും ഞാന് ചൂണ്ടിക്കാണിച്ചു.
കാനഡയില് വ്യക്തിഗതചോദ്യങ്ങള് പരിധിലംഘനമാകുമോ എന്ന ഭയം പലരിലുമെന്നതുപോലെ സില്‌വിയയ്ക്കുമുണ്ടായിരുന്നതിനാനാലാവും അവര് വെറുമൊരു നിരുപദ്രവകരമായ ചോദ്യത്തില് നിറുത്തി.
'' So, how are you all doing?''
രണ്ടു പറമ്പുകൂടി നടന്ന് ഇടത്തോട്ടു തിരിഞ്ഞാല് ഞങ്ങളുടെയും വീടായെന്നും ദാ ഇക്കാണുന്ന പോളൈന് ജോണ്സന് സ്കൂളിലെ അദ്ധ്യാപികയാണു താനെന്നും സുജാത പരിചയപ്പെടുത്തി.
നടത്തം പ്രായത്തിനുപരി അവരെ ഊര്ജ്ജസ്വലയാക്കി നിറുത്തുന്നുണ്ടെന്നും അതുമുടക്കേണ്ടെന്നും അവരെ ഞങ്ങള് ഓര്മ്മിപ്പിച്ചു. ഇനിയും യാത്രയ്ക്കിടയില് ഇങ്ങനെ നാം കണ്ടുമുട്ടുമെന്നും ചിരിച്ചും ആരോഗ്യത്തോടെയും കഴിയാനിടവരട്ടെ എന്നും ആശംസിച്ച് ഞങ്ങള് ഇരുവശത്തേയ്ക്കുമായി നടന്നു.

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്