ചികിത്‌സാഫലങ്ങളില്ലാതെ പോകുന്ന 'തിമിര'ങ്ങള്‍
'തിമിര'ത്തിന്‍റെ പ്രത്യേകപ്രദര്‍ശനം കണ്ട് തിരുവനന്തപുരത്തെ
കൈരളി തീയേറ്ററില്‍ നിന്നിറങ്ങി വന്നിട്ടുപോലും സുധാകരന്‍ എന്ന കഥാപാത്രത്തിനോടുള്ള രോഷം തീര്‍ന്നിരുന്നില്ല, പലര്‍ക്കും. ഒരു നായകന്‍ ആ കഥാപാത്രത്തിനു സ്വന്തം പേരിട്ട് വെള്ളിത്തിരയില്‍ വരുന്നത്, ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്നിലൊരു ദ്വിത്വപ്രതിസന്ധി ഉണ്ടാക്കിയിരുന്നു. നായകന്‍ തന്നെ പ്രതിനായകനുമാകുമ്പോള്‍ ആ ചിന്തയുടെ ആക്കവും കൂടി. മുന്നില്‍ നില്‍ക്കുന്നത് സുധാകരന്‍ എന്ന നടനല്ലെന്നും ആ കഥാപാത്രം തന്നെയാണെന്നുമുള്ള വികല്പമായിരുന്നു മനസ്സുനിറയെ. സമാനാഭിപ്രായങ്ങള്‍ മറ്റു പലരും പങ്കുവയ്ക്കുകകൂടി ചെയ്തപ്പോളാണ് ആ നടന്‍ ഏറ്റെടുത്ത വെല്ലുവിളിയുടെ ആഴം മനസ്സിലായത്.
ഒരു കലാസൃഷ്ടിയുടെ പിന്നില്‍ സ്വജീവിതത്തില്‍ നിന്നോ അപരജീവിതങ്ങളില്‍ നിന്നോ നാം കണ്ടെടുക്കുന്ന ഒരുപാട് രഹസ്യങ്ങളുണ്ടാവും. അതറിയാന്‍ പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കുമെല്ലാം താല്പര്യവുമുണ്ടാകും. ഒരു പ്രത്യേകരംഗം എന്തുകൊണ്ടുണ്ടായി, എങ്ങനെയുണ്ടായി, എന്താണതിനു പിന്നില്‍ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പോലുമുണ്ടാകുന്നത് അങ്ങനെയാണ്. തിരനാടകമെഴുതുന്നയാളും, കഥയെഴുതുന്നയാളുമെല്ലാം ഇത്തരം ജീവിതങ്ങളെത്തന്നെയാണ് പകര്‍ത്തുന്നത്. അതില്‍ അനുഭവങ്ങളും മുറിവുകളുമുണ്ടാക്കിയ വേദനകളുള്ളപ്പോഴാണ് ആ സൃഷ്ടിക്ക് ജീവിതത്തോട് അടുപ്പമുണ്ടാകുന്നതും അത് ആ സൃഷ്ടിയെന്ന നിലയില്‍ വിജയം കാണുന്നതും. അനുഭവമില്ലായ്‌മയും കേട്ടുകേള്‍വിയുമൊക്കെ ആ സൃഷ്ടിയെ വലിച്ചുതാഴെയിടാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടുതന്നെയിരിക്കും. അതില്‍ നിന്ന് രക്ഷപ്പെടാനാണ് കഴിയുന്നത്ര ജീവിതഗന്ധിയാക്കാന്‍ ഒരോ സ്രഷ്ടാവും അങ്ങേയറ്റം പണിപ്പെടുന്നതും. അവിടെയാണ്, സ്വന്തം പേരുതന്നെ നായകനിട്ട്, ഒരു നടന്‍ ആ അയഥാര്‍ത്ഥജീവിതത്തിലേയ്ക്ക് കയറിക്കൂടുന്നതും കാഴ്ചക്കാരെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് അദ്ഭുതപരതന്ത്രരാക്കി പിടിച്ചുകൊണ്ടുപോകുന്നതും.
സ്ത്രീ, ഒന്നില്‍നിന്നും വിമോചനമല്ല ആഗ്രഹിക്കുന്നത്. സമത്വം മാത്രമാണ് കാംക്ഷിക്കുന്നത്. എല്ലാ കാഴ്ചകളിലും, കളികളിലും, ഉത്തരവാദിത്തങ്ങളിലും പുരുഷനോട് ഒപ്പം നില്‍ക്കാനാണ് അവള്‍ ആഗ്രഹിക്കുന്നത്. അതിനു പുരുഷസമൂഹം തയ്യാറാകുന്നില്ല എന്നതിനുമുപരി അവളെ ഭരിച്ചുനില്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. ഈ ഭരണത്തിലൂടെ മാത്രമേ പുരുഷന്‍റെ ബലഹീനതകളും അറിവില്ലായ്മകളും അവനു മറച്ചുവയ്ക്കാന്‍ കഴിയുന്നുള്ളു എന്ന ഒരു സത്യം അവിടെ മറഞ്ഞിരിപ്പുണ്ട്. അത് പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവരൊക്കെ പുരുഷന്‍റെ ശത്രുക്കളാവും. അവരെ ഏതുവിധേനയും അവന്‍ അടിച്ചമര്‍ത്തും. അത്തരം ഒരുപിടി കാഴ്ചകളാണ് 'തിമിര'ത്തിലുള്ളത്. ഒരു പുരുഷന്‍ ആധിപത്യത്തിന്‍റേയും അധിനിവേശത്തിന്‍റേയും കൊടുമുടി കയറുന്നതാണ് നാം ഈ ചിത്രത്തിലൂടെ കാണുന്നത്. പുരുഷനല്ലാത്തതിലൊന്നും വിശ്വസിക്കാത്ത, പുരുഷമൊഴികള്‍ക്കപ്പുറം എല്ലാം അവിശ്വസിക്കുന്ന, നമ്മുടെ വീടുകളിലോ അയല്‍പക്കങ്ങളിലോ ഗ്രാമങ്ങളിലോ നഗരങ്ങളിലോ ഒക്കെ നാം കണ്ടുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് 'തിമിര'ത്തിലെ സുധാകരന്‍. ആണ്‍വാക്കിനുള്ള വിശ്വാസ്യത പെണ്‍വാക്കിനില്ലെന്നു അയാള്‍ സ്വന്തം വീട്ടില്‍ നിന്നു തന്നെ ചെറുപ്പത്തില്‍ കേട്ടുകൊണ്ടാണ് വളരുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ മൂത്തസഹോദരിക്കു കിട്ടുന്നതിലും ഒരു മത്തി അധികം കിട്ടാറുള്ളത് താന്‍ ആണായതുകൊണ്ടുതന്നെയാണെന്ന് അവനറിയാം. സമൂഹം മുഴുവന്‍ അതാവര്‍ത്തികുമ്പോള്‍ അതിനു നാട്ടുനടപ്പിന്‍റെ സാധുത കിട്ടുന്നുണ്ട്. സഹോദരങ്ങളുടെ വഴക്കിനിടയില്‍ പെണ്‍കുട്ടികള്‍ക്ക് ശിക്ഷ കിട്ടുകയും 'അവന്‍ ആണല്ലേ' എന്ന ജാമ്യത്താല്‍ അവന്‍ രക്ഷപ്പെടുകയുംചെയ്യുമ്പോള്‍ അത് സമൂഹം അംഗീകരിച്ച നിയമമമായിത്തന്നെ അവനില്‍ വളരുകയാണ്. 'ഈ ലോകത്ത് ആണുകഴിഞ്ഞേ പെണ്ണുള്ളു'വെന്ന് അയാള്‍ പറയുകയും പ്രവര്‍ത്തിച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്. 'എന്‍റെ കാര്യം ആരുനോക്കും' എന്നുള്ള അമിത വേവലാതിയാലാണ്, സാധ്യത ഉണ്ടായിരുന്നിട്ടും ഭാര്യയെ അയാള്‍ ജോലിക്കു വിടാതിരുന്നത്. തീന്മേശയില്‍ ഒരുമിച്ചിരുന്നിട്ടും ഭാര്യയിലൂടെ മരുമകളോട് സംസാരിക്കേണ്ടിവരുന്നതിന്‍റെ കാരണം വീട്ടില്‍ നിലവിലുള്ള അധികാരത്തിന്‍റെ ഏണിപ്പടികളാണ്. വീട്ടിലുള്ളവരേക്കാള്‍ താഴെയാവണം മരുമകളുടെ സ്ഥാനമെന്നും, മുകളില്‍ നിന്നുള്ള ആജ്ഞകള്‍ യഥാവിധി തന്നെ വേണം താഴെത്തട്ടിലെത്താന്‍ എന്നും അതിന് അര്‍ത്ഥമുണ്ട്. ഈ സ്വേച്ഛാധിപതിക്കാണെങ്കില്‍ വിഷയാസക്തിയില്‍ ഒരു കുറവുമില്ല. അവിടെ മാത്രമേ അയാള്‍ക്ക് സ്ത്രീയെ വേണ്ടതായുള്ളു. സ്വന്തം ഭാര്യ, മരുമകള്‍, സെയില്‍സ് ലേഡി, സഹയാത്രിക, ആശുപത്രിയിലെ സ്ത്രീജീവനക്കാര്‍, ലൈംഗികത്തൊഴിലാളികള്‍ എന്നുവേണ്ട എല്ലാവരേയും വെറുപ്പിന്‍റെ കഷായം കുടിപ്പിക്കുന്നുണ്ട്. സ്വന്തം മകനോടു മാത്രമേ അയാള്‍ക്ക് അല്പമെങ്കിലും അടുപ്പമുള്ളു. അതാണെങ്കില്‍ നിലനില്പിനു വേണമെന്നുള്ളതുകൊണ്ടു മാത്രം. മകന്‍ കൈയൊഴിഞ്ഞാല്‍ ജീവിതം കട്ടപ്പുകയായി മാറുമെന്നുള്ളതിനാലാണ് ഇക്കൂട്ടര്‍ അവിടെ പത്തി താഴ്ത്തി നില്‍ക്കുന്നതു തന്നെ. സമൂഹം മുഴുവന്‍ വികര്‍ഷണമുണ്ടാക്കിയിട്ടും അയാള്‍ ജീവിച്ചിരിക്കുന്നതുപോലും വാര്‍ദ്ധക്യം എന്ന ആനുകൂല്യത്തിലാണ്.
ചുരുക്കത്തില്‍ 'തി'ന്മ നിറഞ്ഞ സുധാകരന്‍റെ 'മി'ഥ്യാബോധങ്ങളുടെ 'ര'സധാതുക്കളാണ് ഇന്‍ഫിനിറ്റി ഫ്രെയിംസ് ഒരുക്കിയ 'തിമിരം' എന്ന ചലച്ചിത്രം നമുക്ക് കാട്ടിത്തരുന്നത്. രാസപരിണാമങ്ങളാണല്ലോ രസതന്ത്രത്തിന്‍റെ കാതല്‍! ആ പരിണാമങ്ങള്‍ തന്നെയാണ് ഈ ചിത്രത്തെ വേറിട്ടുനിര്‍ത്തുന്നതും.
തുടക്കത്തില്‍ അദ്ഭുതപരിവേഷങ്ങണിഞ്ഞുവരുന്ന കാഴ്ചകള്‍ പലതും ആവര്‍ത്തിക്കപ്പെടുമ്പോള്‍ സാധാരണനിലയിലാവുന്നത് ജീവിതത്തില്‍ നമുക്കനുഭവമുള്ളതാണ്. കെടുകാര്യസ്ഥതകള്‍ കണ്ടില്ലെന്നു നടിക്കുന്നവരാണു നമ്മള്‍. വളരെ പണ്ടുമുതലേ ആണധികാരപ്രകടനങ്ങള്‍ക്ക് കൈയടിച്ചു പിന്തുണ പ്രഖ്യാപിച്ച സമൂഹമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ അത്തരം കാഴ്ചകളില്‍ നമുക്ക് തിമിരമുണ്ട്. അവയില്‍ പലതും നാം കണ്ടില്ലെന്നു നടിക്കുന്നുണ്ട്. അതൊക്കെ സാധാരണ കാഴ്ചകളല്ലേ എന്നുള്ള ഓരോ അവഗണനയും ആ കൃഷിനിലത്തിനു വളക്കൂറേകുന്നുണ്ട്. അതുകൊണ്ടുതന്നെ, ഓരോ വ്യക്തിത്വവും ബഹുമാന്യവും അംഗീകരിക്കപ്പെടേണ്ടതുമാണെന്ന് 'തിമിരം' നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ചെറുതും വലുതുമായ വേഷങ്ങളില്‍ അനേകം പേര്‍ അഭിനേതാക്കളായി തിമിരത്തിലുണ്ട്. പദ്‌മരാജന്‍റെ 'ഇന്നലെ'യിലെ അച്ചായനെ അവിസ്മരണീയമാക്കി നിര്‍ത്തിയ കെ. കെ. സുധാകരന്‍ തന്നെയാണ് 'തിമിര'ത്തിലെ സുധാകരനെന്ന കഥാപാത്രവും ചിത്രത്തിന്‍റെ നിര്‍മ്മാതാവും. നടനെന്ന നിലയില്‍ ഈ ചിത്രത്തില്‍ നമ്മളെ ഏറ്റവും 'വെറുപ്പിച്ചു'കൊണ്ട് സുധാകരേട്ടന്‍ ആ ധീരകൃത്യം ഭംഗിയായി നിര്വ്വഹിച്ചിരിക്കുന്നു. വിശാഖ്, മീരാ നായര്‍, രചന നാരായണന്‍കുട്ടി, അമേയ മാത്യു, ബേബി സുരേന്ദ്രന്‍, ആശാ നായര്‍, കാര്‍ത്തിക, ജി. സുരേഷ് കുമാര്‍, കാര്‍ത്തിക, രാജാജി, ഉണ്ണി മടവൂര്‍, സത്യന്‍ വര്‍ക്കല തുടങ്ങിയ ചെറുതും വലുതുമായി, ഈ ചിത്രത്തില്‍ വേഷമിട്ട എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു. നസീം റാണി, റാം സുനില്‍, സജി പൈമറ്റം, ബിജു കെ മാധവന്‍ തുടങ്ങിയ പിന്‍നിരയുടെ ഉറച്ച കൂട്ടായ്മയും ഈ ചിത്രത്തിന്‍റെ വിജയത്തിന്‍റെ മുന്നിലുണ്ട്. ഉണ്ണി മടവൂര്‍ ആണ് ഛായാഗ്രഹണം നിര്വ്വഹിച്ചിരിക്കുന്നത്.
കഥയും തിരക്കഥയുമൊരുക്കി ചിത്രം നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്ന കൃതഹസ്തങ്ങള്‍ ശിവറാം മണി എന്ന യുവസംവിധായകന്‍റേതാണ്. നിര്‍മ്മാതാവിനോടൊപ്പം തന്നെ ഈ പ്രമേയനിര്‍മ്മിതിയിലെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹവും വിജയിച്ചിരിക്കുന്നു. സംവിധായകന്‍റെ രണ്ടാമത്തെ ചിത്രമാണിത്.
ആകാരത്താലും, ഏറ്റെടുക്കുന്ന പരകായപ്രവേശങ്ങളാലും സുധാകരേട്ടന്‍ നാടകവേദികള്‍ നിറയ്ക്കുന്നത് ഞാന്‍ അനേകം തവണ കണ്ട് അദ്ഭുതം കൂറി നിന്നിട്ടുണ്ട്. ആ അഭിനയസിദ്ധിയുടെ മുമ്പില്‍ വന്നു നില്‍ക്കാനും പ്രശംസിക്കാനും എനിക്ക് ധൈര്യം വന്നപ്പോഴേയ്ക്കും അദ്ദേഹം അബുദാബി വിട്ട് ഖത്തറിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു സഹനാടകനടനായ, ഇന്ന് ഞങ്ങളോടൊപ്പമില്ലാത്ത ബാലന്‍ കടവത്തിന്‍റെ ഫോണില്‍ നിന്നു എനിക്ക് കിട്ടിയ ഒരുവിളിയില്‍ പഴയ ഓര്‍മ്മകള്‍ നിത്യഹരിതമായിനില്‍ക്കുന്നുണ്ടല്ലോ എന്നു ഞാന്‍ അഭിമാനം കൊണ്ടു. വര്‍ഷങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി കലാഭവന്‍ തീയേറ്ററില്‍ വച്ച് സുധാകരേട്ടനെ മുമ്പില്‍ കിട്ടുമ്പോഴാണ് 'തിമിര'ത്തിന്‍റെ പ്രത്യേക പ്രദര്‍ശനത്തിലേയ്ക്ക് ഞങ്ങള്‍ക്ക് ക്ഷണം ലഭിക്കുന്നത്.
'തിമിര'ത്തിലൂടെ നാം കാണുന്ന ഏതെങ്കിലും ഒരു രംഗം നിങ്ങളെ ചെടിപ്പിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ കാരണം ആ സമൂഹനിര്‍മ്മിതിയുടെ ഭാഗമെന്ന നിലയില്‍ നാം ഓരോരുത്തരുമാണ്. ചൂണ്ടുവിരല്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം നമുക്കു നേരേ തന്നെയാണ് തിരിഞ്ഞിരിക്കുന്നതും. ചിത്രം അതിന്‍റെ ആഗോളാംഗീകാരങ്ങളുടെ യാത്രകള്‍ തുടങ്ങിക്കഴിഞ്ഞു!
Comments