പ്രിയ സുഹൃത്തിന്, സ്നേഹപൂർവ്വം.....ഫിദേൽ
നാല്പത്തൊന്നു വർഷം മുമ്പുള്ള ഒരു സെപ്റ്റംബർ 11 (1973). അന്നാണ് ലാറ്റിൻ അമേരിക്കയിലെ ആദ്യത്തെ മാർക്സിസ്റ്റ് ഭരണാധികാരിയായ സൽവദോർ അലെന്ഡേ വെടിയേറ്റു മരിക്കുന്നത്. ഉച്ചകഴിഞ്ഞ് സമയം ഏതാണ്ട് 2 മണി.ജനറൽ അഗസ്റ്റോ പിനോഷെ (Augusto Pinochet) യുടെ വലതുപക്ഷ ശക്തികൾ രാഷ്ട്രപതിഭവൻ വളഞ്ഞ സമയം. അദ്ദേഹം അണികളോട് കീഴടങ്ങാനായി നിരന്നുനിൽക്കാൻ പറഞ്ഞു. എന്നിട്ട് സ്വന്തം ഓഫീസിലെത്തി, ചിലിയുടെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള തീക്ഷ്ണമായ വിശ്വാസത്തെപ്പറ്റി അദ്ദേഹം ചിലിയൻ ജനതയോട് വികാരനിർഭരമായി റേഡിയോയിലൂടെ പ്രസംഗിച്ചു. ചിലിയോടുള്ള അചഞ്ചലമായ സ്നേഹത്തെക്കുറിച്ചും, എതിരാളികൾക്ക് കീഴടങ്ങിയാൽ കിട്ടുന്ന പുറത്തേയ്ക്കുള്ള സുഗമപാതയോടും അതെത്തിക്കുന്ന സുരക്ഷിതസ്ഥാനത്തോടുമുള്ള വിപ്രതിപത്തി അദ്ദേഹം ജനങ്ങളോടു നേരിട്ടു പറഞ്ഞു. പിന്നെ കേട്ടത് ഒരു വെടി ശബ്ദമാണ്. അദ്ദേഹം മരിച്ചുവീണു. പലരും ഓടിയെത്തി. അദ്ദേഹത്തിന്റെ മൃതശരീരത്തിനടുത്തു നിന്ന് കണ്ടെത്തിയ AK - 47 തോക്കിലെ സുവർണ്ണമുദ്ര ഇതായിരുന്നു: ഒരേ ലക്ഷ്യത്തിലേയ്ക്ക് മറ്റൊരു മാർഗ്ഗം പിന്തുടർന്ന പ്രിയ സുഹൃത്തിന്, സ്നേഹപൂർവ്വം.....ഫിദേൽ
ആത്മസുഹൃത്തായിരുന്ന ക്യൂബൻ നേതാവ് ഫിദേൽ കാസ്ത്രോ ഒരിക്കൽ അദ്ദേഹത്തിനു സമ്മാനിച്ചതായിരുന്നു, അത്. കീഴങ്ങാനുള്ള മനസ്സില്ലാതിരുന്നതിനാൽ ധീരമായി സ്വയം മരണം വരിച്ചതാണെന്നും, എതിരാളികളുടെ വെടിയേറ്റു മരിച്ചതാണെന്നുമുള്ള വാദങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗികഭാഷ്യമായി നിൽക്കുന്നത് ആദ്യത്തെ വാദം തന്നെയാണ്.
ഹെൻറി കിസ്സിഞ്ജർ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചർഡ് നിക്സനോടു പറഞ്ഞു, '' ഞങ്ങളല്ല അതു ചെയ്തത്... ഞങ്ങൾ സഹായിച്ചെന്നു മാത്രമേയുള്ളു.''
അങ്ങനെ, ബാങ്കുകളുടേയും ഖനികളുടേയും ദേശസാൽക്കരണത്തിലൂടെ അദ്ദേഹത്തിന്റെ ഭരണം ജനങ്ങൾക്ക് നൽകിയ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. അലെൻഡേയുടെ മരണശേഷം പിനോഷെയുടെ പട്ടാള ഏകാധിപത്യമായിരുന്നു ചിലിയിൽ. ഒരു ലക്ഷത്തിലധികം വിമർശകരെ കൊല്ലുകയും പലരേയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ആ ഭരണത്തിന് അമേരിക്കൻ പിന്തുണയുണ്ടായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
''അനീതിക്കെതിരേ പോരാടാൻ കഴിയാത്ത യുവത്വം ജീവശാസ്ത്രത്തിന്റെ വൈരുദ്ധ്യമാണെന്നും അത് ആക്ഷേപാർഹം തന്നെയാണെ''ന്നും ജനങ്ങളോടു പറഞ്ഞ സൽവദോർ അലെൻഡേ കമ്യൂണിസ്റ്റ് പന്ഥാവുകൾക്ക് വെളിച്ചമേകാൻ സ്വന്തം ജീവൻ നൽകി മാതൃകയായ അപൂർവ്വം വ്യക്തിത്വങ്ങളിലൊരാളാണ്.
Comments