തൊണ്ണൂറുകളുടെ ആകാശം

കനഡയിലെ ബ്രിട്ടിഷ് കലിഡോണിയ. ചിലിവാക്കിലെ കാമ്പ് റിവർ പ്രദേശത്താണ് ജിമ്മി ലാഫ്ലിൻ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത്. വയസ്സ് തൊണ്ണൂറിനോടടുക്കുകയാണ്. ഭാര്യ കുറച്ച് വർഷങ്ങൾക്കു മുമ്പേ മരിച്ചു.ഒരു വലിയ തോട്ടത്തിനു നടുവിലെ വീട്ടിൽ ഇപ്പോൾ ഒറ്റയ്ക്കാണ് താമസം.

ഒരു പത്രത്തിനു വേണ്ടി വയോധികജീവിതങ്ങൾ തപ്പിപ്പിടിച്ച് പോകുന്ന വഴിയാണ് ജിമ്മിയെ കണ്ടുമുട്ടുന്നത്.

കുടുംബത്തിനപ്പുറം ജിമ്മി ലാഫ്ലിന്റെ അതിതാല്പര്യവിഷയം പറക്കലാണ്. കിഴക്കൻ ഫ്രെയ്സർ താഴ് വരയിലൂടെ ഒരു പരുന്തിനെപ്പോലെ പറന്നുനടക്കുക. അതിനായി ഇരട്ടയന്ത്രം പിടിപ്പിച്ച, ഭാരം കുറഞ്ഞ ഒരു സിംഗിൾ സീറ്റർ വിമാനം സ്വന്തമായുണ്ട്.

ഇപ്പോൾ വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ ആഴ്ചയിൽ നാലും അഞ്ചും പറക്കലുകൾ.

ഒരിക്കൽ കാലാവസ്ഥ ചതിച്ചു. പറക്കലിനിടയിൽ കൂടും കുടുക്കയുമായി നിലം പതിച്ചു.  മാസങ്ങൾ നീണ്ട കിടപ്പ്.

ഇനി പറക്കാൻ കഴിയില്ലെന്ന ഉപബോധഭീതിയിൽ ജിമ്മി ഭീകരസ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണർന്നിരുന്നു, പലപ്പോഴും.

പക്ഷേ, റോളറിനടിയിൽപ്പെട്ടു പതിഞ്ഞുപോയ ടോം പൂച്ച കുടഞ്ഞെണീക്കുന്നതു പോലെ ജിമ്മി പഴയപടി ഊർജ്ജസ്വലനായി.

''സ്കെയേഡ് ദ് ക്രാപ് ഔട്ട് ഒഫ് മി!'' അതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

''എനിക്കിഷ്ടമുള്ളത് ചെയ്യുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ ഒന്നിനും കഴിയില്ല''.

ജിമ്മി എന്ന ജെയിംസ് ലാഫ്ലിൻ ഇപ്പോഴും പറന്നുനടക്കുകയാണ്, തൊണ്ണൂറിലും വേണമെങ്കിൽ സൃഷ്ടിച്ചെടുക്കാവുന്ന ഊർജ്ജസ്വലതയിൽ!

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!