ആദ്യത്തെ സെല്ഫോൺ വിളി

 
ഏപ്രിൽ 3, 1973. ഇത് മാർട്ടിൻ കൂപ്പർ. ദൂരഭാഷിണിയിലൂടെയുള്ള ഈ വിളി പിൽക്കാലത്ത് ചരിത്രപാതയിൽ ഒരു നാഴികക്കല്ലാവുമെന്ന് അദ്ദേഹം തീരെ കരുതി യിട്ടുണ്ടാവില്ല. ഇപ്പോൾ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു പ്രധാനഘടകമായി മാറിയ സെൽഫോണിന്റെ പിതാവ്. ആദ്യമായി ഒരു പൊതുസ്ഥലത്തുനിന്ന് ഒരു സെൽ ഫോണിൽ സംസാരിക്കുന്നതും ഇദ്ദേഹമാണ്. അമേരിക്കയിലെ, മാൻഹറ്റനിലെ ന്യൂയോർക്ക് ഹിൽട്ടനു മുമ്പിൽ നിന്നുള്ള വിളി സ്വീകരിക്കാനുള്ള ഭാഗ്യം കിട്ടിയത് ന്യൂജേഴ്സിയിലെ ബെൽ ലാബിൽ പണിയെടുത്തുകൊണ്ടിരുന്ന കുറേ ശാസ്ത്രജ്ഞന്മാർക്കാണ്. അവരാണെങ്കിൽ ഇതേ ശാസ്ത്രസാങ്കേതിക രംഗത്ത് ഗവേഷണം നടത്തുന്നവരും. DynaTAC 8000x എന്നായിരുന്നു ഈ ചരിത്രനായകന്റെ പേര്. കഷ്ടിച്ച് ഒന്നേകാൽ കിലോഗ്രാം ഭാരം വരുന്ന ഈ പുതുജന്മത്തിന്റെ 'കൊമ്പ്' ഒഴിച്ചുള്ള ഭാഗത്തിന്റെ നീളം ഒമ്പത് ഇഞ്ചായിരുന്നു. പത്തുമണിക്കൂർ എടുക്കുമായിരുന്നു ചാർജ് ആകാൻ. വില 3995 ഡോളർ (ഏകദേശം ഇന്നത്തെ രണ്ടുലക്ഷത്തി നാല്പതിനായിരം രൂപ). ഒരു ചുടുകട്ടയുടെ രൂപവും ഭാവവും.അതുകൊണ്ടുതന്നെ കൂപ്പർ അവനെ ബ്രിക് (Brick) എന്നു വിളിക്കാൻ തുടങ്ങി. ഇന്നിപ്പോൾ, ഈ 'ചുടുകട്ട'യുടെ 'ന്യൂ-ജെൻ' നമ്മുടെ കീശകളിലൊതുങ്ങുന്നു. പരിണാമപ്രക്രിയയിൽ ജീവികൾക്കുണ്ടായ മാറ്റം പോലെ കൊമ്പ് ഇന്നിപ്പോൾ ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായിരിക്കുന്നു.തൊണ്ണൂറുകളിലെപ്പോഴോ ഞാൻ ഉപയോഗിക്കാൻ തുടങ്ങിയ ഫോണുകളുടെ കൊമ്പുകൾ കണ്ട് പുതിയ തലമുറ ഇപ്പോൾ കളിയാക്കിച്ചിരിക്കാറുണ്ട്. കാരണം മൊബൈൽ ഫോണിന്റെ ഈ ആദിരൂപം അവരുടെ ചിന്തകൾക്കുമപ്പുറമായിരുന്നു.
ഇനി മാർട്ടിൻ കൂപ്പറെക്കുറിച്ച് അല്പം.
'മാർട്ടി' എന്നു വിളിപ്പേർ. ഇല്ലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റ്റെക്നോളജിയിൽ (IIT) നിന്ന് 1950 ല് എഞ്ചിനീയ റിംഗ് ബിരുദം. കൊറിയൻ യുദ്ധത്തിൽ ഒരു അമേരിക്കൻ അന്തർവാഹിനിക്കപ്പലിൽ കുറേക്കാലം ഓഫീസറയി ജോലി ചെയ്തു. 1957 ല് ബിരുദാനന്തര ബിരുദം. അതേ സർവ്വകലാശാലതന്നെ അദ്ദേഹത്തിനു പിന്നീട് ഓണററി ഡോക്ടറേറ്റ് നൽകി. ഇപ്പോഴും സർവ്വകലാശാലയുടെ ബോർഡ് ഒഫ് ട്രസ്റ്റീസിൽ ഒരാളാണ്.
ഗള്ഫ് രാജ്യങ്ങളിൽ ആദ്യമായി സെൽ ഫോൺ സാങ്കേതികത എത്തുന്നത് 1978 ന്റെ ആദ്യകാലത്തായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഗൾഫ് വയർലെസ്സ് ആന്റ് റ്റെലിഫോൺ കമ്പനിയുടെ ഉടമയായ സെബാസ്റ്റ്യൻ പടമാടൻ ആദ്യമായി ലണ്ടനിൽ നിന്നു കൊണ്ടു വന്ന 600 കാർ ഫോണുകളായിരുന്നു അതിന്റെ തുടക്കം കുറിച്ചത്. ഇന്നും ഗള്ഫ് രാജ്യങ്ങളിൽ ശബ്ദസാങ്കേതികവിദ്യയുടെ വിപണനരംഗത്ത് സജീവ സാന്നിദ്ധ്യമായി അവർ നിലകൊള്ളുന്നു.

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!