കാറ്റില്‍ ഒന്നിച്ചുകൂടുന്ന ഹിമരാശികളില്‍ എന്‍റെ പിന്നാമ്പുറത്തെ കര്‍പ്പൂരതുളസികള്‍ ഉറക്കമായി. ബദാമും പേരയും ഇലകള്‍ കൊഴിച്ച്, തപസ്സിലായി. പക്ഷികളില്‍ ഏറിയ പങ്കും ത്രിരാത്രവ്രതങ്ങളെടുത്ത് ദക്ഷിണാവര്‍ത്തങ്ങളിലേയ്ക്ക് എത്ര മുമ്പേ പോയിക്കഴിഞ്ഞു. സജീവങ്ങളായിരുന്ന വേനല്‍ വര്‍ത്തമാനങ്ങളുടെ ഓര്‍മ്മകള്‍ക്കുമേല്‍ മഞ്ഞു പുതച്ച് തീന്‍മേശയും കൂട്ടുകാരും ഉറങ്ങിപ്പോയി. നേരത്തെ ഉറക്കം വിട്ടുണരുന്ന കുട്ടികളായി ഇവരെല്ലാം തിരിച്ചുവരും.. വെണ്മയുടെ പുതപ്പുകള്‍ മാറ്റി ആദ്യമുകുളങ്ങള്‍......... ...... പറന്നുതിരിച്ചെത്തുന്നവരുടെ ഗോളാന്തരവൃത്താന്തങ്ങള്‍....... ബ്രഹ്മചര്യം വിട്ട് ഗൃഹസ്ഥാശ്രമികളാവുന്ന വൃക്ഷാവലികള്‍........ പറന്നും, മറന്നും പോയ മൊഴികള്‍ക്കായി കാതോര്‍ത്ത്, വീട് വീണ്ടും ശബ്ദായമാനമാകുന്നതോര്‍ത്ത്, അവിഘാതയാത്രകള്‍ക്കായി മനസ്സു നിറയെ പ്രാര്‍ത്ഥനകളുമായി, അവരാരുമറിയാതെ വഴിക്കണ്ണുകളില്‍ സുരക്ഷാകവചങ്ങളുമായി, നിദ്രാവിഹീനയായി ഇവിടെ ഒരമ്മ......