കൗപീനവാന്മാര്‍




ബഷീറിനെ ഒരു മുസ്ലീം മാത്രമായി ചുരുക്കേണ്ടത്,വായനയില്ലാത്ത നിരക്ഷരരായ മതഭ്രാന്തരുടെ അജന്‍ഡയാണ്‌...........

എന്നെസ് മാധവനെ വായിക്കത്തവരാണ്‌,ബഷീര്‍ വിമശനത്തിന്‍റെ പേരില്‍ അദ്ദേഹത്തെ മുസ്ലീം വിരുദ്ധനാക്കുന്നത്. ജാതിയുടെ പേരില്‍ മുസ്ലീങ്ങള്‍ പീഡനങ്ങളേറ്റു വാങ്ങിയപ്പോളൊക്കെ, ശക്തമായ രീതിയില്‍ കഥകളിലൂടെ പ്രതികരിച്ച അദ്വിതീയനായ എഴുത്തുകാരനാണ്‌ എന്നെസ് മാധവന്‍....

(കലാപഭൂമിയില്‍ നിന്ന് ഓടിയൊളിച്ചിട്ട്, താമ്രപത്രവേദികളില്‍ അഹമഹമികയാ ഇടിച്ചുകയറുന്നവര്‍ക്ക് ഇത്തരുണത്തില്‍ നാം ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുക!)

മദ്യപിച്ച്, തീവണ്ടിയില്‍ വച്ച്, മര്യാദയില്ലാതെ ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുകയും ഗുപ്തന്‍ നായര്‍ ഇരിപ്പിടം വിടുകയും ചെയ്തത് രണ്ടാളുടെയും പ്രവര്‍ത്തനരീതികളാണ്‌... അതിലൂടെ താന്‍ ചെയ്തത് മഹത്തരമെന്നും ഗുപ്തന്‍ നായര്‍ക്ക് ഉത്തരം മുട്ടിയെന്നും ബാലചന്ദ്രന്‍ കരുതുന്നുണ്ടെങ്കില്‍ ആ 'സ്വയംകൃതസാര്‍ത്ഥകത'യെ ഓര്‍ത്ത് അദ്ദേഹം സമാധാനിക്കട്ടെ. (എന്നെസ് മാധവന്‍ ഐ എ എസ്സായതില്‍ സഹതപിക്കുന്നവര്‍ നമ്മുടെ യുവമഹാകവി കോണ്‍ഗ്രസ് പത്രത്തില്‍ ജോലി ചെയ്തത് മറക്കരുത്) മദ്യപിച്ചും അലഞ്ഞുതിരിഞ്ഞും പട്ടിണി കിടന്നും മാത്രം സാഹിത്യമെഴുതുന്നവന്‍ മാത്രമേ ലോകോത്തരം എഴുതൂ എന്നൊന്നും ആരും വാശി പിടിക്കരുത്.)

ബഷീര്‍ എഴുതുന്നതല്ല മാധവന്‍ എഴുതുന്നതെന്നു നാം മനസ്സിലാക്കണം. അതുകൊണ്ടു തന്നെ രണ്ടെഴുത്തുകള്‍ താരതമ്യത്തിനെടുക്കരുത്. ലാവണങ്ങളിലിരിക്കെ വിവരം കെട്ട രാഷ്ട്രീയമേലധികാരികളുടെ തുഗ്ലക്കിയന്‍ തീരുമാനങ്ങള്‍ക്കു മുമ്പില്‍ പഞ്ചപുച്ഛമടക്കി, അമ്പത്തെട്ടിലോ അറുപതിലോ അടുത്തൂണ്‍ പറ്റിക്കഴിഞ്ഞ് ഒരു'എക്സ്പോസിംഗ് സര്‍വ്വീസ് സ്റ്റോറി'യെഴുതുന്ന മഹാന്മാരില്‍ നിന്നും എത്രയോ മുമ്പിലാണ്‌,'തിരുത്തും','വന്മരങ്ങള്‍ വീഴുമ്പോളും','നിലവിളി'യും എഴുതിയ എന്നെസ്സ് മാധവന്‍....!......... കാരണം,അതെഴുതിയത് അദ്ദേഹത്തിന്‍റെ സര്‍വ്വീസ് കാലഘട്ടത്തില്‍ തന്നെയാണ്‌..../....

ചിന്തകള്‍ക്ക് നേരിട്ട് അക്ഷരം കൊടുത്തയാളാണ്‌,വൈക്കം മുഹമ്മദ് ബഷീര്‍... ആനവാരിയും, പൊന്‍ കുരിശും,എട്ടുകാലിയും,മണ്ടനുമൊക്കെ ഒരു ഗതകാലകേരളഗ്രാമത്തിന്‍റെ മുഖചിത്രങ്ങളാണ്‌.... (ഇന്നാണെങ്കില്‍ രാമന്‍ നായരെക്കൊണ്ട് ആനയെ വാരിക്കാന്‍ ഒരു ബഷീര്‍ ഇറങ്ങിയാല്‍ കുമ്മനത്തുനിന്നും പെരുന്നയില്‍ നിന്നും ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുമൊക്കെ പന്തംകൊളുത്തിപ്പടകള്‍ പുറപ്പെടുകയായി. വെള്ളാപ്പള്ളി പറയുന്നതു വരെ നമുക്ക് ദണ്ഡപാണിയുടെ ജാതി അറിയാമായിരുന്നോ? (കുരിശില്‍ ആണിയടിക്കപ്പെട്ട ക്രിസ്തുവും
കാറ്റ് കടക്കാത്ത, താക്കോല്‍ രഹിതമായ ചില്ലുകൂട്ടില്‍ ഒതുക്കപ്പെട്ട ശ്രീനാരായണനും പുറത്തുവരാതിരിക്കാന്‍ തന്നെയാണ്‌ നാം അങ്ങനെ ചെയ്തത്. കാരണം, ചോദ്യങ്ങളെ നമുക്കൊരിക്കലും ഇഷ്ടമല്ലായിരുന്നു. ഒന്നും ചോദിക്കാത്ത കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന അദ്ധ്യാപകര്‍ ആയിരുന്നു നമ്മളെ ആദ്ധ്യാത്മികം പറഞ്ഞ് പേടിപ്പിച്ച് ഭരിച്ചിരുന്നത്.ജാതി ചോദിക്കരുതെന്ന് പറഞ്ഞയാളിന്‍റെ പേരില്‍ ജാതിസംഘടനയുണ്ടാക്കി തൂണിലും തുരുമ്പിലും ജാതി കണ്ടെത്തിയവര്‍!...
ഇടയ്ക്ക് ഗുരുവചനങ്ങളെ ഓര്‍മ്മപ്പെടുത്തിയവരെ കുടത്തിലടച്ച് സമുദ്രത്തിലെറിഞ്ഞ നേതാക്കന്മാര്‍.../...//. .///////////

ഒരു സാധാരണ കമ്യൂണിസ്റ്റിന്‍റെ ഉല്‍ക്കണ്ഠകളാണ്‌ 'നാലാം ലോക'ത്തിലൂടെ എന്നെസ്സ് എന്ന കമ്യൂണിസ്റ്റ് പങ്കുവച്ചത്. പാഠങ്ങളെക്കുറിച്ച് നിരവധി ചോദ്യം ചെയ്യലിലൂടെ വളര്‍ന്ന നാം ഒരു ചോദ്യം നേതാക്കളുടെ മുമ്പില്‍ വച്ചതിന്‍റെ പേരില്‍ പാര്‍ട്ടിക്ക് അനഭിമതനാവാന്‍ പാടില്ല. സ്ഥാനഭ്രഷ്ടരുമാകാന്‍ പാടില്ല. ജന്മം കൊണ്ടുമാത്രം ഹിന്ദുവായ ഒരു സാഹിത്യകാരനെ ജന്മം കൊണ്ടുമാത്രം മുസ്ലീമായ ഒരു സാഹിത്യകാരന്‌ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഇന്നാട്ടിലുണ്ടായേ പറ്റൂ. തിരിച്ചും അങ്ങനെ തന്നെയാവണം. (തിരുവനന്തപുരത്തുള്ള, ഒരാളെക്കുറിച്ചും ദുഷിച്ച് ഒരുവാക്കു പോലും ഇന്നേ വരെ പറയാത്ത ഒരു പാവം പെണ്‍കവി (കവയിത്രി എന്ന പ്രയോഗമിപ്പോള്‍ പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആണല്ലോ!) യെ വയസ്സിന്‍റെ പേരില്‍ കുതിരകയറാന്‍ ചെന്നപ്പോള്‍, കേരളക്രൈസ്തവര്‍ യുവമഹാകവിക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയില്ല എന്നതും ഇവിടെ സ്മരണീയമാണ്‌..!))) ) )) ജാതിയും മതവുമില്ലാതെ ജനപ്രതിനിധിയായവന്‍റെ തലയില്‍ പിന്നീട് ജാതിയുടെ തലപ്പാവുകളണിയിക്കരുത്. അത്, സാധാരണ സമ്മതിദായകന്‍റെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്‍റെ മേലുള്ള കടന്നുകയറ്റമാണ്‌..

ഇത്, മതം മാറി വിവാഹം കഴിക്കുന്നത് പോലെയുള്ള തട്ടിപ്പാണു്‌... ..... മതം നമ്മുടെ തെരഞ്ഞെടുപ്പ് അല്ലാത്തിടത്തോളം കാലം മതം മാറ്റത്തിന്‍റെ സാംഗത്യമെന്താണ്‌? (പെണ്‍കുട്ടിയെ, നിര്‍ബ്ബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചിട്ട് ഭാര്യയുടെ ജാതി ആഘോഷിക്കുന്ന, ഗള്‍ഫിലുള്ള ഒരാളെ എനിക്കറിയാം.അയാള്‍ക്ക് അതാഘോഷിക്കാനുള്ള അര്‍ഹതയുണ്ടോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക)

മതം ഒരിക്കല്‍ പോലും ഒരു ഉത്സവമാക്കാതിരുന്ന ബഷീറിനേയും മാധവനേയും ഇപ്പോഴെന്തിനാണു നാം മുസ്ലീമും ഹിന്ദുവുമാക്കുന്നത്? അതവസാനത്തെ ആയുധമാണ്‌.: ജാതിയും മതവും ആവനാഴിയിലെ അവസാന ആയുധമാണ്‌. മറ്റൊന്നും ലക്ഷ്യവേധിധികളാകാതെ വരുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന അവസാന ആയുധം. (വടക്കേയിന്ത്യയിലും ഗള്‍ഫിലും ഈ ആയുധം നമ്മള്‍ മലയാളികള്‍ അവസാന പാരയായി ഇത് പ്രയോഗിക്കാറുണ്ട്. ഇരയുടെ തലയുമെടുത്തേ അത് പോകാറുമുള്ളു!)

ആകെയുള്ള ഒരു കൗപീനം പുരപ്പുറത്തിട്ട് ഉണക്കുന്നവര്‍ ഓര്‍മ്മിക്കുക,അതെടുത്ത് വീണ്ടും ഉപയോഗിക്കണമെങ്കില്‍ ഒന്നുകില്‍ രാത്രിയാവണം അല്ലെങ്കില്‍ നഗ്നനായി പുരപ്പുറത്തു കയറണം. 'ജാതിഭ്രാന്തും, വര്‍ഗ്ഗീയതയും, നീചബുദ്ധിയും' ഗുപ്തന്‍ നായര്‍ എവിടെ എങ്ങനെയൊക്കെ പ്രകടമാക്കി എന്നുപറയണം. ഐഏ എസ്സിനെ മാറിനിറുത്തി, ഒരു സാഹിത്യകാരന്‌ ഏതൊക്കെ ജോലികള്‍ 'ആത്മാഭിമാന'ത്തോടെ ചെയ്യാന്‍ പറ്റും എന്ന് വ്യക്തമാക്കണം.

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്