Tuesday, January 31, 2012
Commercial 'Brake'
The chutzpah of the highest order ever heard in bilateral relations.
Nothing less than stomachful, over the lunch with Palestinian authorities, the Canadian tag-team (John Baird - Foreign Affairs Minister and Jim Flaherty - Finance Minister) opened their mouths again, ''Get Stuffed with your campaign for state recognition at the UN and return to the negotiating table with Israel without any pre-conditions!''
Friday, January 13, 2012
ജനുവരി - 13/2012

കാറ്റില്‍ ഒന്നിച്ചുകൂടുന്ന ഹിമരാശികളില്‍ എന്‍റെ പിന്നാമ്പുറത്തെ കര്‍പ്പൂരതുളസികള്‍ ഉറക്കമായി. ബദാമും പേരയും ഇലകള്‍ കൊഴിച്ച്, തപസ്സിലായി. പക്ഷികളില്‍ ഏറിയ പങ്കും ത്രിരാത്രവ്രതങ്ങളെടുത്ത് ദക്ഷിണാവര്‍ത്തങ്ങളിലേയ്ക്ക് എത്ര മുമ്പേ പോയിക്കഴിഞ്ഞു. സജീവങ്ങളായിരുന്ന വേനല്‍ വര്‍ത്തമാനങ്ങളുടെ ഓര്‍മ്മകള്‍ക്കുമേല്‍ മഞ്ഞു പുതച്ച് തീന്‍മേശയും കൂട്ടുകാരും ഉറങ്ങിപ്പോയി. നേരത്തെ ഉറക്കം വിട്ടുണരുന്ന കുട്ടികളായി ഇവരെല്ലാം തിരിച്ചുവരും..
വെണ്മയുടെ പുതപ്പുകള്‍ മാറ്റി ആദ്യമുകുളങ്ങള്‍......... ......
പറന്നുതിരിച്ചെത്തുന്നവരുടെ ഗോളാന്തരവൃത്താന്തങ്ങള്‍.......
ബ്രഹ്മചര്യം വിട്ട് ഗൃഹസ്ഥാശ്രമികളാവുന്ന വൃക്ഷാവലികള്‍........
പറന്നും, മറന്നും പോയ മൊഴികള്‍ക്കായി കാതോര്‍ത്ത്, വീട് വീണ്ടും ശബ്ദായമാനമാകുന്നതോര്‍ത്ത്, അവിഘാതയാത്രകള്‍ക്കായി മനസ്സു നിറയെ പ്രാര്‍ത്ഥനകളുമായി, അവരാരുമറിയാതെ വഴിക്കണ്ണുകളില്‍ സുരക്ഷാകവചങ്ങളുമായി, നിദ്രാവിഹീനയായി ഇവിടെ ഒരമ്മ......
Tuesday, January 3, 2012
കൗപീനവാന്മാര്‍

ബഷീറിനെ ഒരു മുസ്ലീം മാത്രമായി ചുരുക്കേണ്ടത്,വായനയില്ലാത്ത നിരക്ഷരരായ മതഭ്രാന്തരുടെ അജന്‍ഡയാണ്...........
എന്നെസ് മാധവനെ വായിക്കത്തവരാണ്,ബഷീര്‍ വിമശനത്തിന്‍റെ പേരില്‍ അദ്ദേഹത്തെ മുസ്ലീം വിരുദ്ധനാക്കുന്നത്. ജാതിയുടെ പേരില്‍ മുസ്ലീങ്ങള്‍ പീഡനങ്ങളേറ്റു വാങ്ങിയപ്പോളൊക്കെ, ശക്തമായ രീതിയില്‍ കഥകളിലൂടെ പ്രതികരിച്ച അദ്വിതീയനായ എഴുത്തുകാരനാണ് എന്നെസ് മാധവന്‍....
(കലാപഭൂമിയില്‍ നിന്ന് ഓടിയൊളിച്ചിട്ട്, താമ്രപത്രവേദികളില്‍ അഹമഹമികയാ ഇടിച്ചുകയറുന്നവര്‍ക്ക് ഇത്തരുണത്തില്‍ നാം ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുക!)
മദ്യപിച്ച്, തീവണ്ടിയില്‍ വച്ച്, മര്യാദയില്ലാതെ ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുകയും ഗുപ്തന്‍ നായര്‍ ഇരിപ്പിടം വിടുകയും ചെയ്തത് രണ്ടാളുടെയും പ്രവര്‍ത്തനരീതികളാണ്... അതിലൂടെ താന്‍ ചെയ്തത് മഹത്തരമെന്നും ഗുപ്തന്‍ നായര്‍ക്ക് ഉത്തരം മുട്ടിയെന്നും ബാലചന്ദ്രന്‍ കരുതുന്നുണ്ടെങ്കില്‍ ആ 'സ്വയംകൃതസാര്‍ത്ഥകത'യെ ഓര്‍ത്ത് അദ്ദേഹം സമാധാനിക്കട്ടെ. (എന്നെസ് മാധവന്‍ ഐ എ എസ്സായതില്‍ സഹതപിക്കുന്നവര്‍ നമ്മുടെ യുവമഹാകവി കോണ്‍ഗ്രസ് പത്രത്തില്‍ ജോലി ചെയ്തത് മറക്കരുത്) മദ്യപിച്ചും അലഞ്ഞുതിരിഞ്ഞും പട്ടിണി കിടന്നും മാത്രം സാഹിത്യമെഴുതുന്നവന്‍ മാത്രമേ ലോകോത്തരം എഴുതൂ എന്നൊന്നും ആരും വാശി പിടിക്കരുത്.)
ബഷീര്‍ എഴുതുന്നതല്ല മാധവന്‍ എഴുതുന്നതെന്നു നാം മനസ്സിലാക്കണം. അതുകൊണ്ടു തന്നെ രണ്ടെഴുത്തുകള്‍ താരതമ്യത്തിനെടുക്കരുത്. ലാവണങ്ങളിലിരിക്കെ വിവരം കെട്ട രാഷ്ട്രീയമേലധികാരികളുടെ തുഗ്ലക്കിയന്‍ തീരുമാനങ്ങള്‍ക്കു മുമ്പില്‍ പഞ്ചപുച്ഛമടക്കി, അമ്പത്തെട്ടിലോ അറുപതിലോ അടുത്തൂണ്‍ പറ്റിക്കഴിഞ്ഞ് ഒരു'എക്സ്പോസിംഗ് സര്‍വ്വീസ് സ്റ്റോറി'യെഴുതുന്ന മഹാന്മാരില്‍ നിന്നും എത്രയോ മുമ്പിലാണ്,'തിരുത്തും','വന്മരങ്ങള്‍ വീഴുമ്പോളും','നിലവിളി'യും എഴുതിയ എന്നെസ്സ് മാധവന്‍....!......... കാരണം,അതെഴുതിയത് അദ്ദേഹത്തിന്‍റെ സര്‍വ്വീസ് കാലഘട്ടത്തില്‍ തന്നെയാണ്..../....
ചിന്തകള്‍ക്ക് നേരിട്ട് അക്ഷരം കൊടുത്തയാളാണ്,വൈക്കം മുഹമ്മദ് ബഷീര്‍... ആനവാരിയും, പൊന്‍ കുരിശും,എട്ടുകാലിയും,മണ്ടനുമൊക്കെ ഒരു ഗതകാലകേരളഗ്രാമത്തിന്‍റെ മുഖചിത്രങ്ങളാണ്.... (ഇന്നാണെങ്കില്‍ രാമന്‍ നായരെക്കൊണ്ട് ആനയെ വാരിക്കാന്‍ ഒരു ബഷീര്‍ ഇറങ്ങിയാല്‍ കുമ്മനത്തുനിന്നും പെരുന്നയില്‍ നിന്നും ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുമൊക്കെ പന്തംകൊളുത്തിപ്പടകള്‍ പുറപ്പെടുകയായി. വെള്ളാപ്പള്ളി പറയുന്നതു വരെ നമുക്ക് ദണ്ഡപാണിയുടെ ജാതി അറിയാമായിരുന്നോ? (കുരിശില്‍ ആണിയടിക്കപ്പെട്ട ക്രിസ്തുവും
കാറ്റ് കടക്കാത്ത, താക്കോല്‍ രഹിതമായ ചില്ലുകൂട്ടില്‍ ഒതുക്കപ്പെട്ട ശ്രീനാരായണനും പുറത്തുവരാതിരിക്കാന്‍ തന്നെയാണ് നാം അങ്ങനെ ചെയ്തത്. കാരണം, ചോദ്യങ്ങളെ നമുക്കൊരിക്കലും ഇഷ്ടമല്ലായിരുന്നു. ഒന്നും ചോദിക്കാത്ത കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന അദ്ധ്യാപകര്‍ ആയിരുന്നു നമ്മളെ ആദ്ധ്യാത്മികം പറഞ്ഞ് പേടിപ്പിച്ച് ഭരിച്ചിരുന്നത്.ജാതി ചോദിക്കരുതെന്ന് പറഞ്ഞയാളിന്‍റെ പേരില്‍ ജാതിസംഘടനയുണ്ടാക്കി തൂണിലും തുരുമ്പിലും ജാതി കണ്ടെത്തിയവര്‍!...
ഇടയ്ക്ക് ഗുരുവചനങ്ങളെ ഓര്‍മ്മപ്പെടുത്തിയവരെ കുടത്തിലടച്ച് സമുദ്രത്തിലെറിഞ്ഞ നേതാക്കന്മാര്‍.../...//. .///////////
ഒരു സാധാരണ കമ്യൂണിസ്റ്റിന്‍റെ ഉല്‍ക്കണ്ഠകളാണ് 'നാലാം ലോക'ത്തിലൂടെ എന്നെസ്സ് എന്ന കമ്യൂണിസ്റ്റ് പങ്കുവച്ചത്. പാഠങ്ങളെക്കുറിച്ച് നിരവധി ചോദ്യം ചെയ്യലിലൂടെ വളര്‍ന്ന നാം ഒരു ചോദ്യം നേതാക്കളുടെ മുമ്പില്‍ വച്ചതിന്‍റെ പേരില്‍ പാര്‍ട്ടിക്ക് അനഭിമതനാവാന്‍ പാടില്ല. സ്ഥാനഭ്രഷ്ടരുമാകാന്‍ പാടില്ല. ജന്മം കൊണ്ടുമാത്രം ഹിന്ദുവായ ഒരു സാഹിത്യകാരനെ ജന്മം കൊണ്ടുമാത്രം മുസ്ലീമായ ഒരു സാഹിത്യകാരന് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഇന്നാട്ടിലുണ്ടായേ പറ്റൂ. തിരിച്ചും അങ്ങനെ തന്നെയാവണം. (തിരുവനന്തപുരത്തുള്ള, ഒരാളെക്കുറിച്ചും ദുഷിച്ച് ഒരുവാക്കു പോലും ഇന്നേ വരെ പറയാത്ത ഒരു പാവം പെണ്‍കവി (കവയിത്രി എന്ന പ്രയോഗമിപ്പോള്‍ പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആണല്ലോ!) യെ വയസ്സിന്‍റെ പേരില്‍ കുതിരകയറാന്‍ ചെന്നപ്പോള്‍, കേരളക്രൈസ്തവര്‍ യുവമഹാകവിക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയില്ല എന്നതും ഇവിടെ സ്മരണീയമാണ്..!))) ) )) ജാതിയും മതവുമില്ലാതെ ജനപ്രതിനിധിയായവന്‍റെ തലയില്‍ പിന്നീട് ജാതിയുടെ തലപ്പാവുകളണിയിക്കരുത്. അത്, സാധാരണ സമ്മതിദായകന്‍റെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്‍റെ മേലുള്ള കടന്നുകയറ്റമാണ്..
ഇത്, മതം മാറി വിവാഹം കഴിക്കുന്നത് പോലെയുള്ള തട്ടിപ്പാണു്... ..... മതം നമ്മുടെ തെരഞ്ഞെടുപ്പ് അല്ലാത്തിടത്തോളം കാലം മതം മാറ്റത്തിന്‍റെ സാംഗത്യമെന്താണ്? (പെണ്‍കുട്ടിയെ, നിര്‍ബ്ബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചിട്ട് ഭാര്യയുടെ ജാതി ആഘോഷിക്കുന്ന, ഗള്‍ഫിലുള്ള ഒരാളെ എനിക്കറിയാം.അയാള്‍ക്ക് അതാഘോഷിക്കാനുള്ള അര്‍ഹതയുണ്ടോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക)
മതം ഒരിക്കല്‍ പോലും ഒരു ഉത്സവമാക്കാതിരുന്ന ബഷീറിനേയും മാധവനേയും ഇപ്പോഴെന്തിനാണു നാം മുസ്ലീമും ഹിന്ദുവുമാക്കുന്നത്? അതവസാനത്തെ ആയുധമാണ്.: ജാതിയും മതവും ആവനാഴിയിലെ അവസാന ആയുധമാണ്. മറ്റൊന്നും ലക്ഷ്യവേധിധികളാകാതെ വരുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന അവസാന ആയുധം. (വടക്കേയിന്ത്യയിലും ഗള്‍ഫിലും ഈ ആയുധം നമ്മള്‍ മലയാളികള്‍ അവസാന പാരയായി ഇത് പ്രയോഗിക്കാറുണ്ട്. ഇരയുടെ തലയുമെടുത്തേ അത് പോകാറുമുള്ളു!)
ആകെയുള്ള ഒരു കൗപീനം പുരപ്പുറത്തിട്ട് ഉണക്കുന്നവര്‍ ഓര്‍മ്മിക്കുക,അതെടുത്ത് വീണ്ടും ഉപയോഗിക്കണമെങ്കില്‍ ഒന്നുകില്‍ രാത്രിയാവണം അല്ലെങ്കില്‍ നഗ്നനായി പുരപ്പുറത്തു കയറണം. 'ജാതിഭ്രാന്തും, വര്‍ഗ്ഗീയതയും, നീചബുദ്ധിയും' ഗുപ്തന്‍ നായര്‍ എവിടെ എങ്ങനെയൊക്കെ പ്രകടമാക്കി എന്നുപറയണം. ഐഏ എസ്സിനെ മാറിനിറുത്തി, ഒരു സാഹിത്യകാരന് ഏതൊക്കെ ജോലികള്‍ 'ആത്മാഭിമാന'ത്തോടെ ചെയ്യാന്‍ പറ്റും എന്ന് വ്യക്തമാക്കണം.
Thursday, December 8, 2011
വെയില്‍മാത്ര
ഒത്തിരി നാളുകള്‍ക്കിപ്പുറം
മരച്ചില്ലകള്‍ക്കിടയിലൂടെ,
എന്നെത്തേടി
എന്‍റെ മുറിയിലേയ്ക്ക് സൂര്യന്‍.
കാലക്ലിപ്തമല്ലാത്ത
ഒരു കാറ്റോ
മഞ്ഞിന്‍ പ്രഹരമോ
ചീളുകളായി മറഞ്ഞിരി-
പ്പുണ്ടെന്നറിഞ്ഞിട്ടും,
അവരും വന്നു.
കറുകറുത്തൊര-
ണ്ണാറക്കണ്ണനും,
അവന്‍റെ പിന്നിലീ
നാലു ദിനം മുമ്പ്
മഴയായ മഴയൊക്കെ
കൂട്ടിലിരുന്നു കൊണ്ടി-
ട്ടിപ്പോള്‍ കാകളിച്ചുണ്ടില്‍
കാകേക്ഷു തേടിയീ-
ക്കാടക്കോതയും!
Saturday, October 29, 2011
ടിക്കെറ്റ് ലെസ്സ് പ്ലാറ്റ്ഫോംസ്

ആലുവ തീവണ്ടിയാപ്പീസ്.
പറവൂരില്‍ നിന്ന് ഞങ്ങളെത്തിയതും തീവണ്ടിയെത്തിയതും ഒരുമിച്ചായിരുന്നു. മധു നായര്‍ പെട്ടെന്ന് ടിക്കെറ്റ് എടുത്തു ഉള്ളില്‍ കയറി.
തീവണ്ടിവിടാന്‍ സമയമെടുക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു. പെട്ടെന്ന് തിരിച്ചെത്തിയിട്ട് കാര്യമൊന്നുമില്ലല്ലോ, എതായാലും സുഹൃത്തിന് ഇരിപ്പിടം തരപ്പെട്ടോ എന്നൊന്ന് നോക്കിക്കളയാം.
ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് വാങ്ങാനായി നീങ്ങി.
കൗണ്ടറിലെ ദ്വാരത്തിലൂടെ ഒരു പത്തുരൂപാനോട്ട് വച്ച്, ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് ചോദിച്ചു.
''ചില്ലറയില്ല. ഒരു മൂന്ന് രൂപ തരാമോ?''
''സോറി... എന്‍റെ കൈയില്‍ ചില്ലറയില്ലല്ലോ'', ഞാന്‍ പറഞ്ഞു.
കൗണ്ടര്‍ ക്ലര്‍ക്ക് പ്ലാറ്റ്ഫോം ടിക്കെറ്റിനൊപ്പം എന്‍റെ പത്തുരൂപയും മടക്കിത്തന്നു.
''എവിടെ നിന്നെങ്കിലും ചില്ലറ വാങ്ങി പോകുന്നതിനു മുമ്പായി തന്നാല്‍ മതി. ടിക്കെറ്റ് വച്ചോളൂ...''
ഞാന്‍ പ്ലാറ്റ്ഫോമില്‍ കയറിയെങ്കിലും മധു നായരെ കാണാന്‍ കഴിഞ്ഞില്ല. വണ്ടി വിടുകയും ചെയ്തു.
തിരിച്ചിറങ്ങുമ്പോള്‍, ചില്ലറയ്ക്കായി ഞാന്‍ ഒരു വാരിക വാങ്ങി.
കൗണ്ടറില്‍ പോയി പണം കൊടുക്കുമ്പോള്‍, ഞാന്‍ ചോദിച്ചു.
" ഞാന്‍ പണം തന്നേ പോകുകയുള്ളു എന്ന് താങ്കള്‍ക്കെങ്ങനെ മനസ്സിലായി?''
എന്നെ പരാജയപ്പെടുത്തിയ ഒരു ചിരി കൗണ്ടറില്‍ വിരിഞ്ഞു.
'' ഒരു പ്ലാറ്റ്ഫോം ടിക്കെറ്റ് വാങ്ങാനുള്ള മഹാമനസ്കത കാണിച്ച നിങ്ങള്‍ പണം തരാതെ പോവില്ലെന്ന് എനിക്കറിയില്ലേ?"
ഞാന്‍ തോറ്റു; നന്ദിയും പറഞ്ഞു പിരിഞ്ഞു.
ശരിയായിരുന്നു. ആ പ്രഭാതത്തിലെ തിരക്കില്‍ ആകെ ചെലവായ ഒരു പ്ലാറ്റ്ഫോം ടിക്കെറ്റ് എന്‍റേതു മാത്രമായിരുന്നു.
എത്രയോ പേര്‍ ദിവസവും കയറിയിറങ്ങുന്ന പ്ലാറ്റ്ഫോമിനു മുകളില്‍, അപ്പോഴും കാണാമായിരുന്നു,
''ടിക്കെറ്റ് എടുക്കാതെ പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്നത് ശിക്ഷാര്‍ഹമാണ്.''
*********
Monday, October 24, 2011
Saturday, September 17, 2011
ട്വിക്സ്റ്റ് - വിഷാദാത്മകതയോടെ സംവിധായകനും

- സുരേഷ് നെല്ലിക്കോട്
സ്വന്തം ചിത്രത്തിലെ അതിദാരുണമായ ബോട്ടപകടത്തെക്കുറിച്ച് പറയുമ്പോള്‍
അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഏതാനും നിമിഷങ്ങളിലേയ്ക്ക് ശബ്ദം വിതുമ്പിപ്പോയി.
വാല്‍ കില്‍മെര്‍ അവതരിപ്പിച്ച കഥാപാത്രം, ബോട്ടപകടത്തില്‍ മരിക്കുന്ന മകളെക്കുറിച്ചുള്ള വേദനകളേറ്റുവാങ്ങി സ്വയം കുറ്റാരോപിതനാവുന്നതുപോലെ, ചലച്ചിത്രരംഗത്തെ അതികായനായ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയും, 1986 ല്‍ തന്‍റെ മകന്‍ ജിയോയുടെ മരണത്തിനിടയായ അപകടത്തിന് പരോക്ഷമായി താനും ഉത്തരവാദിയായിരുന്നെന്ന് സ്ഥാപിക്കുകയായിരുന്നു. അതിന്‍റെ ന്യായമാണെങ്കിലോ ഒരച്ഛനുമാത്രം മനസ്സിലാകുന്നതും! മകന്‍ വിളിച്ചിട്ടും പോകാതിരുന്ന ഒരച്ഛന്‍, താന്‍ അവന്‍റെകൂടെയുണ്ടായിരുന്നെങ്കില്‍ ആ അപകടം ഒഴിവാക്കാമായിരുന്നു എന്ന് സ്വയം കുറ്റപ്പെടുത്തുന്നു. 'ഗോഡ്ഫാദറും', 'അപ്പോകാലിപ്സ് നൗ'വുമൊക്കെ ഒരുക്കിയ അതിപ്രശസ്തനായ ഒരു ചലച്ചിത്രകാരനെ ഇത്തരം ഒരു മിഥ്യാബോധത്തിന്‍റെ തടവുകാരനാക്കിയത് അദ്ദേഹത്തിന്‍റെയുള്ളിലെ സ്നേഹമയനായ പിതാവ് മാത്രമായിരുന്നു.
രംഗം: മുപ്പ ത്താറാമത് ടൊറോന്‍റോ അന്താരാഷ്ട്ര മേളയിലെ കപ്പോള ചിത്രമായ 'ട്വിക്സ്റ്റ്' ന്‍റെ പ്രദര്‍ശനത്തിനു ശേഷമുള്ള ചര്‍ച്ചാവേദി. സെപ്റ്റംബര്‍ പന്ത്രണ്ട് തിങ്കള്‍.
അതിദാരുണമായിരുന്നു, ജിയോയുടെ അന്ത്യം. പ്രശസ്തനടന്‍ റയന്‍ ഒനീലിന്‍റെ മകനും നടനുമായ ഗ്രിഫിനോടൊപ്പം ജലകേളികള്‍ക്കായി ഇറങ്ങിത്തിരിച്ചതായിരുന്നു, ജിയോ. മറ്റ് രണ്ട് ബോട്ടുകള്‍ക്കിടയിലൂടെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച ഗ്രിഫിന്‍ പെട്ടെന്നാണ് കണ്ടത്, ഒന്ന് മറ്റേതിനെ കെട്ടി വലിക്കുകയാണെന്നും, അവയ്ക്കിടയില്‍ ഒരു കമ്പിക്കയര്‍ ഉണ്ടെന്നും. ജിയോയ്ക്ക് അപായസൂചന കൊടുക്കുന്നതിനൊപ്പം ഗ്രിഫിന്‍ തലതാഴ്ത്തി. പക്ഷേ, ഒരു നിമിഷത്തിന്‍റെ വ്യത്യാസം. അത് ജിയോയുടെ തല അറുത്തിരുന്നു.
''എന്‍റെ ചിത്രങ്ങളെല്ലാം ഇനി തികച്ചും വ്യക്തിഗതങ്ങളായിരിക്കും'' കപ്പോള പറഞ്ഞു. 'ടെട്രോ'യില്‍ മൂത്ത സഹോദരനുമായുള്ള ബന്ധത്തിന്‍റെ പുനര്‍നിര്‍ ണ്ണയങ്ങളായിരുന്നെങ്കില്‍ 'ട്വിക് സ്റ്റി'ല്‍ ഒരു പിതാവിന്‍റെ വേദനകളാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൊലപാതകരഹസ്യമാണ്, ഗോഥിക് ഹൊറര്‍ ചിത്രമായ 'ട്വിക്സ്റ്റി'ന്‍റെ കഥാ തന്തു. മകന് സംഭവിച്ചതു പോലെയുള്ള ഒരു ബോട്ടപകടം അപ്പാടെ ചിത്രീകരിച്ചിട്ടുണ്ട് ഈ ചിത്രത്തിലും.
''ഈ സെപ്റ്റംബര്‍ പതിനേഴിന് ജിയോയ്ക്ക് നാല്പത്തെട്ട് വയസ്സു തികയുമായിരുന്നു'' - സംസാരത്തിനിടയില്‍ അമേരിക്കന്‍ ചലച്ചിത്രരംഗത്തെ 72 കാരനായ ആ അതികായന്‍ വിതുമ്പി.
നിര്‍മ്മാണ- സംവിധാനരംഗങ്ങളില്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിച്ചുവരുമ്പോഴായിരുന്നു, കപ്പോളയ്ക്ക് മകനെ നഷ്ടപ്പെടുന്നത്. 'ഗോഡ്ഫാദര്‍' പോലുള്ള ചിത്രങ്ങളുടെ നിര്‍മ്മാണങ്ങളില്‍ താല്പര്യമില്ലാതായ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയെ പുത്രദു:ഖം അങ്ങേയറ്റം മാനസികമായി ശുഷ്ക്കിപ്പിച്ചിരിക്കുന്നു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
***
Subscribe to:
Posts (Atom)


