ശ്വാന നിയോഗം
മഞ്ഞുറഞ്ഞ എത്രയോ പ്രഭാതങ്ങള്‍, ഇരുണ്ടുകൂടിയ എത്രയോ പ്രദോഷങ്ങള്‍. അപ്പോഴെല്ലാം ഇവന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. രാത്രികളില്‍, വീടുകള്‍ക്കവന്‍ കാവല്‍ നിന്നു. ഉറക്കം അന്യമായ എത്രയോ കാലം! ഒരിക്കലും കൂറുമാറാത്ത നന്ദി. പ്രതിഫലേച്ഛയില്ലാതെ ഒരു ജന്മമങ്ങനെ നായാടിത്തീര്‍ന്നു. എത്രവിശ്വസ്തനാണിവന്‍, യജമാനരേക്കാളുപരി. നാഥനില്ലാപ്പടയെല്ലാം നായ്പ്പടയാക്കിയും കൊള്ളരുതാത്തവനെ നായിന്റെ മോനാക്കിയും അവരിവനെ കല്ലെറിയുകയാണിപ്പോള്‍. ചീത്ത വിളിക്കുകയാണിപ്പോള്‍. വേദനയില്‍പ്പോലും വാലാട്ടിക്കിടന്ന ഇവനെ പന്തീരാണ്ടു കൊല്ലമതു കുഴലിലിട്ട കഥയും പറഞ്ഞ് ചെളി വാരിയെറിയുകയാണ്. കഴുത്തില്‍ നന്ദികേടിന്റെ ചിത്രങ്ങള്‍ തൂക്കുമ്പോഴും അവര്‍ പറഞ്ഞു, കടലില്‍ച്ചെന്നാലുമിവന്‍ നക്കിയല്ലേ കുടിക്കൂ?