കാളയും പോത്തും....പിന്നെ ഐസ്ക്രീമും
ആലപ്പുഴയിലാവും നല്ല കാളകളുണ്ടാവുക എന്നുള്ള പൊതുജനാഭിപ്രായം മാനിച്ചാണ് പാപ്പൂട്ടി അങ്ങോട്ടു പുറപ്പെട്ടത്. അതിനിടെ വണ്ടി അടൂരെത്തിയപ്പോൾ ആണ് അറിയുന്നത് തേടിയ വള്ളി കാലിൽ ചുറ്റിയ വിവരം.
ബസ് സ്റ്റാന്ഡിലെ കടകൾക്കിടയിൽ ഒരു ബോർഡ്.
കാള - പോത്ത് - ഐസ്ക്രീം
ഹോ.. എത്ര പെട്ടെന്നാണ് നമ്മുടെ ആഗ്രഹങ്ങളിലേയ്ക്ക് ആലിപ്പഴങ്ങൾ വന്ന് ഇതു പോലെ വീഴുന്നത്! കുറച്ചു മുന്പ് ഒരു ഐസ്ക്രീം കഴിച്ചാലോ എന്നു വിചാരിച്ചതേയുള്ളു.ഇതാ അത് പാരച്യൂട്ടിൽ ഇറങ്ങിയതു പോലെ മുമ്പിൽ വന്നു ചാടിയിരിക്കുന്നു.
എന്നാ വേണ്ടേ? (ചോദിച്ചത്, കടയിലെ വെട്ടാൻ കൊണ്ടുവന്ന പോത്ത് മനുഷ്യനായതു പോലെ ഒരു രൂപം)
പാപ്പൂട്ടി,പറഞ്ഞു.
കാളേം പോത്തും വേണം......അല്ലേ.. വേണ്ട. രണ്ടു കാള മതി.(കാളേം പോത്തിനേങ്കൂടെ ഒരുമിച്ചിട്ടാ പോത്ത് വെയ്റ്റ് മുഴുവൻ കാളേടെ കഴുത്തേലേയ്ക്ക് വയ്ക്കുമെന്നാ ജോയിച്ചേട്ടൻ പറഞ്ഞേക്കണേ!) അതിനുമുമ്പ് ഒരു ഐസ്ക്രീം പോന്നോട്ടെ. അല്ല ജോയിച്ചേട്ടന് ഈ കടേടെ കാര്യം അറിയാമ്മേലന്നാ തോന്നണേ. പുള്ളി പറഞ്ഞെ ആലപ്പുഴേലേ കിട്ടുവൊള്ളൂന്നാ....... ഇതെന്നാ ചേട്ടായീ പുതിയകട വല്ലോവാണോ?
അഞ്ചാറു വർഷായി - വെട്ടുപോത്ത് പറഞ്ഞു.
ന്നിട്ടെന്നാ.. പുള്ളി അറിയാഞ്ഞെ?
അതിപ്പം ഞാനെങ്ങനെയാ പറയുന്നെ? പുള്ളിയോടന്നെ ചോയീര് - വെട്ടുപോത്തിന്റെ കണ്ണുകൾ ചുവന്നു.
അല്ല... ഞാൻ ചോയിക്കണൊണ്ട് - പാപ്പൂട്ടി പറഞ്ഞു.
ഗ്രേവി വേണോ?
(ഇതെന്താ കാളേം പോത്തും ഗ്രേവി കഴിക്കുമോ? പാപ്പൂട്ടിക്ക് സംശയം) അവൻ പറഞ്ഞു.
ഏയ് ... വേണ്ട.. വേണ്ട. (പുല്ലും പിണ്ണാക്കുമൊക്കെ ഇഷ്ടം പോലെ കെടക്കുമ്പോ ഗ്രേവിയോ?)
പാർസലാണോ?
അല്ല.നടന്നാ പോണെ. (കാളേ പാർസലാക്കിയാ ചൊമക്കാനാരാ?)അല്ല. ചേട്ടായി കാശെത്രയാന്ന് പറഞ്ഞില്ലല്ലോ?
വെട്ടുപോത്ത് ഒരുനിമിഷം കണ്ണു മേലോട്ടാക്കി കണക്കു കൂട്ടി.
കാളയ്ക്ക് നൂറ്റമ്പതും നൂറ്റമ്പതും മുന്നൂറ്. ഐസ്ക്രീം എമ്പത്. ടോട്ടൽ മുന്നൂറ്റെൺപത്.
ശരിക്കും ഒരു കാളയ്ക്ക് നൂറ്റമ്പതേ ഉള്ളോ? ( ഈശോയേ... ജോയിച്ചേട്ടമ്പറഞ്ഞേ പന്ത്രണ്ടും പതിനഞ്ചുമൊക്കെ ആയിരം ആവൂന്നാണല്ലോ! ഇതു നല്ല ലാഭാണല്ലോ!)
ആ... അത്രോള്ളു.
ആ എടുത്തോ. ....ഒരു മിനിട്ടേ....... ഒന്നു ജോയിച്ചേട്ടനേ വിളിച്ചോട്ടേ.
പാപ്പൂട്ടി കടേന്ന് അല്പം മാറി, പതിഞ്ഞ ശബ്ദത്തിൽ ജോയിച്ചേട്ടനെ വിളിച്ചു.
അതേ... ജോയിച്ചേട്ടാ. ഇവിടെ കാള ഭയങ്കര ലാഭാ.. കേട്ടോ? ജോയിച്ചേട്ടൻ പറഞ്ഞെ... അവടെയൊക്കെ പതിനായിരോം പതിനയ്യായിരോമൊക്കെ ആവൂന്നല്ലേ? മ്മടെ രണ്ടൂന്ന് പിള്ളാര് കൂടെയൊണ്ടാർന്നേ ഞാനൊരു പത്ത് കാളേമ്മാരെ വാങ്ങിച്ചാരുന്നേനെ.ഇത്രേം വെല കൊറച്ചിപ്പം വേറേ എവടെക്കിട്ടാനോ?
ജോയിച്ചേട്ടൻ : എടാ.. പോത്തേ നൂറ്റമ്പതിനൊക്കെ എവടെയാടാ കാളേക്കിട്ടുന്നെ?. വല്ല...പതിനയ്യായിരോ മറ്റോ ആയിരിക്കും. അതേയ്... കോഡായിരിക്കും!
പാപ്പൂട്ടി : ജോയിച്ചേട്ടാ.... ഒരുമിനിട്ടേ.... (ഫോണിന്റെ മുഖം അടച്ചു പിടിച്ചു. എന്നിട്ട് വെട്ടുപോത്തിനെ നോക്കിയിട്ട്) ശരിക്കും നൂറ്റമ്പതല്ലേ ഒള്ളു? പതിനയ്യായിരത്തിന്റെ കോഡൊന്നുവല്ലല്ലോ?
വെട്ടുപോത്ത്: താനെന്താ ആളെക്കളിയാക്കുവാ?
പാപ്പൂട്ടി : (തല ചൊറിഞ്ഞ്) അല്ല... ഞാനേ...ജോയിച്ചേട്ടനോടൊന്നു പറയുവാരുന്നു, ഇവിടെന്ന് നല്ല ലാഭാണെന്നേ.... കാളയ്ക്കേ!(ബഞ്ചിൽ ഇരിക്കുന്നു)
വെട്ടുപോത്ത്: വേറേ വല്ലോമ്മേണോ?
പാപ്പൂട്ടി: കയറു കയ്യിലൊണ്ട്. പിന്നെ വല്ലോം കുടിക്കണോങ്കി...... അതിപ്പം ഞാൻ വല്ല തോട്ടീന്നും കുടിപ്പിച്ചോളാം.
വെട്ടു പോത്ത് എണീറ്റു. മുണ്ട് മടക്കിക്കുത്തി. ഉടുപ്പിന്റെ കൈകള് മേലോട്ട് തെറുത്തു.
അതേയ്... ഒന്നെണീറ്റേ.....ആ സഞ്ചീം എടുത്തേ...
അതേയ് ചേട്ടായീ.......
ആരെടാ നിന്റെ ചേട്ടായി? ആരെടാ..? (അയാൾ മുന്നോട്ട് കത്തിക്കയറി!) എവുടുന്നാ നിന്നെ ഇങ്ങോട്ടു കെട്ടിയെടുത്തത്?
ചക്കിട്ടപാറേന്നാ......
ഏത് ചക്കയിട്ട പാറേന്നായലും മാങ്ങായിട്ട പാറേന്നായാലും സ്ഥലം കാലിയാക്ക്. രാവിലേന്നേ അങ്ങു പാറേന്നും കാട്ടീന്നുമൊക്കെ എറങ്ങിക്കോളും നമ്മളെ മെനക്കെടുത്താൻ....പോടാ.....ഒള്ള നേരത്ത് വീടു പറ്റ്. ജോയിച്ചേട്ടൻ കാത്തുനിയ്ക്കണൊണ്ടാവും.
പാപ്പൂട്ടി ഉടലോടെ സ്വർഗ്ഗം പൂകി.
Comments