വീട് നിശ്ശബ്ദമാണിപ്പോള്‍
ഇടതുവശത്തെ അരളിയുടെ മഞ്ഞച്ചിരി ആത്മാര്‍ത്ഥതയുടേതായിരുന്നില്ല.
ഓരോ കുണുങ്ങിച്ചിരിയിലും അവള്‍ വേരുകള്‍ ഇടയിലേക്കാഴ്ത്തി, മതിലിനു ബലക്ഷയം വരുത്തുന്നെന്നായിരുന്നു
അച്ഛന്‍റെ പരാതി.
അതിനാല്‍ അതങ്ങു വെട്ടി.
വലതുവശത്തെ മാവിന്‍റെ, മുറ്റത്തേയ്ക്കും മട്ടുപ്പാവിലേയ്ക്കുമുള്ള കൊമ്പുകളും വെട്ടി.
ഇത്രയും പടര്‍ന്നു പന്തലിച്ച മാവില്‍ നിന്ന്, വര്‍ഷത്തില്‍ കിട്ടുന്നത് നാലോ അഞ്ചോ മാങ്ങ!
ഇനിയിപ്പോള്‍ കള്ളന്മാര്‍ക്ക് അത്ര പെട്ടെന്ന് മുകളിലേയ്ക്ക് പിടിച്ചു
കയറാനൊന്നും പറ്റില്ല.
മഴ വരുമ്പോള്‍ ചില്ലകളില്‍ തട്ടി പുരപ്പുറത്തേയ്ക്ക് വെള്ളം തെറിച്ച്, പായല്‍ പിടിക്കുകയുമില്ല.
വീടിന് ചായമടിക്കാനൊക്കെ ഇപ്പോള്‍ എന്താ ചെലവ് ! ഒരു ലക്ഷത്തിലധികമായി.
ഇപ്പോള്‍ വഴിയില്‍ നിന്നു നോക്കിയാല്‍ എന്താ ഒരു എടുപ്പ്!
അടുക്കളഭാഗത്തെ മഹാഗണി, ഏതു നേരവും ഇലകള്‍ കൊഴിച്ച് മുറ്റവും
മട്ടുപ്പാവും വൃത്തികേടാക്കുന്നതിനാല്‍, നമ്മുടെ നേരേ നീണ്ട രണ്ടു കൂറ്റന്‍ കൈകളങ്ങ്
വെട്ടി.
മാവിനോടു ചേര്‍ന്നു നിന്ന ആ ചെറിയ ഇല്ലിക്കൂട്ടവും പരിസരവും ആകെ കാടുപിടിച്ചു
കിടന്നിരുന്നു.
അതിലാണെങ്കില്‍ നിറയെ പക്ഷികളും. ഏതു നേരവും കലപില. സ്വൈര്യം തരില്ല. രാവിലെ
തന്നെ തുടങ്ങും. വീടിന്‍റെ തെക്കുകിഴക്കുള്ള പുളിമരത്തിന്‍റെ ചോടു മുഴുവന്‍
പക്ഷിക്കാട്ടമാണ് പുളി പഴുത്തു തുടങ്ങിയാല്‍ പിന്നെ പറയേം വേണ്ട. അവിടെ, കുറെ എലിവിഷം തേങ്ങാപ്പീരയും പഞ്ചാരയും ചേര്‍ത്തങ്ങു
വിതറി. എത്ര പെട്ടെന്നാ ബഹളങ്ങളൊക്കെ ഒതുങ്ങിയത്!
പിന്നാമ്പുറത്തെ വള്ളിനാരങ്ങകള്‍ മതിലും ഭിത്തിയും മൂടി പടര്‍ന്നു നില്‍ക്കുന്നു.
അത് പഴങ്ങളായാല്‍
പിന്നെ പറയേണ്ട. ദിവസം മൂന്നും നാലും നേരം അയല്‍വക്കത്തെ
വികൃതിക്കുട്ടികള്‍ക്കെല്ലാം അത് മുറിച്ച് പഞ്ചാരയിട്ട് കൊടുക്കണം. ഏതു നേരവും
മുത്തശ്ശീ പാഷമ്പ്രൂട്ട്...പാഷമ്പ്രൂട്ട് എന്നും പറഞ്ഞ് അമ്മയുടെ പിന്നാലെ. പിന്നെ
പകല്‍ മുഴുവന്‍ അതിനടിയില്‍ പതുങ്ങി രാത്രി ആക്രമണങ്ങള്‍ക്ക് തന്ത്രങ്ങള്‍
മെനയാന്‍ കൊതുകുകള്‍ അവിടം ഉപയോഗപ്പെടുത്തിയേക്കുമോ എന്നൊരു ഭീതിയും.
എത്രയും കാടു കുറച്ചാല്‍ അത്രയും നല്ലത്. ഒരു കാടു വെട്ടിത്തെളിക്കുന്ന
വിഷമമൊന്നുമില്ലല്ലോ. താഴെ നിന്നു വളര്‍ന്നു കയറിയ രണ്ടു മൂന്നു തണ്ടുകള്‍
മുറിച്ചാല്‍ മതിയല്ലോ. വാടിയുണങ്ങിക്കഴിഞ്ഞാല്‍ വലിച്ചു പറിച്ചു കളയാന്‍
എന്തെളുപ്പം. ഇപ്പോള്‍ കുട്ടികളുടെ വരവും നിലച്ചു.
ഇപ്പോള്‍, ആകെപ്പാടെ ഒരു പ്രകാശം. എല്ലായിടത്തും ഒരു
വൃത്തിയും. നല്ല സ്പിക് ആന്‍റ് സ്പാന്‍.
അരളിയും,
മാവും, മഹാഗണിയും, ഇല്ലിക്കൂട്ടത്തിലെ കാടകളെ
പേടിപ്പിക്കാനിറങ്ങുന്ന ഓലേഞ്ഞാലിയും, വാഴക്കൈകളിലേയ്ക്ക് പറന്നിറങ്ങുന്ന കാക്കക്കൂട്ടവും, രാത്രിഞ്ചരന്മാരായിരുന്ന വവ്വാലുകളും, രാവിലെ എന്നും നടക്കാനിറങ്ങുന്ന ഉപ്പനുമൊക്കെ
അമ്മയുടേതായിരുന്നു. അമ്മ അവരോടൊക്കെ എന്തൊക്കെയോ പറയാറുണ്ടായിരുന്നു. അതു കേട്ടു
പോകുന്ന വവ്വാലുകള്‍ രാത്രിയില്‍ എവിടെ നിന്നൊക്കെയോ മോഷ്ടിച്ചെടുത്ത ഈന്തങ്ങകള്‍ അമ്മയ്ക്കും
പങ്കുവച്ചു. പഴുത്ത പുറം മുഴുവന്‍ അവര്‍ക്കു വേണമെന്ന ഒരു നിബന്ധന മാത്രം.
പുറമൊക്കെ തിന്നു തീര്‍ത്ത് ബാക്കി വരുന്ന വെള്ളക്കുരുമാത്രം അടുക്കളയുടെ ഓരം
ചേര്‍ത്ത് ഇട്ടുകൊടുക്കും, അമ്മയ്ക്ക് കൊഴക്കട്ടയുണ്ടാക്കാന്‍.
അമ്മ പോയതോടെ കുറേക്കാലം വവ്വാലുകളും കാക്കകളുമൊക്കെ അന്വേഷിച്ചു വന്നു.
പിന്നെ അവര്‍ എവിടേയ്ക്കോ പോയി. എന്നാലും, വിശ്വാസം വരാതെ ചിലരൊക്കെ വാഴക്കൈയിലും, മാവിന്‍കൊമ്പത്തുമൊക്കെ, വല്ലപ്പോഴും വന്നിരുന്നു ചെരിഞ്ഞു
നോക്കാറുണ്ട്. ഇപ്പോള്‍ അതിഥികളായും ആരുമില്ല. വീടും ഉറങ്ങിയതു പോലെ.
ഇനിയിപ്പോള്‍, വീടു പൂട്ടിപ്പോകുമ്പോള്‍ ആധികളൊന്നുമില്ല.
തിരിച്ചുവരുമ്പോള്‍ വല്യ പ്രശ്നങ്ങളുമില്ല.
Comments