മഴയില്‍ അവന്‍ മാത്രം

രണ്ടായിരത്തിലെ മഴക്കാലം. പാലാ, തീക്കോയിവാഗമണ്‍ വഴി സുരേന്ദ്രന്‍റെ തൊപ്പിപ്പാള. അവിടെ നിന്ന് അയ്യപ്പന്‍‌കാവിലെ കോഴിമല രാജാവിന്‍റെ സവിധത്തിലൊരു മുഖം കാണിക്കല്‍..> കട്ടപ്പന കൂടി തിരിച്ച് കോട്ടയത്തേയ്ക്ക്. ഒരു രണ്ടു നാള്‍.> ഇന്ദുചൂഡനും, ഞാനും, വിക്ടറും കൂടി പെട്ടെന്ന് തീരുമാനിച്ചതാണ്‌..

കുറവിലങ്ങാട്ടു നിന്ന് മാരുതിയുടെ പള്ള നിറയെ ഇന്ധനമടിക്കുമ്പോള്‍ വിക്ടര്‍ അവന്‍റെ ചെറിയ ശബ്ദത്തില്‍ പറഞ്ഞു.

ഇവനിന്നു രോമാഞ്ചമുണ്ടാവും. കുറേ നാളു കൂടിയാ....

പോകുന്ന വഴി, പാലായില്‍ മീനച്ചിലാര്‍ മഴയില്‍ പുളകം കൊള്ളുന്നത് പലപ്രാവശ്യം ക്യാമറയില്‍ പകര്‍ത്തി. വാഗമണ്ണിലെ, പാറകളെ വിഴുങ്ങുന്ന മഴമേഘങ്ങളെ അടച്ചെടുത്തു. വഴിനീളെ, അയല്‍‌വക്കത്തെ  വല്യപ്പാപ്പന്‍റെ തമാശകള്‍ പറഞ്ഞു. എന്നും വരുന്ന ഇടവത്തിന്‍റെ പുതിയ മഴ പോലെ  വിക്ടറിന്‍റെ തമാശപ്പൊട്ടുകളും പുതിയതായിരുന്നു. എന്നിട്ടും, മനസ്സില്‍ കിടന്നു തേഞ്ഞുതീര്‍ന്ന ചില പഴയ തമാശകള്‍ ഞങ്ങള്‍ അവനെക്കൊണ്ടു ആവര്‍‌‍ത്തിച്ചു പറയിച്ചു. 

തൊപ്പിപ്പാളയിലെ വീടിനടുത്തുള്ള വഴിയരികില്‍, നാലഞ്ച് അയല്‍‌വാസികളുമായി ഏലത്തിന്‍റെ വിലനിലവാരത്തിലൂടെ കയറിയിറങ്ങി, ഒരു കുട ചൂടിയും മറ്റു രണ്ടെണ്ണം കക്ഷത്തിലുമായി, സുരേന്ദ്രന്‍...> കാര്‍ നിറുത്തി പുറത്തിറങ്ങിയ ഞങ്ങളെ തിരിച്ചറിയാന്‍, സുരേന്ദ്രന്‍ നാട്ടുകാര്‍ക്ക് ഒരു കണക്കിട്ടു കൊടുത്തു. അവര്‍ എന്നെ ചൂണ്ടി വിക്ടറെന്ന് ഉത്തരമിട്ടു തോറ്റു. എന്‍റെ താടിയാണ്‌ കണക്കിന്‍റെ വഴികളെ തെറ്റിച്ചതെന്നു നാട്ടുകാര്‍.> ശരിയാണ്‌, അവനെടുത്ത ചിത്രങ്ങള്‍ പത്രത്തിലൊരുപാടു കണ്ടിട്ടുണ്ടെങ്കിലും അവര്‍ അവനെ കണ്ടിട്ടില്ലല്ലോ! ഛായാഗ്രാഹകന്‌  താടിയുണ്ടാവാം എന്നുള്ള  ഒരു അനുമാനമാണ്‌ വിക്ടറിനെ എന്നിലേയ്ക്ക് അവര്‍  സൂപ്പര്‍ ഇമ്പോസ്  ചെയ്യാന്‍ കാരണം. 

രാത്രി മുഴുവന്‍ അയല്‍‌വക്കത്തെ വല്യപ്പാപ്പന്‍ നായകനാകുന്ന വീരകഥകള്‍.> അനേക ജാതി മതങ്ങളില്‍ പെട്ട നായ്ക്കളുടെ കുര കേട്ട് തെരുവുനായ്ക്കള്‍ ആകാംക്ഷ നിറഞ്ഞ അസൂയകളുമായി, അസ്വസ്ഥരായി പുറത്തുകൂടി നടന്നു. വീടുകളില്‍ ബന്ധിതരായവര്‍ അവിടെ നിന്നു കുരച്ച് സ്വതന്ത്രര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. 

ഇന്ത്യന്‍ പട്ടാളത്തിന്‍റെ കൂടെ പഞ്ചാബിലും, കാഷ്മീരിലും മറ്റും കറങ്ങി നാട്ടിലെത്തിയ വിക്ടറിനെ വല്യപ്പാപ്പന്‍ തടഞ്ഞു നിറുത്തി, മൂക്കിലൂടെ ചോദിച്ചു.

എന്നാണ്ടെടാ... ഉവ്വേ? എപ്പേത്തി?

ഇന്നലെ വന്നതേയുള്ളു. എന്തുണ്ട്  വെല്ലിപ്പാപ്പാ വിശേഷങ്ങള്‌?

ഓ... ഇവിടെ എന്നായിരിക്കുന്നു... അവിടെയൊക്കെ മഹാ അലമ്പാ... ല്ലേ


കോളജിനു താഴെയുള്ള സ്കൂളിന്‍റെ പുല്‍മൈതാനിയില്‍ ഫുട്ബോള്‍ കളി കണ്ടു നില്‍ക്കുന്ന ഒരു കുട്ടിയായിരുന്നു, അവന്‍.‌‌..‌..>. പിന്നീട്പുറത്തേയ്ക്കു പോയിരുന്ന പന്തുകളെടുത്ത് കളിക്കളത്തിലേക്കടിക്കാന്‍ അധികാരമുള്ളവനായി. രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അതാ ഒരു പോളോ നെക്കുമിട്ട് അവന്‍ ഒരു ടീമിന്‍റെ ഗോള്‍‌വലയം കാക്കുന്നു. അവന്‍ അന്നും അങ്ങനെയാണ്‌.> നോക്കി നോക്കിയിരുന്ന് അത് നേടിയെടുക്കും. കണ്ണിലെ തിളക്കത്തിലൂടെ മാത്രം നിങ്ങള്‍ക്ക് വായിച്ചെടുക്കാനായെങ്കില്‍ ആയി. ചെയ്യുന്നത് ഒരു വലിയ കാര്യമാണെന്ന് തോന്നിയാലല്ലേ അത് ആരോടെങ്കിലുമൊക്കെ പറയേണ്ടതുള്ളു  എന്നുള്ള ഒരു ചിരി കൊണ്ടാണ്‌ അവന്‍ എല്ലാ പ്രതിരോധങ്ങളേയും നേരിട്ടിരുന്നത്.

തിരക്കില്ലാത്ത ഗോള്‍ പോസ്റ്റുകള്‍ക്കിടയില്‍  കട്ടയടിച്ചു നിന്ന് നീ ബോറടിക്കുന്നതും, പിന്നെ കാലിന്മേല്‍ കാല്‍ കയറ്റിവച്ച് നീ ഉറങ്ങുമ്പോള്‍  ഒരു കാലിലും ഗോള്‍‍പോസ്റ്റിലുമായി ഒരു ചിലന്തി വലകെട്ടുന്നതും, പൊടുന്നനെ നീ ഞെട്ടിയുണരുന്നതും കുപിതനാകുന്നതും ഞാന്‍ അതിശയോക്തി കലര്‍ത്തി രൂപകങ്ങളുണ്ടാക്കി.

ചിലന്തി പറഞ്ഞു. കൂള്‍ ഡൗണ്‍ ചേട്ടാ... ചേട്ടന്‍റെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്. ചേട്ടന്‍ ഉറങ്ങിക്കോളൂ. ബോളു വരുമ്പോള്‍ ഞാന്‍ പിടിച്ചിട്ടു ചേട്ടനെ ഉണര്‍‌‍ത്തിക്കൊള്ളാം.....

അതും പറഞ്ഞ്, ചിരിച്ചു ചിരിച്ച്  നീ ബസ്സിലേയ്ക്ക് ഓടിക്കയറുന്നത്  ഞാനോര്‍‍ക്കുന്നു.

പന്ത്രണ്ട് വര്‍ഷമാകുന്നു ഞങ്ങള്‍ക്കിവനെ നഷ്ടമായിട്ട്. എത്ര പെട്ടെന്നാണ്‌ കാലം അതിന്റെ ഇലകള്‍ കൊഴിച്ച് വീണ്ടുമൊരു മഴക്കാലത്തേയ്ക്ക് എത്തിച്ചത്! ഇനിയൊരിക്കലും വരാനില്ലാത്ത നിന്‍റെ കാല്‍‌പ്പെരുമാറ്റങ്ങള്‍ക്ക് കാതോര്‍ത്ത് മഴയുടെ മഹായാനങ്ങളെത്ര ബാക്കി! എഴുത്തുകാരന്‍റെ ദേശമറിഞ്ഞെടുക്കുന്ന ചിത്രങ്ങളില്ലാതെ ഭാഷാപോഷിണിയിലെ ജീവാക്ഷരങ്ങള്‍ മുഖം താഴ്ത്തി നില്‍‌‍‌ക്കുന്നു. അത്രമാത്രം കഥകളാണ്‌ അവന്‍ പറഞ്ഞുതീര്‍ത്തത്. ഇനിയൊരിക്കലും ഇങ്ങനെ  കഥകളുടെ രാത്രി നമുക്കായി ഉണ്ടാവില്ലെന്നതു പോലെ ഞങ്ങളൊക്കെ തലയറഞ്ഞു ചിരിച്ചു.


ഞായറാഴ്ച വൈകിയുള്ള മടക്കത്തില്‍ മനോരമയില്‍ കയറി, കാത്തുവച്ചിരുന്ന മഴച്ചിത്രങ്ങള്‍ കാണിക്കുമ്പോള്‍ അവന്‍ പറഞ്ഞു.
''അടുത്ത നിന്റെ വരവില്‍ നമുക്ക് ലക്കിടിയിലെ മഴ കാണണം.
അതുകൂടി കഴിഞ്ഞാല്‍ എന്‍റെ മഴപ്പുസ്തകം തയ്യാറാകും. അതിന്‌ ഒരു സ്പോണ്‍സറും വേണം.''

ഓഫീസില്‍ നിന്നിറങ്ങി. എം.സി. റോഡില്‍, എന്‍റെ വീട്ടിലേയ്ക്കു തിരിയുന്ന വഴിയില്‍ എന്നെ വിക്ടര്‍ ഇറക്കി.

2001  ജൂലയ് 2. ഞാന്‍ പതിവുപോലെ നാട്ടിലെത്തി. അത്യാവശ്യമായി ബാംഗ്ലൂരിലേയ്ക്ക് പോകേണ്ടി വന്നതിനാല്‍ തിരിച്ചെത്തിയ ശേഷം ലക്കിടിയാത്രയ്ക്കായി വിക്ടറിനെ വിളിക്കാം എന്നു കരുതി. അവിടെ, ഒരു വീട്ടില്‍ വച്ചാണ്‌ നാട്ടിലെ മഴക്കെടുതികളെക്കുറിച്ചറിയുന്നത്.
ആരോ പറഞ്ഞു, മനോരമയുടെ ഒരു ഫൊട്ടോഗ്രഫറിനെ കാണാതായി.
അയാളുടെ പേരറിയുമോ
പേരോര്‍‌‍മ്മയില്ല.

അവനാവില്ല എന്നുറപ്പിച്ച് സമാധാനിക്കാന്‍ എനിക്കതു ചോദിക്കേണ്ടി വന്നു.
വിക്ടര്‍ ജോര്‍ജെന്നോ മറ്റോ ആണോ പേരു പറഞ്ഞത് ?
......... അയ്യോ, ആ പേരു തന്നെയാണു പറഞ്ഞതെന്നു തോന്നുന്നു.

ടീവി തുറന്നു. മഴക്കെടുതികളുടെ ചിത്രങ്ങള്‍ക്കടിയില്‍ അവന്‍റെ പേര്‌........ തെളിഞ്ഞു മറയുന്നു.
ഞാന്‍ ഇന്ദുചൂഡനെ നാട്ടിലേയ്ക്കു വിളിച്ചു.

അവന്‍ അവധിയിലായിരുന്നു. സുരേഷ് വന്നാലുടനെ വിളിക്കണമെന്നും, നമുക്കുടനെ പുറപ്പെടണമെന്നും പറഞ്ഞിരുന്നു.

രണ്ടാം ദിവസം ഞാന്‍ നാട്ടിലേയ്ക്ക് തിരിച്ചു. അവനെ കണ്ടെത്താന്‍ കഴിയാതെ നാടു മുഴുവന്‍ തേങ്ങിയ ദിവസങ്ങളായിരുന്നു അവ. അവസാനംക്യാമറ കണ്ടെത്തിയതിനു പിന്നാലെ അവനേയും...
ട്രെയിനില്‍ വച്ചാണ്‌ ഞാന്‍ വാര്‍ത്ത അറിയുന്നത്.

ഞാന്‍ വീണ്ടും വന്നു. അശോകും, സുരേന്ദ്രനും, ആന്‍റണിയും, ഇന്ദുചൂഡനുമൊക്കെയായി ലക്കിടിയിലേയ്ക്കുള്ള യാത്രയുടെ തോരാത്ത മഴക്കനവുകള്‍ ബാക്കി നിറുത്തി രണ്ടുനാള്‍ മുന്‍പ് നീ പോയി വിക്ടര്‍.....!

ഓര്‍മ്മകളുടെ ഒരു പൂക്കാലം ഞങ്ങള്‍ക്കായി ബാക്കി വച്ച് വിക്ടര്‍ ജോര്‍ജ് യാത്ര പറയാതെ പോയി. പിന്നെ, നിന്നെയോര്‍ക്കാന്‍ എത്ര മഴക്കാലങ്ങള്‍!.....

ഇക്കഴിഞ്ഞ ഡിസംബര്‍ 27 നു എറണാകുളത്ത് കണ്ടു പിരിഞ്ഞ സുരേന്ദ്രനും പറഞ്ഞില്ല, കൃത്യം ഒരു മാസത്തിനു ശേഷം  പോകുന്ന യാത്രയെക്കുറിച്ച്. ശരിയാണ്‌, പറയാതെ പോകുന്ന ഒരു യാത്രയ്ക്കെങ്കിലും നാം പരസ്പരം കടപ്പെടേണ്ട സുഹൃത്തുക്കളല്ലേ!

ലക്കിടിയാത്രയില്‍ നിനക്കു തരാന്‍ ഞാന്‍ കരുതിവച്ച നിറയെ കീശകളുള്ള ജാക്കറ്റ്. അതിപ്പോഴും ഞാന്‍ സൂക്ഷിക്കുന്നു.‍ 


മനസ്സിലിപ്പോള്‍‌  നനഞ്ഞ കുറെ പൂക്കള്‍ മാത്രം, നിനക്കായി, വിക്കി.....



Comments

asrus irumbuzhi said…
മനസ്സിലിപ്പോള്‍ കുറെ നനഞ്ഞ പൂകള്‍ മാത്രം ...എന്റെയും ,ഇഷ്ടായി :)

അസ്രൂസാശംസകള്‍

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!