കാന്‍ ചലച്ചിത്രമേള ആഗോള മൂല്യനിര്‍ണ്ണയവേദിയാകുന്നു
ഇക്കഴിഞ്ഞ
ബുധനാഴ്ച സായാഹ്നം, കാന്‍ ചലച്ചിത്രോത്സവത്തിന്‍റെ
ഉദ്ഘാടനവേദി മഴയില്‍ കുതിര്‍ന്നിരുന്നു. THE GREAT GATSBY എന്ന ആദ്യചിത്രത്തിലെ അതിഥിതാരമായ
അമിതാബ് ബച്ചനും പ്രധാന നടനായ ലിയനാര്‍ഡോ ഡി കാപ്രിയോയുമായിരുന്നു, 66-)മത്തെ ഉത്സവത്തിന്‍റെ ഉദ്ഘാടകര്‍.
മൈക്കല്‍ ഡഗ്‌ളസും മാറ്റ് ഡമണും
കാന്‍
ചലച്ചിത്രമേളയിലാണ് പല ചലച്ചിത്രകാരന്മാരുടേയും കണ്ണുകള്‍. ഒരു പക്ഷേ, അമേരിക്കന്‍
ചലച്ചിത്രകാരന്മാര്‍ക്കു പോലും, ഹോളിവുഡിനേക്കാള്‍ വിശ്വസിക്കാനും, ആശ്രയിക്കാനും കഴിയുന്നത് ഫ്രാന്‍സിനെയാണ്, ഇപ്പോള്‍. ഹോളിവുഡില്‍ നിന്ന് കയ്പേറിയ അനുഭവങ്ങളുമായി കുറെ സംവിധായകരും
നിര്‍മ്മാതാക്കളും കാനിലുണ്ട്. ആല്‍ഫ്രഡ് ഹിച്ച്കോക്കിനും, ഹോവര്‍ഡ് ഹോക്സിനും, സാമുവല്‍ ഫുള്ളറിനും നേരിട്ടിട്ടുള്ള
അനുഭവങ്ങളെ അവര്‍ അതിനായി കൂട്ടു പിടിക്കുന്നു. അമേരിക്കയേക്കാള്‍, അവരെപ്പോലും പിന്തുണച്ചത് ഫ്രാന്‍സ് ആയിരുന്നു. നല്ല
സിനിമകളെ തിരിച്ചറിയാന്‍ ഹോളിവുഡിനേക്കാള്‍ തയ്യാറായത് എന്നും ഫ്രാന്‍സ്
തന്നെയായിരുന്നു എന്ന് അവര്‍ ഉദാഹരണങ്ങള്‍ സഹിതം സമര്‍ത്ഥിക്കുന്നു.
2007 നു ശേഷം ഏറ്റവും കൂടുതല്‍ അമേരിക്കന്‍
പ്രാതിനിധ്യമുള്ള ചലച്ചിത്രമേളയ്ക്ക് കാന്‍ സാക്ഷ്യം വഹിക്കുകയാണ്. സ്റ്റീവന്‍
സോഡര്‍ബെര്‍ഗ് എന്ന അമേരിക്കന്‍ സംവിധായകന്‍റെ BEHIND THE CANDELABRA (മെഴുകുതിരിക്കാലുകള്‍ക്ക് പിന്നില്‍) അവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഹോളിവുഡിലെ എല്ലാ സ്റ്റുഡിയോകളും അമിത-ആണ്‍-സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ പേരില്‍
തഴഞ്ഞ ചിത്രമാണത്. വിദേശ ചലച്ചിത്ര നിര്‍മ്മാണച്ചെലവു നോക്കിയാല്‍ 50 ലക്ഷം ഡോളര്‍ മാത്രമാണിതിന്
വേണ്ടിവന്നിട്ടുള്ളത്. ലിബറേസ് എന്ന പഴയകാല പിയാനിസ്റ്റിന്‍റെ ആത്മകഥയാണ്
ഇതിന്‍റെ ഇതിവൃത്തം. പ്രസിദ്ധനായ മൈക്കല്‍ ഡഗ്ലസിന് നല്ല നടനുള്ള
പുരസ്ക്കാരസാദ്ധ്യതയുള്ളതാണ് ഇതിലെ വേഷം. 1975 ലെ ONE FLEW OVER THE CUCKOO'S NEST മുതല്‍ മൈക്കല്‍ ഡഗ്ലസ് പ്രശസ്തനാണ്. 1987 ല്‍ 'വാള്‍സ്ട്രീറ്റി'ലെ അഭിനയത്തിന് അദ്ദേഹത്തിന്
അക്കാദമി പുരസ്ക്കാരം കിട്ടിയിട്ടുമുണ്ട്. കാനില്‍ നിന്ന്, ഈ പുതിയ ചിത്രത്തിനു കിട്ടുന്ന ഓരോ
അംഗീകാരവും ഹോളിവുഡിന്‍റെ യാഥാസ്ഥിതികത്വത്തിനു മേല്‍ അടിക്കുന്ന ആണികളായി
ചലച്ചിത്ര സമൂഹം കാണുകയാണ്. ഇതിന്‍റെ നിര്‍മ്മാണഘട്ടത്തില്‍ ഹോളിവുഡുമായുണ്ടായ യുദ്ധത്തില്‍ മനം നൊന്ത്, ഇനി ചിത്രങ്ങള്‍ എടുക്കുന്നില്ല എന്നു
പോലും സോഡര്‍ബെര്‍ഗ് പറയുകയുണ്ടായി. അവസാനം HBO TELEVISION ആണ് അദ്ദേഹത്തിന്‍റെ സഹായത്തിനെത്തിയത്.
കോയന്‍
സഹോദരന്മാരായ ജോയലും ഈത്തനും (Joel and Ethan Coen) INSIDE LLEWYN DAVIS എന്ന അറുപതുകളുടെ നാടന്‍ കഥയുമായി
കാനിലുണ്ട്. അവര്‍ക്കും ഹോളിവുഡ് തിരസ്ക്കാരങ്ങളുടെ കഥകളുണ്ട് പറയാന്‍. അവസാനം അവരുടെ സഹായത്തിനെത്തിയത്
പാരീസിലുള്ള സ്റ്റുഡിയോ കനാല്‍ (Studio Canal) ആണ്. അവരാണെങ്കില്‍ NO COUNTRY FOR OLD MEN ന്‍റെ മേല്‍ നാല് ഓസ്ക്കറുകള്‍ നേടിയവരാണ്. കാന്‍ മേളയിലെ പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാണം
പൂര്‍ത്തിയായതിനു ശേഷം മാത്രമേ സി.ബി.എസ്. ഫിലിംസ് (CBF Films) അമേരിക്കയിലെ വിതരണാവകാശം പോലും അവരില്‍
നിന്നു വാങ്ങിയുള്ളു.
പിന്നെയുമുണ്ട്
പ്രശസ്തരായ പലരും അവരുടെ അമേരിക്കന്‍ ചിത്രങ്ങളുമായി, കാനില്‍. NEBRASKA എന്ന ചിത്രവുമായി THE DESCENDANTS ന്‍റെ സംവിധായകനായ അലക്സാണ്ടര്‍ പേയിന്‍. ONLY LOVERS LEFT ALIVE മായി ജിം ജാര്‍മഷ്. ജോക്കിന്‍ ഫിനിക്സും, മാരിയന്‍ കോട്ടിലര്‍ഡും അഭിനയിക്കുന്ന THE IMMIGRANT മായി ജെയിംസ് ഗ്രേയും. നല്ല ആസ്വാദന
ചരിത്രമുള്ള സിനിമകളുണ്ടായിട്ടും ഇവരെല്ലാം ചിത്രനിര്‍മ്മാണത്തില്‍ പുറത്തു
നിന്നുള്ള സാമ്പത്തികസഹായം ആവശ്യമായി വന്നവരാണ്.
ഇതിനെല്ലാം പുറമേ 2011 ലെ കാന്‍ മേളയുടെ ഉദ്ഘാടനചിത്രമായിരുന്ന
MIDNIGHT IN
PARIS ന്‍റെ സംവിധായകന്‍ വുഡി അലന്‍ തന്‍റെ പുതിയ
ചിത്രമായ BLUE JASMINE
മായി കാനിലെത്തുന്നു. 87 കാരനായ ജെറി ലൂയിസ് എന്ന ഹാസ്യരാജാവ്
അഭിനയിച്ച ഡാനിയല്‍ നോവയുടെ ആദ്യചിത്രം MAX ROSE കാന്‍ മേളയുടെ പ്രത്യേകതയായിരിക്കും.
സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ്
ആണ് മേളയുടെ ജൂറി അദ്ധ്യക്ഷന്‍. തിയറി ഫ്രീമോ ഫെസ്റ്റിവല്‍ ഡിറക്ടറും.
''പണ്ടൊക്കെ ഫെസ്റ്റിവല്‍ സെലക്ഷനെക്കുറിച്ച്
അറിയിയിക്കുമ്പോള്‍ വെറുതെ സന്തോഷം മാത്രം പ്രകടിപ്പിച്ചിരുന്നവര്‍ ഇന്ന്
തുള്ളിച്ചാടുകയാണ്'', തിയറി ഫ്രീമോ പറയുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തികസഹായം തന്നെയാണ് അതിന്‍റെ
കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നതും.
SEDUCED AND
ABANDONED എന്ന പേരില്‍
അലെക് ബോള്‍ഡ്‌വിനും ജെയിംസ് റ്റൊബാക്കും ചേര്‍ന്നെടുത്ത ഒരു ഡോക്യുമെന്‍ററി സ്വതന്ത്ര സിനിമാ നിര്‍മ്മാണത്തില്‍
നേരിടേണ്ടി വരുന്ന വൈഷമ്യങ്ങളെക്കുറിച്ചാണ്. അതും കാന്‍ മേളയില്‍ ഒരു പ്രത്യേക പ്രദര്ശനത്തിനുണ്ട്.
ചുരുക്കത്തില്‍, കാന്‍ മേളയുടെ പ്രശസ്തി പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണിപ്പോള്‍.
ചിത്രങ്ങളുടെ ചരിത്രങ്ങളിലേയ്ക്കെഴുതി ചേര്‍ക്കാനുള്ള മേല്‍ത്തരം ആസ്വാദനങ്ങള്‍ക്കുപരി
വലിയൊരളവില്‍ അവ അതിന്‍റെ പിന്‍കാല സാമ്പത്തികഭാവിയും നിശ്ചയിക്കുന്നു.
Comments
തെറ്റല്ലേ ഇത്. ഈ സിനിമയും മൈക്കല്‍ ഡഗ്ലസും തമ്മില്‍ എന്താണു ബന്ധം ?