Thursday, October 11, 2007

ഡോ. അയ്യപ്പപ്പണിക്കര്‍ - ഒരോര്‍മ്മക്കുറിപ്പു്‌


എഴുപതുകളുടെമദ്ധ്യം. ജനുവരി. ചരല്‍‍ക്കുന്നിലെ 'സര്‍ഗ്ഗസംവാദ'ത്തിലാണു്‌‍‌ ശ്രീ അയ്യപ്പപ്പണിക്കരെ ആദ്യമായി കാണുന്നത്‌. മലയാളകവിതയുടെ ശക്തിചൈതന്യങ്ങളെ തൊട്ടനുഭവിപ്പിച്ച, അറിവിലും ആകാരത്തിലും അന്തരം പുലര്‍‌‍ത്തിയ ആ രൂപത്തെ ആദ്യമായി കണ്ടറിഞ്ഞ അത്ഭുതങ്ങളിലായിരുന്നു, ഞാന്‍. കൂടെ മറ്റു പലരോടൊപ്പം ശ്രീ എം.ഗംഗാധരനും.(അദ്ദേഹത്തിന്റെ കഴിഞ്ഞ ലക്കം കലാകൗമുദി കുറിപ്പാണ് എന്റെ പഴയ ഓര്‍മ്മകളെ പെറുക്കിക്കൂട്ടിയത്‌. 'മധുവനം, പരപ്പനങ്ങാടി' എന്ന വിലാസം എനിക്കെഴുതിത്തന്നതിപ്പോഴും ഓര്‍ക്കുന്നു)‍
കവിതയുടെ പേരില്‍ ഞങ്ങള്‍ വിഴുങ്ങിക്കൂട്ടിയ മിഥ്യാബോധങ്ങളിലേക്കു്‌ തിരിച്ചറിവിന്റെ പ്രകാശം കടത്തിവിടാന്‍, താളബോധങ്ങളുടെ സര്‍ഗ്ഗസംഗീതം പെയ്യിച്ചു കൊണ്ട്, ഉടുപ്പിനു മീതേ മുണ്ടുടുത്ത്‌ അയ്യപ്പപ്പണിക്കരെന്ന അത്ഭുതം. ആ ദിവസങ്ങളില്‍ ഞങ്ങളെയെല്ലാം അദ്ദേഹം കവിതയുടെ‍ കാണാക്കയങ്ങളില്‍ നീന്തല്‍ പഠിപ്പിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം അബുദാബിയിലെ ആശാന്‍ സ്മാരക കൂട്ടായ്മയിലേക്കു്‌ ക്ഷണിക്കുമ്പോള്‍ പതിവു നിഷേധം.
" ഞാനില്ല"
പിന്നെ, ശ്രീ എന്‍ ആര്‍ എസ് ബാബുവിനെക്കൊണ്ടു്‌ തീവ്ര ശുപാര്‍ശ. ബാബുസാറിന്റെ സ്നേഹനിര്‍‍ഭരമായ ഉറപ്പിനുമുമ്പില്‍ അദ്ദേഹം കീഴടങ്ങി. അങ്ങനെ മനസ്സില്ലാമനസ്സോടെ ഒരു അബുദാബി യാത്ര. യാത്രയ്‌ക്കു മുമ്പ് എന്നെ ഫോണില്‍ വിളിച്ചു സത്യം ചെയ്യിച്ചു.
"നാലേ നാലു ദിനം. എന്നെ തിരിച്ചെത്തിച്ചേക്കണം."
കേരള സോഷ്യല്‍ സെന്ററിന്റേയും അബുദാബി മലയാളി സമാജത്തിന്റേയും വേദികളില്‍ തിങ്ങി നിന്ന ശ്രോതാക്കളുടെ നാഴികകള്‍ക്കു്‌ ശ്രീ അയ്യപ്പപ്പണിക്കര്‍ നിമിഷവേഗം നല്‍കി. അവര്‍ അത്ഭുതപ്പെട്ടു.
"ഇതാണോ ഞങ്ങള്‍ വായിക്കാതെയും കേള്‍ക്കാതെയും മാറ്റി നിറുത്തിയ അയ്യപ്പപ്പണിക്കര്‍?" ‍
ചന്ദ്രേട്ടന്റെ (കെ എസ് സി നായര്‍) വീട്ടിലെ താമസത്തിനിടയില്‍ സാംബാറും അവിയലും കൂട്ടിയുണ്ണാന്‍ പണിക്കരേട്ടന്‍ അമ്പലം രവിയോടൊപ്പം ഇടയ്ക്കൂ്‌ വീട്ടില്‍ വരുമ്പോള്‍ ഞങ്ങളുടെ നാലു വയസ്സുകാരന്‍ ചന്തുവിനെ ഒരു കവിത പഠിപ്പിച്ചു.
ഹൗ മെനി ചന്തൂസ് ?വണ്‍ ചന്തു, റ്റു ചന്തു, ത്രീ ചന്തു, ഫോര്‍ ചന്തു.
പിന്നെയും വര്‍‍ഷങ്ങള്‍.
എന്റെ നാലു വയസ്സുകാരനു്‌ എട്ടായി. ഒരുദിവസം കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ചന്തു ഓടി വന്നു പറഞ്ഞു.
"അച്ഛാ പണിക്കരമ്മാമ"
എന്നിട്ടു്‌ അവന്‍ ഞങ്ങളെ കാത്തു നില്‍ക്കാതെ, പിന്നിലൂടെ പതുങ്ങിച്ചെന്നു്‌ അദ്ദേഹത്തിന്റെ ചെവിയില്‍ ചോദിച്ചൂ.
"ഹൗ മെനി ചന്തൂസ്?"
തിരിഞ്ഞെണീറ്റു്‌ അദ്ദേഹം അവനെ കെട്ടിപ്പിടിച്ചുയര്‍‍ത്തി.
എന്നിട്ടു്‌ രണ്ടാളും കൂടി പാടി.."വണ്‍ ചന്തു, റ്റു ചന്തു, ത്രീ ചന്തു, ഫോര്‍ ചന്തു....."

1 comment:

മാരീചന്‍ said...

നന്നായി, പണിക്കര്‍ മാഷെക്കുറിച്ചുളള ഓര്‍മ്മ. അസൂയയുണ്ട് താങ്കളോട്, അദ്ദേഹത്തിന് ചോറു കൊടുക്കാനുളള ഭാഗ്യം കിട്ടിയതില്‍.

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്...

നഗരഘോഷകൻ