കുമാരേട്ടന്റെ ഹമീദ് മാഷ്
വിവാദങ്ങളില്ലാതെ, ബഹളങ്ങളില്ലാതെ, ജീവിതോദ്ദേശ്യത്തിന്റെ സാര്‍ത്ഥകത തിരിച്ചറിഞ്ഞു്, സ്വയം ബോദ്ധ്യപ്പെടുത്തി അരങ്ങൊഴിഞ്ഞ ആളായിരുന്നു, കുമാരേട്ടന്റെ ഹമീദ് മാഷ്. ശബ്ദമുഖരിതമായ ഇപ്പോഴത്തെ ജീവിതശൈലികളില്‍ നാം പലപ്പോഴും കണ്ടെത്താതെ മാറിപ്പോകുന്ന പ്രതിഭാസങ്ങള്‍. മൂന്നു നാലു തവണ അദ്ദേഹത്തെ കണ്ടു സംസാരിക്കാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. പുന്നത്തൂര്‍കോട്ടയുടെ ഒന്നാം നിലയില്‍ ചന്തുമേനോന്റെ കഥാപാത്രങ്ങള്‍ക്കു പിന്നില്‍. വൈക്കത്ത് ബഷീറിന്റെ 'പ്രേമലേഖനത്തി'നു പിന്നില്‍. നിളാതീരത്ത് 'സുന്ദരികളും സുന്ദരന്മാരു'ടെയും പിന്നില്‍. കലാഭവന്‍ തീയേറ്ററില്‍ 'തോറ്റ'ത്തിന്റെ ആദ്യപ്രദര്‍ശനത്തില്‍...... തുളുമ്പാത്ത നിറകുടം. അത് അദ്ദേഹത്തിനു ആരെയും ബോദ്ധ്യപ്പെടുത്തേണ്ടിയിരുന്നുമില്ല. അന്യം നിന്നു പോകുന്ന ഈ സന്മനസ്സുകള്‍ നമ്മുടെ സൗഹൃദവലയങ്ങളില്‍ നിന്നു ചോര്‍ന്നു പോകുകയാണിന്നു്. കാരണം, വാക്കുകളേയും പ്രവൃത്തികളേയും അമൂല്യങ്ങളാക്കുന്ന ഈ വ്യക്തിത്വങ്ങള്‍ അസാധാരണങ്ങളും അത്യപൂര്‍വ്വങ്ങളുമാകുന്നു. ശ്രീ കെ പി കുമാരന്റെ സൗഹൃദനഷ്ടത്തിന്റെ വേദനകള്‍ ഞങ്ങളും പങ്കിടുകയാണ്.