ചെകുത്താനും കടലിനുമിടയ്ക്ക് ട്രൂഡോ സര്‍ക്കാര്‍

- സുരേഷ് നെല്ലിക്കോട്

കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും ഭരണകക്ഷിയായ ലിബറലുകള്‍ക്കും ഇത് ശനിദശക്കാലമാണ്‌. ഒന്നു പ്രശ്നം വച്ചു നോക്കിയാല്‍, അത് ആരംഭിച്ചത് 2021 സെപ്റ്റംബര്‍ അവസാനം ആയിരുന്നു എന്നു മനസ്സിലാകും. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിനു 170 സീറ്റുകള്‍ മതിയെന്നിരിക്കെ, 177 ലും വിജയം കണ്ട ലിബറലുകള്‍ക്ക് കോവിഡാനന്തരകാലത്ത് (അങ്ങനെ പറയാമോ എന്നറിയില്ല. ഇപ്പോഴും 'അന്യഗ്രഹജീവികള്‍ വേഷപ്രച്ഛന്നരായി ഭൂമിയില്‍ ജീവിക്കുന്നുണ്ടെ'ന്നു പറയുന്നതുപോലെ പലപേരുകളിലായി പലരിലും വിട്ടുപോകാനിഷ്ടമില്ലാത്ത ബാധയായി തുടരുന്നുണ്ടെന്ന് സര്‍ക്കാറിന്‍റെ പത്രക്കുറിപ്പുകള്‍ പറയുന്നുണ്ട്) പെട്ടെന്ന് ഒരു തിരഞ്ഞെടുപ്പുഭൂതോദയം ലഭിക്കുകയാണ്‌: കോവിഡ് കാലത്ത് വിതച്ച സാമൂഹികസുരക്ഷാപദ്ധതികള്‍ ഇതാ കാലത്തിനുമുമ്പേ വിളഞ്ഞുനില്‍ക്കുന്നു; ഇപ്പോള്‍ കൊയ്ത്തുനടത്തിയാല്‍ നമുക്ക് സല്പേരിന്‍റെ അറകള്‍ പെട്ടെന്നു നിറച്ചെടുക്കാം. എന്തിനു നാം 2023 വരെ വീണ്ടും രണ്ടുവര്‍ഷം കാത്തിരുന്ന് ജനങ്ങളുടെ മറവിയില്‍ നിന്ന് അതൊക്കെ തോണ്ടിയെടുത്തു വിയര്‍ത്തുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടണം? അങ്ങനെ, അമിതാഹ്‌ളാദത്തോടെയും ആര്‍പ്പുവിളികളോടെയും ശക്തമായ ഭൂരിപക്ഷത്തോടെയുള്ള തുടര്‍ഭരണം സ്വപ്നം കണ്ടുറങ്ങിയ ട്രൂഡോയും കൂട്ടരും 2021 ലെ ഇടക്കാലതിരഞ്ഞെടുപ്പുപിറ്റേന്ന് താമസിച്ചുണര്‍ന്നെണീക്കുന്നത് കിടക്കയുടെ മറ്റേ വശത്തുകൂടിയായിരുന്നു. കണ്ണുതിരുമ്മി ആദ്യം കാണുന്ന കാഴ്ച അവരെ ഞെട്ടിച്ചുകളഞ്ഞു. ആകെയുള്ള 338 സീറ്റുകളില്‍ ഇത്തവണ കേവലഭൂരിപക്ഷത്തിന്‌ 13 സീറ്റുകള്‍ കുറവ്! വാരിയും കോരിയും കൊടുത്ത ആശ്വാസപദ്ധതികളനുഭവിച്ച ജനങ്ങളൊക്കെ മാറിക്കുത്തിയോ? ആരവിടെ? ആരാണിവിടെ ഇടക്കാലതിരഞ്ഞെടുപ്പിന്‍റെ കുഴലൂത്ത് നടത്തിയത്? ആരും തലയുയര്‍ത്തിയില്ല. തോറ്റവര്‍ ചിലരെയൊക്കെ ചൂണ്ടിക്കാണിച്ചെങ്കിലും അച്ചടക്കത്തിന്‍റെ വാള്‍ കണ്ടു ഭയപ്പെട്ടു വായ പൂട്ടി. എന്നാലും ചിലരൊക്കെ പിറുപിറുത്തു: രണ്ടുവര്‍ഷം കൂടി സുഖമായി ഓടേണ്ട വണ്ടിയായിരുന്നു! ഇടതുവശത്തു നില്‍ക്കുന്ന മിതവാദികളെന്ന ലിബറലുകള്‍ക്ക് 'ഞങ്ങള്‍ നിങ്ങളേക്കാള്‍ കുറച്ചുകൂടി ഇടതുവശത്താണ്‌ നില്‍ക്കുന്നതെ'ന്ന് അവകാശപ്പെടുന്ന നവജനാധിപത്യകക്ഷി (NDP - New Democratic Party) യുടെ നേതാവായ ഗുര്‍മീത് സിം‌ഗിന്‍റെ വീട്ടിലേയ്ക്ക് ആളെ വിട്ടു. അവരാണെങ്കില്‍, ലിബറലുകള്‍ ഏതു നിമിഷവും വന്നേക്കാം, നമ്മളായിട്ട് അങ്ങോട്ടു പോയി വിലകുറയ്‌ക്കേണ്ട എന്നുകരുതി ഗെയ്റ്റ് നേരത്തേതന്നെ തുറന്നിട്ടിരുന്നു. ഇടക്കാലതിരഞ്ഞെടുപ്പില്‍ അവര്‍ മുമ്പുണ്ടായിരുന്ന നിലയില്‍ നിന്നു ഒരു സീറ്റ് കൂടുതല്‍ നേടി 'നില മെച്ചപ്പെടുത്തി'യിരുന്നു. 24 ല്‍ നിന്ന് 25 സീറ്റുകള്‍ നേടിയെടുത്തു. സ്വന്തം പാര്‍ട്ടിയിലെ ചില ബുദ്ധികേന്ദ്രങ്ങള്‍ നേതാവായ ട്രൂഡോയുടെ ചെവിയില്‍ പറഞ്ഞു: നമ്മുടെ കൂടെ സര്‍ദാര്‍മാര്‍ ഉണ്ടെന്നുള്ളതൊക്കെ ശരിയാണ്‌. പക്ഷേ, അവരാരും ലീഡറുടെ കസേരയില്‍ ഇരുന്നിട്ടില്ല. പോകുന്നത് സര്‍ദാര്‍മാരുടെ മടയിലേയ്ക്കാണ്‌. ഭയപ്പെടേണ്ടെങ്കിലും ജാഗ്രത വേണം. പുര കത്തിക്കൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്നു വാഴക്കുല വെട്ടിക്കൊണ്ടുപോകുന്ന ടീമാണ്‌! എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തതുപോലെ ഗുര്‍മീത് സിംഗ് അവരെ സ്വാഗതം ചെയ്തു: കണ്ടിട്ട് ഒത്തിരിക്കാലമായല്ലോ, എന്തേ വിശേഷിച്ച് ഇപ്പോള്‍ ഈ വഴിക്ക്? ലിബറന്‍ പറഞ്ഞു : ഞങ്ങളെ കൈവിടരുത്. നമുക്ക് കൂട്ടായി ഇനിയുള്ള കാലം ഭരിച്ചുകൂടേ? നിമിഷനേരത്തേയ്ക്ക് നിശ്ശബ്ദമായ അന്തരീക്ഷം. ഗുര്‍മീത് കണ്‍കോണുകള്‍ ഇടതുവശത്തെ ആകാശത്തേയ്ക്കാക്കി തലേക്കെട്ട് ചൊറിഞ്ഞ് അപ്പോള്‍ക്കിട്ടിയ ആശയമാക്കി പറഞ്ഞു: പിന്തുണയൊക്കെ കത്തില്‍ എഴുതിത്തരാം. നിങ്ങള്‍ സ്റ്റേജില്‍ കയറ്. ഞങ്ങള്‍ കര്‍ട്ടനു പിന്നില്‍ നില്‍ക്കാം. അങ്ങനെയാണ്‌ ഭരണമില്ലായ്മ എന്ന അവസ്ഥയില്‍ നിന്ന്, ഗുര്‍മീത് സിംഗ് നയിക്കുന്ന നവജനാധിപത്യകക്ഷി പുറത്തുനിന്നു പിന്തുണകൊടുത്തുകൊണ്ട് ജസ്റ്റിന്‍ ട്രൂഡോയെ മൂന്നാമതും അധികാരത്തിലേറ്റിയത്. കാനഡയിലെ എല്ലാ രാഷ്ട്രീയകക്ഷികളിലും പഞ്ചാബികള്‍ ഉണ്ടെങ്കിലും ചെറുപ്പക്കാരനായ, അകാലിജീവിതരീതികള്‍ പിന്തുടരുന്ന, ഗുര്‍മീതിനോട് സിക്ക്‌വംശജര്‍ക്കെല്ലാം ഒരു പ്രത്യേക വാത്സല്യമുണ്ട്. പകല്‍ യാഥാസ്ഥിതികരും (Conservatives), മിതവാദികളും (Liberals) ആയി നടക്കുന്ന സിക്ക് വംശജര്‍ ഇരുട്ടിയാല്‍ കൂട്ടത്തോടെ നവജനാധിപത്യകക്ഷിക്കാരാകും എന്നൊരു തമാശപോലും കാനഡയിലുണ്ട്. ഭരണത്തിരശ്ശീലയുടെ പിന്നില്‍ നിന്നുണ്ടാകുന്ന അപശബ്ദങ്ങള്‍ മറയ്‌ക്കേണ്ടതിനൊപ്പം സ്വന്തം കഥാപാത്രങ്ങളുടെ പാളുന്ന പ്രകടനങ്ങള്‍ മറയ്ക്കാനുള്ള വിഫലശ്രമങ്ങളാണിപ്പോള്‍ ട്രൂഡോയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. കോവിഡിന്‍റെ മറവില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് അമിതമായ ആനുകൂല്യം നേടിയവര്‍ അത് തിരിച്ചടയ്‌ക്കേണ്ടിവന്നപ്പോള്‍ പുതിയ സര്‍ക്കാറിന്‍റെ ശത്രുക്കളായി. കാനഡയുടെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന പോലെയുള്ള ചില രാജ്യങ്ങളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷമായ യാഥാസ്ഥിതിക (Conservatives) രുടെ നേതാവായ പിയേര്‍ പോലിയാവെ (Pierre Poilievre) ആരോപിക്കുന്നു. കാനഡയില്‍ ക്രമസമാധാനനില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വര്‍ദ്ധിച്ചുവരുന്ന ഭവനഭേദനങ്ങളും കാര്‍മോഷണങ്ങള്‍ക്കുമെതിരേ സ്വീകരിക്കുന്ന നടപടികളില്‍ ജനങ്ങള്‍ അസന്തുഷ്ടരാണ്‌. വളരെ വര്‍ഷങ്ങളായി ലിബറല്‍ കോട്ടയായി കരുതിയിരുന്ന ടൊറോന്‍റോ - സെയിന്‍റ് പോള്‍‌സില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24 നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതികരുടെ പ്രതിനിധിയായ ഡോണ്‍ സ്റ്റ്യൂവെര്‍ട്ട് ആണു വിജയിച്ചത്. ഭരണകക്ഷിയില്‍പ്പെട്ട ചിലര്‍ക്ക് ഭൂമാഫിയകളുമായുള്ള ബന്ധങ്ങള്‍ ചിലര്‍ വിളിച്ചുപറയാന്‍ തുടങ്ങി. 80000 ഡോളര്‍ മാത്രം വിലയുള്ള ട്രാവെല്‍ ആപ് ആയ അറൈവ് കാന്‍ (ArriveCan App) കാനഡയിലേയ്ക്ക് വരുന്ന യാത്രക്കാര്‍ ഉപയോഗിക്കേണ്ടിവന്നതിലൂടെ സര്‍ക്കാര്‍ ചിലവഴിച്ചത് 59.5 ദശലക്ഷം ഡോളറാണ്‌. "കോവിഡ് കാലമെന്ന അടിയന്തരാവസ്ഥയില്‍ ഇത്രയേറെ അലക്ഷ്യമായി നടത്തിയ ധൂര്‍ത്തിനു ഒരു ന്യായീകരണവുമില്ല'', ഓഡിറ്റര്‍ ജനറല്‍ കാരെന്‍ ഹോഗന്‍ (Karen Hogan) അഭിപ്രായപ്പെട്ടു. വിദേശവിദ്യാര്‍ത്ഥികളുടെ ഒഴുക്ക്, അനൗദ്യോഗിക കുടിയേറ്റം തുടങ്ങിയവ ഉണ്ടാക്കിയെടുക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാറിനെ മുള്‍മുനയിലാക്കി. അങ്ങനെ, ചെറുതും വലുതുമായ പല തെളിവുകളും പുറത്തുവന്നു. ഇതിനെല്ലാം പുറമേയാണ്‌ ഇന്ത്യ-കാനഡ നയതന്ത്രബന്ധങ്ങളില്‍ ഒരു വര്‍ഷം മുമ്പുണ്ടായ ചില അസ്വാരസ്യങ്ങള്‍. ഖാലിസ്ഥാന്‍ വിഷയത്തില്‍ കാനഡയുടെ ചില അയഞ്ഞ നിലപാടുകള്‍ ഇന്ത്യയെ വളരെ മുമ്പു തന്നെ ചൊടിപ്പിച്ചിരുന്നെങ്കിലും അത് ഏറെ വഷളായത് ഒരു വര്‍ഷം മുമ്പ് നടന്ന ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധത്തോടെയാണ്‌. കാനഡയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സറി (Surrey) യിലുള്ള ഒരു ഗുരുദ്വാരയ്ക്കു പുറത്തുവച്ചാണ്‌ നിജ്ജാര്‍ വധിക്കപ്പെടുന്നത്. സിക്ക് വിഘടന വാദികള്‍ക്ക് പ്രിയങ്കരനും വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഇന്ത്യയ്ക്ക് അനഭിമതനുമായിരുന്നു അയാള്‍. കാനഡയിലുള്ള ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രേരണയാലെന്നവണ്ണം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, തൊട്ടടുത്ത ദിവസം തന്നെ ആ കൊലയുടെ ഉത്തരവാദിത്വം ഇന്ത്യയ്ക്കുമേല്‍ ചാര്‍ത്തുന്നു. ട്രൂഡോയുടെ ആ പ്രസ്താവന തിരക്കിട്ടതായിപ്പോയെന്നും അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യ ചോദിച്ച തെളിവുകള്‍ ഹാജരാക്കന്‍ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉഭയകഷിബന്ധപരിപാലനത്തിലുള്ള നിബന്ധനകളൊന്നും പാലിക്കാതെയാണ്‌ താന്‍ അഭിപ്രായം പറഞ്ഞതെന്നുള്ള കാര്യം ട്രൂഡോയ്ക്ക് പിന്നീട് മനസ്സിലായെങ്കിലും അദ്ദേഹം ഒട്ടും മുമ്പോട്ടു പോയില്ല. ഇക്കഴിഞ്ഞ ഏപ്രിലില്‍ സറിയില്‍ നടന്ന സിക്ക് വംശജരുടെ ബൈശാഖി ആഘോഷങ്ങളിലും ഉയര്‍ന്നു നിന്നത് ഖാലിസ്ഥാന്‍ പതാകകളാണ്‌. സര്‍ക്കാരിന്‍റേയും ലിബറല്‍ പാര്‍ട്ടിയുടേയും ഖാലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് നേരേയുള്ള ഈ മൃദുസമീപനത്തെ ഈയിടെ, കര്‍ണ്ണാടകയില്‍ കുടുംബവേരുകളുള്ള ലിബറല്‍ എം.പി ആയ ചന്ദ്രകാന്ത് ആര്യ ശക്തമായി അപലപിക്കുകയുണ്ടായി. മുന്‍ ട്രൂഡോ മന്ത്രിസഭയിലെ രാജ്യരക്ഷാവകുപ്പുമന്ത്രിയായിരുന്ന ഹര്‍ജിത് സിംഗ് സജ്ജനെതിരേ പുതിയ ഒരാരോപണം കൂടി പുറത്തുവന്നിരിക്കുന്നു. അദ്ദേഹം ഇപ്പോള്‍ അടിയന്താവശ്യവകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ്‌. രാജ്യരക്ഷാവകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്ത് അഫ്‌ഗാനിസ്ഥാനില്‍ കനേഡിയന്‍ സൈനികരെ നിയോഗിച്ചിരുന്നു. താലിബാന്‍ ഭരണമേറ്റെടുക്കുന്ന കാലത്ത് കനേഡിയന്‍ പൗരരേയും അവരുടെ സഹായികളെയും രക്ഷിച്ചു കാനഡയിലേയ്ക്ക് തിരിച്ചെത്തിക്കാനുള്ള കനേഡിയന്‍ സൈന്യത്തിന്‍റെ അവസാനദൗത്യത്തില്‍, അനര്‍ഹരായിരുന്ന 225 അഫ്‌ഗാന്‍കാരായ സിക്ക് വശജരെ ഉള്‍പ്പെടുത്തി എന്നുള്ളതാണ്‌ ആ ആരോപണം. അവര്‍ക്ക് കാനഡയിലേയ്ക്ക് വരാന്‍ അര്‍ഹതയില്ലായിരുന്നെന്നും, അതുമൂലം അര്‍ഹരായ പല കനേഡിയന്‍ പൗരര്‍ക്കും തിരിച്ച് കാനഡയിലേയ്ക്ക് എത്താന്‍ കഴിഞ്ഞില്ല എന്നും പ്രതിപക്ഷം വിളിച്ചുപറയുന്നു. പ്രശ്നം ചൂടുപിടിച്ചപ്പോള്‍, താന്‍ സിക്ക് വംശജരെ ഒഴിപ്പിക്കലില്‍ പരിഗണിക്കണമെന്നു മാത്രമെ പറഞ്ഞിട്ടുള്ളുവെന്നും ഇത്തരവിട്ടിട്ടില്ലെന്നും ഹര്‍ജിത് സജ്ജന്‍ പ്രസ്താവിച്ചു. അതേ സമയം, തങ്ങള്‍ അധികാരികളുടെ ആജ്ഞകള്‍ മാത്രമേ അനുസരിച്ചിട്ടുള്ളു എന്ന് സൈനികമേധാവി പറയുന്നതിലൂടെ ആ വൈരുദ്ധ്യം ആര്‍ക്കും മനസ്സിലാകും. സിക്ക്‌ വശജര്‍ കാനഡയിലെ ഒരു വോട്ട്ബാങ്കാണ്‌. അവരൊഴിച്ചുള്ള ഇന്ത്യന്‍ വംശജര്‍ ഖാലിസ്ഥാന്‍ വിഘടനവാദത്തെ എതിര്‍ക്കുന്നു. ആരെ തള്ളണമെന്നും ആരെ കൊള്ളണമെന്നുമുള്ള ഒരു തീരുമാനമെടുക്കാന്‍ കഴിയാതെയാണിപ്പോള്‍ ട്രൂഡോ സര്‍ക്കാര്‍. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാതെ, ഒരു വശത്തു ചെകുത്താനും മറുവശത്ത് ആര്‍ത്തിരമ്പുന്ന കടലും നില്‍ക്കുന്ന അവസ്ഥ! ദൈനംദിനമെന്നോണം കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട ട്രൂഡോ സര്‍ക്കാര്‍ 2025 ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളികളാണ്‌ നേരിടാന്‍ പോകുന്നതെന്ന് നിസ്സംശയം പറയാം.

Mathrubhumi Daily Dt Jul 09, 2024

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!