തെറ്റിക്കുന്ന സന്ദേശങ്ങള്‍
വാമനന്‍റെ രൂപം ഒന്നു മാറ്റിയെടുക്കണമെന്ന് എനിക്കും ഈയിടെയായി തോന്നിത്തുടങ്ങിയിട്ടുണ്ട്. സുന്ദരമായ ഒരു രൂപത്തിനുടമയായ മഹാവിഷ്ണുവിനു ഒട്ടും യോജിക്കാത്ത ഒരു അവതാരമുണ്ടെങ്കില്‍ അതീ വാമനരൂപമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. നരസിംഹം പോലും നമുക്ക് പ്രിയങ്കരനാകുന്നത് നാം വെറും സിംഹത്തെപ്പോലും ഭയപ്പെടുന്നതുകൊണ്ടാണ്. മാത്രമല്ല, ഈ അവതാരം അല്പമെങ്കിലും സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കേണ്ടിവന്നത് അദ്ദേഹത്തിനുതന്നെ മങ്ങലുണ്ടാക്കുന്നരീതിയിലുള്ള പ്രവൃത്തികൊണ്ടാണ്. പ്രശ്നങ്ങളൊന്നുമില്ലാതെ സോഷ്യലിസം നടപ്പാക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു ചക്രവര്‍ത്തിയെ മണ്ണിനടിയിലേയ്ക്ക് ചവിട്ടിത്താഴ്‌ത്തിയതിന്‍റെ കാരണം കേട്ടാല്‍ നാം ചിരിച്ചുപോകും. ആ ചക്രവര്‍ത്തി അഹങ്കാരിയായിരുന്നത്രെ. ആരെങ്കിലും ഇതു കേട്ടാല്‍ വിശ്വസിക്കുമോ എന്നറിയില്ല. നമ്മുടെ പുരാണങ്ങളിലെ അഹങ്കാരികളായ രാജാക്കന്മാരൊക്കെ എങ്ങനെയാണ് പ്രജകളെ ഭരിച്ചിരുന്നത് എന്നൊക്കെ എല്ലാവര്‍ക്കും അറിയാം. അതുപോലെയുള്ള ഒരു പ്രവൃത്തിയും മഹാബലിയുടെ കോണ്‍ഡക്ട് സെര്‍ട്ടിഫിക്കറ്റില്‍ കണ്ടതായും ആരും പറഞ്ഞുകേട്ടിട്ടില്ല. അപ്പോള്‍, സ്വന്തം തലച്ചോറുപയോഗിച്ച് ചിന്തിക്കുന്ന ചിലര്‍...