വിവേകം വെടിഞ്ഞ നാടിന്‍റെ നേര്‍ച്ചിത്രങ്ങള്‍

ആനന്ദ് പട്‌വര്‍ദ്ധന്‍റെ പുതിയ ചിത്രമായ വിവേകി (Reason) നെക്കുറിച്ച്......

It's dangerous to be right when the government is wrong! - Voltaire

അനന്ദ് പട്‌വര്‍ദ്ധന്‍ പറയുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാഴ്ചക്കാരുണ്ടാവുമോ എന്ന ശങ്കയെ പാടേ തുടച്ചുനീക്കിക്കൊണ്ടാണ്‌ 'വിവേക്' (Vivek - Reason) എന്ന വാര്‍ത്താചിത്രത്തെ ടൊറോന്‍റോ അന്താരാഷ്ട്രചലച്ചിത്രോത്സവ (TIFF 2018) ത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്നറിയപ്പെടുന്ന ഭാരതത്തില്‍, അനുകരണീയമായ ആ ഭരണക്രമത്തിനുമേല്‍ അത്രയ്ക്കു വെല്ലുവിളികളുണ്ടെന്നുള്ളത് ചിലര്‍ക്കെങ്കിലും പുതിയൊരറിവായിരുന്നു. ഭൂഖണ്ഡം വിട്ടുള്ള വാര്‍ത്തകള്‍ക്ക് അവിടെ വലിയ വിപണികളില്ല. പക്ഷെ പ്രേക്ഷകരില്‍ നല്ലൊരുവിഭാഗം ഇത് കൃത്യമായി പിന്‍‌തുടരുന്നവരുമായിരുന്നു.
നാലുമണിക്കൂറ് ഇരുപതുമിനിട്ട് നീളുന്ന ഈ ചലച്ചിത്രം എട്ട് അദ്ധ്യായങ്ങളിലൂടെയാണ്‌, ഭാരതം നേരിടുന്ന വെല്ലുവിളികളെ പ്രേക്ഷകരിലേയ്ക്ക് വിന്യസിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ ബി.ജെ.പി. സര്‍ക്കാര്‍ കണ്ണടച്ചുവളര്‍ത്തുന്ന 'ഹിന്ദുത്വ ദേശീയത'യുടെ ഭീകരകാഴ്ചകളാണ്‌ നാം രോഷത്തോടെയും ദു:ഖത്തോടെയും ഭീതിയോടെയും കണ്ടിരിക്കുന്നത്. വിശ്വഹിന്ദുപരിഷത്തിലുള്‍പ്പെടുന്ന ആര്‍ എസ് എസ്, സനാതന്‍ സംസ്ത, അഭിനവ് ഭാരത്, ഹനുമാന്‍ സേന, ഗോ സം‌രക്ഷണ്‍ സമിതി തുടങ്ങിയ സംഘടനകള്‍ നടത്തുന്ന ദളിത്-മുസ്ലീം പീഡനങ്ങളുടെ കഥകള്‍ക്കൊപ്പം ഉത്തരേന്ത്യയിലാകമാനം കാണപ്പെടുന്ന നിരക്ഷരതയുടെ മുതലെടുപ്പുത്സവങ്ങള്‍ കൂടിയാണ്‌ ചിത്രത്തിലുള്ളത്. ദൈവഹിതമെന്ന പേരില്‍ ജാതിവിവേചനവും അന്ധവിശ്വാസങ്ങളും അവരുടെ രക്തത്തിലേയ്ക്ക് കുത്തിവയ്ക്കപ്പെടുന്ന യഥാര്‍ത്ഥ കഥകള്‍. 

അന്ധവിശ്വാസങ്ങളെ നിലനിറുത്താനും വിശ്വസിപ്പിക്കാനും ക്ഷേത്രാചാരങ്ങളെന്നപേരില്‍ നടത്തുന്ന ശൂലം കുത്തല്‍, ആണിക്കട്ടിലില്‍ കിടത്തല്‍ പോലെയുള്ള തട്ടിപ്പുകളുടെ രഹസ്യച്ചുരുളുകള്‍ അഴിച്ചെടുത്തുകൊണ്ടാണ്‌ ചിത്രം നരേന്ദ്ര ധാബോല്‍ക്കറിലൂടെ ആരംഭിക്കുന്നത്. സായിബാബയുടെ ഭസ്മമെടുക്കലിന്‍റെയും വിഗ്രഹം തുപ്പലിന്‍റെയുമെല്ലാം പിന്നില്‍ എന്തൊക്കെയാണെന്നുള്ളതറിയുന്നത് വിശ്വാസസമൂഹത്തിനു അത്ര പഥ്യമായിരിക്കില്ലല്ലോ. യുക്തിചിന്തകനും ഭിഷഗ്വരനുമായ അദ്ദേഹം അന്ധവിശ്വാസങ്ങള്‍ക്കെതിരേ പടപൊരുതാന്‍ സ്ഥപിച്ച സംഘടനയാണ്‌ 'മഹാരാഷ്ട്ര അന്ധശ്രദ്ധാ നിര്‍മ്മൂലന്‍ സമിതി' (MANS). അദ്ദേഹത്തിന്‍റെ കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന സംഭവങ്ങളെക്കുറിച്ചാണ്‌ ഈ ചലച്ചിത്രം തുടക്കത്തില്‍ പറയുന്നത്. വിശ്വാസത്തെ തള്ളിപ്പറഞ്ഞുള്ള പ്രബോധനങ്ങള്‍ വിശ്വാസികളില്‍ ആദ്യം തന്നെ വെറുപ്പുണ്ടാക്കിയേക്കാം എന്നുള്ള അറിവുള്ളതിനാലാവും, സാധാരണക്കാരില്‍ അടിച്ചേല്പ്പിക്കപ്പെട്ടിരിക്കുന്ന ബ്രാഹ്മിണിക്കല്‍ ആചാരങ്ങളുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു രീതിയായിരുന്നു, അദ്ദേഹത്തിന്‍റേത്. ജാതിവ്യതിരിക്തത നിലനിറുത്തേണ്ടത് ബ്രാഹ്മിണിസത്തിന്‍റെ അന്നത്തെ മേല്‍ക്കോയ്മയ്ക്ക് അത്യാവശ്യമായിരുന്നു. ധാബോല്‍ക്കര്‍ കുടുംബം ഏതുസമയത്തും സാധാരണക്കാരന്‍റെ വിളിപ്പുറത്തുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ തണലില്‍ നിന്നുകൊണ്ട് അവര്‍ അനീതികളെ ചോദ്യം ചെയ്യാന്‍ തുടങ്ങി.''എന്‍റെ രാജ്യത്ത്, എന്‍റെ സ്വന്തം ആള്‍ക്കാരില്‍ നിന്ന് എനിക്ക് പൊലീസ് സം‌രക്ഷണം ആവശ്യമായി വരുന്നെങ്കില്‍ എന്തോ സാരമായ തകരാറുണ്ടിവിടെ. ഭരണഘടനയുടെ രൂപകല്പനകള്‍ക്കുള്ളില്‍ നിന്ന് ഞാന്‍ പ്രവര്‍ത്തിക്കുന്നത് എനിക്കു വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ്‌!'' എന്നു പറഞ്ഞുകൊണ്ട് ഔദ്യോഗിക-സുരക്ഷാ നടപടികള്‍ തിരസ്ക്കരിച്ചു സ്വതന്ത്രമായി പ്രവര്‍ത്തിച്ചയാളാണ്‌ ഡോ. നരേന്ദ്ര ധാബോല്‍ക്കര്‍. അദ്ദേഹത്തിന്‍റെ ബോധവല്‍ക്കരണനീക്കങ്ങള്‍ വരേണ്യവര്‍ഗ്ഗത്തിനു തലവേദനയായിത്തുടങ്ങി. അങ്ങനെയാണ്‌ 2013 ആഗസ്റ്റ് 20 നു അദ്ദേഹം വധിക്കപ്പെടുന്നത്. ആ കൊലപാതകം നടന്ന് 18 മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു ഇരുപതാം തീയതിയാണ്‌ അഭിഭാഷകനും എഴുത്തുകാരനും കമ്യൂണിസ്റ്റ് നേതാവുമായ ഗോവിന്ദ്‌ പാന്‍സരെ മഹാരാഷ്ട്രയില്‍ത്തന്നെ വധിക്കപ്പെടുന്നത്. 2015 ഫെബ്രുവരി 16 നു ഭാര്യ ഉമാ പാന്‍സരെയ്‌ക്കൊപ്പം  നടക്കാനിറങ്ങിയ അദ്ദേഹത്തിനു നേരേ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു.രണ്ടുപേരും ആശുപത്രിയിലായെങ്കിലും നാലാം ദിവസം അദ്ദേഹം മരണത്തിനു കീഴടങ്ങി. 'സനാതനസംസ്ഥ'യുടെ മുഴുവന്‍സമയ പ്രവര്‍ത്തകരായ സമീര്‍ ഗെയ്ക്ക്‌വാദും രുദ്ര പാട്ടീലുമാണ്‌ പ്രധാനപ്രതിസ്ഥാനത്തുള്ളവര്‍.  ന്യൂനപക്ഷങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കുമേലുള്ള സവര്‍ണ്ണമേധാവിത്തഖഡ്‌ഗങ്ങളെ ചോദ്യം ചെയ്തതാണ്‌ അവര്‍ രണ്ടുപേരും ചെയ്ത കുറ്റം. ഇവര്‍ രണ്ടുപേരും ദളിത്-അധ:കൃതജീവിതങ്ങള്‍ക്ക് എന്നും തുണയായിരുന്നു. ഇപ്പോള്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് ഇവര്‍ രണ്ടുപേരും തലവേദനകളായിരുന്നു. ഒരു മതേതര-ജനാധിപത്യ-റിപ്പബ്ലിക്കിനെ ഹിന്ദുരാജ്യമാക്കി മാറ്റാനുള്ള രഹസ്യപദ്ധതിയുടെ നീക്കങ്ങള്‍ക്കെതിരേ ഇവരുണ്ടാക്കുന്ന ജനരോഷം അത്രമേല്‍ പ്രകടമായിരുന്നു. പിന്നീട്, ഈ മരണനിരയിലേയ്ക്ക് കടന്നുവരുന്നത് മല്ലേശപ്പ മടിവാളപ്പ കല്‍ബുര്‍ഗി എന്ന എം. എം. കല്‍ബുര്‍ഗിയാണ്‌. ഹം‌പിയിലെ കന്നഡ സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും പ്രശസ്തനായ എഴുത്തുകാരനുമായിരുന്നു, അദ്ദേഹം. പാന്‍സരെ കൊല്ലപ്പെട്ട് കൃത്യം ആറുമാസം കഴിയുമ്പോഴാണ്‌ കല്‍ബുര്‍ഗി വധിക്കപ്പെടുന്നത്. ഉന്മൂലനനിരയില്‍ വീണ്ടുമെത്തുന്നത് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേശാണ്‌. കല്‍ബുര്‍ഗി വധത്തിനുശേഷം രണ്ടുവര്‍ഷം. വലതുപക്ഷ ഹിന്ദുതീവ്രവാദത്തിന്‍റെ ഇരയായിരുന്നു ഗൗരി. ഭാവിജനതയ്ക്കുള്ള മുന്നറിയിപ്പുകള്‍ കൂടിയാണ്‌ ഈ നാലു കൊലപാതകങ്ങളും. നാം വായിച്ച വാര്‍ത്തകളുടെ ദൃശ്യപരിണതികളായിരുന്നു ആനന്ദ്  പട്‌വര്‍ദ്ധന്‍ നമുക്കിടയിലൊരാളായി നിന്ന്  കാണിച്ചുതരുന്നത്. ജാതിവ്യതിരിക്തതകളില്ലാത്ത, സാമൂഹ്യനീതിയും സമത്വവും ഉറപ്പുതരുന്ന ഒരുറച്ച ഭരണകൂടത്തിന്‍റെ അഭാവം ഗണ്യമായരീതിയില്‍ നമുക്കിന്നനുഭവപ്പെടുന്നുണ്ട്. 2010 ല്‍ മഹാരാഷ്ട്രയിലെ ഭൂമിതട്ടിപ്പുകളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്താക്കിയ സതീഷ് ഷെട്ടിയെന്ന സാമൂഹ്യപ്രവര്‍ത്തകന്‍റെ കൊലപാതകവും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്‌.

ഈ പിന്തിരിപ്പന്‍ കൂട്ടങ്ങളുടെ മഹാരാഷ്ട്രവിഭാഗം കൈകാര്യം ചെയ്യുന്നത് 'സനാതനധര്‍മ്മ പരിപാലന'ലക്ഷ്യങ്ങളുമായി 'സനാതനസംസ്ഥ'യും 'ശിവസേന'യുമുള്‍പ്പെടുന്ന വിശാലഹിന്ദുസഭകളാണ്‌. നാട്ടുകാരുടെ മനസ്സില്‍ കുടികൊള്ളുന്ന ഛത്രപതി ശിവാജിയെ വെറും ഹിന്ദുത്വരക്ഷകനായ ഒരു പടയാളി മാത്രമായി ചുരുക്കിക്കെട്ടുകയാണ്‌ ഇവരുടെ ലക്ഷ്യം. ഈ 'സനാതനസംസ്ഥ'യുടെ കറുത്തകരങ്ങള്‍ ധാബോല്‍ക്കര്‍- പാന്‍സരെ-കല്‍ബുര്‍ഗി വധങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയം ജനിപ്പിക്കുന്ന ഒട്ടേറെ തെളിവുകള്‍ സാധാരണക്കാരുടെ പക്കലുണ്ട്.  ശിവാജിയുടെ യഥാര്‍ത്ഥചരിത്രം തമസ്ക്കരിച്ചുകൊണ്ട് മുസ്ലീം ഭരണത്തിനെതിരേ പോരാടിയ ഹിന്ദുധീരകഥാപാത്രമായാണ്‌ പുതിയ ലോകവിജ്ഞാനമായി അവര്‍ പകരാന്‍ ശ്രമിക്കുന്നത്. ഗോവിന്ദ് പാന്‍സരെയുടെ 'ശിവാജി കോന്‍ ഹോത്താ' (Who Was Shivaji?) എന്ന പുസ്തകം ശിവാജിയുടെ യഥാര്‍ത്ഥ ചരിത്രം പറയുന്നുണ്ട്. 3600 കോടി രൂപ ചെലവഴിച്ചാണ്‌  ലോകത്തിലെ ഏറ്റവും ഉയര (210മീറ്റര്‍) മുള്ള പ്രതിമയാക്കി ശിവാജിയെ മഹാരാഷ്ട്രസര്‍ക്കാര്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. 

''അനേകം വിശ്വാസങ്ങളും സംസ്ക്കാരങ്ങളും ആചാരങ്ങളും ഇഴചേര്‍ന്ന സമ്മിശ്ര ജീവിതരീതിയെ ഏകശിലാത്മകമതം എന്ന ഇടുക്കു തൊഴുത്തിലേയ്ക്ക് ചുരുക്കിക്കെട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണിവര്‍'' - പട്‌വര്‍ദ്ധന്‍ പറയുന്നു. വേദപാണ്ഡിത്യം എന്ന ഒറ്റക്കരുത്തിലൂടെ മാത്രം ശക്തരാകുന്ന ഈ ന്യൂനപക്ഷപുരോഹിതവര്‍ഗ്ഗം ശക്തിഹീനരും നിരക്ഷരരും വിശ്വാസികളുമായ ഭൂരിപക്ഷത്തെ മുന്‍‌നിറുത്തി കളിക്കുന്ന മരണക്കളിയാണിതെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യപരിഷ്ക്കര്‍ത്താക്കളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പലരും നമ്മുടെ ശത്രുക്കളാണെന്നും അവരെ ഉന്മൂലനം ചെയ്ത് ഹിന്ദുക്കളെ രക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്നുമാണ്‌ അവര്‍ പാവങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുന്നത്. ശത്രുക്കള്‍ക്കു നേരേ വെടിയുണ്ടകൊണ്ട് ആരതി കഴിക്കാനും പ്രാര്‍ത്ഥിക്കാനും പറയുന്ന ഇവര്‍ അടിസ്ഥാനപരമായി ഇസ്ലാമികതീവ്രവാദികളുടെ സ്വരം തന്നെയാണ്‌ പങ്കിടുന്നത്.

പട്‌വര്‍ദ്ധന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് സമകാലീന ഭാരതത്തിന്‍റെ കഥയാണ്‌. സമത്വാധിഷ്ഠിതവും വര്‍ഗ്ഗരഹിതവുമായ ഒരു സംസ്കാരത്തിന്‍റെ ഉടമകളെന്ന നിലയില്‍ ഭാരതത്തെ പുറംലോകത്തിനു കാഴ്ചവയ്ക്കുന്ന ഭരണകൂടത്തിനു പറ്റുന്ന അപചയങ്ങളാണ്‌ അദ്ദേഹം വരച്ചുകാട്ടുന്നത്. ദളിത് വിപ്ലവകാരിയായ ഭഗവത് ജാധവിനെ ശിവസേന കൊലചെയ്തതിനെക്കുറിച്ചും ഖേര്‍ ലാഞ്ചിയില്‍ ഒരു ദളിത് കുടുംബം മാനഭംഗത്തിനിരയായി തുടച്ചുനീക്കപ്പെട്ടതിനെക്കുറിച്ചും മുമ്പ് 'ജയ് ഭീം കോമ്രേഡ്' എന്ന ചിത്രത്തിലൂടെ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

ചോദ്യങ്ങളിഷ്ടമില്ലാത്ത ഒരു ഭരണകൂടത്തിനു സുതാര്യമായി ഭരിക്കാനാവില്ല. അവര്‍ക്ക് ഓരോ ചോദ്യവും ഒരു ബാദ്ധ്യതയാണ്‌. ഉത്തരം നല്‍കാന്‍ അവര്‍ക്ക് ആഗ്രഹവുമുണ്ടാകില്ല. അവര്‍ സ്ഥാപിതമായ താല്പര്യങ്ങള്‍ സം‌രക്ഷിക്കാന്‍ ഏതു ഹീനമായ ശ്രമവും നടത്തും. അതാണ്‌ നാമിപ്പൊള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന ദൈവികത്വവും കേവലയുക്തിയുമായുള്ള ഏറ്റുമുട്ടലുകളാണ്‌ പട്‌വര്‍ദ്ധന്‍ ചിത്രങ്ങള്‍. ബുദ്ധിക്കോ, യുക്തിക്കോ, ഗ്രാഹകശക്തിക്കോ യാതൊരു വിലയുമില്ലെന്ന് ആ ഭൂമിക നമുക്ക് കാട്ടിത്തരുന്നു.

ഹൈദരാബാദിലെ കേന്ദ്രസര്‍‌വ്വകലാശാലയിലെ ഗവേഷകവിദ്യാര്‍ത്ഥിയായ രോഹിത് വെമുലയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതും അതിനുശേഷമുണ്ടായ പ്രശ്നങ്ങളും ചിത്രം വിശകലനം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യുന്നവരേയും ശബ്ദമുയര്‍ത്തുന്നവരേയും രാക്ഷസീകരിക്കുന്ന ഭരണകൂടത്തിനെതിരേയാണ്‌ ആനന്ദ് പട്‌വര്‍ദ്ധന്‍റെ ദൃശ്യകലാപം. നിലനില്പിനായി ന്യൂനപക്ഷ-അധ:കൃതവര്‍ഗ്ഗങ്ങളെ ദൈവശിക്ഷയുടെ തെളിവുകളായും ദുര്‍ദ്ദേവതകളായും ചിത്രീകരിച്ച് സാമൂഹ്യജീവിതത്തില്‍ ഉണ്ടാക്കുന്ന ചേരിതിരിവുകളിലേയ്ക്കാണ്‌ ശാശ്വതമായ തെളിവുകള്‍ നിരത്തുന്നത്.

2008 ല്‍ മുംബൈയില്‍ ലഷ്ക്കര്‍-ഇ-ത്വൊയ്ബ നടത്തിയ ആക്രമണങ്ങളിലേയ്ക്കും ഹേമന്ത് കാര്‍ക്കറെ എന്ന പോലീസുദ്യോഗസ്ഥന്‍റെ മരണത്തിലേയ്ക്കും ചിത്രം സന്ദേഹങ്ങളുയര്‍ത്തുന്നുണ്ട്. 2006 ലെ മലേഗാവ് സ്ഫോടനങ്ങളില്‍ പ്രധാനപങ്കു വഹിച്ച തീവ്രഹിന്ദുഗ്രൂപ്പായ 'അഖണ്ഡ് ഭാരതി'ന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ചുമതല ഹേമന്ത് കാര്‍ക്കറെയ്ക്കായിരുന്നു. മുന്‍ വിദ്യാര്‍ത്ഥിപരിഷത് നേതാവായിരുന്ന സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂര്‍, സ്വാമി അമൃതാനന്ദ എന്നറിയപ്പെട്ടിരുന്ന ദയാനന്ദ് പാണ്ഡേ, മുന്‍ മേജര്‍ രമേഷ് ഉപാദ്ധ്യായ്, ലെഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് എന്നിവര്‍ പ്രതിസ്ഥാനങ്ങളിലേയ്ക്കെത്തുന്ന തെളിവുകള്‍ അധികാരികളുടെ നെറ്റികളില്‍ ചുളിവുകളുണ്ടാക്കിയിരുന്നു. ഹേമന്ത് കാര്‍ക്കറെ ഉള്‍പ്പടെ ആറുപേരാണ്‌  മുംബൈ  ആക്രമണത്തില്‍ മരിച്ചത്. മരണത്തിനു കാരണമായിരുന്ന വെടിയുണ്ടകള്‍ക്ക് തീവ്രവാദികളുടെ തോക്കില്‍ നിന്നു കണ്ടെടുത്തവയോട് സാമ്യമില്ലായിരുന്നു. രക്ഷപ്പെട്ട കോണ്‍സ്റ്റബിള്‍ അരുണ്‍ ജാധവിന്‍റെ മൊഴികളിലെ വൈരുദ്ധ്യങ്ങളുമാണ്‌ ഈ മരണങ്ങളിലുളവാക്കിയ സംശയങ്ങള്‍. കാര്‍ക്കറെയുടെ മരണവാര്‍ത്തയറിഞ്ഞ് ഭാര്യ കവിത തലച്ചോറിലെ രക്തസ്രാവം മൂലം അബോധാവസ്ഥയിലാകുകയും പിന്നീട് മരണത്തിനു കീഴടങ്ങിയതും നാം ഓര്‍ക്കുന്നുണ്ടാവുമല്ലോ.

ചിത്രത്തിന്‍റെ മറ്റൊരദ്ധ്യായം തീവ്രഹിന്ദുത്വവക്താവായിരുന്ന വി.ഡി.സവര്‍ക്കറിനെ വിശുദ്ധനാക്കി പുന:പ്രതിഷ്ഠ നടത്താനുള്ള ബോധപൂര്‍‌വ്വമുള്ള ഉദ്യമങ്ങളുടെ കഥകള്‍ പറയുന്നുണ്ട്. സ്വാതന്ത്ര്യസമരചരിത്രത്തിലെ സവര്‍ക്കര്‍ വൈരുദ്ധ്യങ്ങളെ വെള്ളപൂശി അവതരിപ്പിക്കാനാണ്‌ സംസ്ഥാനഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗാന്ധിവധത്തിലെ സവര്‍ക്കറുടെ പങ്ക് പൂര്‍‌ണ്ണമായും അവര്‍ തള്ളിക്കളയുന്നു. അതേസമയം, 1934 മുതല്‍ ഹിന്ദുതീവ്രസംഘങ്ങള്‍ ഗാന്ധിവധത്തിനായി ഏഴ് ഉദ്യമങ്ങള്‍ നടത്തിയതായി ചരിത്രം നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മുസ്ലീം ലീഗ്, ആര്‍ എസ് എസ്, ഹിന്ദു മഹാസഭ എന്നീ വര്‍ഗ്ഗീയസംഘടനകളെല്ലാം അന്നത്തെ ഭരണത്തെ പിന്തുണച്ചവരാണ്‌. ആര്‍ എസ് എസ് നേതാവായിരുന്ന കെ.ബി. ഹെഡ്‌‌ഗേവര്‍, ഹിറ്റ്‌ലറിനെപ്രശംസിച്ചതിന്‍റെ തെളിവുകള്‍ പോലും നമ്മുടെ ചരിത്രത്തിലുണ്ട്.  ആ പടങ്ങള്‍ പൊളിച്ചുകളഞ്ഞ് പുതിയരൂപത്തില്‍ സമൂഹത്തിലേയ്ക്കിറങ്ങേണ്ടത് ഇപ്പോള്‍ ഇക്കൂട്ടര്‍ക്കെല്ലാം ആവശ്യമായി വന്നിരിക്കുകയാണ്‌. പില്‍ക്കാലത്ത് ഹാജിആലി മസ്‌ജിദ് പ്രശ്നത്തില്‍ യാഥാസ്ഥിതികരോടു ചേര്‍ന്നു നിന്ന്, തീവ്രഹിന്ദുത്വഗ്രൂപ്പുകള്‍ തങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും സം‌വിധായകന്‍ പറയുന്നുണ്ട്. പട്‌വര്‍ദ്ധന്‍ തന്നെ ഇക്കാര്യം അര്‍.എസ്.എസ് സൈന്യങ്ങളോടും വിദ്യാര്‍ത്ഥി പരിഷത്ത്- വി എച്ച് പി അംഗങ്ങളോടും ചോദിച്ചറിയുന്നുണ്ട്. ഗോവയിലെ 'സനാതന്‍ സംസ്ഥ'യുടെ അവ്യക്തവും സംശയാസ്പദവുമായ പ്രവര്‍ത്തനങ്ങള്‍ തദ്ദേശീയരില്‍ ഉണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങളുടെ ദൃക്സാക്ഷിവിവരണമുണ്ട്. അവിടെ പണിയെടുക്കുന്നവര്‍ 'സനാതന്‍ സംസ്ഥ'യുടെ മതില്‍‌ക്കെട്ടിനുള്ളില്‍ നിന്നും നൂറുകണക്കിനു ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുത്തിരുന്നത് പലരിലും സംശയം ജനിപ്പിച്ചിരുന്നു. ഡോ. ജയന്ത് അതവാലെ എന്ന 'സനാതന്‍ സംസ്ഥ' ഗുരുവിന്‍റെ സുതാര്യമല്ലാത്ത പ്രവര്‍ത്തനരീതി പലരിലും സംശയം ജനിപ്പിക്കുന്നുണ്ട്. സം‌വിധായകന്‍ തന്നെ നേരിട്ടു ഇരകളോടും വേട്ടക്കാരോടും സംസാരിക്കുന്നുണ്ട്. ഹിന്ദുതീവ്രവാദി ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു തെളിയിക്കാന്‍ മുംബൈയില്‍ 'സനാതന്‍ സംസ്ഥ' വിളിച്ചുകൂട്ടിയ യോഗം പട്‌വര്‍ദ്ധനെ കായികമായി നേരിടുമെന്ന് വെല്ലുവിളിക്കുമ്പോള്‍ ആ പ്രസംഗകനു അറിയുമായിരുന്നില്ല ആ ആള്‍ക്കൂട്ടത്തിനിടയില്‍ പട്‌വര്‍ദ്ധനുണ്ടായിരുന്നെന്നുള്ള യാഥാര്‍ത്ഥ്യം. ആസറാം ബാപ്പുവിനെപ്പോലെയുള്ളവരുടെ 'അത്മീയനേട്ടങ്ങളെ'ക്കുറിച്ചും ചിത്രം പരാമര്‍ശിക്കുന്നുണ്ട്.

ഉത്തര്‍‌പ്രദേശിലെ ബിസാര ഗ്രാമത്തില്‍ നടന്ന ആള്‍ക്കൂട്ടക്കൊലപാതകം നമ്മെയൊക്കെ നടുക്കിയ സംഭവമാണ്‌. ഗോമാംസം സൂക്ഷിച്ചു എന്ന തെറ്റായവിവരം പറഞ്ഞുപരത്തി ഒരു ആള്‍ക്കൂട്ടം മൊഹമ്മദ് അഖ്‌ലാക്ക് എന്ന 52 കാരന്‍റെ വീട്ടിലേയ്ക്ക് ഇരച്ചുകയറി, ചോദ്യോത്തരങ്ങളില്ലാതെ, അയാളെ തല്ലിച്ചതച്ചുകൊല്ലുകയാണ്‌. അവിടെ ഗോമാംസമില്ലെന്ന വീട്ടുകാരുടെ അലറിവിളിക്കലിനു ചെവികൊടുക്കാതെയാണവര്‍ ആ ക്രൂരകൃത്യം നിര്‍‌വ്വഹിച്ചത്. അവിടെ ഗോമാംസം ഉണ്ടായിരുന്നില്ലെന്ന് പിന്നീട് തെളിയുകയുമുണ്ടായി. ഇക്കഥയും ഈ ചലച്ചിത്രം പറയുന്നുണ്ട്. രാജ്യസ്നേഹത്തിന്‍റെ പേരും പറഞ്ഞു ന്യൂനപക്ഷത്തിന്‍റെ മേല്‍ കുതിരകയറുന്നവര്‍ക്ക് ഉത്തരം മു ട്ടുന്ന ഒരു വഴിത്തിരിവുണ്ടീ കഥയ്ക്ക്. മൊഹമ്മദ് അഖ്‌ലാക്കിന്‍റെ രണ്ടാണ്‍‌മക്കളില്‍ ഇളയ ആള്‍ ഇന്ത്യന്‍ വ്യോമസേനയിലെ ഒരുദ്യോഗസ്ഥനാണ്‌ എന്നുള്ളതാണത്. ഈ പ്രശ്നത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം പോലും അനുകരണീയമായ വിധത്തില്‍ ശാന്തമായിരുന്നു എന്നു കാണുമ്പോളാണ്‌ നമുക്ക് ഒരിന്ത്യന്‍ പൗരനെന്ന നിലയില്‍ ലജ്ജ തോന്നുന്നത്. അദ്ദേഹം ഈ സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നതിലുപരി വ്യോമസേനയിലെ മേലധികാരികളുടെ സീമാതീതമായ പിന്തുണയെക്കുറിച്ചും പിന്നീടുണ്ടായ അഭിമുഖത്തില്‍ പറയുകയുണ്ടായി. ഈ സംഭവം നടക്കുന്നത്  2015 സെപ്റ്റംബര്‍ അവസാനമാണ്‌. പിന്നീടും 'ഭാരതമാതാവിന്‍റെ പ്രിയമക്കളെ'ന്ന ആര്‍ജ്ജിതസംജ്ഞയോടെ നിയമം കൈയിലെടുത്ത് ജനക്കൂട്ടം അസംഘടിതരായ പാവങ്ങളെ വണ്ടിയിലും മരത്തിലുമൊക്കെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന കാഴ്ചകള്‍ നാം കണ്ടു. ആഗ്രയില്‍ ഗോവധം നടത്തിയെന്ന കുറ്റാരോപണം നടത്തി കടകള്‍ക്ക് തീയിടുകകൂടിയുണ്ടായി.

1992 ലെ ബാബ്‌റി മസ്‌ജിദ് തകര്‍ക്കലും ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പലകാലങ്ങളിലായുണ്ടായ ദളിത് മുന്നേറ്റങ്ങള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. ഗുജറാത്തിലെ ദളിതുകള്‍ക്കു നേരേയുണ്ടായ പീഡനപരമ്പരയ്ക്ക് അവര്‍ പ്രതികാരം ചെയ്യുന്ന രീതി, ചത്തുപോകുന്ന കന്നുകാലികളെ അവര്‍ മറവുചെയ്യാന്‍ തയ്യാറാവാതെ വരുന്ന ഗാന്ധിയന്‍ നിസ്സഹകരണരീതിയിലൂടെയായിരുന്നു. അത് കൃത്യമായി ഫലം കാണുകയും വേട്ടക്കാര്‍ മുമ്പോട്ടു വന്നു മാപ്പുചോദിക്കുകയും ചെയ്തു. രാഷ്ട്രപിതാവിന്‍റെ നാട്ടിലുള്ള നിരാലംബരായ ഒരു ദളിത് സമൂഹം ഇതില്പരം ഏത് അക്രമരാഹിത്യത്തിന്‍റെ വഴികാട്ടിയാണ്‌ ഭാരതത്തിനു മുഴുവന്‍ പ്രക്ഷോഭമാതൃകയായിത്തീരേണ്ടത്? മാധ്യമങ്ങള്‍ പോലും ഏകപക്ഷീയമായിപ്പോകുന്ന കാലത്തിന്‍റെ തെളിവുകളായി ആനന്ദ് പട്‌വര്‍ദ്ധന്‍ എടുത്തുകാട്ടുന്നത് ആര്‍ണബ് ഗോസ്വാമിയെയാണ്‌. ഒരു അവതാരകന്‍റെ അടിസ്ഥാനവൈശിഷ്ട്യങ്ങളില്ലാതെ പലപ്പോഴും ഏകാധിപതിയെപ്പോലെ പെരുമാറുന്ന ഒരാള്‍ക്ക് എത്രമാത്രം മാധ്യമധര്‍മ്മം കാത്തുസൂക്ഷിക്കാന്‍ കഴിയും എന്ന ഒരു ചോദ്യവും നമുക്കിടയില്‍ ഈ ചിത്രം അവശേഷിപ്പിക്കുന്നുണ്ട്.

നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ട് ജീവന്‍ അപായപ്പെടുത്തുന്ന അക്രമസംഭവങ്ങളിലൂടെ അസഹിഷ്‌ണുതയുടേയും ചേരിതിരിവിന്‍റേയും വഴികളിലൂടെയാണ്‌ രാജ്യം മുമ്പോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്താണിത് ആത്യന്തികമായി നമുക്ക് നേടിത്തരുന്നത്? എന്തുകൊണ്ട് ഈ ദുര്‍ബ്ബലരും അവര്‍ണ്ണരുമായ  പടയാളികള്‍ ഒരു വരേണ്യവര്‍ഗ്ഗത്തിനുവേണ്ടി ബലിയാടുകളാവണം? ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും സമത്വത്തിലും മതസൗഹാര്‍ദ്ദത്തിലും അധിഷ്ഠിതമായ ഭരണഘടനയെ മാനിച്ചു ജീവിക്കേണ്ട രാജ്യത്തിനു ഈ മാറ്റം എന്തിനെന്നാണ്‌ പട്‌വര്‍ദ്ധന്‍റെ ചോദ്യം.

ഒരു ഒറ്റയാള്‍പ്പട്ടാളമെന്നോണം ഈ ചലച്ചിത്രനിര്‍മ്മിതിയുടെ പിന്നില്‍ പ്രധാനമായും പട്‌വര്‍ദ്ധന്‍ മാത്രമായിരുന്നെങ്കിലും സീമന്തിനി ധുരു (Simantini Dhuru) വിനെപ്പോലുള്ളവരുടെ സഹായങ്ങളും അദ്ദേഹം  രേഖപ്പെടുത്തുന്നുണ്ട്.

ആനന്ദ് പട്‌വര്‍ദ്ധനെ ഇന്ത്യയുടെ മൈക്കെല്‍ മോര്‍ (Michael Moore) എന്നു വിളിച്ചാല്‍  അതൊരു വിലകുറഞ്ഞ വിശേഷണമായേ എനിക്കു കരുതാന്‍ കഴിയുകയുള്ളു. കാരണം, മൈക്കെല്‍ മോര്‍ അമേരിക്കയില്‍ നേരിടുന്ന പ്രതിസന്ധികളേയും ഭീഷണികളേയും‌കാള്‍ എത്രയോ മടങ്ങ് വലുതാണ്‌ ഇന്ത്യയില്‍ അദ്ദേഹത്തിനു മുമ്പിലുള്ളത്. നിരന്തരമായ ഭീഷണികള്‍ക്കുമുമ്പിലാണ്‌ അദ്ദേഹം നിലയുറപ്പിച്ചിരിക്കുന്നത്. വെറും ചലച്ചിത്രകാരന്‍ മാത്രമല്ല, അദ്ദേഹം. കാണുന്നകാഴ്ചകള്‍ പച്ചയായി വിളിച്ചുപറയുന്നതിനുപരി അദ്ദേഹം എന്നും ജനപക്ഷത്ത് മുന്‍‌നിരയില്‍ത്തന്നെയുണ്ട്. 'വിവേക്' (Reason) ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നേടാന്‍ ഒരു സാധ്യതയുമില്ലാത്ത ചിത്രമാണ്‌. അധികാരികള്‍ അതു പുറത്തിറങ്ങുന്നതിനു വിഘാതങ്ങളുണ്ടാക്കുമെന്നതില്‍ ഒരു സംശയവുമില്ല. കാരണം അതു നിറയെ ചോദ്യങ്ങളാണ്‌. നിയമവൃത്തങ്ങള്‍ക്കുള്ളില്‍ നിന്ന് ഒരു സാധാരണ പൗരന്‍ അവനുനേരേ ഉയര്‍ന്നുവരുന്ന അവകാശലംഘനങ്ങളെയാണ്‌ അത് ചോദ്യം ചെയ്യുന്നത്. ചോദ്യങ്ങള്‍ ചോദിക്കപ്പെട്ടാലും അത് കേട്ടില്ലെന്നു നടിക്കാനും അതിനപ്പുറം ആ സ്രോതസ്സ്  വേരോടെ പിഴുതെടുക്കാനും കഴിവുള്ള ഭരണാധികാരികളാണ്‌ നമുക്ക് മുമ്പിലുള്ളത്.

*********
ചലച്ചിത്രസമീക്ഷ - നവെംബര്‍ ലക്കം 2018
A Bilingual Magazine from Kerala State Chalachitra Academy

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!