വേദനകളുടെ ബാല്യം തേടിയൊരു യാത്ര
“It is not down in any map; true places never are.” – Herman Melville
ഡെബി എന്ന ഡെബോറ ഹെയ്‌ന്‍സ് (Deborah Haynes) അവളുടെ കുട്ടിക്കാലത്തെക്കുറിച്ച് എന്നോടു പറയുമ്പോള്‍ എനിക്കോര്‍മ്മ വന്നത് ആദിവാസികളെ മുഖ്യധാരകളിലേയ്ക്ക് കൊണ്ടുവരുന്ന രീതികളില്‍ ആഗോളമെന്നോണം സര്‍ക്കാരുകള്‍ക്ക് പറ്റിയ പരാജയമായിരുന്നു. ലോകത്തിന്‍റെ പലഭാഗത്തും ഈ പരാജയങ്ങളുടെ കഥകള്‍ ചരിത്രത്തിലുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഈ ആദിമനിവാസികള്‍ (Indigenous Canadians) പൊതുവേ അറിയപ്പെടുന്നത് 'ഇന്‍ഡ്യന്‍സ്' എന്ന പേരിലാണ്. ഇന്‍ഡ്യയെന്ന പേരില്‍ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതും വെസ്റ്റ് ഇന്‍ഡീസ് എന്ന പേരിന്‍റെ ഉദ്ഭവവുമൊക്കെയായി നമുക്കിതു ബന്ധപ്പെടുത്താം. നമ്മള്‍ ഇന്ത്യാക്കാര്‍ ദക്ഷിണപൂര്‍വ്വ ഏഷ്യന്‍ സമൂഹത്തിലെ 'ഇന്‍ഡ്യന്‍സ്' ആണ്, കനഡയിലും അമേരിക്കയിലും.
അറുന്നൂറ്റി അമ്പതോളം വരുന്ന ആദിവാസിക്കൂട്ടങ്ങളിലൊന്നില്‍ നിന്നാണ് ഡെബി വരുന്നത്. മാനിറ്റോബ (Manitoba) പ്രവിശ്യയിലെ ഡോഫിനി (Dauphin) ലെ സ്കൂളില്‍ ഒമ്പതാം ക്ലാസ്സുവരെയേ ഉണ്ടായിരുന്നുള്ളു, അന്ന്. ഒമ്പതു കഴിഞ്ഞാല്‍ അവര്‍ക്കു മുമ്പില്‍ രണ്ടു വഴികളേയുണ്ടായിരുന്നുള്ളു. ഒന്നുകില്‍ സ്കൂളുവിട്ട് വീടുകളിലേയ്ക്ക് മടങ്ങിപ്പോകാം. അല്ലെങ്കില്‍ ഏതെങ്കിലും വെള്ളക്കുടുംബവുമായി പരിചയപ്പെട്ട്, അവിടെ താമസിച്ച്, അകലെയുള്ള ഹൈസ്കൂളില്‍ ചേര്‍ന്ന് പഠനം തുടരാം.
പള്ളികളും മഠങ്ങളുമൊക്കെയായിരുന്നു അമ്പതു വര്‍ഷം മുമ്പുവരെ കനഡയിലെ ഭൂരിഭാഗം വിദ്യാലയങ്ങളും നടത്തിക്കൊണ്ടിരുന്നത്. ഇന്നു കാണുന്ന സൗഹൃദരീതിയിലുള്ള ശിക്ഷണങ്ങളൊന്നുമായിരുന്നില്ല അന്ന്. സൗകര്യങ്ങളും കുറവ്. ഡെബിയെപ്പോലുള്ള ആദിവാസിക്കുട്ടികള്‍ ഒമ്പതാം ക്ലാസ്സു കഴിയുന്നതോടെ സാംസ്ക്കാരികമായി വെള്ളക്കാരോടൊപ്പം ചേര്‍ന്നു ജീവിക്കാന്‍ പ്രാപ്‌തരാകുന്നു എന്നാണ് പള്ളികളും മഠങ്ങളും വിശ്വസിച്ചിരുന്നത്. കാരണം, അപ്പോഴേയ്ക്കും അവര്‍ക്ക് ആദിവാസിഭാഷയില്‍ നിന്നു മാറി, ഇംഗ്ലീഷ് നന്നായി സംസാരിക്കാനും വെള്ളക്കാരുടെ പെരുമാറ്റരീതിയിലേയ്ക്ക് 'ഉയരാനും' കഴിഞ്ഞിരുന്നു. വെള്ളക്കാരുടെ കുടുംബങ്ങളില്‍ താമസിച്ച് ഉപരിപഠനം നടത്തിയ തൊണ്ണൂറുശതമാനം കുട്ടികളും അവരുടെ പൂര്‍വ്വാശ്രമങ്ങളിലേയ്ക്ക് മടങ്ങാന്‍ മടിക്കുന്നവിധം പ്രലോഭനങ്ങള്‍ പുറത്തുണ്ടായിരുന്നു. അവരില്‍ പലരും വെള്ളക്കാരുമായി ജീവിതം പങ്കിട്ട് മുമ്പോട്ടുപോയിരുന്നു. കുറെക്കാലത്തിനു ശേഷം തിരിച്ചുപോകുമ്പോള്‍ ബന്ധുക്കളെ കണ്ടെത്താനും കഷ്ടപ്പെട്ടിരുന്നു. ചിലരൊക്കെ മരിച്ചുപോയിരുന്നു. ചിലര്‍ കുടികളില്‍ നിന്നു മാറി മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് ചേക്കേറിയിരുന്നു. ആരെയും കണ്ടെത്താനാവാതെ അനാഥരാകുന്ന അവസ്ഥകളില്‍ മടങ്ങിവന്ന് പലരും വെള്ളക്കുടുംബങ്ങളുമായി ബന്ധപ്പെട്ട് ജീവിതം തുടര്‍ന്നു.
ഞാന്‍ എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
ഡെബി ശബ്ദം താഴ്ത്തി പറഞ്ഞു : ഇത് ഞങ്ങളെ വെള്ളക്കാരാക്കി മാറ്റാനുള്ള ഒരു സ്ഥാപിതതാല്പ്പര്യമായിരുന്നു. എത്ര ശക്തമായി അതു നടപ്പാക്കിയോ അത്ര ശക്തമായായിരുന്നു അതിന്‍റെ തിരിച്ചടിയും.
നമ്മുടെ ഒരു പരമ്പരാഗത ആദിവാസിസങ്കല്പം മനസ്സില്‍ വച്ച് ഡെബിയെ കണ്ടാല്‍ ആദിവാസിയാണെന്നേ പറയില്ല. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസിഭൂരിപക്ഷത്തെപ്പോലെ വെളുത്തു ചുമന്നൊരു സുന്ദരി. ഒരു പക്ഷേ, ആ വെളുപ്പ് വെള്ളക്കാരന്‍റെ വെളുപ്പല്ലെന്ന് എനിക്കു തോന്നി. ഇന്ത്യക്കാരുടെ ഗോതമ്പുനിറം (wheatish) എന്നൊക്കെ പറയാവുന്ന ഒന്ന്. അതുകൊണ്ടൊക്കെയായിരിക്കാം അവളില്‍ അമേരിക്കന്‍ വെളുപ്പിനോടുള്ള ഒരു ദേഷ്യം ബാക്കിനിന്നിരുന്നു. നമ്മള്‍ ഇന്ത്യക്കാരുള്‍പ്പെടുന്ന ഏഷ്യക്കാര്‍ ഇവിടെ ബ്രൗണി (Brown) കളാണ്. വെള്ളക്കാരെപ്പോലെയുള്ള വെളുപ്പുണ്ടെങ്കിലും ബ്രൗണില്‍ നിന്ന് വൈറ്റിലേയ്ക്ക് നമുക്ക് 'ഉയരാ'നാവില്ല. എത്ര കറുത്തിരുന്നാലും നാം 'കറുത്തവരാ'കുന്നുമില്ല. ആഫ്രോ (Afro) പാരമ്പര്യമുള്ളവരാണിവിടെ കറുത്തവംശജര്‍ (Blacks).
ഡെബി തുടര്‍ന്നു : അവര്‍ക്കൊന്നുമറിയില്ലല്ലോ ഒരു ആദിവാസിക്ക് ഒരിക്കലും ഒരു വെള്ളക്കാരനോ വെള്ളക്കാരിയോ ആവാന്‍ കഴിയില്ലെന്ന്. പക്ഷേ, അതറിയണമെങ്കില്‍ അവര്‍ മറ്റുള്ളവരുടെ ജീവിതം പഠിക്കണമായിരുന്നു. ഗവേഷണം ചെയ്യണമായിരുന്നു. മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാകണമായിരുന്നു. മറ്റുള്ളവരിലും ശരികളുണ്ടോ എന്നന്വേഷിക്കണമായിരുന്നു. അവരുടെ തലക്കനങ്ങളും, മറ്റുള്ളവരേക്കാള്‍ ബുദ്ധിപരമായി മുന്നിലാണെന്നുള്ള തെറ്റാവര (Infallibility) ങ്ങളുമാണ് അവരെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നത്.
കൂട്ടുകുടുംബങ്ങളായിരുന്നു അവരുടേത്. ആറേഴു കുടുംബങ്ങള്‍ താമസിക്കുന്ന വലിയ വീടുകള്‍. ആണുങ്ങളൊക്കെ വേട്ടയാടാനും മീന്‍പിടിക്കാനും കൃഷി ചെയ്യാനും തേനെടുക്കാനുമൊക്കെ പോകും. പെണ്ണുങ്ങളെല്ലാം അടുക്കളയിലും അടുക്കളത്തോട്ടങ്ങളിലുമൊക്കെ പണിയെടുത്ത് കുട്ടികളെ വളര്‍ത്തും. ജോലികള്‍ പങ്കിട്ട് സന്തോഷകരമായ സാമൂഹ്യജീവിതം നയിക്കുന്ന കൂട്ടരങ്ങുകളായിരുന്നു അവ. എല്ലാം പങ്കിടുന്ന അനുകരണീയജീവിതം. അവര്‍ക്കിടയിലെന്നും പ്രകൃതിയുമുണ്ടായിരുന്നു.
ഒമ്പതാം ക്ലാസ്സു കഴിഞ്ഞപ്പോള്‍ ഡെബിയും ഉപരിപഠനത്തിനായി ഒരു വെള്ളക്കുടുംബം കണ്ടുപിടിച്ച് താമസം തുടങ്ങി. ഒരു പ്രായമായ സ്ത്രീ ഒറ്റയ്ക്കായിരുന്നു ആ വീട്ടില്‍. അവര്‍ മുന്‍ശുണ്ഠിക്കാരിയും ക്രൂരയുമായിരുന്നു എന്നവളറിയുന്നത് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ്. ഡെബി ഒരുദാഹരണം പറഞ്ഞു. ഒരു ദിവസം ടെലിവിഷന്‍ കണ്ട് അവള്‍ സോഫയിലിരിക്കുമ്പോള്‍ ആ വൃദ്ധ ഓടിവന്നു ബഹളമുണ്ടാക്കി. അവര്‍ അവളോടു അവിടെ നിന്ന് എണീക്കാന്‍ ആവശ്യപ്പെട്ടു. അവളുടെ എണ്ണമുടി സോഫ വൃത്തികേടാക്കുമത്രെ. അവളെ എണീപ്പിച്ച ശേഷം ഒരു ടവലിട്ട് അതിനുമേല്‍ അവരിരുന്നു. അതേപോലെയുള്ള എത്രയോ അനുഭവങ്ങള്‍ പതിനഞ്ചു വയസ്സില്‍ത്തന്നെ അവളെ മുറിവേല്പ്പിച്ചിരുന്നു.
കഥകള്‍ പറഞ്ഞിരിക്കെ അവളുടെ പഴയ സ്കൂളെത്തി. ഡെബിയാണ് വണ്ടിയോടിച്ചിരുന്നത്. മൂന്നു ദശാബ്ദം മുമ്പ് അവിടം വിടുമ്പോളുണ്ടായിരുന്ന ചുവന്ന ഇഷ്ടികകള്‍ അവള്‍ തിരിച്ചറിഞ്ഞു. ഇന്നലെ അവിടെ നിന്നും പോയ ഒരു കുട്ടിയായി, ആ ചുവരിന്മേല്‍ വിരലുകളോടിച്ച് അവള്‍ നിന്നു. അവളെന്തൊക്കെയോ ആ ചുവരുകളോടു പറയുന്നുണ്ടായിരുന്നു. ഇന്നിപ്പോള്‍ അതൊരു സര്‍ക്കാര്‍ വക മിഡില്‍സ്കൂള്‍ മാത്രമാണ്.
ഡെബിയുടെ പഠനകാലത്ത് അവിടം നിറയെ വെള്ളക്കാരുടെ കുട്ടികളായിരുന്നു. ഇടയ്‌ക്കൊക്കെ അവളെപ്പോലെ അപൂര്‍വ്വം ന്യൂനപക്ഷങ്ങളും. അദ്ധ്യാപകരില്‍ കൂടുതലും ഇംഗ്ലണ്ടില്‍ നിന്നും മറ്റും വന്ന കന്യാസ്ത്രീകള്‍. അവര്‍ അവളെ തെരഞ്ഞുപിടിച്ചെണീപ്പിച്ച് ചോദ്യശരങ്ങള്‍ അയച്ചിരുന്ന പീഡനകാലം.
''നിനക്കെങ്ങനെ നീലക്കണ്ണുകള്‍ കിട്ടി? നിങ്ങളുടെയൊക്കെ കണ്ണുകള്‍ പൊതുവേ തവിട്ടുനിറത്തിലുള്ളതല്ലേ?''
''കമോണ്‍ ഡെബോറ, നിനക്കെങ്ങനെ ഹെയ്‌ന്‍സ് (Haynes) എന്ന കുടുംബപ്പേരു കിട്ടി? നിന്‍റെ അപ്പന്‍ ഇംഗ്ലണ്ടില്‍ നിന്നാണോ?''
ഇതൊക്കെ കേട്ട് കുട്ടികള്‍ അവളെ പരിഹസിച്ച് ആര്‍ത്തുചിരിക്കും.
ആ പരിഹാസച്ചിരികള്‍ പിന്നിലേയ്ക്ക് വലിച്ചുകൊണ്ടുപോയത് കേരളത്തിലെ എന്‍റെ ബാല്യകാലവിദ്യാലയത്തിലേയ്ക്കാണ് .
''ഓ ..നീ ഹിന്ദുവാണല്ലേ, നിന്‍റെ വെല്യപ്പന്‍ മാത്തമ്പെലേനൊക്കെ ക്രിസ്ത്യാനികളാണല്ലോ. മതം മാറിയാ കാശ് കൂടുതല്‍ കിട്ടൂല്ലേ!'' എന്ന് എന്‍റെ കൂട്ടുകാരനോട് ചോദിച്ച അദ്ധ്യാപകന്‍റേയും അത് കേട്ട് ആര്‍ത്തുചിരിച്ച ഞങ്ങളുടേയുമൊക്കെ ബാല്യം ഒരു ലോകരീതിയായിരുന്നു എന്നോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെട്ടു. വിവേചനങ്ങള്‍ പൂത്തുനിന്ന കാലം. ആ കാലത്തിനു സ്ഥലഭേദങ്ങളോ ഭൂഖണ്ഡവ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.
നിരായുധമായിരുന്നു കുട്ടിക്കാലമെന്ന് എനിക്കിപ്പോഴാണു തോന്നുന്നത്. ഡെബി തുടര്‍ന്നു. തോല്‍ക്കാന്‍ വേണ്ടി മാത്രമുള്ള യുദ്ധക്കളങ്ങളായിരുന്നു അവ. ശരിയായ പ്രത്യാക്രമണരീതികള്‍ക്കൊന്നും പ്രസക്തിയില്ലാത്ത കാലം. അനുസരിക്കാന്‍ മാത്രമറിയാവുന്ന, ഇരകള്‍ മാത്രമാണെന്നു കരുതി നിന്നുകൊടുക്കേണ്ട നിസ്സഹായതകളുടെ കാലം. പിന്നില്‍ സഹായത്തിനായി ആരുമുണ്ടായിരുന്നില്ല. തോല്‍ക്കാനുള്ള വേദികളായിരുന്നു എല്ലാം. കൂടെയുള്ള കുട്ടികള്‍ എപ്പോഴും പരിഹസിക്കുമായിരുന്നു. കല്ലെറിയുകയും മുഖത്തു തുപ്പുകയും ചെയ്തിരുന്നു.
ഡെബിയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ നോക്കി നിന്നു. ഞാനവളെ ആശ്ലേഷിച്ചു. അവള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഡെബി ഇന്നൊരനാഥയാണ്. അവള്‍ കുറെ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. അവരെയെല്ലാം നല്ല രീതിയില്‍ നയിക്കുന്നുണ്ട്. നല്ല ജോലിയുണ്ട്. അതില്‍നിന്ന് നല്ല വരുമാനമുണ്ട്. ഒത്തിരി നല്ല കൂട്ടുകാരുമുണ്ട്.
ഞാനും വിചാരിച്ചു : അവള്‍ കരയട്ടെ. കരഞ്ഞു തെളിയട്ടെ!
പുനരധിവാസത്തിന്‍റെ പേരില്‍ ലോകം മുഴുവന്‍ ആദിവാസികളോടു തെറ്റാണു ചെയ്തത്. അവരുടെ ഭൂമികള്‍ പിടിച്ചെടുത്തു. അവര്‍ക്ക് കഞ്ചാവും കള്ളും പണവും കൊടുത്ത് തെറ്റായ വഴികളിലൂടെ നടത്തി. നിയമങ്ങളുടെ ചാട്ടവാറുകളടിച്ച് അവരെ അധികാരികള്‍ തളര്‍ത്തിക്കളഞ്ഞു. അധികാരികള്‍ മാത്രമാണു ശരിയെന്ന് അവര്‍ സ്ഥാപിച്ചുകൊണ്ടേയിരുന്നു. എല്ലാ രാജ്യങ്ങളിലും അധികാരികള്‍ ഇതേ തിരക്കഥയാണ് അരങ്ങേറിയിരുന്നത്. ഭരിക്കാന്‍ വിധിക്കപ്പെട്ടവരും അനുസരിക്കാന്‍ ബാദ്ധ്യതയുള്ളവരുമായുള്ള ആദ്യത്തെ തരം തിരിക്കല്‍. ആ ഭൂരിപക്ഷമാണ് ഇന്നും ലോകത്തിന്‍റെ 'ഭരണവും ക്രമസമാധാനപാലനവും' ഏറ്റെടുത്തിരിക്കുന്നത്.
നിയമങ്ങള്‍ നിശിതമായിരുന്നെങ്കിലും റെസിഡെന്‍ഷ്യല്‍ സ്കൂള്‍ ജീവിതകാലത്ത് ഡെബിക്ക് എല്ലാ പരീക്ഷകളിലും എ-ഗ്രേഡുകളുണ്ടായിരുന്നു. അടിച്ചേല്പ്പിക്കപ്പെടുന്ന നിയമസംഹിതകള്‍ക്കിടയിലും കൂട്ടുജീവിതങ്ങളുമായി വേദനകളും ഓര്‍മ്മകളും പങ്കിടാന്‍ പറ്റിയ കാലത്തിന്‍റെ വിളവെടുപ്പുകള്‍ അഭിമാനാര്‍ഹങ്ങളായിരുന്നു. പക്ഷേ, ഹൈസ്കൂളിലെ ഭീഷണികളും മുട്ടാളത്ത (Bullying) ങ്ങളും അവളെ നിശ്ശബ്ദയാക്കിക്കളഞ്ഞു. ഒറ്റപ്പെടലിന്‍റെ തീച്ചൂളകളില്‍ എരിഞ്ഞുതീരുന്ന ആ അവസ്ഥ അവളുടെ ഗ്രേഡുകള്‍ കുറച്ചുകളഞ്ഞു.
കനഡയുടെ ചരിത്രത്തില്‍ നിന്ന് ഒരു പറ്റം നിരാലംബരായ മനുഷ്യരെ തൂത്തെറിയുന്നതിനു കാരണമായത് ഇത്തരം പാര്‍പ്പിടവിദ്യാലയ (Residential School) ങ്ങളും അക്കാലത്തെ സര്‍ക്കാരുകളുമാണ്. ആദിവാസികളെ ഊരുകളില്‍ നിന്നു പറിച്ചെറിഞ്ഞ് 'വെള്ളപൂശി നന്നാക്കിയെടുക്കാനു'ള്ള ഹീനമായ ശ്രമമായിരുന്നു അത്. ഈ അടുത്തകാലത്തും ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് വീണ്ടും മാപ്പുപറയേണ്ടിവന്നു. അത്രയ്ക്ക് കഠിനമായിരുന്നു ആ ജീവിതം ഇരകള്‍ക്ക് സമ്മാനിച്ചിരുന്നത്. ഇപ്പോള്‍ പേരിനു പറയാനായി അവര്‍ക്ക് സംവരണമുണ്ട്. ഇടയ്ക്ക് ഇന്ത്യയിലൊക്കെ നടക്കുന്നതുപോലെ ആദിവാസി ഉത്സവങ്ങള്‍ നടത്തപ്പെടുന്നുണ്ട്. ഫലത്തില്‍, കുറ്റിയറ്റുപോയ ജന്മങ്ങളായിരുന്നു അവരുടേത്. ഡെബിയുള്‍പ്പെടുന്ന സമൂഹം ഫസ്റ്റ് നേഷന്‍സ് (First Nations) എന്ന പേരിലാണ് ഇന്നറിയപ്പെടുന്നത്.
മടക്കയാത്രയ്ക്കിടയില്‍ അവിടവിടെ ടിം ഹോര്‍ട്ടന്‍സ് (Tim Hortons) എന്ന ഭക്ഷണശാലാശൃംഖല. നീണ്ടയാത്രകള്‍ മുറിച്ച് വിശ്രമിച്ചുപോകാനൊരു സ്ഥലം താരതമ്യേന വിലകുറഞ്ഞ ചായയും കടികളും കിട്ടുന്ന സ്ഥലങ്ങളാണവ. ഒരു ചായയോ കാപ്പിയോ സാന്‍ഡ്‌വിച്ചോ വിവിധയിനം ഗ്രില്‍ഡ് റാപ്പു (Grilled Wrap) കളോ ഒക്കെ കിട്ടുന്ന സ്ഥലം. അതിലെന്തെങ്കിലുമൊക്കെ വാങ്ങിയാല്‍ എത്രസമയം വേണമെങ്കിലും നമുക്കവിടെ ഇരിക്കാം. ആരും ഇറങ്ങിപ്പോകാന്‍ പറയില്ല. യാത്രകളില്‍ പലപ്പോഴും ഭക്ഷണത്തിനും വിശ്രമത്തിനുമായി ഞങ്ങള്‍ അവിടെയാണു കയറിയത്.
ഓര്‍മ്മകള്‍ ഉത്സവങ്ങളാണെന്ന് നമ്മള്‍ പറയുമ്പോഴും ഓര്‍മ്മകള്‍ നരകയാതനകളാകുന്ന ഒരു സമൂഹമാണ് അമേരിക്കന്‍ ആദിവാസികളുടേത്. ഊരുകളില്‍ നിന്ന് പിടിച്ചുപറിച്ചു കൊണ്ടുപോയ കുട്ടികളില്‍ നല്ലൊരു ശതമാനവും തിരിച്ചുവന്നില്ല. രോഗങ്ങള്‍ മൂലം പലരും മരിച്ചു. പരും ദുരൂഹമായ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരായി. വളരെക്കാലത്തിനുശേഷമാണ് ആ മുറിവുകളിലേയ്ക്ക് സര്‍ക്കാര്‍ പോലും തിരിഞ്ഞുനോക്കുന്നത്. കാലം തെറ്റിയ തിരുത്തലുകളായിരുന്നു അവ.
ഡെബിയെ വിട്ട് തിരിച്ച് വണ്ടിയോടിക്കുമ്പോള്‍ ഞാനോര്‍ത്തു.
യാത്രകള്‍ നാം കാണുന്നതിനുമപ്പുറം എത്രയോ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ്. അതൊന്നും ഭൂപടങ്ങളില്‍ നമുക്ക് തേടിപ്പിടിക്കാനാവില്ലല്ലോ!
- സുരേഷ് നെല്ലിക്കോട്
(തത്സമയം - ഞായര്‍, ഒക്ടോബര്‍ 21, 2018)
Comments