കറിവേപ്പില

നേര്‍ത്ത മഴയുണ്ട് 
തണുപ്പു കുറഞ്ഞിട്ടുണ്ട് 


കറിവേപ്പിലച്ചെടിച്ചട്ടി 
പുറത്തേയ്ക്കു വയ്‌ക്കണോ? 

ഏയ്.. വേണ്ട വേണ്ട 
കഴിഞ്ഞ വിന്‍ററിലതിന്‍റെ 
തള്ള ചത്തതോര്‍മ്മയില്ലേ? 
ഞാന്‍ ലീവില്‍,
നാട്ടിലായിരുന്നപ്പോള്‍ 
മൈനസ് തണുപ്പുള്ള രാത്രിയില്‍ 
ആരോ വാതില്‍ തുറന്നിട്ടതാണ്‌.

ഞാനല്ല ഞാനല്ല ഞാനുമല്ല.

അതങ്ങനെയാണ്‌. 
ഞങ്ങളുടെ 
പരമാധികാരറിപ്പബ്‌ളിക്കില്‍
ആരും കുറ്റം ചെയ്യില്ല. 
ഇതുവരെ, ആരും 
കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞിട്ടുമില്ല. 
പിടിക്കപ്പെട്ടാല്‍ പോലും
ഇലയുതിര്‍ക്കുന്നതു പോലെ
കൂളായി ഊരിപ്പോരും.

ഓര്‍മ്മയുണ്ടോ, 
ശ്രീലങ്കയില്‍ വച്ച് കഴിച്ച
ആ കറിവേപ്പിലക്കറി? 

ഉവ്വുവ്വ്, കറാ പിഞ്ച
ഓ.. എന്തൊരു ടെയ്‌സ്‌റ്റായിരുന്നു!

അല്ലെങ്കില്‍, പുറത്തു വച്ചോ,
ഒന്നു നനഞ്ഞോട്ടെ. 
രാത്രി എടുത്തകത്തു വച്ചാല്‍ മതി 
രാത്രി നല്ല തണുപ്പാകും.

വേറൊരു വിമതശബ്ദമിപ്പോള്‍ 
വാതിലില്‍ മുട്ടാതെ കയറിവരികയാണ്‌.
ഓ.. എന്തായാലും
ആത്യന്തികമായി 
പുറത്തെറിയേണ്ടതല്ലേ? 
കറിക്കു വേണ്ടത്
ഇലയ്ക്കു വേണ്ടെന്നല്ലേ?

Comments

Popular posts from this blog

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

On Dropping the Other Shoe...

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!