ഈ ഭൂമി ഒരു പാര്‍ത്തലം മാത്രമാകുന്നു

A true conservationist is a man who knows that the world is not given by his fathers but borrowed from his children.
 - John James Audubon


ഈ  ഭൂമി ഞാന്‍ ജീവിക്കുന്ന ഒരു ഇടമാണെന്നും അതില്‍ത്തന്നെ ഞാന്‍ മറ്റു പലര്‍ക്കുമൊപ്പം ഒരു സഹജീവി മാത്രമാണെന്നും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു രാജ്യത്താണ്‌ ഞാനിപ്പോള്‍ താമസിക്കുന്നത്. ഇവിടെ എനിക്കു മുമ്പും ആരൊക്കെയോ ജീവിച്ചിരുന്നുവെന്നും എനിക്കു ശേഷവും പലര്‍ക്കും ജീവിക്കാനുണ്ടെന്നും കൂടി അത് പറഞ്ഞുവയ്ക്കുന്നുണ്ട്. എന്‍റെ പേരിലുള്ള ഇവിടുത്തെ ഭൂമി കൈമാറ്റം ചെയ്യാമെങ്കില്‍ക്കൂടി എനിക്കിഷ്ടപ്പെട്ട രീതിയില്‍ മാറ്റിമറിക്കാനോ അതില്‍ തോന്നുന്നതൊക്കെ കെട്ടിപ്പൊക്കാനോ വ്യവസ്ഥകളില്ല. ഒരു കൊമ്പു മുറിക്കാനോ ഒരു മരം വെട്ടി വില്‍ക്കാനോ എനിക്കധികാരമില്ല. വീടുകളുടെ മുമ്പിലെ പച്ചപ്പുല്ലുകള്‍ വളര്‍ന്നുവരുന്നതനുസരിച്ച് വെട്ടി നിറുത്താനല്ലാതെയുള്ള ഒരു നശീകരണവും എനിക്കനുവദനീയമല്ല. ഞാനിപ്പോള്‍ താമസിക്കുന്നത് ഉത്തര അമേരിക്കയിലെ കാനഡയിലാണ്‌.

ആല്‍ഡോ ലിയോപോള്‍ഡ് എന്ന പകൃതിശാസ്ത്രജ്ഞന്‍ പറയുന്നത്പകൃതിസം‌രക്ഷണത്തില്‍ നാം നമുക്കൊപ്പം തന്നെ ഭൂമിയേയും ഒരു സുഹൃത്തായി കൂടെക്കൂട്ടണമെന്നാണ്‌. ഭൗമസൗഹൃദം 
സുദൃഢവും സുസ്ഥിരവുമായ സ്നേഹബന്ധം പോലെയാവണം. ഒരു സുഹൃത്തിന്‍റെ ഒരു കൈത്തലം സ്നേഹപൂര്‍‌വ്വം കൈയിലെടുത്ത്  മറ്റേ കൈ മുറിച്ചെടുക്കാന്‍ പറ്റാത്തതുപോലെ തന്നെയാവണം ഭൂമിയോടുള്ള ബന്ധവും. ഇവിടുത്തെ നിയമങ്ങളും അതു നടപ്പാക്കുന്ന രീതികളും അത്ര തന്നെ നിശിതവുമാണ്‌. തണ്ണീര്‍ത്തടങ്ങളും കാടുകളുമുള്‍പ്പെടുന്ന പ്രകൃതിയെ സം‌രക്ഷിക്കുക  എന്നത് ഇവിടെ ഓരോ മനുഷ്യന്‍റെയും ദിനചര്യയുടെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. വാഹനയാത്രാനിയമങ്ങളും പ്രകൃതിസം‌രക്ഷണത്തിന്‍റെ ഭാഗമാകുന്നു. അതിന്‍റെ ഫലമായി സസ്യജാലങ്ങളും മൃഗങ്ങളും മനുഷ്യനോടടുത്തു നില്‍ക്കുന്നു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനു പൊതുജനങ്ങള്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്നതിനാല്‍ ജലാശയങ്ങള്‍ അതിന്‍റെ ഏറ്റവും ശുദ്ധമായ അര്‍ത്ഥത്തില്‍ സം‌രക്ഷിക്കപ്പെടുന്നുണ്ട്. പൊതുവിതരണരീതിയിലൂടെ ലഭിക്കുന്ന വെള്ളം യാതൊരു ശുദ്ധീകരണവും ഇല്ലാതെ തന്നെ ജനങ്ങള്‍ക്കു നേരിട്ടു കുടിക്കാന്‍ കഴിയുന്നുണ്ട്. നഗരമദ്ധ്യത്തില്‍ പോലും വനങ്ങളുണ്ട്. അതിലൊക്കെ ജൈവവൈവിധ്യങ്ങള്‍ സം‌രക്ഷിക്കപ്പെടുന്നുണ്ട്. കടപുഴകിയോ ഒടിഞ്ഞുവീഴുന്നതോ ആയ മരങ്ങള്‍ അവിടെ നിന്ന് ആരും കടത്തുന്നില്ല. പുഴകളില്‍ നിന്ന് ആരും മണല്‍ കടത്തിക്കൊണ്ടു പോകുന്നില്ല. പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥയുടെ സ്വകാര്യതയിലേയ്ക്ക് മനുഷ്യന്‍ ഒരിക്കലും ഇവിടെ അധിനിവേശിക്കുന്നില്ല.

പക്ഷിമൃഗാദികള്‍ മനുഷ്യനോട് ഏറ്റവും അടുത്ത് ഇടപഴകുന്നത് എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ ഒരു കാഴ്ചയായിരുന്നുആദ്യമൊക്കെ. മനുഷ്യരെല്ലാം വേട്ടക്കാരല്ലെന്ന് അവരും കരുതുന്നതുകൊണ്ടാണല്ലോ അങ്ങനെ സംഭവിക്കുന്നത്. തീറ്റ കൊടുത്താല്‍ അടുത്തു വരുന്ന കാട്ടുമുയലുകളും അണ്ണാറക്കണ്ണന്മാരും പക്ഷികളും നമ്മെ വിലകൂടിയ പാഠങ്ങളാണ്‌ പഠിപ്പിച്ചുതരുന്നത്. ജീവികളില്‍  ഇതൊന്നും പെട്ടെന്നുണ്ടാകുന്ന സ്വഭാവമാറ്റമല്ലല്ലോ!

സൂര്യപ്രകാശം ഭൂമിയെ ചൂടുപിടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കാറ്റ് ഇവിടെ വന്‍‌തോതില്‍ കാറ്റാടികളെ കറക്കി വിദ്യുച്ഛക്തി ഉല്പാദിപ്പിക്കുന്നുണ്ട്. പരമ്പരാഗത ഊര്‍ജ്ജോത്പാദനം വലിയ തോതില്‍ മലിനീകരണം ഉണ്ടാക്കുന്നതും ആത്യന്തികമായി ആഗോളതാപനത്തിലെത്തിക്കുന്നതുമായ ഒരു രീതിയാണ്‌. ഉദാഹരണമായിഒരു ഊര്‍ജ്ജോത്പാദനകേന്ദ്രത്തിലെ ഓരോ മൂന്നു ടണ്‍ കല്‍ക്കരിയിലേയും മൂന്നില്‍ രണ്ടു ഭാഗം പാഴാക്കുന്നതും ബാക്കിയുള്ള ഒരു ടണ്‍ കല്‍ക്കരിയില്‍ നിന്നുള്ള ഊര്‍ജ്ജം   വിദ്യുത്ച്ഛക്തിയാക്കി വിതരണം ചെയ്യുന്നതിനാണ്‌. സൂര്യപ്രകാശവും കാറ്റും ഇവിടെ വലിയ തോതില്‍  ദൈനംദിനജീവിതത്തിലെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. 

എല്ലാ ഊര്‍ജ്ജസം‌രക്ഷണസം‌രംഭങ്ങള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. അതിനായി നാം  ആരെയും കൈക്കൂലി കൊടുത്ത് പ്രീതിപ്പെടുത്തേണ്ടതായി വരുന്നില്ല എന്നുള്ളത് ഇന്ത്യക്കാരനെന്ന നിലയില്‍ എന്നെ എത്രമാത്രം ആശ്വസിപ്പിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ!

പരിസ്ഥിതിസം‌രക്ഷണം കാനഡയെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്‍റേയും ജനങ്ങളുടേയും കൂട്ടായ ഉത്തരവാദിത്തമാണ്‌. ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു കക്ഷിയെ മാത്രമായി മാറ്റിനിറുത്താനാവില്ല. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീരദേശമുള്ള രാജ്യങ്ങളിലൊന്നാണ്‌ കാനഡ. തൊണ്ണൂറു ശതമാനത്തിലധികം വനങ്ങളും സര്‍ക്കാരിന്‍റെ അധീനതയിലാണ്‌. ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതില്‍ കൂട്ടായ പങ്കാളിത്തം ഉറപ്പുവരുത്തിയ രാജ്യങ്ങളിലൊന്നാണു കാനഡ. നിരന്തരമായ തുടര്‍ന്നടപടികളിലൂടെ അതിന്‍റെ പാലനം സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. 37 ദശലക്ഷം വരുന്ന ജനങ്ങളാണ്‌ കാനഡയിലുള്ളത്. വിശാലമായ ഭൂപ്രകൃതിയില്‍  ഇതൊരു വെല്ലുവിളിയേയല്ല എന്നുള്ളതും നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ ജനങ്ങള്‍ കഴിക്കുന്ന ഭക്ഷണവുംശ്വസിക്കുന്ന വായുവും,കുടിക്കുന്ന വെള്ളവും ഇവിടെ ശുദ്ധമായി സം‌രക്ഷിക്കപ്പെടുന്നുണ്ട്.

പ്രാഥമികവിദ്യാഭ്യാസരംഗം മുതല്‍ ഇതിനായുള്ള പരിശീലനങ്ങള്‍ കാനഡയിലുണ്ട്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം വരുന്ന പരിസ്ഥിതി സംഘടനകളും സര്‍ക്കാര്‍ നീക്കങ്ങളെ സഹായിക്കാനായി ഇവിടെയുണ്ട്. തങ്ങളുടെ പ്രവൃത്തിപഥത്തിലേയ്ക്ക് മാധ്യമങ്ങളുടെ വെള്ളിവെളിച്ചം കടന്നുവരുന്നുണ്ടോ എന്ന് ആരും ഉത്ക്കണ്ഠാകുലരാകാറില്ല. 

പ്രകൃതിസം‌രക്ഷണം ഒരു ജീവിതചര്യയായാലേ നമുക്ക് ഇക്കാര്യത്തില്‍ സുവ്യക്തമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുകയുള്ളു. അതിനായി പരിസ്ഥിതി സം‌രക്ഷണം അതിനു വേണ്ട എല്ലാ മുന്‍‌ഗണനകളുമുള്‍ക്കൊണ്ട് ജനമനസ്സുകളില്‍ ആഴത്തില്‍ വേരു പാകേണ്ടിയിരിക്കുന്നു. കനത്ത ഇച്ഛാശക്തികൊണ്ട് അതിനു പിന്‍ബലം കൊടുക്കേണ്ടിയിരിക്കുന്നു. ക്രിയാത്മകമായ രീതിയില്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. നമുക്കു മുമ്പും ഭൂമിയുണ്ടായിരുന്നു. ആരൊക്കെയോ നമുക്കായി അതു ബാക്കിവച്ചിരുന്നു. അതുകൊണ്ടു തന്നെ  അടുത്തുവരുന്ന തലമുറയ്ക്ക് ജീവിക്കാനുതകുന്ന രീതിയില്‍ നാം അത് കൈമാറേണ്ടിയിരിക്കുന്നു! 

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!