കുരിശ് പാരയാകുന്നത്.....

കുരിശിനെ കൈയ്യേറാനുള്ള ഒരു വസ്തു മാത്രമായി പലരും ചിത്രീകരിച്ചു സംസാരിക്കുന്നതു കൊണ്ടാണ്‌ ഈ കുറിപ്പ്.
കുരിശ് സ്വയരക്ഷയ്ക്കായി ഉപയോഗിക്കപ്പെട്ട നല്ലകാര്യങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്.
കര്‍ത്താവിനെ അതില്‍ കയറ്റി ആണിയടിച്ചതു കണ്ടു പ്രതികരിക്കാതെ നിന്നതിന്‍റെ കുറ്റബോധം കൊണ്ടാണ്‌ ഞങ്ങളില്‍ ചിലരൊക്കെ കുരിശ് ചുമന്നു നടക്കുന്നതെന്നും, പേരുവെളിപ്പെടുത്തിയാല്‍ അന്നു തന്നെ എന്നെ ചവിട്ടിയരയ്ക്കുമെന്നും എന്‍റെ സഹപാഠിയായ ഒരച്ചനും പറഞ്ഞിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ അത് വിമോചനദൈവശാസ്ത്രത്തിലേയ്ക്കും മറ്റും നീളും. അതല്ല, പറഞ്ഞുവരുന്നത്.
ഞങ്ങളുടെ ഗ്രാമത്തില്‍ ഏതെങ്കിലും സ്ഥലം വില്‍ക്കാനിട്ടാല്‍ അതിന്‍റെ മുകളില്‍ ഒരു കൂടംകുളം പദ്ധതിയുടെ വാള്‍ മുടിനാരുകളില്‍ കെട്ടിയിടുക ചിലരുടെയൊക്കെ വിനോദമായിരുന്നു. അത് നോക്കാനും വാങ്ങാനും വരുന്ന ആള്‍ക്കാരോട് ആ എട്ടുകാലികള്‍ ആദ്യം തന്നെ ചോദിക്കും.
ഏത്...... ആ കൂടംകുളം ലൈന്‍ വരുന്നതിന്‍റെ താഴെയുള്ള സ്ഥലമാണോ?
ഉള്ളിലെ ഞെട്ടല്‍ മറച്ച് വരുന്ന പാവം ഒന്നുകൂടി സ്ഥലം വിശദീകരിക്കും.
എട്ടുകാലി കൂളായി പറയാന്‍ തുടങ്ങും : ഓ.... അതെങ്ങും കൊള്ളിയേലന്നേ... എത്ര കാലായിട്ടതങ്ങനെ കെടക്കുവാ! ആ അയിലേയാ കൂടംകുളം കമ്പീം ട്രാന്‍സോമറും ഒക്കെ വരാമ്പോണെ. അവടെയെങ്ങും വീടു കെട്ടാന്‍ പറ്റിയേലന്നേ. വെല്യ പൊന്തെക്കാട്ടന്‍ വണ്ടു മൂളുന്ന പോലത്തെ ശബ്ദം അല്യോ പിന്നെ വരാമ്പോണെ. അതിനടീ കെടന്നാ മനുഷേനൊറങ്ങാമ്പറ്റ്വോ? ആല്ല.,,,, ഇപ്പോ ചേട്ടനെന്തിനാ ഇതൊക്കെ ചോയിക്കുന്നെ? നിങ്ങടെ ആരെങ്കിലും.........?
കേള്‍ക്കാത്ത പാതി ആഗതന്‍ ലക്ഷ്യത്തിന്‍റെ കുറ്റി പറിച്ചു മാറ്റി കുത്തും.
അല്ല. അതിനടുത്തുകൂടി ഒരു കനാലില്ലേ.... അതിലേ കൊറെക്കൂടി പോകുമ്പം അവിടെ ഒരു ആഞ്ഞിലി വില്‍ക്കാനുണ്ടെന്നു കേട്ടു. അതൊന്നു നോക്കാനാ.....
തലേക്കെട്ടഴിച്ച്, അവിടെ ഇപ്പോ എതാഞ്ഞിലിയാ ... ഞാനറിഞ്ഞില്ലല്ലോ എന്നൊക്കെ ആലോചിച്ച് അതിനു വയ്ക്കാന്‍ തക്ക പാര എവിടെ കിട്ടും എന്നൊക്കെ വിചാരിച്ച് ഒന്നു മുകളിലേയ്ക്കു നോക്കി തിരിഞ്ഞു വരുമ്പോഴേയ്ക്കും ആഗതന്‍ ഇടി വെട്ടി ഉടലോടെ സ്വര്‍ഗ്ഗം പൂകിയതു മാതിരി അവിടെ നിന്ന് അപ്രത്യക്ഷനായിട്ടുണ്ടാവും.
എന്തായാലും, ഒരു കല്യാണം മുടക്കിയ സുഖത്തോടെ എട്ടുകാലിയും കാലുകള്‍ പറിച്ചെടുത്ത് നീങ്ങാന്‍ തുടങ്ങും
അങ്ങനെയിരിക്കുമ്പോള്‍ ഒരുനാള്‍ അതിലൊരു എട്ടുകാലിയുടെ സ്ഥലത്തുകൂടി പുതിയ എക്സ്പ്രസ് ഹൈവേ കടന്നു വരുന്നൂന്ന് വേറൊരു ജീവി, രാവിലെ അപ്പായി ചായ വീശിയടിക്കുന്നതിനൊപ്പം കടയിലിരുന്ന് വീശി. അതു കേട്ടു വന്ന പത്രക്കാരന്‍ ലോന, അന്നത്തെ ചായകുടി വിതരണം കഴിഞ്ഞു മടക്കത്തിലാക്കാമെന്നു വച്ച് വേഗം വാര്‍ത്ത പത്രത്തോടൊപ്പം വിതറി.
ഇതുകേട്ട എട്ടുകാലി അടിയന്തിരമായി വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നതിന്‍പടി രാത്രിക്കു രാത്രി ജില്ലയിലൊരിടത്ത് തമ്പടിച്ചിരുന്ന ബംഗാളികള്‍ക്ക് കുരിശിന്‍റെ പണി കൊടുക്കുകയും മൂന്നാം നാള്‍ രാത്രി അത് നിര്‍ദ്ദിഷ്ട സ്ഥലത്ത് ഉയരുകയും ചെയ്തു. അതിപ്പോഴും അവിടെയുണ്ട്. പക്ഷേ, ആ സ്ഥലം വിശ്വാസികള്‍ ഏറ്റെടുത്ത് മെഴുകുതിരികത്തിക്കാന്‍ തുടങ്ങിയതോടെ അതിന്‍റെ ചുവട്ടില്‍ പാരകള്‍ മുളയ്ക്കാന്‍ തുടങ്ങി. അദ്ദേഹമാണെങ്കില്‍, മകനു വീടുണ്ടാക്കാന്‍ കരുതിവച്ച സ്ഥലത്തുകൂടി അതിവേഗപ്പാത വരേണ്ടല്ലോ എന്ന സദുദ്ദേശ്യത്താല്‍ ചെയ്ത കുരിശിന്‍റെ വേരുകള്‍ ഗ്രാമത്തിന്‍റെ അടിയിലേക്കിറങ്ങി പടര്‍ന്നിരിക്കുകയാണിപ്പോള്‍.
******

Comments

Unknown said…
You said it aptly Suresh.

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!