വെളിച്ചം ബാക്കിനില്‍ക്കുന്ന വഴികള്‍
നാമറിയാതെ ഇഷ്ടികകള്‍ ഓരോന്നായി ഇളകിവീഴുന്നുണ്ട്. ചിലതു നമുക്ക് കാണാം. ചിലതു കാണാമറയത്താണ്. ശബ്ദം മാത്രമേ നാം കേള്‍ക്കുന്നുള്ളു. മറ്റു ചിലത്, വീണെന്നു പറഞ്ഞും കേട്ടും അറിയുന്നതേയുള്ളു. സന്തോഷം തോന്നാറുണ്ട്. എന്നെയും നിന്നെയും തടഞ്ഞുനിറുത്തിയ കോട്ടകളുണ്ടാക്കിയ ഓരോ കല്ലുമാണത്. അത് വീഴട്ടെ. അനുഷ്ഠാനങ്ങള്‍ തകരുന്നതിലെ സന്തോഷമല്ല. അനുഷ്ഠാനങ്ങള്‍ എനിക്കിഷ്ടമാണ്. അതെന്നെ ഒത്തിരി സാന്ത്വനിപ്പിക്കാറുണ്ട്. അത് തികച്ചും വ്യക്തിഗതമല്ലേ? നമ്മുടെയൊക്കെ മനസ്സുപോലെയും നാം കാത്തുവയ്ക്കുന്ന, ആരെയും ഇതുവരെയും ഉപദ്രവിക്കാത്ത രഹസ്യങ്ങള്‍ പോലെയും ശുദ്ധമാണത്. ഒരു തരം അപങ്കിലത. ഇമാക്യുലെറ്റ് കണ്‍സെപ്‌ഷന്‍ എന്നൊക്കെ പറയുന്ന അതേ ദിവ്യഗര്‍ഭം. പക്ഷെ ആ ഗര്‍ഭത്തിനു ഒരു ഉത്തരവാദിയെ കിട്ടുന്നതുവരെ നമ്മുടെ ഈ സമൂഹം ഉറങ്ങാതിരിക്കും. നമ്മുടെ യാത്രകളെ തടസ്സപ്പെടുത്തിയിരുന്ന കല്ലുകളാണത്. സാന്‍ഡ്രിങ്ഹം പള്ളിയിലെ, രാജകുടുംബത്തിന്‍റെ ക്രിസ്‌മസ് കുര്‍ബാനയിലും സ്വീകരണത്തിലും ആ മുപ്പത്താറുകാരിയായ അമേരിക്കന്‍ നടിയാണ് ഏറ്റവും ജന-ശ്രദ്ധയാകര്‍ഷിച്ചത്. മെയ്‌ഗന്‍ മാര്‍ക്കിള്‍. രാജ്ഞിയേയും ഫിലിപ് രാജകുമാരനേയും ചാ...