കാടേറ്റുന്ന കത്തുകള്‍
ബഹുമാനപ്പെട്ട തത്ത്വമസീ, താങ്കള്‍ അയച്ച കുറിപ്പ് വായിച്ചു മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കും, അയല്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ആയതിനാല്‍ പതിവുപോലെ മരുന്നുകടയില്‍ കൊടുത്തു. അവരതു വായിച്ചുനോക്കി 12 ഗുളികകള്‍ തന്നു. രണ്ടെണ്ണം വലുതു വായിലിടാന്‍ ഭാവിച്ചപ്പോള്‍ അശരീരി ഉണ്ടായി. ആ ഗുളികകള്‍ രണ്ടും വയര്‍ ഇളക്കാനുളളതാണ്. 10 എണ്ണം ശ്വാസംമുട്ടിനും. നന്ദി. എന്റെ ദിവ്യദൃഷ്ടി വിയ്യൂര്‍ക്കു തിരിച്ചു. താങ്കളുടെ ഹൃദയം ശരിക്കും കണ്ടു.. ഹൃദയത്തില്‍നിന്നു മനസ്സിലായി താങ്കള്‍ 29-ന് എന്റെ വീട്ടില്‍ ഉണ്ണാന്‍ വരും. നല്ല ഊണ് സംഘടിപ്പിക്കാം. അന്നേ ദിവസം എം ടിയെയും എന്‍ പിയെയും താങ്കള്‍ കൂട്ടണം. മലയാളം എഴുതാനും വായിക്കാനും അറിവുളളവര്‍ ആ ഭാഗത്തുണ്ടെങ്കില്‍ എം ടിക്കും എന്‍ പിക്കും കാര്‍ഡ് ഇടണം.. താങ്കളെ മലയാളം പഠിപ്പിക്കാന്‍ ഒരു പെണ്ണിനെ താങ്കളുടെ സവിധത്തിലേയ്ക്കയക്കാം. പരമസുന്ദരി. താങ്കള്‍ അവളെ കെട്ടുകയാണെങ്കില്‍ മാസന്തോറും എനിക്ക് 250/- രൂപ വീതം അയയ്ക്കണം. താങ്കള്‍ക്ക് അവളില്‍ ഉണ്ടാകുന്ന ആണ്‍കുട്ടികളെ എനിക്കു തരണം. ഒരു ചാവേര്‍പ്പട ഉണ്ടാക്കാനാണ്. ഈ കത്ത് ആരെയെങ്കിലുംകൊണ്ട് വായിപ്പിച്ചു ജ്ഞാനിയാവുക. മുഹമ്മദ് ബഷീര്‍ മം...