പെര്‍ഫോമന്‍സ്
സായിപ്പിന് എഴുപതിനുമേല്‍ പ്രായമുണ്ടാകും. ഓഷവയിലേക്കെത്താന്‍ തീവണ്ടി (ഇപ്പഴും തീവണ്ടീക്കെണ്ടോ, അതും കാനഡേല്? ഷട്ടപ്പ്... കഥ പറയുന്നതിനുമുമ്പേ ചോദ്യവുമായി തോക്കിന്റുള്ളിലേയ്ക്ക് ചാടിക്കായറിക്കോളും. തീ അല്ലെങ്കി ഗ്യാസ്..... അത്രന്നെ!) പിടിക്കാന്‍ നോക്കിയപ്പം 3 ഡോളര്‍ 65 സെന്റ് കുറവ്. ഒന്നു സഹായിക്കാമോ എന്നാണ് ചുരുക്കം.
ഞാന്‍ കണ്ണിലേയ്ക്ക് നോക്കി. കണ്ണുകള്‍ കള്ളം പറയില്ലെന്നാല്ലേ നമ്മളൊക്കെ വായിച്ചു പഠിച്ചിരിക്കുന്നത്.
പറയുന്നില്ല! ലേശം ക്ഷീണമുണ്ടെന്നു മാത്രമേ സായിപ്പിന്റെ കണ്ണുകള്‍ പറഞ്ഞുള്ളു.
പറയുന്നില്ല! ലേശം ക്ഷീണമുണ്ടെന്നു മാത്രമേ സായിപ്പിന്റെ കണ്ണുകള്‍ പറഞ്ഞുള്ളു.
പെട്ടെന്ന് മനസ്സു പറഞ്ഞു: ഓ നാണയത്തുട്ടുകള്‍ എപ്പോഴും കൊണ്ടു നടക്കണമെന്ന് വിചാരിക്കുന്നതല്ലാതെ തന്റെ കൈയില്‍ എപ്പഴാ തുട്ടുകളുണ്ടാവുക?
വാലെറ്റ് തുറന്ന് എറ്റവും ചെറിയ നോട്ട് ആയ അഞ്ചു ഡോളര്‍ ഉണ്ടോന്നു നോക്കി.
പിന്നെയും മനസ്സ് ഇടയ്ക്ക് കയറി : അതേ സംഗതിയൊക്കെ കൊള്ളാം. ഇതിപ്പോ ആദ്യോന്ന്വല്ല. ഒന്നൂടെ നോക്കീട്ടും കണ്ടിട്ടും ഒക്കെ മതി കൊടുക്കുന്നത്. കറന്റ് റേറ്റില്‍ രൂപ എത്രയാന്നറിയോ, തനിക്ക്? മുന്നൂറ്! നാട്ടിലെന്തൊക്കെ.....
പറഞ്ഞു തീര്‍ക്കുന്നതിനു മുമ്പേ മനസ്സിന്റെ കഴുത്ത് ഞെരിച്ച് പേടിപ്പിച്ച ശേഷം സായിപ്പിനു അഞ്ചു ഡോളര്‍ കൊടുത്തു.
അയാള്‍ അതു വാങ്ങി നന്ദിയും പറഞ്ഞ് കയറിയത് പ്ലാറ്റ്ഫോമിലേയ്ക്ക്.
അപ്പോ... ടിക്കറ്റോ? അയാള്‍ ടിക്കറ്റ് വാങ്ങുന്ന കൗണ്ടറിലേയ്ക്കല്ലല്ലോ പോയത്!
ഒന്നു ഞെട്ടിയെങ്കിലും ഞാന്‍ മനസ്സിനെ തലോടി.
പോട്ടെടാ.... അത് ചോദിപ്പിക്കുന്ന ഒരവസ്ഥയില്ലേ? അതിനു കൊടുത്തതായി കരുതിയാ മതി.
മനസ്സു പറഞ്ഞു : അപ്പോ പണ്ട് അബുദാബിയിലെ അല്‍ നൂര്‍ ഹോസ്പിറ്റലിനടുത്ത് വച്ച് കാലില്‍ ഒരു കെട്ടുമായി മുടന്തി വന്ന പഠാന്‍, ഒരു ദിറാമിന് പന്ത്രണ്ട് രൂപ വിലയുള്ള കാലത്ത്, പത്ത് ദിറാം കൈയില്‍ കിട്ടിയ ഉടനെ, അത്ഭുതം പോലെ മുടന്ത് മാറി സുഖമായി നടന്നു പോയതൊക്കെ മറന്നു അല്ലേ?
പോട്ടെടാ... നുണ പറഞ്ഞാണെങ്കിലും ഭിക്ഷ യാചിക്കേണ്ട അവസ്ഥയല്ലേ നമ്മളെ ഈ ലോകത്തില്‍ ഏറ്റവും ചെറുതാക്കിക്കളയുന്നത്. അതുകൊണ്ടൊക്കെ നമ്മള്‍ ചെറുതാവുകയും ആരെങ്കിലുമൊക്കെ വലുതാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ വലുതാവട്ടെ....നന്നാവട്ടെ...
ഞാന്‍ സമാധാനിപ്പിച്ചു.
മനസ്സ് : എന്നോട് എപ്പോഴും, നിന്റെ ഒരു കണ്ണ് എല്ലാത്തിലും വേണോന്നും പറയും. ഞാന്‍ പറയുവേം ഓര്‍മ്മിപ്പിക്കേം ചെയ്യുമ്പം എന്നെ തിന്നാന്‍ വരും. അപ്പോ എനിക്കിവിടെ ഒരു വെലേം ഇല്ല. ഈ ചേട്ടന്‍ നന്നാവില്ല.
മനസ്സിനെ ഒരുമ്മ കൊടുത്ത്, തലയില്‍ തലോടി ഉള്ളിലേയ്ക്ക് വിട്ടു.
ദാ..... ഇന്നലെ, രാത്രി 8.43 ന്റെ ആല്‍ഡെര്‍ഷോട്ടിലേയ്ക്കുള്ള ട്രെയിനിന്റെ പ്ലാറ്റ്ഫോം നമ്പര്‍ തെളിയുന്നതും കാത്ത് പച്ചബോര്‍ഡിലേയ്ക്ക് കണ്ണും നട്ട് ഞാന്‍ വീണ്ടും യൂണിയന്‍ സ്റ്റേഷനില്‍.
ആറടിയോളം ഉയരമുള്ള മറ്റൊരവതാരം. സായിപ്പു തന്നെ. നെഞ്ചില്‍ തൊട്ടു ക്ഷമ ചോദിച്ചുതന്നെ തുടങ്ങി.
'' ഐ ആം ഫ്രഞ്ച്. ഫ്രം ക്യുബെക്ക്. മൈ ഇംഗ്ലീഷ് നോട്ട് ഗുഡ്. ഐ കാന്‍ ആസ്‌ക് സംതിംഗ്?''
നീ പറഞ്ഞോ മോനേ സായിപ്പേ.
അയാള്‍ക്ക് പോകേണ്ടത് ഓട്ടവയിലേക്കാണ്. തലസ്ഥാനം. അയാള്‍ ഒരു മാസിക തുറന്നു. അതില്‍ ആരുടെയോ കൈയ്യക്ഷരത്തില്‍ കൂട്ടിയും കുറച്ചും എഴുതി വട്ടം വരച്ചിട്ടിരിക്കുന്നത് നാലേകാല്‍ ഡോളര്‍. അതു കാണിക്കുന്നതിനു സമാന്തരമായി, അയാള്‍ അര മണിക്കൂര്‍ ക്യൂവില്‍ നിന്നതും ഇത്രയും കാശിന്റെ കുറവുള്ളതായി അവിടെ ഇരുന്ന സ്ത്രീ കണക്കു കൂട്ടി വട്ടം വരച്ചു തന്നതാണെന്നും, താന്‍ സത്യസന്ധനും ദൈവത്തില്‍ എല്ലാം അര്പ്പിച്ചിരിക്കുന്നവനാണെന്നു ം എന്നെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആരും ഇത്തരം സന്ദിഗ്ധഘട്ടത്തില്‍ സാധാരണ സഹായിക്കില്ലെന്നും എന്നെ കണ്ടാല്‍ ഒരു മാന്യനും ദീനാനുകമ്പയുള്ളവനുമാണെന്ന് തോന്നുമെന്നും ഒരു സര്‍ട്ടിഫിക്കറ്റ് നാവുകൊണ്ട് വായുവില്‍ എഴുതി വച്ചു.
എന്തായാലും, മനസ്സ് ഉണര്‍ന്നു ബഹളമുണ്ടാക്കുന്നതിനു മുമ്പേ ഞാന്‍ കര്‍മ്മനിരതനായി.
പൊന്നുമോനേ.... സായിപ്പേ, നിന്റെ അപ്പനെ ഞാന്‍ മിനിഞ്ഞാന്നു കണ്ടിരുന്നു. അയാളുടെ കുറവ് മൂന്നു ഡോളറും അറുപത്തഞ്ചു സെന്റ്സും ആയിരുന്നു.അതിന്റെ കൂടെ ഇപ്പോള്‍ നിനക്കു ഞാന്‍ തരാനുദ്ദേശിച്ചിരുന്ന ഒരു ഡോളറും മുപ്പത്തഞ്ചു സെന്റ്സും കൂട്ടി അഞ്ചു ഡോളര്‍ കൊടുത്തിട്ടുണ്ട്. അത്രയുമൊക്കെ ചെയ്യാനുള്ള വരവേ എനിക്കുള്ളു.
ഇടി വെട്ടിയപോലെ രണ്ടാം സായിപ്പ് അപ്രത്യക്ഷനാവുന്ന ശബ്ദം കേട്ട് മനസ്സുണര്‍ന്നു.
ചേട്ടനെ സമ്മതിച്ചൂ....ട്ടോ! എന്തായിരുന്നു പെര്‍ഫോമന്‍സ്...
ഷര്‍ട്ടിന്റെ കോളറൊന്നു പിന്നിലേയ്ക്ക് വലിച്ചിട്ട് ഞാന്‍ ഒരിഞ്ച് ഉയര്‍ന്നു നിന്നു.
പിന്നെ മനസ്സ് പതുക്കെ പറഞ്ഞു: എന്നുവരെ ഉണ്ടാവും എന്തോ.......!
***
Comments