വിളവെടുപ്പ്



എന്റെ മുന്തിരിവള്ളികള്‍ പൂത്തെന്നും, പിന്നീട് അത് കായ്‌ച്ചെന്നും എന്നോടു പറഞ്ഞത് ഈ പാണ്ടന്‍ മൈനകളും നിരനിരയായി വന്നിരിക്കുന്ന ഈ കുഞ്ഞിക്കാടകളുമാണ്‌. അതിനിടയില്‍, ആരോ പച്ചകള്‍ക്കിടയില്‍ ഒരു കൂടുണ്ടാക്കി, മുട്ടയിട്ട്, ഒരു പുതിയ തലമുറയെ ജീവിതത്തിലേയ്ക്ക് പറത്തിപ്പോയിരുന്നു.

പുഷ്പങ്ങള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും, ആര്‍ക്കും വേണ്ടാത്ത ഈ ഡാന്‍‌ഡെലയണ്‍  മഞ്ഞകളുടെ ഭംഗി നമ്മുടെ തോട്ടങ്ങളിലെ പൂക്കള്‍ക്കെന്താ ഇല്ലാത്തതെന്ന് എന്നോടു ചോദിച്ചതും ഈ മൈനകളിലൊന്നായിരുന്നു. 

എന്നെ കണ്ടപ്പോള്‍ കാടകള്‍ നിരനിരയായി എഴുന്നേറ്റു നിന്നു. ഞാന്‍ ചിരിച്ചപ്പോള്‍ അവര്‍ ഒരോരുത്തരായി ഇരുന്നു തുടങ്ങി. വൈകിട്ട് അവര്‍ എണ്ണിനിറുത്തിപ്പോകുന്ന മുന്തിരിപ്പഴങ്ങളുടെ കണക്ക് രാവിലെയാവുമ്പോഴേയ്ക്കും തെറ്റിക്കുന്നത്, രാത്രിയില്‍ ഇറങ്ങിനടക്കുന്ന ഒരു കള്ള റക്കൂണ്‍ കുടുംബമാണെന്ന് കാടകള്‍ ആണയിട്ടു പറഞ്ഞു. പെട്ടെന്ന് അതെനിക്കോര്‍മ്മവന്നു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍‌രാത്രികളില്‍ പാത്തും പതുങ്ങിയും മുന്തിരിവള്ളികളിലേയ്ക്ക് വലിഞ്ഞുകയറുന്ന മൂന്നു ജോടി ചെങ്കണ്ണന്മാരെക്കുറിച്ച്. 

അവരും നിങ്ങളും ഒരേ മോഷണമല്ലേ നടത്തുന്നത് എന്നു ചോദിച്ചത് അവര്‍ക്കത്ര രസിച്ചില്ലെന്നു തോന്നുന്നു.

പട്ടാപ്പകല്‍ നിങ്ങളുടെ സാന്നിദ്ധ്യത്തില്‍ കലപില കൂട്ടി മുന്തിരിക്കായ്‌കള്‍ തിന്നുന്നതും രാത്രിയുടെ മറവില്‍ പതുങ്ങി വന്ന് മോഷ്ടിക്കുന്നതും ഒരു പോലെയാണോ എന്ന അവരുടെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ ഉത്തരം മുട്ടി ചിരിച്ചു നിന്നു.
ഞാന്‍ പറഞ്ഞു.
നിങ്ങള്‍ ഭക്ഷിക്കുവിന്‍ പ്രിയരേ... ഇത് നിങ്ങളുടെ വീഞ്ഞാണ്‌. അവരും രാത്രിയില്‍ തിന്നട്ടെ. ഈ ലോകം മനോഹരമാക്കുന്നത് നിങ്ങളാണ്‌. വലിപ്പവും ചെറുപ്പവും മറന്ന് ഒരുമിച്ചു ജീവിക്കാന്‍ ഞങ്ങളെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത് നിങ്ങളാണ്‌. കൂട്ടിക്കൂട്ടി വയ്ക്കുന്ന ഒന്നും ഞങ്ങള്‍ക്ക് കൊണ്ടു പോകാന്‍ കഴിയുന്നില്ലെന്നും അമിതപ്രതീക്ഷകള്‍ ആരിലും വിതയ്ക്കരുതെന്നും ആ വിത്തുകള്‍ വീഴുന്നത് കരിമ്പാറകളിന്മേലാണെന്നും വീണ്ടും വീണ്ടും  ഞങ്ങളെയൊക്കെ ഓര്‍മ്മിപ്പിക്കുന്നത് നിങ്ങളല്ലേ! പന്തിഭേദങ്ങളില്ലാതെ പങ്കിട്ടു ജീവിക്കാനും അതിലൂടെ ജീവിതത്തിലെ സന്തോഷങ്ങള്‍ തേടിപ്പിടിക്കാനും കാണിച്ചു തരുന്നതും നിങ്ങളാണ്‌.  നേരത്തേയുണരാനും പരിശ്രമിച്ചു കഴിയാനും വൈകിട്ട് കൂടെത്തി ജീവിതം സംഗീതമയമാക്കാനും പറഞ്ഞു തരുന്നതും നിങ്ങളാണ്‌.

ചിറകുകള്‍ കുടഞ്ഞുണര്‍ന്ന്, വീണ്ടും വരാമെന്നോതി, അവര്‍ അതിര്‍ത്തികളില്ലാത്ത ആകാശം പൂണ്ടു.

Comments

www.halfpravasian.blogspot.in said…
നല്ല എഴുത്ത്.
Anonymous said…
Thank you, Halfpravasian!

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!