പഴമാകാൻ കാത്തിരിക്കാതെ, അസ്മോച്ചൊല്ലുകൾ......
കണ്ണീരൊലിപ്പിച്ച്
പടിയിറങ്ങുന്ന
പുഴയ്ക്ക്
നാട്ടിലേയ്ക്ക്
കൂട്ടായി വരുന്നത്
കുന്നാണ്
അത് സാവധാനം
പാടത്തിറങ്ങി
നിറഞ്ഞ്
കരയായി കൂട്ടിരിക്കുന്നു.
(ഇതെന്റെ ഓര്മ്മയിലെ
അസ്മോച്ചൊല്ലുകളില് ഒന്നാണ്)
പോക്കുവെയില്‍
മുറ്റത്തു വരച്ചിട്ടുപോയ ജീവിതത്തിലേയ്ക്ക് സൂക്ഷിച്ചു നോക്കിയാല്‍, അസ്മോ
പറയാറുള്ളതു പോലെ, ഒക്കെ വക്കു
പൊട്ടിയ വാക്കുകളാവും! ഓരോ വാക്കും,
അതെത്ര 'വക്കു പൊട്ടിയതാ'ണെങ്കില്ക്കൂടി അതിലൊരു കവിതയുണ്ട്;
ഒറ്റവാക്കാണെങ്കില്ക്കൂടി. പുതുകവിത പഴയനിയമങ്ങളുടെ
വേലിക്കെട്ടുകള്‍ ചാടി പുറത്തുവരുന്ന കാലത്തിനും
മുമ്പേ അസ്മോ എന്റെ മനസ്സില്‍
കുടിപാര്‍പ്പു തുടങ്ങിയിരുന്നു. പില്ക്കാലത്ത്, അത് സൗമ്യഭാഷണങ്ങളായി,
കൊച്ചു കൊച്ചു കുറിപ്പുകളായി വിരൽ ചൂണ്ടി നിന്നത് നമ്മുടെ സമൂഹത്തിലേയ്ക്ക് തന്നെയാണ്.
മൂന്നു ദശാബ്ദങ്ങളായുള്ള പരിചയം. ജീവിതപ്പഠിപ്പു പൂർത്തിയാകുമ്പോൾ ഒരിക്കലും തോൽക്കാത്തവരായി ആരുമില്ലെന്ന് അസ്മോ. അങ്ങനെ, നടന്നു നടന്നു വരുമ്പോൾ ഒരു സായാഹ്നം ഞങ്ങൾ പുതിയൊരു കണ്ടുപിടുത്തം നടത്തി. അസ്മോയും ഞാനും അബുദാബിയിലെ നാഷണൽ സിനിമയുടെ വശത്തുള്ള പള്ളിയുടെ പിന്നിലെ അയൽക്കാരാണ്.
എല്ലാ മാസവും നാട്ടിലേയ്ക്ക് പണമയയ്ക്കാൻ എന്റെ ഓഫീസിൽ വരുമ്പോൾ ഞങ്ങൾ പുതിയ സാഹിത്യവാർത്തകൾ കൈമാറും. സായാഹ്നത്തിരക്കുകളുടെ പുറംചൂടിൽ, തിരക്കില്ലെങ്കിൽ മാത്രം ഓരോ ചൂടുചായയുമായി ഞങ്ങൾ മനസ്സ് തണുപ്പിക്കാനിരിക്കും. പുതിയ കഥയും കവിതയും അവിടേയ്ക്ക് കടന്നു വരും. വാരാന്ത്യങ്ങളിലെ കൂടണയലുകളിലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കും.
നാലുവർഷം മുമ്പ് ഞാൻ അബുദാബി വിടുമ്പോൾ അയഞ്ഞതെങ്കിലും സൗഹൃദത്തിന്റെ ചൂടുകുറയാത്ത ഹസ്തദാനത്തോടൊപ്പം പറഞ്ഞ വാക്കുകൾ:'' ഒരു കൈയെത്തും ദൂരത്തല്ലേ ലോകം മുഴുവനുമിപ്പോൾ. നാമിനിയും കാണും. വായനയും എഴുത്തും കൈവിടാനുള്ള ഒഴികഴിവുകളൊന്നും വേണ്ട. എല്ലാ നന്മകളുമുണ്ടാവട്ടെ!''
ഷാർജയിൽ നിന്നുള്ള, പുത്തൻചിറക്കാരുടെ സ്നേഹാദരങ്ങളുടെ പൊന്നാടയണിയുന്ന ചിത്രം ഒരു ദിവസം മുമ്പ് മുഖപ്പുസ്തകത്തിൽ. പിന്നെ, അബുദാബിയിലെ പുസ്തകമേളയിൽ മലയാളത്തിന്റെ പ്രിയ കഥാകാരൻ സേതുവേട്ടൻ വരുന്ന കാര്യം ഞാനറിഞ്ഞു. അസ്മോ സേതുവേട്ടനെ കണ്ടു സംസാരിക്കുന്ന ചിത്രം ഞാൻ മനസ്സിൽ വരച്ചിട്ടു. വർഷങ്ങൾക്കു മുമ്പ്, എക്സിബിഷൻ സെന്ററിലെ പുസ്തകമേളയിൽ സിസ്റ്റർ ജെസ്മിയുടെ 'ആമേൻ' പ്രകാശനം ചെയ്യാൻ ഡീസി ബുക്സ് എന്നെയാണു വിളിച്ചത്.അന്ന് അലങ്കാരത്തൊങ്ങലുകളഴിച്ച് ആ പുസ്തകം എന്റെ കൈയിൽ നിന്ന് എറ്റുവാങ്ങിയത് അസ്മോ ആയിരുന്നു.
പിന്നെ വന്നത് മറ്റൊരു സന്ദേശമാണ്.
''മുഖപ്പുസ്തകത്തിലൂടെ ഒരു മാരകവൈറസായി എന്റെ പേരിലൊരു അപരൻ പുറപ്പെട്ടിട്ടുണ്ടെന്നും അവൻ ഭസ്മാസുരനാണെന്നും, സ്വീകരണമർഹിക്കുന്നില്ലെ''ന്നും കവിതപോലൊരു കുറിപ്പ്. അത് ഇന്നലെ.
ഇന്ന്, മെയ് പതിനൊന്ന് ഉച്ചകഴിഞ്ഞ് ഒന്നര. ഒരു മഴ പെയ്തു തോർന്ന് വീണ്ടും വെയിൽ പുതച്ച് അറ്റ്ലാന്റിക്കിലെ സൂര്യൻ. നാട്ടിലും അബുദാബിയിലും രാത്രി. വെറുതെ ഒന്നു നെറ്റിൽ കയറിയതാണ്. ദുബായിൽ നിന്നുള്ള വേണുഗോപാലിന്റെ അനുശോചനവരികൾക്കു താഴെ അസ്മോ പുത്തൻചിറയുടെ ചിത്രം. ഇതെന്താ ഇങ്ങനെയൊരു വിചിത്രസന്ദേശമെന്ന് എന്റെ നെറ്റി ചുളിയുന്നു. ഉൽക്കണ്ഠയോടെ കൂടുതൽ വാർത്തകൾ തേടി വിരൽത്തുമ്പിൽ താളുകൾ മറിച്ചു. അസ്മോ പുത്തൻചിറ എന്ന എ. സെയ്ദ് മൊഹമ്മദിന്റെ സൗഹൃദം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവരുടെ നൂറുകണക്കിനു സന്ദേശങ്ങൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ മാഞ്ഞാലി കൂടി കൊച്ചി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയിൽ പുത്തൻചിറയ്ക്കുള്ള സ്ഥലസൂചിക കാണുമ്പോൾ ഞാനോർത്തു.
അടുത്ത വരവിൽ വിളിക്കാതെ പോയി ഒന്നു ഞെട്ടിക്കണം.
ഇപ്പോൾ,
അസ്മോ അതിനൊന്നും നിന്നു തരാതെ താങ്കൾ ഞങ്ങളെയൊക്കെ ഞെട്ടിച്ചിരിക്കുന്നു! ഇനി കുരുതിക്കായൊരു ചിരിയില്ലല്ലോ. 'ആലസ്യം മറന്ന്, ഒരുമയോടൊത്തു ചേർന്നൊരുടലായ് പുനർജ്ജനിക്കാനൊരുടലി'ല്ലല്ലോ. 'കോലായ'യിൽ പഴമാകാൻ കാത്തിരിക്കുന്ന ചൊല്ലുകളില്ലല്ലോ. വിള തിന്നാനില്ലാത്ത വേലികളൊക്കെ മുറ്റത്തേയ്ക്ക് കയറി മതിലാകാൻ സ്വപ്നം കാണില്ലല്ലോ.
സൗഹൃദങ്ങൾക്കും സരസഭാഷണങ്ങൾക്കും വിട. ഇനി കാത്തിരിക്കാനൊന്നുമില്ലല്ലോ!
Comments