കുഞ്ഞപ്പന്റെ മറിയം
ഇത് ഞങ്ങളുടെ സ്വന്തം മറിയം. സുമതിയെന്ന ശരിയായ പേരിലന്വേഷിച്ചാൽ കാളികാവിലാരും മറിയത്തിലേക്കെത്തില്ല. കുഞ്ഞപ്പന്റെ മറിയമാണെങ്കിൽ എല്ലാവർക്കും സുപരിചിത. എനിക്ക് അഞ്ചുവയസ്സുള്ളപ്പോളാണ്, കുഞ്ഞപ്പന്റെ സുന്ദരിയായ വധുവായി മറിയം ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് കെട്ടിക്കേറിയത്. കുഞ്ഞപ്പന്റെ ചാച്ചൻ മത്തന്റെ ചാച്ചനെ ഞങ്ങളുടെ ഒരു പ്രപിതാമഹൻ വില കൊടുത്ത് വാങ്ങിയതാണെന്നുള്ള പൊള്ളുന്ന സത്യത്തെ ഞങ്ങളത്ര സുഖത്തോടെയല്ല ക േട്ടത്. മത്തനും കുഞ്ഞന്നയും, അവർക്കുണ്ടായ കുഞ്ഞപ്പനും പാപ്പുവും, കുഞ്ഞപ്പന്റെ കെട്ടിയോൾ മറിയവുമില്ലാത്ത ഒരു ചരിത്രം ഞങ്ങൾക്കില്ല. കുന്നുമ്പുറത്തെ അവരുടെ ഓലവീട് എന്നും വൃത്തിയായി അവർ സൂക്ഷിച്ചിരുന്നു.പാടത്തെ കൃഷിപ്പണികൾക്കിടയിൽ, കുട്ടിക്കാലത്ത്, അവരുടെയൊപ്പമിരുന്ന് പ്രാതൽ കഴിക്കണമെന്ന എന്റെ വാശിമൂത്തപ്പോൾ അമ്മ ഒരു ചെറിയ ഭക്ഷണപ്പൊതി എനിക്കായി കൂടെ വച്ചുതന്നു.അവരുടെ കൂടെയിരുന്ന് മത്തന്റെ വായ്മൊഴിപ്പാട്ടിന്റെ താളത്തിൽ പാടവരമ്പത്തെ ഭക്ഷണം.മത്തൻമൂപ്പന്റെ കൂടെ ഒരുപാടു കേണുപറഞ്ഞാലേ ഒന്നു കലപ്പ പിടിക്കാനും ഞൗരിയടിക്കാനുമൊക്കെ ഞങ്ങളെ അനുവദിക്കൂ. കൊയ്ത്തുകാലമാണ് ഞങ്ങളൊക്കെ ഏറ്റവും ആസ്വദിച്ചിരുന്നത്. കോ...