എന്റെ മുന്തിരിവള്ളികള്‍ പൂത്തെന്നും, പിന്നീട് അത് കായ്‌ച്ചെന്നും എന്നോടു പറഞ്ഞത് ഈ പാണ്ടന്‍ മൈനകളും നിരനിരയായി വന്നിരിക്കുന്ന ഈ കുഞ്ഞിക്കാടകളുമാണ്. അതിനിടയില്‍, ആരോ പച്ചകള്‍ക്കിടയില്‍ ഒരു കൂടുണ്ടാക്കി, മുട്ടയിട്ട്, ഒരു പുതിയ തലമുറയെ ജീവിതത്തിലേയ്ക്ക് പറത്തിപ്പോയിരുന്നു. പുഷ്പങ്ങള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും, ആര്‍ക്കും വേണ്ടാത്ത ഈ ഡാന്‍ഡെലയണ്‍ മഞ്ഞകളുടെ ഭംഗി നമ്മുടെ തോട്ടങ്ങളിലെ പൂക്കള്‍ക്കെന്താ ഇല്ലാത്തതെന്ന് എന്നോടു ചോദിച്ചതും ഈ മൈനകളിലൊന്നായിരുന്നു. എന്നെ കണ്ടപ്പോള്‍ കാടകള്‍ നിരനിരയായി എഴുന്നേറ്റു നിന്നു. ഞാന്‍ ചിരിച്ചപ്പോള്‍ അവര്‍ ഒരോരുത്തരായി ഇരുന്നു തുടങ്ങി. വൈകിട്ട് അവര്‍ എണ്ണിനിറുത്തിപ്പോകുന്ന മുന്തിരിപ്പഴങ്ങളുടെ കണക്ക് രാവിലെയാവുമ്പോഴേയ്ക്കും തെറ്റിക്കുന്നത്, രാത്രിയില്‍ ഇറങ്ങിനടക്കുന്ന ഒരു കള്ള റക്കൂണ്‍ കുടുംബമാണെന്ന് കാടകള്‍ ആണയിട്ടു പറഞ്ഞു. പെട്ടെന്ന് അതെനിക്കോര്‍മ്മവന്നു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍രാത്രികളില്‍ പാത്തും പതുങ്ങിയും മുന്തിരിവള്ളികളിലേയ്ക്ക് വലിഞ്ഞുകയറുന്ന മൂന്നു ജോടി ചെങ്കണ്ണന്മാരെക്കുറിച്ച്. അവരും നിങ്ങളും ...