തങ്കപ്പന്‍ മാഷ്


എന്‍റെ ജീവിതത്തില്‍ ആരുമല്ലാതിരുന്ന ഒരാളെ കുറിച്ചാണ്‌ ഈ കുറിപ്പ്. എന്നിട്ടും അദ്ദേഹം എന്‍റെ മനസ്സില്‍  എന്നും സജീവമായി‍ നിന്നത് എന്തേ എന്നു ചോദിച്ചാല്‍ എനിക്കതിന്‌ ഉത്തരമില്ല. ചിലരങ്ങനെയാണ്‌. ആദ്യ കാഴ്ചയിലെ പ്രണയം എന്നൊക്കെ പറയുന്നതു പോലെ എന്നും അത് ഹരിതാഭമായി മനസ്സില്‍ ബാക്കി നില്‍ക്കും. അങ്ങനെയുള്ളവര്‍ അപൂര്‍ വ്വമാണ്‌.
വട്ടിയൂര്‍ക്കാവിലേയ്ക്കുള്ള പലയാത്രകളിലും, മരുതങ്കുഴി കാണുമ്പോളൊക്കെ ഓര്‍ത്തതാണ്‌, ഒന്നിറങ്ങി അന്വേഷിച്ചാലോ എന്ന്. ആരോട് ചോദിക്കും? എല്ലാവരുമറിയാന്‍ അത്ര പ്രശസ്തനൊന്നുമല്ലല്ലോ. പിന്നെ, പഴയ തലമുറയിലെ ആരോടെങ്കിലും ചോദിക്കണം. അതും, ചിലപ്പോള്‍ അന്വേഷിച്ച് അലയേണ്ടതായി വരും. അതിനു മാത്രമുള്ള സമയം കൈയിലുണ്ടാവില്ല. കൂടെ ആരെങ്കിലുമൊക്കെ കാണും. അപ്പോള്‍ അത് തീരെ നടപ്പില്ല.

ഇന്നലെ, മാര്‍ച്ച് രണ്ടാം വാരത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് (വാരിക, കടലുകള്‍ കടന്ന് കാനഡയിലെത്താന്‍ ചുരുങ്ങിയത്    ര‍ണ്ടാഴ്ചയെടുക്കും) ‍കാണുമ്പോളാണ്‌ ഞെട്ടിയത്. 'മധുരച്ചൂരലി'ല്‍  എ. പി. മനോജ് എഴുതിയ 'നാടിന്‍റെ മാസ്റ്റര്‍'. ഇനി ഇദ്ദേഹത്തെക്കുറിച്ച് ആരോടും ചോദിക്കേണ്ടല്ലോ!

പൊറ്റശ്ശേരിയിലെ തങ്കപ്പന്‍ മാഷ് ഓര്‍മ്മയായി.  2012  ജൂണ്‍ 28 ന്‌.......    .......
മനോജ് എഴുതുന്നു.

മൂന്നര പതിറ്റാണ്ട് മുമ്പ്, വിക്ടോറിയ കോളജിലെ ഒരു പരീക്ഷയ്ക്കു ശേഷം സുഹൃത്ത് ശാന്തനുമൊപ്പം, ഔസേപ്പച്ചനെന്ന ജോര്‍ജ് ജോസഫിനെത്തേടി ആദ്യമായി മണ്ണാര്‍ക്കാട്- പൊറ്റശ്ശേരിയില്‍. രാത്രിയില്‍ ചെന്നു കയറിയത് തങ്കപ്പന്‍ മാഷ് താമസിച്ചിരുന്ന വീട്ടിലാണ്‌. ആഴ്ചപ്പതിപ്പിന്‍റെ ബാലപംക്തിയിലൂടെ നവതരംഗത്തിലെത്തിനിന്നിരുന്ന എന്നെ മാഷ് പെട്ടെന്ന് തിരിച്ചറിഞ്ഞു. സ്നേഹമസൃണമായ ആതിഥ്യം. പിന്നെ വായനയുടേയും എഴുത്തിന്‍റേയും ലോകവിശേഷങ്ങള്‍.‍ അറിവിലും ആകാരത്തിലും അന്തരം പുലര്‍ത്തിയ അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളും മനസ്സില്‍ ബാക്കി നിന്നു. വായനക്കിടയില്‍ കണ്ടെത്തിയ മുത്തുകള്‍ ഞങ്ങള്‍ പങ്കു വച്ചു.‍

ഒരു ദിവസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും, ഞങ്ങള്‍ സുഹൃത്തുക്കളിലൂടെ പരസ്പരം അറിഞ്ഞുകൊണ്ടിരുന്നു. പിന്നെ, ജീവിതയാത്രകളില്‍ ആ ബന്ധം മുറിഞ്ഞു. എന്നാലും ആ രാത്രിയും തങ്കപ്പന്‍ മാഷും മനസ്സില്‍ അങ്ങനെ മായാതെ നിന്നു.

പിന്നീട്, പലപ്പോഴും മണ്ണാര്‍ക്കാട് എത്താറുണ്ടായിരുന്നെങ്കിലും മാഷെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന്, ഔസേപ്പച്ചനെ വിളിക്കുമ്പോളാണ്‌ അറിഞ്ഞത്, മാഷ് പൊറ്റശ്ശേരിയില്‍ തന്നെയായിരുന്നു സ്ഥിരതാമസം.

വട്ടിയൂര്‍ക്കാവിലേയ്ക്കോ, ശ്രീകൃഷ്ണപുരത്തേയ്ക്കോ ഉള്ള യാത്രകളില്‍  ഇനി തങ്കപ്പന്‍ മാഷെ കാണണമെന്ന് ആരോടും പറയേണ്ടല്ലോ!



Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!