ഒരു ദളിത് അപനിര്‍മ്മാണം
ഗാന്ധിയെ 2012 ല്‍ വിവസ്ത്രനാക്കുന്നതില്‍ സാംഗത്യമില്ല. അദ്ദേഹം ജീവിച്ചിരുന്ന കാലവും, സാമുഹ്യപരിതസ്ഥിതികളും, മാനുഷികാവസ്ഥയും എല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. 'തെറ്റാവരം' സിദ്ധിച്ച ഒരു 'ദൈവതുല്യനൊ'ന്നുമായിരുന്നില്ല അദ്ദേഹം.മനുഷ്യസഹജമായ ബലഹീനതകളൊക്കെയുണ്ടായിരുന്ന ഒരു സാധാരണ മനുഷ്യന്‍. നമ്മുടെ പിതാക്കന്മാര്‍ക്കും, പിതാമഹന്മാര്‍ക്കും കഴിയാതിരുന്നൊരു നേതൃപാടവത്തിനുടമയായിരുന്നു അദ്ദേഹം എന്നുള്ളത് ചരിത്രം തെളിയിച്ച വസ്തുതയാണ്. (അദ്ദേഹത്തെപ്പോലെ സ്വാതന്ത്ര്യസമരത്തില്‍ എടുത്തു ചാടാതിരുന്ന കന്ദസാമിയേയും, അദ്ദേഹത്തിന്‍റെ പിതാശ്രീയേയും നാളെ മീനാ കന്ദസാമി തെറി വിളിച്ചാല്‍ ആ അഭിപ്രായസ്വാതന്ത്ര്യത്തേയും നാം അംഗീകരിച്ചു കൊടുക്കണം)
അപനിര്‍മ്മാണസൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വച്ച് വാറ്റിയെടുത്ത മീനയുടെ വിഭവം നാവില്‍ വയ്ക്കാന്‍ കൂടി കഴിയാത്തതായിപ്പോയി. എന്തും എഴുതിക്കൂട്ടി കവിതയുടെ ചട്ടക്കൂട്ടില്‍ തള്ളിക്കയറ്റിയാല്‍ അത് വൈകൃതമായി തന്നെ നിലനില്‍ക്കുമെന്ന് അവര്‍ നമുക്ക് കാണിച്ചു തരുന്നു.
ഇന്നലെ വരെ സുഗതകുമാരി നന്നായിരുന്നതു കൊണ്ടാണല്ലോ അവരെ പുസ്തകപ്രകാശനത്തിനു ക്ഷണിച്ചത്! സ്വന്തം വിശ്വാസത്തിനേയും ആദര്‍ശത്തിനേയും വിലയ്ക്കു വില്‍ക്കാതെ അവര്‍ പുസ്തകപ്രകാശനത്തില്‍ നിന്നു പിന്തിരിഞ്ഞപ്പോള്‍ ഇന്ന് അവര്‍ സവര്‍ണ്ണ-ഫാസിസ്റ്റ്-കവി ആയി.
എറിഞ്ഞു കളഞ്ഞ പന്ത്, ആള്‍ക്കൂട്ടത്തില്‍ മൂക്കളയൊലിപ്പിച്ചു നില്‍ക്കുന്ന കരുമാടിക്കുട്ടന്‍റെ കോണകത്തിനുള്ളില്‍ നിന്നും എടുത്തുകാണിക്കുന്ന ചെപ്പടിവിദ്യക്കാരന് കിട്ടുന്ന ആള്‍ക്കൂട്ടവും കൈയ്യടിയും ധീരരക്തസാക്ഷിയുടെ ചിതാഭസ്മസ്വീകരണത്തിനു കിട്ടണമെന്നില്ല!
Comments