ട്വിക്സ്റ്റ് - വിഷാദാത്മകതയോടെ സംവിധായകനും
- സുരേഷ് നെല്ലിക്കോട് സ്വന്തം ചിത്രത്തിലെ അതിദാരുണമായ ബോട്ടപകടത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഏതാനും നിമിഷങ്ങളിലേയ്ക്ക് ശബ്ദം വിതുമ്പിപ്പോയി. വാല്‍ കില്‍മെര്‍ അവതരിപ്പിച്ച കഥാപാത്രം, ബോട്ടപകടത്തില്‍ മരിക്കുന്ന മകളെക്കുറിച്ചുള്ള വേദനകളേറ്റുവാങ്ങി സ്വയം കുറ്റാരോപിതനാവുന്നതുപോലെ, ചലച്ചിത്രരംഗത്തെ അതികായനായ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയും, 1986 ല്‍ തന്‍റെ മകന്‍ ജിയോയുടെ മരണത്തിനിടയായ അപകടത്തിന് പരോക്ഷമായി താനും ഉത്തരവാദിയായിരുന്നെന്ന് സ്ഥാപിക്കുകയായിരുന്നു. അതിന്‍റെ ന്യായമാണെങ്കിലോ ഒരച്ഛനുമാത്രം മനസ്സിലാകുന്നതും! മകന്‍ വിളിച്ചിട്ടും പോകാതിരുന്ന ഒരച്ഛന്‍, താന്‍ അവന്‍റെകൂടെയുണ്ടായിരുന്നെങ്കില്‍ ആ അപകടം ഒഴിവാക്കാമായിരുന്നു എന്ന് സ്വയം കുറ്റപ്പെടുത്തുന്നു. 'ഗോഡ്ഫാദറും', 'അപ്പോകാലിപ്സ് നൗ'വുമൊക്കെ ഒരുക്കിയ അതിപ്രശസ്തനായ ഒരു ചലച്ചിത്രകാരനെ ഇത്തരം ഒരു മിഥ്യാബോധത്തിന്‍റെ തടവുകാരനാക്കിയത് അദ്ദേഹത്തിന്‍റെയുള്ളിലെ സ്നേഹമയനായ പിതാവ് മാത്രമായിരുന്നു. രംഗം: മുപ്പ ത്താറാമത് ടൊറോന്‍റോ അന്താരാഷ്ട്ര മേളയിലെ കപ്പോള ചിത്രമായ 'ട്വിക്സ്റ്റ്' ന്‍റെ പ്രദര...