ശാപമോക്ഷം കിട്ടുന്ന വാക്കുകള്‍
-സുരേഷ് നെല്ലിക്കോട്
ഭരണമുന്നണിയുടെ ഹെഡ്മാസ്റ്ററായ ചീഫ് വിപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പെരുമാറുന്ന രീതി ഇനിയും കണ്ടിട്ടില്ലാത്തവര്‍ എത്രയും പെട്ടെന്ന് യൂ-റ്റ്യൂബിനു മുമ്പില്‍ ക്യൂ പാലിച്ച്, ടിക്കറ്റെടുത്ത് ഉള്ളില്‍ കയറേണ്ടതാണ്. ചില വാക്കുകളെ നാം തെറികളായി പ്രഖ്യാപിച്ച് പണ്ടുകാലം മുതലേ മാറ്റി നിറുത്തിയിരുന്നു. അവയാണെങ്കില്‍ ശാപമോക്ഷവും കാത്ത് നൂറ്റാണ്ടുകളായി അലഞ്ഞു തിരിയുകയായിരുന്നു. അമരകോശത്തിലും, നിഘണ്ടുവിലുമൊക്കെ കയറിക്കൂടാന്‍ ഒട്ടേറെ ശ്രമിച്ചിട്ടും അവ രക്ഷപെട്ടില്ല. വല്ലപ്പോഴും, മനുഷ്യര്‍ തമ്മില്‍ തല്ലുകൂടുമ്പോഴും ഇപ്പോള്‍ ആ വാക്കുകള്‍ ഉപയോഗിക്കാത്തതിനാല്‍, അവയ്ക്ക് വീണ്ടും അലഞ്ഞുതിരിയാനായിരുന്നു വിധി. ഇംഗ്ലീഷിലെ തെറികള്‍ പോലും ഡിക് ഷ്ണറിയിലും ഇന്‍റെര്‍നെറ്റിലും കിട്ടിത്തുടങ്ങിയെന്നൊരു ഹര്‍ജി കൊടുത്തിട്ടും അവ മലയാളം നിഘണ്ടുവിലേയ്ക്കൊന്നും പരിഗണിക്കപ്പെട്ടില്ല.
ഇപ്പോള്‍, പൂഞ്ഞാറിലെ വൈദ്യുതിയാപ്പീസില്‍ അവയ്ക്കൊന്നു നടു നിവര്‍ത്താന്‍ ഒരവസരം കിട്ടിയിരിക്കുന്നു. അതും ഔദ്യോഗികമായി, ഒരു പ്രധാനപ്പെട്ട ജനപ്രതിനിധി തന്നെ. തെറി കിട്ടിയത് കേരള കോണ്‍ഗ്രസ്സിന്‍റെയോ, കോണ്‍ഗ്രസ്സിന്‍റെയൊ തൊഴിലാളി സംഘടനകള്‍ക്കാണെന്നത് ഉറപ്പ്. മറ്റുള്ളവരാണെങ്കില്‍ ഒന്നു തിരിച്ചെങ്കിലും വാള്‍ വീശുമായിരുന്നു. അല്ല.. അതെങ്ങനെ വീശും അല്ലേ? വാളുവച്ചു കിടക്കുന്നവര്‍ ആരായാലും തിരിച്ചടിച്ചാല്‍ വിവരം അറിയുമല്ലോ! (കറണ്ട് പോയപ്പോള്‍, നന്നാക്കാതെ വാളുവച്ച് കിടന്നുറങ്ങിയതിനായിരുന്നല്ലോ, തെറിവിളി!) അപ്പോള്‍, വാദി വീണ്ടും പ്രതിയാകും. അങ്ങനെ, തിരിച്ച് മിണ്ടാതിരുന്നതുമാകാം. പിന്നെ, ഹെഡ് മാഷിന്‍റെ കൈയില്‍ തോക്കും ഉണ്ടാവാന്‍ സാധ്യതയുണ്ടല്ലോ. ഒരു ചോദ്യം ചെയ്യലിലൂടെ ജീവന്‍ കളയാന്‍ ആരെങ്കിലും മിനക്കെടുമോ?
അങ്ങനെ ഒരു തെറിക്ക് ജനപ്രതിനിധിയിലൂടെ ശാപമോക്ഷം കിട്ടിയിരിക്കുന്നു. ഈ യൂ-ട്യൂബ് ഒരു വല്ലാത്ത സാധനം തന്നെ! ഒരു സെന്‍സര്‍ഷിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പ് തന്നെ അത് ജനങ്ങളുടെ സിരകളില്‍ കയറി മത്തു പിടിപ്പിച്ചിരിക്കും.
മനോരമ റ്റീവിയിലെ ജോണി ലൂക്കോസ് ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തെ ഒന്ന് നേരേ ചൊവ്വേയാക്കാനൊരു ശ്രമം നടത്തിയിട്ടും രക്ഷയില്ലാതായി. അദ്ദേഹം ഒരിഞ്ച് വിട്ടു കൊടുത്തില്ല. ചെയ്തത് അപ്പടിയും ശരിയെന്നു തന്നെ വാദം. മാത്രമല്ല, അതു പോരെന്നും, ഇവര്‍ക്കൊക്കെ അതില്‍ക്കൂടുതലായി എന്തെങ്കിലും ചെയ്യണം എന്ന ഒരു ആഗ്രഹം ബാക്കിയുണ്ടെന്നും. അപ്പോള്‍ എനിക്കൊരു സംശയം. ട്യൂബിലെ തെളിവും ഊറ്റിയെടുത്ത് ആരെങ്കിലും കോടതിയില്‍ പോയാല്‍ സാറ് കുടുങ്ങുകയില്ലേ? മനോരമയില്‍ പ്രത്യേകിച്ചും അത് നിഷേധിക്കാനുള്ള ഒരു ചാന്‍സ് അദ്ദേഹം കളഞ്ഞുകുളിച്ച സ്ഥിതിക്ക്. അല്ല.. അതെങ്ങനെ നിഷേധിക്കാന്‍ കഴിയും അല്ലേ, ട്യൂബ് ഇങ്ങനെ ലോകം മുഴുവന്‍ വാര്‍ത്ത പരത്തിയ സ്ഥിതിക്ക്? പിന്നെ, പല വീരന്മാരും പറഞ്ഞതു പോലെ ഉറക്കെയങ്ങ് നിഷേധിക്കണം. എന്നിട്ട് തന്‍റെ ശബ്ദമല്ല അതെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കണം. ആ ഒരു വഴി മാത്രമേ ബാക്കിയുള്ളു എന്നു ചിന്തിച്ചാലും ശരിയാവില്ല, മനോരമയില്‍ അത് നിഷേധിക്കാത്തിടത്തോളം കാലം.
എന്‍റെ ഒരുകാര്യം! മനുഷ്യമനസ്സൊരു കടിഞ്ഞാണില്ലാത്ത കുതിരയാണെന്ന് പണ്ടാരോ പറഞ്ഞതെത്ര ശരിയാണ്! ജോര്‍ജ് സാറിന്‍റെ സ്ഥാനത്ത് വെറുതെ ഞാന്‍ ഉമ്മന്‍ ചാണ്ടിയേയും, തിരുവഞ്ചൂരിനേയും, കെ.എം.മാണിയേയും ഒക്കെ സങ്കല്പിച്ചു നോക്കി രസിച്ചു. ഇവരൊക്കെ തിരുവനന്തപുരത്തേയും, കോട്ടയത്തേയും, പാലായിലേയും വൈദ്യുതിയാപ്പീസില്‍ കടന്നു കയറി ഇങ്ങനെയൊരു സ്പീച്ച് കൊടുക്കുന്നതിനെപ്പറ്റി. എന്തിന്, ഞങ്ങളുടെ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റായ കറിയാച്ചേട്ടനെപ്പോലും. ഛെ...ശരിയാകുന്നില്ല.
ആകെ മാച്ച് ആയ ഒരാള്‍ ആ കോടതിയെ ചീത്തവിളിച്ച ജയരാജന്‍ ചേട്ടനാണ്. കഴിഞ്ഞതിന്‍റെ മുമ്പിലെ തെരഞ്ഞെടുപ്പ് കാലത്ത് ആ പാവം എ.ഡി.എമ്മിന്‍റെ മേക്കേറി മേല്‍പ്പൂട്ടിടുന്ന രംഗം. അദ്ദേഹമൊഴിച്ച് മറ്റെല്ലാവരും ആ സ്ഥാനത്ത് ചേരാതെ മുഴച്ചു നില്‍ക്കുന്നു. പിന്നെ, കണ്ണൂര്‍ക്കാരന്‍ സുധാകരേട്ടനേയും കഷ്ടിച്ച് ഒപ്പിക്കാം. പക്ഷേ, അദ്ദേഹം എത്ര നിര്‍ബ്ബന്ധിച്ചാലും തെറി പറയുകയില്ല. അതൊഴിച്ച് എന്തു വേണമെങ്കിലും ചെയ്യും. വേണമെങ്കില്‍ രണ്ടു പൊട്ടിക്കാനും മടിക്കില്ല. ജോര്‍ജ് സാര്‍ പറഞ്ഞതുപോലെ, ജനങ്ങള്‍ക്ക് വേണ്ടിയല്ലേ, ഇതിലപ്പുറവും ചെയ്യാം. അങ്ങനെ നോക്കുമ്പോള്‍, ജോര്‍ജ് സാറിന്, ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി തെറിവിളിയില്‍ ഒരു വെല്ലുവിളി ജയരാജന്‍ ചേട്ടന്‍റെ പക്ഷത്തു നിന്നു മാത്രമേയുള്ളു.
അല്ലെങ്കില്‍ത്തന്നെ, ഈ തെറീന്നൊക്കെ പറയണത് എന്താ? രണ്ടോ, മൂന്നോ അക്ഷരം ചേര്‍ത്തൊരു വാക്കുണ്ടാക്കി, അവയ്ക്ക് ഭ്രഷ്ട് കല്‍പ്പിക്കുക. അതിലെന്തുകാര്യം. യൂറോപ്പിലും അമേരിക്കയിലുമൊക്കെ വെള്ളക്കാരന്‍ വര്‍ത്തമാനത്തിനിടെ സമൃദ്ധമായി ഒരു 'നാലക്ഷരവാക്ക്' ഉപയോഗിക്കും. അതിന് ആണെന്നോ, പെണ്ണെന്നോ, അച്ഛനെന്നോ, അമ്മയെന്നോ വ്യത്യാസമില്ല. ബാങ്കിലും, സ്കൂളിലുമൊക്കെ സ്ഥിരമുപയോഗിക്കുന്ന ആ വാക്ക്, ഗള്‍ഫിലെ പൊതുസ്ഥലത്തൊക്കെ പ്രയോഗിക്കുമ്പോള്‍ അവന്മാരെയൊക്കെ വിരട്ടി, ഞങ്ങള്‍ ക്ഷമ പറയിക്കാറുണ്ട്.
എന്നാലും ഒരു ശങ്ക ബാക്കി. ജനപ്രതിനിധികളൊക്കെ സംശയാതീതമായും നല്ല പെരുമാറ്റത്തിന്‍റെ ഉടമകളാവേണ്ടതല്ലേ? അവര്‍,ഡിക് ഷ്ണറിയിലില്ലാത്ത വാക്കുകള്‍ പ്രയോഗിക്കാന്‍ പാടുണ്ടോ?
Comments