അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!

ദൈവം പോലും നമുക്ക് അന്യനായി. അഹിന്ദുക്കളെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കുന്നതില്‍ ദേവന് അഹിതമുണ്ടെന്നു കണ്ടെത്താന്‍ ഒരു ദേവ പ്രശ്നത്തിനായി. എന്താണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനയോഗ്യത? ആരാണ് അത് നിശ്ചയിക്കാന്‍ യോഗ്യര്‍? ഇപ്പോഴത്തെ ഈ ദേവപ്രശ്നത്തിനു പിന്നില്‍ അതിക്രൂരമായൊരു ഗൂഢാലോചനയുണ്ട്. മന്ത്രി സുധാകരന്‍ തുടങ്ങി വച്ച ഒരു ജനകീയ വിവാദത്തിനു തടയിടാന്‍ സാധാരണക്കാരായ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനായി സവര്‍ണമേധാവിത്വം സ്വയം ഏറ്റെടുത്ത ചിലര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണവിടെ നമ്മള്‍ കണ്ടതു്‌. ഈ സ്വയംകൃതാധികാരികള്‍ക്കു്‌ ആരാണ്‌ ഈ ഹിന്ദുത്വകോടതിയുടെ പരമാധികാരം കൊടുത്തതു്‌? എല്ലാ ഇന്ത്യക്കാരനേയും 'ഹിന്ദു'വായി കാണാനുള്ള വിശാലമനസ്കതയില്ലാത്തതാണ് നമ്മുടെ പ്രശ്നം. സവര്‍ണ്ണമേധാവിത്വം ജാതിയും മതവും പറഞ്ഞു മാറ്റി നിറുത്തുമ്പോള്‍ സ്വന്തം കൂട്ടായ്മകളിലേയ്ക്കു മടങ്ങാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുന്നു. അപ്പോള്‍ അതു ഭാരതവിരുദ്ധമെന്നും പൊതുവായ ചിന്താധാരയ്ക്കെതിരാണെന്നും അവര്‍ വിധിക്കുന്നു. ഈ സ്ഥിതി മാറാതിരിക്കുവോളം നാം വിഘടിത വിഭാഗങ്ങളാകുന്നു.

പക്ഷേ, ഇവിടെ ജാതി നമ്മുടെ തിരഞ്ഞെടുക്കലല്ലാത്തിടത്തോളം കാലം ആരാണു നമുക്കീ, മറ്റുള്ളവരെ മാറ്റി നിറുത്താനുള്ള അധികാരം തന്നത്‌? ജന്മം കൊണ്ടു്‌ നാം ഓരോ ജാതിയിലാവുന്നതെങ്ങനെ ശിക്ഷ‍യാകും? അപ്പോള്‍ ഏതു ജാതിയില്‍ ജന്മം കൊണ്ടവനാണു്‌ മികച്ചതെന്നു്‌ ആര്‍ക്കാണു തീരുമാനിക്കാന്‍ അധികാരം? ക്ഷേത്രങ്ങള്‍ ഭരിക്കാന്‍ ആര്‍ക്കാണു്‌ അധികാരം?

മനസ്സിന്റെ സ്വാസ്ഥ്യം തേടിയുള്ള പ്രാര്‍ഥനകള്‍‍ക്കൊരിടം മാത്രമാണു്‌ ക്ഷേത്രങ്ങള്‍. അത് ഭഗവാന്‍ മഹാരാജാവായി വാഴുന്ന ഒരു കൊട്ടാരമല്ല. കിങ്കരന്മാരെ പ്രസാദിപ്പിച്ചു മുഖം കാണിക്കാന്‍ ഭാഗ്യം ലഭിക്കേണ്ട ഒരു സ്ഥലവുമല്ല. ‍

ഭഗവാന്റെ മനസ്സറിയാന്‍ ഒരുകൂട്ടം വേദജ്ഞാനികള്‍ക്ക് എന്താണു യോഗ്യത? ആര്‍ഷഭാരത സംസ്കാരമെന്നു നാം അഭിമാനിക്കുന്നതിന്റെ കാതല്‍ വിശാലമനസ്കതയും ഉള്‍ക്കൊള്ളലുകളുമാണ്‌‍. അതിന്‌ അതിര്‍വ‍രമ്പുകളൊന്നുമില്ല. ഉണ്ടാവാന്‍ പാടില്ല! വിദേശശക്തികള്‍ പുരാതനകാലത്തു്‌ ഭാരതത്തില്‍ അധികാരം സ്ഥാപിച്ചതു്‌ നമ്മുടെ ആതിഥേയതാല്പര്യങ്ങളിന്മേലായിരുന്നില്ല. കയ്യൂക്കിന്റേയും പിടിച്ചടക്കലുകളിന്റേയും മാത്രം കഥയാണത്‌. തികച്ചും ദുര്‍ബ്ബലമായിരുന്ന, വിരുദ്ധ സംസ്കാരങ്ങളുടെ വിയോജിപ്പുകളിന്മേലുള്ള, വിദേശികളുടെ മനശ്ശാസ്ത്രം അതു മാത്രമായിരുന്നു. വിഘടിപ്പിച്ചു കീഴടക്കുക, ഭരിക്കുക എന്നൊക്കെ പിന്നീടറിയപ്പെട്ട അതേ മനശ്ശാസ്ത്രം. അവിടെ നാം ആര്‍ഷഭാരതസംസ്കാരത്തിന്റെ സ്വീകരണമഹത്വത്തിന്റെ കഥകള്‍ നിരത്തുന്നതു്‌, കീഴടങ്ങലിന്റെ ഉരുണ്ടു കളിയാണു്‌.

ഇപ്പോഴത്തെ ഈ ഗുരുവായൂര്‍ ദേവപ്രശ്നം ദൈവത്തിന്റെ സംസാരശേഷിയില്ലായ്മയ്ക്കു പിന്നില്‍ നിന്നു്‌ ഒരുകൂട്ടം അധികാരപ്രമത്തരുടെ ഡബ്ബിങ്ങുകളാണ്‌. ദൈവത്തിന്റെ കൈയിലും കാലിലും ചരടുകള്‍‍ കെട്ടിക്കളിക്കുന്ന ശബ്ദപ്രമാണങ്ങളുടെ ഒരു പാവകളി.

മന്ത്രി സുധാകരന്‍ ധീരനാണു്‌. പലരും തുറന്നു പറയാന്‍ മടിച്ചതു് അദ്ദേഹം പറഞ്ഞു.
അങ്ങനെ വന്നപ്പോള്‍‍ നില്‍ക്കക്കള്ളിയില്ലാതായ അമ്പലംവിഴുങ്ങികളുടെ അസ്വസ്ഥതകളാണു്‌ ഇപ്പോള്‍ ഈ ദേവപ്രശ്നത്തിനു ഹേതു. അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ ദേവനു്‌ അഹിതമുണ്ടെന്നു്‌ കര്‍ട്ടനു പിന്നില്‍ നിന്നു ദൈവത്തിന്റെ വായിലൂടെ പറഞ്ഞാല്‍ അതു്‌ പാവം സാധാരണന്‍ അങ്ങനെ തന്നെ വെട്ടി വിഴുങ്ങിക്കോളും എന്ന ചിന്തയുടെ പാരമ്യം. എനിക്കേറ്റവും അദ്ഭുതം തോന്നിയതു് അക്കൂട്ടത്തില്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രി എങ്ങനെ ഭാഗഭാക്കായി എന്നാണു്‌?ജാതിക്കും മതത്തിനും ഉച്ചനീചത്വത്തിനുമെതിരായി നിലകൊണ്ട ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍‍ക്കു് പരിപാവനമായ മാനം നല്‍കാന്‍ ബാദ്ധ്യസ്ഥനായിരുന്ന അദ്ദേഹവും ആ ഒഴുക്കില്‍പ്പെട്ടു. ഭഗവദ് ഗീതയുപദേശിച്ച ശ്രീകൃഷ്ണന്റെ ചിന്തകളെ കടകവിരുദ്ധമായി ഹൈജാക്ക്‌ ചെയ്യാന്‍ കഴിഞ്ഞ ഇക്കൂട്ടരുടെ ധൈര്യം അവര്‍ണ്ണനീയം തന്നെ!

ഈ വിഷയത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നയം പ്രഖ്യാപിക്കണം. ശ്രീനാരായണധര്‍‍മ്മ പരിപാലനത്തിന്റെ മുന്‍നിര നയിക്കേണ്ട പ്രസ്ഥാനം ഇതിനെതിരേ ശബ്ദമുയര്‍ത്തണം. സ്ഥാപിതതാല്‍പര്യങ്ങളുടെ കൂട്ടിലിട്ട ഇത്തരം ദൈവങ്ങള്‍ക്കു്‌ നാം കാഴ്ച്ചക്കുലകള്‍ സമര്‍പ്പിക്കില്ലെന്നു്‌ സധൈര്യം പ്രഖ്യാപിക്കാന്‍ വെള്ളാപ്പള്ളിയെപ്പോലുള്ള സമുദായനേതാക്കള്‍ തയ്യാറാവണം.

അധസ്ഥിതമായിക്കിടന്ന നായര്‍ സമുദായത്തിന്റെ ഉന്നമനം മാത്രമായിരുന്നു മന്നത്തു പദ്മനാഭന്‍ നയിച്ച എന്‍ എസ്സ് എസ്സിന്റെ മിഷന്‍ സ്റ്റേറ്റ്മെന്റ്. ‍ സമുദായത്തിലെ അനാചാരങ്ങള്‍ക്കും വ്യവസ്ഥാപിതമായ വ്യയനങ്ങള്‍ക്കുമെതിരേ മറുമരുന്നുകള്‍‍ നിര്‍ദ്ദേശിച്ചു കൊണ്ടായിരുന്നു എന്‍ എസ്സ് എസ്സിന്റെ ഉദ്ഭവം. അനിയന്ത്രിതമായ ധൂര്‍ത്തുകള്‍ക്കെതിരേയായിരുന്നു ആ ശബ്ദം. അതു്‌ മറ്റു സമുദായങ്ങളോടുള്ള സഹവര്‍ത്തിത്വത്തില്‍ അധിഷ്ഠിതവുമായിരുന്നു. സ്വയം നന്നവാനും മറ്റുള്ളവരെ നന്നാക്കാനുമായിരുന്നു ആ ഉദ്ബോധനങ്ങള്‍. അതിനാല്‍ പി കെ നാരായണപ്പണിക്കരും ഈ അനീതിക്കെതിരേ പൊരുതാന്‍ മുന്നിട്ടിറങ്ങണം.

ജനസംഖ്യയില്‍ അഞ്ചോ പത്തോ ശതമാനം അവകാശപ്പെടാനുള്ള ബ്രാഹ്മണരില്‍ ഭൂരിഭാഗത്തിന്റെ പ്രതിനിധിയാണോ ചേന്നാസ് നമ്പൂതിരിപ്പാട്‌? ഈ എം എസ് ജ്വലിപ്പിച്ച മാറ്റത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ബ്രാഹ്മണസമുദായത്തിലെ സമാനചിന്താഗതിക്കാരും ഇതിനെ എതിര്‍ക്കണം. തോട്ടത്തില്‍ രവീന്ദ്രനു്‌ മാനവികസമാനതകളുടെ വെളിപാടുകളുണ്ടാവണം. മന്ത്രി സുധാകരന്‍ ധീരനായി ഇത്തരം കാര്യങ്ങളില്‍ മുമ്പോട്ടു വരണം. പലരും അദ്ദേഹത്തെ ചീത്ത വിളിച്ചെങ്കിലും ആ അണ്ണാറക്കണ്ണനും തന്നാലായത്‌ ചെയ്തതാണു്‌ ഈ പരിണാമത്തിന്റെ വേരുകള്‍ ഉറപ്പിച്ചതു്. അനീതിക്കെതിരേ സധൈര്യം പൊരുതിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇക്കാര്യത്തില്‍ മന്ത്രിയെ മുമ്പില്‍ നടത്തണം. ഗാന്ധിജിയുടെ ജീവിതവീക്ഷണങ്ങളില്‍ നിന്നു വേരെടുത്ത കോണ്‍‍ഗ്രസ്സുകാര്‍ ഇതിന്റെ കൂടെ വരണം. ‍

നമുക്കു്‌, നമ്മളെ കാണാന്‍ അനുവദിക്കാത്ത ദൈവങ്ങളേയും അവരുടെ കൈകാലുകളില്‍ ചരടു കെട്ടി കളിക്കുന്ന, അവരുടെ വായില്‍ സംഭാഷണങ്ങള്‍ കുത്തിത്തിരുകുന്ന പാവകളിക്കാരെയും ധിക്കരിക്കാനുള്ള മാനസികമായ തയ്യാറെടുപ്പുകള്‍ക്കു് ശക്തി പകരണം. ഗുരുവായൂര്‍ക്ഷേത്രം വക ഗോശാലകളിലെ മൃഗങ്ങളുടെ ദയനീയസ്ഥിതി ചാനലുകള്‍ പുറത്തുകൊണ്ടുവന്നതിനും എത്രയോ ശേഷമാണു്‌ ഇപ്പോള്‍ ദേവപ്രശ്നത്തില്‍ അവതരിച്ചത്.

ഒരു കുട്ടി മൂത്രമൊഴിച്ചാല്‍ അശുദ്ധമാകുന്ന മതിലകങ്ങള്‍ നമുക്കു വേണമോ എന്നു നാം തീരുമാനിക്കുക. നിറവും ജാതിയും മതവും പണവും പ്രശസ്തിയും നോക്കി നമ്മെ അനുഗ്രഹിപ്പിക്കുന്ന ദൈവങ്ങള്‍‍ക്കു പിന്നിലെ സംഘടിത ശക്തിയെ നാം തിരിച്ചറിയുക. ജാതിവ്യവസ്ഥകളുടെ തിക്തത പേറുന്ന ഉത്തരേന്ത്യന്‍ നിരക്ഷരതകളില്‍പ്പോലും ഏതു ക്ഷേത്രങ്ങളിലും ആര്‍ക്കും കടന്നു ചെല്ലാം. പൂജാരികളെ തൊട്ടാല്‍പ്പോലും അവിടം അശുദ്ധമാകാറില്ല.‍

നമ്മുടെ നന്മകളാണു്‌ ദൈവത്തിന്റെ നടവഴികള്‍. നമ്മുടെ മുമ്പിലുള്ള കണ്ണാടി പ്രതിഷ്ഠകളാണു്‌ നമ്മെ ഉള്ളിലേക്കു നോക്കാന്‍ പ്രേരിപ്പിക്കുന്നതു്. എന്റെ സ്വാസ്ഥ്യങ്ങളെ ശക്തമാക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്‌. അത് പലപ്പോഴും നിശ്ശബ്ദിതമായ, ഒറ്റപ്പെട്ട ഏതെങ്കിലുമൊരു ഗ്രാമക്ഷേത്രത്തിലെ, മഴയും വെയിലുമേറ്റു ജീവിക്കുന്ന പ്രൊലിറ്റേറിയന്‍ ദൈവങ്ങള്‍ക്കു മുമ്പിലാണു്‌. ‍അവിടെയാകുമ്പോ‍ള്‍ ഞാന്‍ സമയബന്ധിതനല്ല. എത്രനേരം വെണമെങ്കിലും നമ്മുടെ നേതാക്കന്മാരുടെ മനസ്സു മാറാനായി അവിടെ പ്രാര്‍ത്‍ഥിച്ചു നില്‍ക്കാം. എന്റെ ചലനസ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കുന്ന, എന്റെ സാമ്പത്തികവ്യാപ്തിയെ അളന്നുനോക്കുന്ന ദൈവങ്ങളെ കാണാന്‍ പോകാത്തതില്‍, മതില്‍ക്കെട്ടിനു പുറത്തു നിന്നു്‌ ക്ഷമ ചോദിക്കാറുണ്ട്. ഒരു പക്ഷേ കുറച്ചു കൂടിക്കഴിഞ്ഞാല്‍ അവിടങ്ങളില്‍ തൊഴാന്‍ പോലും വിശാലഹിന്ദു നേതൃത്വങ്ങളോട് അനുമതി തേടേണ്ടി വന്നേക്കാം.

നാം പ്രബുദ്ധരാണു്‌. വിദ്യാസമ്പന്നരാണു്‌. അനാവശ്യ വിവാദങ്ങളിലും പരദൂഷണങ്ങളിലും പെട്ട് നാം നമ്മുടെ സമയം പാഴാക്കുകയാണു്‌. ആരൊക്കെയോ അത് വ്യവസായമായി മാറ്റുകയും ചെയ്യുന്നു. അതു്‌ തിരിച്ചറിയാനുള്ള മഹാപഥങ്ങളിലൂടെ ആരാണു്‌ നമ്മെ നയിക്കുക?

Comments

ദത്തേട്ടാ...നല്ല ലേഖനം... ഇതിന്നാണ് കണ്ടത്...

ഇന്നത്തെ ന്യൂസില്‍ കേട്ടൂ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കേറുന്നത് ദേവന് അഹിതമത്രേ... എന്താ ഇതിനൊക്കെ പറയാ...!

ഞാനും ഒരു വിശ്വാസി തന്നെ... അന്ധമായ വിശ്വാസങ്ങളില്ല എന്നു മാത്രം. ദേവനെ കാണാനോ... കര്യങ്ങള്‍ ബോധിപ്പിക്കാനോ ഇടനിലക്കാര്‍ വേണ്ട എന്ന പക്ഷക്കാരനാണ് ഞാന്‍.
ദത്തേട്ടന്‍ പറഞ്ഞപോലെ “മനസ്സിന്റെ സ്വാസ്ഥ്യം തേടിയുള്ള പ്രാര്‍ഥനകള്‍‍ക്കൊരിടം മാത്രമാണു്‌ ക്ഷേത്രങ്ങള്‍“.അത് സത്യം.
Unknown said…
ചാരുദത്തന്‍ , പോസ്റ്റിന്റെ ഫോണ്ട് അല്പം വലുതാക്കാമോ ? വായിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നു . അല്ലെങ്കില്‍ ബേക്ക് കളര്‍ മാറ്റൂ .. പ്ലീസ് .. പിന്നെ കമന്റ് പോപ് അപ് ഒഴിവാക്കുക ..
സ്നേഹാന്വേഷണങ്ങളോടെ,
വര്‍ക്കേഴ്സ് ഫോറം എന്ന ബ്ലൊഗില്‍ ദേവപ്രശ്നത്തെക്കുറിച്ച് മനോഹരവും ആധികാരികവുമായ ഒരു പൊസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു.

ചിത്രകാരന്റെ കുത്തിവരകൂടി വായിക്കാം:ദൈവജ്ഞന്മാര്‍ പണിക്കരുടെ പട്ടികളോ?
http://commentukal.blogspot.com/2007/11/blog-post_11.html
ഇന്നലെ പൊസ്റ്റ് കാണാനെ കഴിഞ്ഞുള്ളു.വായിക്കാന്‍ സമയം കിട്ടിയില്ല.
താങ്കളുടെ ചിന്തകള്‍ മഹനീയമായിരിക്കുന്നു.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍!
താങ്കള്‍ പ്രതീക്ഷിക്കുന്നതുപോലെ വെള്ളാപ്പള്ളി നടേശനോ,പികെ നാരായണപിള്ളയോ,ദേവപ്രശ്നത്തിലെ വിഢിത്തത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി ചെറുവിരല്‍ പോലും അനക്കുമെന്നു തോന്നുന്നില്ല. അവരെല്ലാം ഓരോ ഭക്തി ബിസിനസ്സ് സാമ്രാജ്യങ്ങളുടെ മാനേജിങ്ങ് ഡയറക്റ്റര്‍മാരാണ്.
അതുകൊണ്ടുതന്നെ മീഡിയയിലൂടെ പൊതുജനത്തിലെ ഉല്‍പ്പതിഷ്ണുക്കളുടെ പിന്തുണ സമാഹരിക്കുന്നതിലൂടെ ഈ സാമൂഹ്യ അനാചാര നേതാക്കളായ നവബ്രാഹ്മണ്യത്തെ വെളിച്ചത്തുകൊണ്ടുവരികയാണ് നല്ലത്. ശാസ്ത്ര സാഹിത്യ പരിഷത്ത്,ഡിഫി പോലുള്ള സംഘടനകള്‍ മരിച്ചുപോയതുകൊണ്ടുള്ള വിള്ളലിലൂടെയാണ് നവ ബ്രാഹ്മണ്യം ദേവ പ്രശ്നങ്ങളിലൂടെ തങ്ങളുടെ ആധിപത്യം സ്ഥാപിച്ച് സാമൂഹ്യചൂഷണത്തിനായി ഇറങ്ങാന്‍ ദൈര്യപ്പെട്ടിരിക്കുന്നത്.
Anonymous said…
സുകുമാരേട്ടാ/ചിത്രകാരാ,


മറുകുറിപ്പിനു നന്ദി.


-ചാരുദത്തന്‍
ചാരുത്തനു എന്റെ എല്ലാപ്പിന്തുണയും..
പറഞ്ഞതൊക്കെ പരമസത്യം!
ഗീത said…
ശ്രീ ചാരുദത്തന്റെ അതേ ലൈനില്‍ തന്നെയാ‍ണ് എന്റെ ചിന്തകളും.
എനിക്ക് ഒരുസ്ത്രീയെ അറിയാം. അവര്‍ ഹിന്ദുവല്ല.
പക്ഷേ അവര്‍ ഗുരുവായൂര്‍ പോയി ശ്രീകോവിലില്‍ കയറി ഗുരുവായൂരപ്പനെ അടുത്തുകണ്ട് തൊഴുതിട്ടുണ്ട്‌.
വളരെ സന്തോഷകരമായ ഒരു കുടുംബജീവിതം നയിച്ചു വരികയാണ് അവരിന്ന്.മനസ്സില്‍ നിറയെ നന്മയുമുള്ളയാളാണ്...
എന്തേ അവര്‍ കയറിയത് ഗുരുവായൂരപ്പന് ഇഷ്ടമായില്ലായെങ്കില്‍ ഇവരൊക്കെ പറയുന്നതനുസരിച്ച് അവര്‍ക്ക് എന്തെങ്കിലുമൊക്കെ പറ്റണമായിരുന്നല്ലോ?
Unknown said…
ഒരു തുടര്‍വായനയ്ക്ക്‌ ഉപകരിച്ചേക്കുന്ന മറ്റൊരു പോസ്റ്റ്‌ = ചുരിദാറിന്റെ 'പുരോഗമനപരത'

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം