ആര്‍ക്കോവേണ്ടി മുറിവുകളേറ്റു വാങ്ങുന്നവരെക്കുറിച്ചൊരു ചിത്രം:കാരി ജോജി ഫുക്കുനാഗയുടെ ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍ വെട്ടിപ്പിടിക്കലുകളും കീഴടക്കലുകളും ചരിത്രപുസ്തകങ്ങളില്‍ എന്നെന്നേക്കുമായി നിറഞ്ഞുനില്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചവയാണ്. ദുര്‍ബലരുടെ മേലുള്ള അധിനിവേശങ്ങള്‍ ചരിത്രത്തില്‍ വിജയങ്ങളാവുന്നു. ആ 'വിജയികള്‍'ക്കു വേണ്ടിയാണ് ചോദ്യങ്ങളും പരിശോധനകളുമില്ലാതെ ചരിത്രം വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്നത്. അവര്‍ മാത്രമാണ് ചരിത്രംപറയാന്‍ അവകാശമുള്ളവര്‍. തോറ്റവന്‍ എല്ലായിടങ്ങളില്‍നിന്നും നിഷ്‌കാസിതനാവുന്നു. നാടും വീടും സുഹൃത്തുക്കളും ബന്ധുക്കളുമില്ലാതെ അലഞ്ഞുനടക്കുന്നവനുവേണ്ടി ഒരിക്കല്‍പ്പോലും ചരിത്രം വാതില്‍ തുറക്കാറില്ല. തോല്‍വിയുടെ മായ്ക്കാനാവാത്ത മുറിവും നിറവുമാണ് അവനെ എന്നും പിന്തുടരുന്നത്. ആര്‍ക്കെതിരെയെന്നോ, എന്തിനാണെന്നോപോലും വ്യക്തമായറിയാതെ യുദ്ധംചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ രാഷ്ട്രീയം പറയുകയാണ് കാരി ജോജി ഫുക്കുനാഗ (Cary Joji Fukunaga), ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍ എന്ന ചിത്രത്തിലൂടെ. 38കാരനായ ഇദ്ദേഹം മൂന്നാംതലമുറയിലെ അമേരിക്കനായ ജപ്പാന്‍ വംശജനാണ്. ലോകത്തിലെ ഏറ്റവുംവലിയ ഓണ...