തളിർക്കുന്ന കാലത്തെ ഒരു രാത്രിമഴ ഭൂമിവാതിൽക്കൽ മുട്ടി. വാതിൽ തുറക്കപ്പെട്ടു. ''കുസൃതിക്കാരിരകളെ മുഴുവൻ പുറത്തിറക്കി വാതിലടച്ചോളൂ! ചില പൊള്ളുന്ന പാഠങ്ങൾ അവർക്കായും ബാക്കിയുണ്ടല്ലോ!'' അങ്ങനെയാണവരെല്ലാം* കിഴക്കിന്റെ വെളിച്ചത്തിനു മുമ്പേ പുറത്തുചാടിയത്. വെള്ളക്കുട്ടികളിൽ ചിലർ അവയെ കീശകളിലിട്ടു. മറ്റുചിലർ കൈത്തണ്ടയിൽ വളകളാക്കി പ്രദർശിപ്പിച്ചു. നമ്മുടെ കുട്ടികൾ വീടുമാറാൻ മടിക്കുന്ന പശുക്കുട്ടികളെപ്പോലെ പിറകോട്ടു വലിഞ്ഞു നിന്നു. ചിലർ അവയെ കോലിട്ടു കുത്തി. ചിലർ അവയെപ്പേടിച്ച് ബെഞ്ചിലും ഡെസ്ക്കിലും ചാടിക്കയറി. ഇരകളിൽ ചിലർ വഴിതെറ്റി നടന്നു. ചിലർ വണ്ടികൾക്കടിപ്പെട്ടു. ചിലർ വെയിലിൽ പൊള്ളിക്കരിഞ്ഞു. പക്ഷികളിന്ന് ആകാശം വിട്ട് ഭൂമിയിലായിരുന്നു. അലസന്മാരായ പക്ഷികൾക്കും, നിറുകയിൽ സൂര്യനെത്തുമ്പോൾ മാത്രം പിടഞ്ഞെണീറ്റു പറന്നിറങ്ങിയ മടിച്ചികൾക്കും വരെ ഇന്ന് ഇരകൾ കിട്ടി. ---------------------------------------------------- *ഏപ്രിൽ 20. ഭൂമി മണ്ണിരകളോടു പിണങ്ങിയ ദിനമായിരുന്നു. സർവ്വംസഹയാണെങ്കിലും താൻ മൃദിതയും മൃണ്മയയുമാണെന്ന് ഭൂമി ഓർമ്മപ്പെടുത്തിയ ദിനങ്ങളിലൊന്ന്.