ഹാർഡ് ഡിസ്ക്ക്
രണ്ടു പതിറ്റാണ്ടിനു ശേഷമായിരുന്നു മോഹനചന്ദ്രനോട് സംസാരിക്കുന്നത് തന്നെ. അതും ഫോണിൽ. അവനിപ്പോൾ കോഴിക്കോട് ജില്ലയിൽ ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലാണ്. 8-9-10 ക്ലാസ്സുകളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. കോളജിലെത്തിയപ്പോൾ ഞങ്ങൾ വെവ്വേറെ ഗ്രൂപ്പുകളിലായി. വിട്ടുപോയതൊക്കെ പൂരിപ്പിച്ച് ഞങ്ങൾ പുതിയ കാലത്തേയ്ക്കു വന്നു. അതിനിടയിൽ തെന്നിത്തെറിച്ച് വീണ്ടും പഴയ ചില സൗഹൃദങ്ങളിലേയ്ക്കും പഴയ അദ്ധ്യാപകരിലേയ്ക്കും പലകുറി വീണു.എട്ടിലും ഒമ്പതിലും അവനെ നിരന്തരം തേജോവധം ചെയ്ത ഒരു അദ്ധ്യാപകനുണ്ടായിരുന്നു.പൗലോസ് സർ. അവന്റെ ചില നിഷ്ക്കളങ്കമായ സംശയങ്ങളെ അദ്ദേഹം നേരിട്ടിരുന്നത് സഭ്യതയുടെ എല്ലാ അതിരുകളും കടന്നുകയറിയാണ്.പെട്ടെന്നാണ് എനിക്കോർമ്മ വന്നത്, ദിവസേനയെന്നോണം രണ്ടാം ബെഞ്ചിൽ പൗലോസ് സാറിന്റെ എല്ലാ അസ്ത്രങ്ങളുമേറ്റുവാങ്ങി, മുറിവേറ്റു നിൽക്കുന്ന മോഹനചന്ദ്രനെ. ശരിയ...