അസ്ഥിരതയുടെ താഴ്നിലങ്ങള്‍
- സുരേഷ് നെല്ലിക്കോട് < ജുംപാ ലാഹിരിയുടെ ' താഴ്നിലങ്ങള്‍ ' (The Lowland) എന്ന നോവലിന്‍റെ വായനാനുഭവം > വര്‍ഷകാലത്ത് താഴ്‌നിലങ്ങളിലാകെ ഒഴുകിപ്പരന്ന് ഒന്നാകുന്ന ഇരട്ടക്കുളങ്ങളെപ്പോലെയായിരുന് നു , ഒന്നേകാല്‍ വര്‍ഷത്തിടയ്ക്കുണ്ടായ ആ രണ്ടു സഹോദരന്മാര്‍. സുഭാഷ് മിത്രയും , ഉദയന്‍ മിത്രയും. പലര്‍ക്കും അവര്‍ പരസ്പരം മാറിപ്പോകുന്നത്ര സാദൃശ്യം. അറുപതുകളുടെ അന്ത്യം കല്‍ക്കത്തയെ കലാപകലുഷിതമാക്കിയിരുന്നു. നിരോധനാജ്ഞകള്‍ നിശ്ചലമാക്കിയ തെരുവുകള്‍. ആരെയൊക്കെയോ തെരഞ്ഞുകൊണ്ട് എവിടെയും പോലീസും പട്ടാളവും റോന്തു ചുറ്റി നടക്കുന്നു. കമ്യൂണിസത്തിന്‍റെ കറകളഞ്ഞ ലക്ഷ്യങ്ങള്‍ തേടിയ യുവത്വം , പട്ട കെട്ടിയ കുതിരകളെപ്പോലെ മാര്‍ഗ്ഗം മറന്ന് ലക്ഷ്യം തേടിയ കാലം. ആ വിപ്ലവപാതയാണ് തന്‍റെ ശരിയെന്ന് അതി...